ആര്യാടന്റെ മുറിയില്‍ പിന്‍ഗാമിയായി ഷൗക്കത്ത്
text_fieldsനിയമസഭ സാമാജികരുടെ ഹോസ്റ്റലായ ചന്ദ്രഗിരി 204-ാം മുറിയില്‍ പിതാവ് ആര്യാടന് മുഹമ്മദിന്റെ ചിത്രത്തിനരികെ ആര്യാടന് ഷൗക്കത്ത് എം.എൽ.എ
നിലമ്പൂര്‍: കേരള നിയമസഭ ഹോസ്റ്റലില്‍ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍ പിന്‍ഗാമിയായി മകന് ഷൗക്കത്തിന് ചരിത്രനിയോഗം. കോണ്‍ഗ്രസിലെ രാഷ്ട്രീയ ചാണക്യന് ആര്യാടന് മുഹമ്മദ് ഉപയോഗിച്ചിരുന്ന ചന്ദ്രഗിരി ബ്ലോക്കിലെ 204 ാം നമ്പര്‍ മുറിയാണ് ഷൗക്കത്തിന് ലഭിച്ചത്. 34 വര്‍ഷം നിലമ്പൂർ എം.എല്‍.എയായിരുന്ന ആര്യാടന് 2006 മുതല്‍ 11 വരെ ഉപയോഗിച്ചിരുന്ന മുറിയായിരുന്നു ഇത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്ന ആര്യാടന്റെ ഈ മുറിയായിരുന്നു പ്രതിപക്ഷ തന്ത്രങ്ങള്‍ പിറക്കുന്ന വാര് റൂം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി ആര്യാടന്റെ മുറിയിലാണ് ഒത്തുകൂടാറ് പതിവ്.
എം.എല്‍.എ ഹോസ്റ്റലില്‍ ആര്യാടന്റെ അടുത്ത മുറിയിലായിരുന്നു അന്ന് കെ.സി. വേണുഗോപാല്‍. 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായതോടെ എം.എല്‍.എ ഹോസ്റ്റലിനോട് വിടപറഞ്ഞ് ആര്യാടന് മന്ത്രി മന്ദിരമായ മന്മോഹന് ബംഗ്ലാവിലേക്ക് മാറി. പകരക്കാരനായി എത്തിയത് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫായിരുന്നു.
2025ല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കന്നി എം.എല്‍.എ ആയി എത്തിയപ്പോള്‍ ഷൗക്കത്തിന് നിള ബ്ലോക്കിലെ 56-ാം മുറിയായിരുന്നു ലഭിച്ചത്. രണ്ടാം ഊഴത്തില്‍ നിയമസഭ ഹോസ്റ്റലിലെ ആര്യാടന്റെ മുറി ലഭിക്കുമോ എന്നാണ് ഷൗക്കത്ത് തിരക്കിയത്. സണ്ണി ജോസഫ് മന്ത്രിയായി ക്ലിഫ് ഹൗസിന് സമീപത്തെ അശോകയിലേക്ക് മാറിയതോടെയാണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷൗക്കത്തിന്റെ അഭ്യർഥന പരിഗണിച്ച് ചന്ദ്രഗിരിയിലെ ആര്യാടന്റെ മുറി അനുവദിച്ചു. വൈകാരികമായി അടുപ്പമുള്ള മുറിയാണ് ഇതെന്ന് ഷൗക്കത്ത് പറഞ്ഞു. ഇവിടേക്ക് കടക്കുമ്പോള്‍ ചാരുകസേരയില്‍ ബനിയനിട്ടിരുന്ന് പുസ്തകം വായിച്ച് കുറിപ്പുകളെഴുതുന്ന പിതാവിന്റെ മുഖമാണ് മനസ്സില്‍ തെളിയുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

