എന്നും ഒരുപോലെ... എന്തേലുമൊരു ചേഞ്ച് വേണ്ടേ?
text_fieldsഇന്നു ചെയ്തു തീർക്കേണ്ടതായ ഒരു വലിയ to-do ലിസ്റ്റുമായിട്ടാണ് നമ്മൾ പലപ്പോഴും ദിവസം തുടങ്ങുക. എന്നാൽ, വൈകീട്ട് ഇതിൽ ഭൂരിഭാഗവും ചെയ്യാനാകാതെ, ഈ സമയമെല്ലാം എങ്ങോട്ടുപോയി എന്ന് സങ്കടപ്പെടുകയും ചെയ്യും. നമ്മൾ പണിയെടുക്കുന്നില്ല എന്ന് ഇതിനർഥമില്ല. പക്ഷെ, എന്തൊക്കെയോ ചെയ്യുന്നു-മെസ്സേജിന് മറുപടി അയക്കുന്നു, ഒരു പണിയിൽ നിന്ന് അടുത്തതിലേക്ക് ചാടുന്നു, അതുമിതും അടുക്കിവെക്കുന്നു, ഉത്തരവാദിത്തങ്ങളിൽ കുടുങ്ങിക്കിടക്കുന്നു എന്നിങ്ങനെ...
അതായത്, ചെയ്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് ഇങ്ങോട്ടു വരുന്ന കാര്യങ്ങളോട് പ്രതികരിക്കുക മാത്രമാണ് നാം ചെയ്യുന്നത്. ഇൗയൊരു കാര്യം ചെയ്യണം/പഠിക്കണം/ഒരിടത്തേക്ക് പോകണം എന്നിങ്ങനെ, മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചൊരു കാര്യം ചെയ്യാൻ ഇതിനിടയിൽ സമയം കിട്ടാതെ പോകുന്നു.
തിരക്കായതുകൊണ്ടാണെന്ന് ഒടുവിൽ നാം നെടുവീർപ്പിടുകയും ചെയ്യുന്നു. ഇങ്ങനെ, ഇങ്ങോട്ടുകയറിവരുന്ന തിരക്കിൽ അമർന്നുപോകാൻ പ്രേരിപ്പിക്കുന്നതാണ് നമ്മുടെയെല്ലാം പരിസരം. യഥാർഥ ഉയർച്ചക്കുള്ള ഒന്നും ചെയ്യാൻ ഇതിനിടയിൽ സമയം കണ്ടെത്താനാകില്ല. ഫലമോ, എന്നും എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
കണക്കുകൂട്ടുമ്പോൾ ഒന്നും എടുക്കാനില്ല എന്ന നിരാശ. ഇതിൽ നിന്ന് പുറത്തുവന്ന്, അർഥപൂർണമായതും യഥാർഥ പുരോഗതിയിലേക്ക് വെളിച്ചമാകുന്നതുമായ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിയും. താഴെ പറയുന്ന അഞ്ചു ലളിതമായ കാര്യങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ. ഒറ്റ രാത്രി കൊണ്ട് ഇവ ജീവിതം അടിമുടി മാറ്റുകയൊന്നുമില്ല. എന്നാലും ചില ചേഞ്ചുകൾ കൊണ്ടുവരും, അതിൽ പിടിച്ച് കയറണമെന്നുമാത്രം.
ഒരു ദിനം ഒന്ന്
എല്ലാം കൂട്ടിയിട്ട് വലിയൊരു ‘ക്ലീനിങ് ഡേ’യിലേക്ക് വെക്കുന്നതിനുപകരം ഒരു ദിവസം ഒരു വേസ്റ്റ് ബോക്സ് മാത്രം നീക്കി നോക്കൂ, ഉപയോഗമില്ലാത്ത ഒരു ആപ്പ് മാത്രം അൺഇൻസ്റ്റാൾ ചെയ്യുന്ന സമയമേ അതിനു വേണ്ടി വരൂ. ദിവസേനയുള്ള ഇത്തരം ചെറു ജോലികൾ നിർവഹിച്ചാൽ ശാന്തവും ശുദ്ധവുമായ ഒരു ഇടം സൃഷ്ടിക്കാൻ കഴിയും. അത് വ്യക്തതയും ഫോക്കസുമുള്ള മനസ്സ് സൃഷ്ടിക്കും.
