വേനൽച്ചൂടിൽ എസി അമിതമായി ഉപയോഗിക്കുന്നവരാണോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
text_fieldsകോഴിക്കോട്: കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി എയർ കണ്ടീഷണറുകളെ (എസി) അമിതമായി ആശ്രയിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ. നിർജ്ജലീകരണം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് എസിയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. എസി മുറികളിലെ വരണ്ട അന്തരീക്ഷം ശരീരത്തിലെ ജലാംശം വറ്റിക്കുമെന്നും തണുപ്പുള്ള സാഹചര്യത്തിൽ ദാഹം അനുഭവപ്പെടാത്തതിനാൽ പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നത് സ്ഥിതി സങ്കീർണ്ണമാക്കുമെന്നും ജയ്പൂർ സി.കെ ബിർള ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ. നിരഞ്ജൻ സിങ് ചൂണ്ടിക്കാട്ടുന്നു. തലവേദന, വിട്ടുമാറാത്ത ക്ഷീണം, ചർമ്മം വരളുക, ഏകാഗ്രതക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
തണുത്തതും വരണ്ടതുമായ വായു ശ്വസിക്കുന്നത് തൊണ്ടവേദന, ചുമ, മൂക്കടപ്പ് എന്നിവയ്ക്ക് കാരണമാകുന്നതിനൊപ്പം അസ്ത്മ, സൈനസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും. പുറത്തെ കഠിനമായ ചൂടിൽ നിന്ന് പെട്ടെന്ന് തണുപ്പുള്ള മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ശരീരം നേരിടുന്ന 'ടെംപറേച്ചർ ഷോക്ക്' പേശികൾ വലിഞ്ഞുമുറുകുന്നതിനും തലവേദനയ്ക്കും കാരണമാകാറുണ്ട്. എസി ഉപയോഗിക്കുമ്പോൾ താപനില എപ്പോഴും 24 മുതൽ 26 ഡിഗ്രി സെൽഷ്യസിനിടയിൽ ക്രമീകരിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ എസിയിൽ നിന്നുള്ള കാറ്റ് നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കി ശുദ്ധവായു ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

