Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

200 വർഷത്തെ കാത്തിരിപ്പിന് വിരാമം: ആൺമക്കൾ മാത്രം പിറന്ന കുടുംബത്തിലേക്ക് 5 തലമുറക്ക് ശേഷം ഒരു പെൺകുഞ്ഞ്; ആഘോഷമാക്കി ഗ്രാമം

text_fields
bookmark_border
life
cancel
camera_alt

ഗാർഗി

മഹാരാഷ്ട്രയിൽ ബീഡ് ജില്ലയിലുള്ള പർളി ഗ്രാമത്തിൽ അഞ്ച് തലമുറകളുടെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിലേക്ക് എത്തിയ ഒരു പെൺകുഞ്ഞിനെ വരവേറ്റ രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്തകളിൽ നിറയുന്നത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പിറന്നുവീണ ആ കുഞ്ഞിന് അവർ ഗാർഗി എന്ന് പേര് നൽകി.

സൗഭാഗ്യവതി കൽപ്പന ഋഷികേശ് ദഹിഫാലെയാണ് കുടുംബത്തിന് ഇത്രയേറെ ആഹ്ലാദകരമായ മുഹൂർത്തം സമ്മാനിച്ചുകൊണ്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഏകദേശം 200 വർഷത്തോളമായി ഈ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പോലും പിറന്നിരുന്നില്ല. ആൺമക്കൾ മാത്രം പിറന്നുവീണ ആ പാരമ്പര്യത്തിനാണ് ഇപ്പോൾ ഗാർഗിയുടെ ജനനത്തിലൂടെ പൂർണ്ണവിരാമമായിരിക്കുന്നത്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് എത്തിയ കുഞ്ഞിനെയും അമ്മയെയും വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ ദഹിഫാലെ കുടുംബം ഒരുക്കിയത് സമാനതകളില്ലാത്ത സ്വീകരണമായിരുന്നു. പൂക്കളാൽ മനോഹരമായി അലങ്കരിച്ച പ്രത്യേക രഥത്തിലാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നത്. ഗ്രാമവാസികളെല്ലാം കൗതുകത്തോടെയും സന്തോഷത്തോടെയും നോക്കിനിന്ന ആ ഘോഷയാത്രയിൽ വാദ്യമേളങ്ങളും ചെണ്ടമേളങ്ങളും ഉണ്ടായിരുന്നു. ഒരു രാജകുമാരിയെപ്പോലെയാണ് കുടുംബം ആ കുഞ്ഞിനെ വരവേറ്റത്.

കുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തിയെന്ന വാർത്തയറിഞ്ഞ് വികാരാധീനനായാണ് ഗാർഗിയുടെ മുത്തശ്ശൻ ലിംബാജി ദഹിഫാലെ പ്രതികരിച്ചത്. ലാത്തൂർ ജില്ലയിലെ അഹമ്മദ്പൂർ താലൂക്കിൽപെട്ട കോൽവാടി ഗ്രാമമാണ് ഇവരുടെ സ്വദേശം. "കുടുംബത്തിൽ ഒരു പെൺകുട്ടി ഉണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്. ഇത്രയും കാലം ഞങ്ങളുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ഇല്ലായിരുന്നു എന്ന വിഷമം ഇല്ലാതായത് ഇന്നാണ്. ഞങ്ങളുടെ കുടുംബത്തിന് ഇതൊരു പുണ്യദിനമാണ്," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"വീട്ടിലേക്ക് സാക്ഷാൽ ലക്ഷ്മി ദേവി തന്നെ കടന്നുവന്ന സന്തോഷത്തിലാണ് ഞങ്ങൾ," എന്ന് ഗാർഗിയുടെ മുത്തശ്ശി സുരേഖ ദഹിഫാലെ വ്യക്തമാക്കുന്നു. പൊതുവെ ആളുകൾ കുടുംബത്തിൽ ആൺകുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കുമ്പോൾ, പെൺകുഞ്ഞുങ്ങൾ നൽകുന്ന ആശ്വാസവും സന്തോഷവും തികച്ചും വ്യത്യസ്തമാണെന്ന് ഗാർഗിയുടെ പിതാവ് പറയുന്നു. പെൺകുട്ടികൾ എപ്പോഴും അച്ഛന്മാരോട് കൂടുതൽ സ്നേഹവും അടുപ്പവും പുലർത്തുന്നവരാണ്. സ്വന്തം മകളെ ഒരു പൂവ് പോലെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം ആഘോഷങ്ങളിലൂടെ തങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു. പെൺകുഞ്ഞുങ്ങളുടെ ജനനം മാതാപിതാക്കൾക്ക് ഒരിക്കലും ഭാരമല്ല, മറിച്ച് അതൊരു വലിയ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്.

ആ ചിന്ത സമൂഹത്തിൽ ആഴത്തിൽ വേരോടണമെന്നും പെൺകുട്ടികളുടെ ജനനം ആൺകുട്ടികളെപ്പോലെ തന്നെ തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടണമെന്നും ദഹിഫാലെ കുടുംബം ഓർമിപ്പിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം തിരുത്തിയെഴുതി എത്തിയ ഗാർഗി എന്ന കുഞ്ഞ് ഇപ്പോൾ മഹാരാഷ്ട്രയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After 200 Years, A Girl Is Born In Maharashtra Family
Next Story