ജെസിക്ക് ജീവിതവഴിയിലെ കൂട്ടാണ് 'മണിക്കുട്ടി'
text_fieldsജെസി തെൻറ ‘മണിക്കുട്ടി’ എന്ന ഓട്ടോയിൽ
കോട്ടയം: മാലാഖയുടെ തൂവെള്ള വസ്ത്രത്തിൽനിന്ന്, കാക്കിയണിഞ്ഞ് ഓട്ടോഡ്രൈവറുടെ സീറ്റിലേക്ക് കയറുേമ്പാൾ താൻ കടന്നുപോേകണ്ട വഴിത്താരകളായിരുന്നു ജെസിയുടെ മനസ്സിൽ. അന്ന് സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. ആണുങ്ങെളപ്പോലെ ഓട്ടോ ഓടിക്കാനും ആണുങ്ങൾ മാത്രമുള്ള സ്റ്റാൻഡിൽ ജോലി ചെയ്യാനും തനിക്കാവുമോ എന്നെല്ലാം ചിന്തിച്ചുകൂട്ടി. ഒടുവിൽ, പ്രാരബ്ധങ്ങളേറെയുള്ള ജീവിതവഴിയിൽ ജെസിക്ക് തണലാവുകയാണ് 'മണിക്കുട്ടി' എന്ന ഓട്ടോറിക്ഷ.
തിരുവഞ്ചൂർ പ്ലാത്തറയിൽ ജെസി ജോയി (ഗിരിജ) നഴ്സായാണ് തൊഴിൽമേഖലയിലേക്ക് കടന്നത്. ജോലിയുടെ ഭാഗമായി രാത്രി മാറിനിൽക്കേണ്ടിവരുന്നതും കുഞ്ഞുങ്ങൾക്ക് സുഖമില്ലാത്തപ്പോൾ പെട്ടെന്ന് അവധിയെടുക്കാൻ പറ്റാത്തതും മൂലം ജോലി ഉപേക്ഷിച്ചു. എന്നാൽ, എന്തെങ്കിലും വരുമാനം കണ്ടെത്താനുള്ള ശ്രമം തുടർന്നു. ഓട്ടോറിക്ഷ ഓടിക്കാമെന്ന് ആലോചിച്ചപ്പോഴേ പലരും നിരുത്സാഹപ്പെടുത്തി. രാത്രി ഓട്ടം പോകേണ്ടിവരും, സ്റ്റാൻഡിൽ ആണുങ്ങൾ മാത്രമാണ് എന്നൊക്കെ. എന്നാൽ, കൂലിപ്പണിക്കാരനായ ഭർത്താവ് ജോയി കൂടെനിന്ന് ധൈര്യം നൽകി. ഡ്രൈവിങ് പഠിച്ച് ലൈസൻസെടുത്തു കഴിഞ്ഞപ്പോൾ ഓട്ടോ വാങ്ങിക്കാൻ പണമില്ല. പണയം വെക്കാൻ ആകെയുള്ളത് മൂന്നുസെൻറ് സ്ഥലം മാത്രം. എസ്.ബി.ടിയിൽനിന്ന് വായ്പ കിട്ടി. ഏഴുവർഷം കൊണ്ട് അടച്ചുതീർക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ 'മണിക്കുട്ടി' സ്വന്തമായപ്പോൾ ഓട്ടം കിട്ടുമോ, വായ്പ തിരിച്ചടക്കാൻ കഴിയുമോ എന്നൊക്കെയായി ആധി. അന്ന് മക്കളെ ഓട്ടോയിലാണ് സ്കൂളിൽ വിട്ടിരുന്നത്. അവരെ തെൻറ ഓട്ടോയിൽ കൊണ്ടുവിടാൻ തുടങ്ങിയപ്പോൾ ആ പൈസ ലാഭം. മറ്റു കുട്ടികളെ കൂടി കിട്ടിയതോടെ ഓട്ടം ട്രാക്കിലായി. ഏഴുവർഷം കൊണ്ട് തീർക്കേണ്ട വായ്പ അഞ്ചുവർഷം െകാണ്ടുതന്നെ അടച്ചുതീർത്തു.
പത്തുവർഷം പിന്നിടുേമ്പാൾ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ സ്റ്റാൻഡിലാണ് 'മണിക്കുട്ടി'യുടെ കിടപ്പ്. ചില ദിവസങ്ങളിൽ നല്ല ഓട്ടം കിട്ടും. മറ്റുചിലപ്പോൾ ഒന്നുമുണ്ടാവില്ല. എങ്കിലും ഒരു നേരത്തേ അരിക്ക് ബുദ്ധിമുട്ടില്ല. അതിന് ജെസി നന്ദി പറയുന്നത് ഭർത്താവ് ജോയിയോടാണ്; അന്ന് ഭർത്താവ് കൂടെനിന്നതിനാൽ. മറ്റ് വനിതകൾക്ക് ഈ രംഗത്തേക്ക് കടന്നുവരാനും ജെസി പ്രചോദനമായി.
''ഈ കാക്കിയൊരു കരുത്താണ്. ഇന്നുവരെ സ്ത്രീയെന്ന നിലയിൽ മോശം അനുഭവമോ വിവേചനമോ നേരിട്ടിട്ടില്ല. സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാരുടെ പിന്തുണയും ഉണ്ട് '' -ജെസി പറയുന്നു. പ്ലസ് ടു കഴിഞ്ഞ മകൾ നേഘ അന്ന മോസസ് ആതുരസേവനരംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. മകൻ നോയൽ എം. ഐസക് ഒമ്പതാംക്ലാസ് വിദ്യാർഥിയും. അമ്മയുടെ ഈ വേറിട്ട ജോലിയിൽ അഭിമാനം െകാള്ളുന്നവരാണ് മക്കളും.