Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസീസ് ഭായ്; തലമുറകളെ സംഗീതത്തിൽ കോർത്തിണക്കിയ പാട്ടുകാരൻ

text_fields
bookmark_border
അസീസ് ഭായ്; തലമുറകളെ സംഗീതത്തിൽ കോർത്തിണക്കിയ പാട്ടുകാരൻ
cancel
camera_alt

അ​സീ​സ് ഭാ​യി​യെ ആ​ദ​രി​ക്കാ​ൻ മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘മ​ല​പ്രം സ​ദി​റി’​ൽ അ​സീ​സ് ഭാ​യ് പാ​ടു​ന്നു (ഫ​യ​ൽ ചി​ത്രം)

മലപ്പുറം: സംഗീതത്തിന് മരണമില്ല എന്ന് പറയുന്നതുപോലെ സംഗീതജ്ഞർക്കും മരണമില്ല. സംഗീതജ്ഞർ ഇഹലോക വാസം വെടിഞ്ഞാലും അവർ സംഭാവന ചെയ്ത മാന്ത്രിക സംഗീതത്തിലൂടെ ആയിരങ്ങളുടെ മനസ്സിൽ ജീവിക്കും. പഴയ തലമുറയിലെ പാട്ടുകാരെയും പുതിയ തലമുറയിലെ സംഗീതപ്രേമികളെയും ഒരേപോലെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു വെള്ളിയാഴ്ച അന്തരിച്ച അസീസ് ഭായ് എന്ന മുതുകാട്ടിൽ അബ്ദുൽ അസീസ്.

തലമുറകൾക്ക് ആസ്വാദനം പകർന്ന ആ മധുര ശബ്ദം ഇപ്പോഴും മലപ്പുറത്തിന്‍റെ കാറ്റിൽ അലിഞ്ഞുചേർന്നു നിൽപ്പുണ്ട്. ഗസലുകൾ, ഖവാലികൾ, കീർത്തനങ്ങൾ, സിനിമാപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ... അങ്ങനെ പാരാവാരം പോലെ പരന്നുകിടക്കുകയാണ് അസീസ് ഭായിയുടെ സംഗീത ജീവിതം. പ്രമുഖ സംഗീതജ്ഞൻ വിൻസെന്‍റ് മാസ്റ്ററുടെ ശിഷ്യനായിരുന്ന അസീസ് ഭായ് ഓത്തുപള്ളിയിൽ പഠിക്കുന്ന കാലത്താണ് സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. 1945ൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് വിടപറഞ്ഞപ്പോഴാണ് അബ്ദുൽ അസീസ് എന്ന സംഗീതജ്ഞന്‍റെ പിറവി. അക്കാലത്ത് മലപ്പുറം കോഡൂരിനടുത്ത മങ്ങാട്ടുപുലത്ത് ഓത്തുപള്ളിയുടെ ഭാഗമായ എൽ.പി സ്കൂളിൽ പഠിക്കുകയായിരുന്നു അസീസ്. അന്ന് ഹാർമോണിയം കഴുത്തിൽ തൂക്കി സ്കൂളിൽ വന്നയാൾ പാടിയ പാട്ട് അദ്ദേഹത്തെ വിട്ടുപോയില്ല. ചുണ്ടിൽ എപ്പോഴും ഈ പാട്ട് മാത്രമായി. പിന്നീട് വല്യുപ്പ മാനേജരായ സ്കൂളിലെ പരിപാടികളിലൊക്കെ അസീസ് പാടി. ഗ്രാമഫോൺ റെക്കോഡുകളിലൂടെ കേട്ടുപഠിച്ച മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവരുടെ ഹിന്ദി ഗാനങ്ങൾ അസീസിനെ ജനപ്രിയനാക്കി. അങ്ങനെയാണ് അദ്ദേഹം ‘അസീസ് ഭായ്’ എന്നറിയപ്പെട്ടു തുടങ്ങിയത്.

ജീവിതസാഹചര്യങ്ങൾ മൂലം എട്ടു വർഷത്തോളം ആന്ധ്രയിലെ നാഗാർജുന സാഗർ ഡാം സൈറ്റിൽ ജോലി ചെയ്യേണ്ടി വന്നു. അവിടെ വെച്ച് പരിചയപ്പെട്ട ഉത്തരേന്ത്യൻ സംഗീതജ്ഞരാണ് അദ്ദേഹത്തിലെ പാട്ടുകാരനെ നിലനിർത്തിയത്. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കോട്ടപ്പടിയിൽ റേഡിയോ സർവിസ് സെന്റർ ആരംഭിച്ചു. ‘രാഗതരംഗ്’ എന്ന് പേരിട്ട ഈ സ്ഥാപനം മലപ്പുറത്തെ കലാകാരന്മാരുടെ പ്രധാന സംഗമകേന്ദ്രമായി മാറി. വിപ്ലവഗാനങ്ങൾ ആലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു അസീസ്. ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വേദികളിലും പാടിയിട്ടുണ്ട്. കല്യാണവീടുകളിൽ ഹിന്ദി ഗാനങ്ങൾ പാടുന്ന അസീസ് ഭായിയെ കേൾക്കാൻ ആളുകൾ ഒഴുകിയെത്തിയിരുന്നു.

പാട്ടിനൊപ്പം നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. ‘എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു’ എന്ന നാടകത്തിലെ പാച്ചുപിള്ള എന്ന കഥാപാത്രം അദ്ദേഹത്തിന് ‘പാച്ചു’ എന്നൊരു പേരു കൂടി നൽകി. വിപ്ലവഗാനങ്ങളും മാപ്പിളപ്പാട്ടുകളും പാടുന്നതിനൊപ്പം നിരവധി ഹിറ്റ് പാട്ടുകൾ അദ്ദേഹം രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘ആലമാകെ പടച്ച ഇലാഹേ...’, ‘നീലമേലാപ്പിൽ നിന്നും...’ തുടങ്ങിയവ അതിൽ ചിലതാണ്.

അസീസ് ഭായിയുടെ ഏറ്റവും വലിയ നേട്ടം അദ്ദേഹത്തിന്റെ മക്കളാണ്. നിസ അസീസ് (ഗസൽ ഗായിക), ഇമാം മജ്ബൂർ (പിന്നണി ഗായകൻ, സൂഫി സംഗീതജ്ഞൻ) തുടങ്ങി ഒമ്പത് മക്കളും സംഗീതത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. വിൻസെന്റ് മാസ്റ്ററുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഇവർ ഇന്ന് ലോകവേദികളിൽ അറിയപ്പെടുന്ന കലാകാരന്മാരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aziz Bhai; The singer who connected generations with music
Next Story