വിധിയേ, തളരില്ല ഞാൻ; കാഴ്ച പരിമിതിയെ മറികടന്ന് പഠനത്തിലും കലയിലും ഒരു പോലെ കഴിവ് തെളിയിച്ച് വൈഖാൻ
text_fieldsവൈഖാൻ തബല വായിക്കുന്നു
ചെന്ത്രാപ്പിന്നി: കാഴ്ച പരിമിതിയെ മറികടന്ന് പഠനത്തിലും കലയിലും ഒരു പോലെ കഴിവ് തെളിയിച്ച് ശ്രദ്ധയാകർഷിച്ച് 11കാരൻ. പെരിഞ്ഞനം എസ്.എൻ സ്മാരകം യു.പി സ്കൂൾ വിദ്യാർഥിയും ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി വേണു-ജലജ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളുമായ വൈഖാനാണ് വിധിയെ വെല്ലുവിളിച്ച് എല്ലാവരെയും വിസ്മയിപ്പിക്കുന്നത്.
പാട്ടു പാടാൻ പറഞ്ഞാൽ കേൾക്കേണ്ട താമസം വൈഖാൻ പാടിത്തുടങ്ങും. തബല വായിക്കാൻ പറഞ്ഞാൽ മനോഹരമായി വായിക്കും. മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യാനാവശ്യപ്പെട്ടാൽ കുറച്ചു സമയത്തിനുള്ളിൽ അതും റെഡി. കണ്ണുകളുടെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട വൈഖാൻ എന്ന എട്ടാം ക്ലാസുകാരൻ എല്ലാവർക്കും അത്ഭുതമാവുകയാണ്.
മാസം തികയും മുമ്പേ ജനിച്ചവരാണ് വൈഖാനും ഇരട്ട സഹോദരി വൈഗയും. വൈഖാന് മാത്രമാണ് ജന്മനാ കാഴ്ചശക്തി നഷ്ടമായത്. തുടർ ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. മകന്റെ അവസ്ഥയിൽ തളരാതിരുന്ന മാതാപിതാക്കൾ അവന് എല്ലാ കാര്യങ്ങളിലും പൂർണ പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചു. പഠനത്തിൽ മിടുക്കനായ മകനിൽ മറ്റു കഴിവുകൾ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ കലാ പരിശീലനവും ചെറുപ്പത്തിലേ നൽകിത്തുടങ്ങി. പിന്നീടങ്ങോട്ട് ആരെയും വിസ്മയിപ്പിക്കുന്ന വിധത്തിലായിരുന്നു വൈഖാന്റെ പ്രകടനം.
അടുത്തിടെ നടന്ന വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ആറിനങ്ങളിൽ അഞ്ചെണ്ണത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച് ഈ മിടുക്കൻ എ ഗ്രേഡ് സ്വന്തമാക്കി. മുൻ വർഷങ്ങളിലും കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം ഇനങ്ങളിൽ പങ്കെടുക്കുന്നത്.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വാരിക്കൂട്ടിയ ചെറുതും വലുതുമായ സമ്മാനങ്ങളാണ് വൈഖാന്റെ വീട്ടകം നിറയെ. ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാൽ വൈഖാന് ഒരു ഉത്തരമേയുള്ളൂ; കലക്ടറാകണം.
നാടക പ്രവർത്തകനായിരുന്ന പിതാവ് വേണു ഇപ്പോൾ വിദേശത്താണ്. റിട്ട. അധ്യാപികയായ മാതാവ് ജലജയും സഹോദരി വൈഗയും സ്കൂളിലെ അധ്യാപകരുമാണ് ഇരുട്ടിന്റെ ലോകത്തെ വൈഖാന്റെ ഇപ്പോഴത്തെ വഴികാട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

