ആർക്കെന്നോ എന്തിനെന്നോ അന്വേഷിക്കില്ല; 69 തവണ രക്തദാനം ചെയ്ത് മസ്താൻ
text_fieldsസയ്യിദ് മസ്താനും ഭാര്യ ഷെമിയും രക്തദാനത്തില്‍
ബംഗളൂരു: ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സയ്യിദ് മസ്താന്‍ ബംഗളൂരു മലയാളികള്‍ക്കിടയില്‍ സുപരിചിതമായ നാമം. കലാ സാംസ്ക്കാരിക രംഗങ്ങളിലും സാമൂഹിക സേവനത്തിലും വ്യക്തി മുദ്ര പഠിപ്പിച്ച വ്യക്തിത്വം. എങ്കിലും മസ്താന്‍ എന്ന പേരിന് രക്തദാനവുമായി അഭേദ്യബന്ധമുണ്ട്.
ഇതുവരെ 69 തവണയാണ് ഇദ്ദേഹം രക്തം നല്‍കിയത്. 19 ാം വയസ്സില്‍ സുഹൃത്തിനായാണ് മസ്താന്‍ ആദ്യമായി രക്തം ദാനംചെയ്യുന്നത്. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിലെ ഇടനാഴിയില്‍ വെച്ചെടുത്ത തീരുമാനം പിന്നീട് ജീവിതത്തിലുടനീളം ശീലിച്ചു പോന്നു. പിതാവ് മുഹമ്മദിന്‍റെ അസുഖം കലശലായപ്പോള്‍ രക്തം നല്‍കിയതോടെയാണ് രക്തദാനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. കൊറോണ സമയത്താണ് ഭാര്യ ഷെമിയും മകന്‍ മുഹമ്മദ് ഷാഹിനും മസ്താനൊപ്പം യഞ്ജത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നത്.
അന്ന് ഹാര്‍ട്ട് ഓപറേഷന്‍ നടത്താന്‍ കൊച്ചു പയ്യന് വേണ്ടി മൂവരും രക്തം നല്‍കി. അതിനു ശേഷം ജീവിതത്തിലെ ഓരോ മനോഹര മുഹൂര്‍ത്തങ്ങളിലും ഈ കുടുംബം വിളിക്കും എന്ന് മസ്താന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ശേഷം ഒരു ബംഗാളി കുടുംബത്തിലെ അംഗത്തിന് രക്തം നല്‍കി.
ഓപറേഷന് ശേഷം ഭാര്യയുടെയും തന്‍റെയും ഫോട്ടോ വേണമെന്ന് കുടുംബം ആവശ്യപ്പെടുകയും കാര്യം അന്വേഷിച്ചപ്പോള്‍ അമ്പലത്തില്‍ പൂജക്ക് വേണ്ടിയാണ് എന്ന് കുടുംബം മറുപടി പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തമാണ് ഇതെന്ന് മസ്താന്‍ പറയുന്നു. ഒരിക്കല്‍ മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ രക്തം ആവശ്യപ്പെട്ട് ഒരു വിളി വന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അപരിചിതനായി വ്യക്തി തന്നെ നിരീക്ഷിക്കുന്നതായി മസ്താന്‍ കണ്ടു. അയാള്‍ക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തിയപ്പോള്‍ പഴ്സില്‍നിന്നും ഒരു കടലാസ് എടുത്തു മസ്താന് നല്‍കി.
രക്തം ആവശ്യമായി വന്നാല്‍ ഇവരുമായി ബന്ധപ്പെട്ടാല്‍ മതി എന്ന് പറഞ്ഞു. മെട്രോയിറങ്ങി പോക്കറ്റില്‍നിന്നും കടലാസ് നോക്കിയപ്പോള്‍ സ്വന്തം പേരും നമ്പറും കാണ്ട് അമ്പരന്നുപോയി എന്ന് ഇദ്ദേഹം പറയുന്നു.
വിളിപ്പുറത്ത് താന്‍ ഉണ്ട് എന്ന് മറ്റുളവര്‍ക്ക് തോന്നുവെന്നത് തന്നെയാണ് ഏറ്റവും മഹത്തരം. നമ്മുടെ പേരുകൊണ്ടല്ല നമ്മുടെ കർമം കൊണ്ടാണ് നമ്മള്‍ അറിയപ്പെടേണ്ടത് എന്ന പിതാവിന്‍റെ വാക്കുകളാണ് അപ്പോള്‍ ഓര്‍മ വന്നത്. ബാംഗ്ലൂര്‍ കേരള സമാജം സംഘാടകനായി ഓടി നടക്കുമ്പോഴും മസ്താന്‍റെ മൊബൈലിലേക്ക് ആവശ്യക്കാരുടെ വിളികള്‍ വന്നുകൊണ്ടിരിക്കുന്നു. മൂന്നുമാസം കൂടുമ്പോള്‍ രക്തദാനം മസ്താന്‍ മുടക്കാറില്ല. ആര്‍ക്കാണ് എന്നോ എന്തിനാണ് എന്നോ അന്വേഷിക്കാറില്ല.
അസുഖ ബാധിതനായി ആന്‍റിബയോട്ടിക് എടുത്തുകൊണ്ടിരിക്കുന്ന സമയത്ത് പ്രിയ സുഹൃത്ത് രക്തം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിയാതെ പോയത് ഇന്നും ഒരു വേദനയായി മനസ്സില്‍ സൂക്ഷിക്കുന്നു.
25 ാം വിവാഹ വാര്‍ഷികവേളയിലും രക്തദാനമല്ലാതെ മറ്റൊന്നും ഈ ദമ്പതികളുടെ മുന്നില്‍ ഉണ്ടായിരുന്നില്ല. ആശുപത്രികളില്‍ പകരം രക്തം കൊടുത്താല്‍ മാത്രമേ ശാസ്ത്രക്രിയ നടത്തുകയുള്ളൂ എന്ന സത്യം പിന്നീടാണ് ഇദ്ദേഹം അറിയുന്നത്. ഈ അവസ്ഥ മാറണം എന്ന് കരുതിയാണ് നാരായണ ആശുപത്രിയുമായി സഹകരിച്ച് 2024 ആണ് ആദ്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ബട്ടറഹള്ളി ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ അംഗങ്ങളാണ് രക്തദനത്തിനായി മുന്നോട്ടുവന്നത്. വിവിധ രക്തഗ്രൂപ്പിലുള്ള 54 യൂനിറ്റ് രക്തം ശേഖരിച്ചു. ഈ വര്‍ഷം ഇതുവരെ ആറോളം ക്യാമ്പ് സംഘടിപ്പിച്ചു. ദൂരവാണി കേരള സമാജം, ബാംഗ്ലൂര്‍ കേരള സമാജം എന്നിവ വലിയ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. ബിസിനസും സാംസ്ക്കാരിക പ്രവര്‍ത്തനവും സാമൂഹിക സേവനവും ഒരുമിച്ച് കൊണ്ട് പോകുന്ന മസ്താന്‍ പറയുന്നത് ഇതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറ്റവും വലുതെന്നാണ്. ബംഗളൂരുവിലെ 12 ഓളം രക്തദാന ഗ്രൂപ്പുകളില്‍ അംഗമായ മസ്താന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാനുള്ള ശ്രമത്തില്‍ നമുക്കും പങ്കാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

