അവിടേം കണ്ടു, ഇവിടേം കണ്ടു...ഡബ്ളാ ഡബ്ൾ
text_fieldsഎറണാകുളം ടൗൺഹാളിൽ ഓൾ ട്വിൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് എത്തിയ ഇരട്ടകൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
കൊച്ചി: കോട്ടയത്തുനിന്നുള്ള അഖിൽ ബേബിയെ വിളിച്ചപ്പോൾ അനിൽ ബേബിയും അരവിന്ദ് ബേബിയും ഒപ്പം തിരിഞ്ഞുനോക്കി, സരിതയെയും സവിതയെയും സംഗീതയെയും ഒപ്പം ഒരുപോലെ കണ്ടപ്പോൾ ഇതെന്തു മറിമായം എന്നോർത്ത് ആളുകൾ കുഴങ്ങി, മിർഹാജും മിൻഹാജും മിഥിലാജും ഒരുപോലെ വന്നപ്പോൾ കണ്ടുനിന്നവർക്ക് കൺഫ്യൂഷൻ. വിശ്വാസാണെന്ന് കരുതി വ്യാസിനെ തട്ടിവിളിച്ചു ചിലർ...
എറണാകുളം ടൗൺഹാളിൽ ഓൾ ട്വിൻസ് അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് ട്വിൻസ് മീറ്റപ്പിലായിരുന്നു ഈ ഡബ്ൾ കാഴ്ചകൾ. ഐഡന്റിക്കൽ ഇരട്ടകളും മൂവർ സഹോദരങ്ങളും നിറഞ്ഞുനിന്ന പരിപാടിയുടെ സംഘാടകരും ഇരട്ടകളായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നായി 160ഓളം ഇരട്ടകളും നാല് ട്രിപ്ലെറ്റ്സുമാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരുപോലെ ഇരിക്കുന്നതുമൂലം ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങളും അബദ്ധങ്ങളുമെല്ലാം പലരും പങ്കുവെച്ചപ്പോൾ സദസ്സിൽ ചിരിയുയർന്നു.
ഇരട്ടകളുടെയും ട്രിപ്ലെറ്റ്സിന്റെയും നൃത്തം, പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ, സിനിമ നിർമാതാവ് എം.എൻ. ബാദുഷ എന്നിവർ മുഖ്യാതിഥികളായിരുന്നു. അസോസിയേഷൻ വാട്ട്സാപ്പ് അഡ്മിൻ അജികുമാർ അധ്യക്ഷത വഹിച്ചു. ഇരട്ടകളായ അശ്വമിത്രയും ആര്യമിത്രയും ചേർന്ന് സ്വാഗതവും അസോ. സെക്രട്ടറി വിശ്വാസ് എസ്. വാവോലിൽ നന്ദിയും പറഞ്ഞു.
ഏറ്റവും പ്രായം കുറവും പ്രായം കൂടുതലുമുള്ള ഇരട്ടകളെ ചടങ്ങിൽ ആദരിച്ചു. രണ്ടു വയസ്സുള്ള പാലക്കാട്ടുകാരായ അദ്വൈത്, അന്വൈക്, പറവൂരിൽനിന്നുള്ള 78കാരായ എം.യു രാമൻ, എം.യു. കൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഇരട്ടകളുടെ സംഗമം മാത്രമല്ല യാത്രകൾ, സാമൂഹിക സേവനങ്ങൾ തുടങ്ങിയ പദ്ധതികളും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇരട്ടകളുടെ ക്ഷേമവും ഉന്നമനവും കൂടി ലക്ഷ്യമിട്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നതെന്ന് വിശ്വാസ് എസ്. വാവോലിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

