അഭിനവ് ഉയരം താണ്ടും, ഇനി ഫൈബർ പോളിന്റെ കരുത്തിൽ മുളകൊണ്ട് പോൾവാൾട്ടിൽ പങ്കെടുത്ത താരത്തിന് പോൾ സമ്മാനിച്ച് മന്ത്രി ഒ.ആർ. കേളു
text_fieldsതിരുവനന്തപുരത്ത് നടക്കുന്ന എം.ആർ.എസ് കായികമേളയിൽ അഭിനവിന് മന്ത്രി ഒ.ആർ. കേളു ഫൈബർ പോൾ സമ്മാനിക്കുന്നു
കൽപറ്റ: ഇനി അഭിനവിന് മുളകൊണ്ട് പോൾവാൾട്ടിൽ മത്സരിക്കേണ്ട. ജില്ലതല കായികമേളയിൽ മുളകൊണ്ടുള്ള പോൾ ഉപയോഗിച്ച് മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ എ.എം. അഭിനവിനാണ് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന എം.ആർ.എസ് കായികമേളയിൽ മന്ത്രി ഒ.ആർ. കേളു ഫൈബർ പോൾ നൽകിയത്.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് ജില്ല കായിക മേളയിൽ സ്വർണം നേടിയത്.
സ്കൂൾ പരിസരത്തുനിന്ന് വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററാണ് അഭിനവ് ചാടിയത്. അഭിനവിന്റെ വിവരങ്ങൾ അറിഞ്ഞ മന്ത്രി ഫൈബർ പോൾ സമ്മാനമായി നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കായികാധ്യാപകൻ മൊതക്കര സ്വദേശി കെ.വി. സജിയാണ് അഭിനവിന് പരിശീലനം നൽകുന്നത്.
2024ൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവാൾട്ട് മത്സരത്തിൽ 2.20 മീറ്റർ ഉയരത്തിൽ ചാടിയ അഭിനവ് നാലാം സ്ഥാനം നേടിയിരുന്നു. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി-ഉഷ ദമ്പതികളുടെ ഇളയ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

