നിങ്ങളൊരു മാനിപ്പുലേറ്ററായി മാറുന്നുണ്ടോ?
text_fieldsസുഹൃത്തിനോട് ഒരു സഹായം ചോദിക്കുന്നു. സുഹൃത്തിനത് ചെയ്തുതരാൻ കഴിയിയുന്നില്ല. അപ്പോൾ സ്വന്തം അവസ്ഥയെപ്പറ്റി ഉള്ളതും ഇല്ലാത്തതുമായ ബുദ്ധിമുട്ടുകളുടെ ഭാണ്ഡക്കെട്ടുതന്നെ നിങ്ങൾ അഴിച്ചുവിടുകയും നിങ്ങളെ സഹായിക്കാതിരിക്കാൻ കഴിയാത്തവിധം സുഹൃത്തിനെ മാനസികമായി കീഴ്പ്പെടുത്തുകയും ചെയ്തിട്ടുണ്ടോ? ‘നിനക്കുവേണ്ടി ഞാൻ എന്തെല്ലാം ചെയ്തുതന്നിട്ടുണ്ട്, എന്നിട്ടും എനിക്കൊരു ആവശ്യം വന്നപ്പോൾ...’ എന്ന് പറഞ്ഞിട്ടുണ്ടോ? ഇതുകേട്ട് സുഹൃത്ത് സഹായിക്കാൻ തയാറായിട്ടുമുണ്ടോ? എങ്കിൽ സൂക്ഷിക്കണം. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു മാനിപ്പുലേഷന്റെ അതിർവര കടന്നിരിക്കുന്നു.
സാഹചര്യങ്ങളെയും സംഭവങ്ങളെയുമെല്ലാം നമ്മുടെ ആവശ്യങ്ങൾക്കായി തന്ത്രപൂർവം ഉപയോഗിച്ച് ആളുകളെക്കൊണ്ട് നടത്തിച്ചെടുക്കുന്ന
മാനിപ്പുലേറ്റർ സ്വഭാവക്കാർ നമുക്കു ചുറ്റിലുമുണ്ട്. നമ്മളും അത്തരത്തിലാകുന്നുണ്ടോ എന്നറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ:
നിങ്ങളുടെ ആവശ്യത്തിനായി കഥ മാറ്റിപ്പറയുന്നുണ്ടോ?
ഒരു വിഷയത്തിൽ നിങ്ങൾക്ക് പറയാനുള്ളത് ഓരോ സാഹചര്യത്തിനും അനുസൃതമായ രൂപത്തിലേക്ക് മാറ്റിപ്പറയാറുണ്ടോ? കേൾക്കുന്നവർ നിങ്ങളുടെ സത്യസന്ധതയെ സംശയിക്കും. നിങ്ങളെയൊരു കൗശലക്കാരനായി കണക്കാക്കും. അത് നിങ്ങളോട് പറഞ്ഞെന്നിരിക്കില്ല, പക്ഷേ അവരുടെ മനസ്സിലുണ്ടാവും.
കാര്യം നേടാൻ ആളുകളെ കുറ്റബോധത്തിലാക്കാറുണ്ടോ?
നിങ്ങളെ സഹായിച്ചില്ലെങ്കിൽ, അവരുടെ കുറ്റമല്ലെങ്കിൽപോലും അതിന്റെ പേരിൽ ‘സെന്റിയടിച്ചും’ മറ്റും ആളുകളെ കുറ്റബോധത്തിലാക്കുന്നവരുണ്ട്. മനസ്സിലാക്കുക, അവർ നിങ്ങളെക്കുറിച്ച് നല്ലതല്ല ചിന്തിക്കുക.
ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ഇരവാദം
ഓരോ കാര്യത്തിലും നിങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ‘ഇരവാദം’ പറയുന്ന ആളാണെങ്കിൽ അതുമൊരു മാനിപ്പുലേറ്ററുടെ ലക്ഷണമാണ്.
മറ്റുള്ളവരുടെ ദൗർബല്യം മുതലെടുക്കൽ
നിങ്ങളുടെ കാര്യം നേടിയെടുക്കാൻ മറ്റുള്ളവരുടെ അരക്ഷിതബോധവും ദൗർബല്യവുമെല്ലാം കരുവാക്കുന്നവർ ശരിയായ മാനിപ്പുലേറ്ററാണ്. പരസ്പര ബന്ധത്തിലെ ഏറ്റവും മോശം പ്രവണതകളിലൊന്നാണ് ഇത്. ബന്ധങ്ങളിലെ വിശ്വാസവും വൈകാരിക സുരക്ഷിതത്വവും ഇത് തകർക്കും.
വ്യാജ സ്തുതികൾ
അഭിനന്ദനങ്ങൾ ഹൃദയത്തിൽ തൊടുന്നവയാണ്. എന്നാൽ, എന്തെങ്കിലും നേട്ടത്തിനുവേണ്ടി സ്തുതിയോ അഭിനന്ദനമോ ഉപയോഗിച്ചാലത് മാനിപ്പുലേഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