ചെറിയ ടാസ്ക് ലിസ്റ്റ്
ഒരു ദിവസം തന്നെ കുറേ കാര്യങ്ങൾ ചെയ്തു തീർക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും വളരെ കുറച്ചു മാത്രമേ ഫലപ്രദമായി പൂർത്തിയാക്കാൻ സാധിക്കൂ.
ഡെയ്ലി ടാസ്ക് ലിസ്റ്റിൽ മൂന്നു മുതൽ അഞ്ചു വരെ മാത്രം കാര്യങ്ങൾ വെക്കുന്നതാണ് പ്രായോഗികം. എല്ലാം അടിയന്തരമായി തീർക്കേണ്ടതാവില്ല, എല്ലാം ഒറ്റയടിക്ക് തീർക്കേണ്ടതുമാവില്ല. വളരെ കുറച്ചു കാര്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്താൽ അവ ചെയ്തു തീർക്കാനുള്ള സാധ്യത വർധിക്കുകയും ദിവസാവസാനം കുറ്റബോധമില്ലാതിരിക്കുകയുമാകാം.
ഫോണിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുക
ഏറ്റവും അവശ്യവസ്തുക്കളിലൊന്നായി ഫോൺ മാറിയിട്ടുണ്ടെങ്കിലും നമ്മളറിയാതെ സമയം കാർന്നെടുക്കുന്ന രാക്ഷസൻ കൂടിയാണത്. ചെറിയ മാറ്റങ്ങൾ കൊണ്ട് ഇക്കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ കൊണ്ടുവരാനാകും. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷൻസ് ഓഫാക്കിയേക്കുക.
നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന ആപ്പുകൾ ഹോം സ്ക്രീനിൽ വെക്കാതെ, തിരഞ്ഞ് കണ്ടെത്താൻ പാടുപെടുന്ന അകലത്തിൽ ഒളിപ്പിച്ചുവെക്കാം. എന്തെങ്കിലും ശ്രദ്ധാപൂർവം ചെയ്യുന്ന സമയത്ത് ‘Do not Disturb’ ഫീച്ചർ ഉപയോഗിക്കാം. ചെറിയ കാര്യങ്ങളാണെങ്കിലും ചില്ലറ നിയന്ത്രണങ്ങൾ ഇവ തരും.
പതിവ് പണമിടപാടുകൾ ഓട്ടോമേറ്റ് ചെയ്യാം
ഏത് ബില്ലാണ് അടക്കാനുള്ളത്, എങ്ങോട്ടാണ് പണം ട്രാൻസ്ഫർ ചെയ്യാനുള്ളത് എന്നെല്ലാം ആലോചിക്കാൻ സമയം കളയുന്നതാണ് ഇന്നത്തെ കാലത്ത് യഥാർഥ ടൈം വേസ്റ്റാക്കൽ. ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒട്ടേറെ ഫിനാൻഷ്യൽ പ്ലാറ്റ്ഫോമുകളുണ്ട്. ഇതുവഴി സേവിങ്സ്, അടവുകൾ, നിക്ഷേപങ്ങൾ വരെ ഓട്ടോമേറ്റ് ചെയ്യാം.
ചെറിയ കാര്യങ്ങൾ പെട്ടെന്ന്
രണ്ടു മിനിറ്റുകൊണ്ട് ചെയ്തു തീർക്കാൻ പറ്റുന്ന കാര്യങ്ങളുണ്ടെങ്കിൽ ഉടനടി അത് ചെയ്തു തീർക്കുക. മെയിലിനു മറുപടി, ഒരു വസ്തു യഥാസ്ഥാനത്ത് തിരിച്ചുവെക്കുക തുടങ്ങിയവ ഉദാഹരണം. ഇതെല്ലാം ചെയ്യാതെവെച്ച് കുന്നുകൂടിയാൽ പിന്നെ, അറിയാമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

