ട്രെന്‍റായി സൂഫി ഡാന്‍സ്

എം. ഷിയാസ്
14:06 PM
25/10/2019
sufi-dance
കൊടുങ്ങല്ലൂര്‍ മലബാര്‍ മര്‍ഹബയുടെ സൂഫി ഡാന്‍സ്

മലയാളികളുടെ ആഘോഷ രാവുകളില്‍ ട്രെന്‍ഡിങ്ങാണ് ഇന്ന് സൂഫി ഡാന്‍സും അറബി ഡാന്‍സും. മാസ്മരിക വെസ്​റ്റേണ്‍, പോപ് സംഗീത, നൃത്ത ചുവടുകളില്‍ നിന്ന് ഒരു യുടേണ്‍. പതിഞ്ഞ താളവും മനംനിറക്കുന്ന വരികളും ഒഴുകുന്നതിന് ലയമായി ചെറിയ ചുവടുകളും ഉള്‍ക്കൊള്ളുന്ന നൃത്തമാണ് സൂഫി, അറബി ഡാന്‍സ്.

തുര്‍ക്കി, ഈജിപ്ത് ചുവടുകള്‍
പരമ്പരാഗത തുര്‍ക്കി, ഈജിപ്ത് കലാരൂപമാണ് സൂഫി ഡാന്‍സ്. വെള്ളയുടുപ്പിട്ട് കറങ്ങുന്ന ചുവടുകളുമായി ഒരുമണിക്കൂറോളം നീളുന്ന നൃത്തം. വരികള്‍ ഒഴിഞ്ഞ പതിഞ്ഞ താളത്തിലെ സംഗീതം മാത്രം പശ്ചാത്തലത്തില്‍ ഉയരും. നര്‍ത്തകനെ ദാര്‍വിഷ് എന്നാണ് വിളിക്കുക. മെഡിറ്റേഷന്‍ മൂഡില്‍ അവതരിപ്പിക്കുന്ന നൃത്തത്തില്‍ തുടക്കം മുതല്‍ ഒടുക്കംവരെ കറക്കമാണ്. സൂര്യനെ വലംവെക്കുന്ന ഗ്രഹങ്ങള്‍പോലെ നര്‍ത്തകന്‍ എന്നതാണ് സങ്കല്‍പം.

sufi-dance
അറബ് നാടോടിനൃത്തം
യു.എ.ഇ, സൗദി രാജ്യങ്ങളിലെ കല്യാണ രാവുകളില്‍ അവതരിപ്പിക്കുന്ന അറബി ഡാന്‍സ് ‘അര്‍ദ’ ഇന്ന് കേരളത്തില്‍ പോപ്പുലര്‍ തന്നെ. പത്തും ഇരുപതും പുരുഷന്മാര്‍ രണ്ടു നിരകളിലായി നിന്ന് ചുവടുവെക്കുന്നു. രണ്ട്, മൂന്ന് സ്​റ്റെപ്പുകള്‍ മാത്രം വരുന്നതാണ് നൃത്തരൂപം. ഒരു ഗോത്രത്തി​ന്‍റെ കായിക കരുത്ത് പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ് നൃത്ത സങ്കല്‍പം.

മലയാളി ടച്ച്
സൂഫി, അറബി നൃത്തത്തില്‍ കുറച്ച് മാറ്റം വരുത്തി ഒരു മലയാളി ടച്ചോട് കൂടിയാണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. അഞ്ച്, പത്തു മിനിറ്റായി സമയം കുറച്ച് ഹിന്ദി അല്ലെങ്കില്‍ സൂഫി മൂഡിലെ പാട്ടുകളില്‍ ചുവടുകള്‍ വെക്കുന്നു. കറക്കം മാത്രമാക്കാതെ സ്​റ്റെപ്പുകളും കൂടുതലായി വരും.

sufi-dance

ഈജിപ്ഷ്യന്‍ പോപ് ഗായകന്‍ ഹിഷാം അബ്ബാസ്, ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫ് തുടങ്ങിയവരുടെ പാട്ടുകളാണ് ഉപയോഗിക്കുന്നതെന്ന് ആറു വര്‍ഷമായി ഈ നൃത്തം അവതരിപ്പിക്കുന്ന കൊടുങ്ങല്ലൂര്‍ മലബാര്‍ മര്‍ഹബയുടെ ​പ്രൊഡ്യൂസർ നസീര്‍ മാടവന പറയുന്നു. ഇദ്ദേഹവും ഷെഫീക്ക് എറിയാടും ചേര്‍ന്ന് രൂപവത്​കരിച്ച നൃത്തസംഘത്തി​ന്‍റെ പരിപാടികള്‍ 600 സ്​റ്റേജുകള്‍ പിന്നിട്ടു.

‘‘മലബാര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കൂടുതലായി അവതരിപ്പിച്ച് വരുന്നു. വരികളിലും ചുവടുകളിലും കൊണ്ടു വരുന്ന പുതുമകള്‍ നമ്മുടെ നാട്ടുകാര്‍ക്കും പ്രിയങ്കരമാണ്’’ -അദ്ദേഹം പറയുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും നൃത്തത്തോട് താല്‍പര്യമുള്ളവരുമാണ് ടീം അംഗങ്ങള്‍.
 

Loading...
COMMENTS