കരിയിലയും ഉള്ളിത്തോലും കൊണ്ട് വസന്തം വിരിയിച്ച് നാജിയ
text_fieldsഉണങ്ങിയ ഇലകളും ഉള്ളിയുള്‍പ്പെടെയുള്ള പച്ചക്കറികളുടെ തൊലികളും കിട്ടിയാല്‍ വസന്തം വിരിയിക്കും പൂക്കോട്ടൂര്‍ അത്താണിക്കല്‍ നെല്ലിപ്പറമ്പന്‍ നാജിയ. വിവിധ സസ്യങ്ങളുടെ ഉണങ്ങിയ ഭാഗങ്ങള്‍, ഉണങ്ങിയ പാള, വലിയ ഉള്ളിയുടെ തൊലി എന്നിവ ഉപയോഗിച്ച് ആകര്‍ഷകമായ പൂക്കളാണ് നാജിയ ഒരുക്കുന്നത്.
കോവിഡ് കാരണമുള്ള ലോക്ഡൗൺ കാലത്ത് വ്യത്യസ്ത കരകൗശലങ്ങൾ കരസ്ഥമാക്കാനുള്ള സജീവ പ്രവര്‍ത്തനത്തിലായിരുന്നു വീട്ടമ്മയായ നീജിയ. വീട്ടുവളപ്പില്‍നിന്ന് കാര്യമായി ലഭിക്കുന്ന ഉണക്ക പാളയിലായിരുന്നു ആദ്യ പരീക്ഷണം. രസകരമായ പൂക്കള്‍ക്ക് പാള അസംസ്‌കൃത വസ്തുവായപ്പോള്‍ വിവിധ സസ്യങ്ങളുടെ ഉണങ്ങിയ ഭാഗങ്ങള്‍ ഉപയോഗിച്ചു വര്‍ണപൂക്കളം തീര്‍ക്കാന്‍ നാജിയക്കായി. അറുപതില്‍പരം സസ്യഭാഗങ്ങള്‍ ഉപയോഗിച്ചാണ് പൂക്കള്‍ നിര്‍മിച്ചത്.
ചിത്രകലാരംഗത്ത് താൽപര്യമുള്ള നാജിയ ഇതുവരെ ശാസ്ത്രീയമായി ഈ കല അഭ്യസിച്ചില്ല. കാലിഗ്രാഫി, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിവയിലാണ് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ നാജിയക്ക് താൽപര്യം. പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചുള്ള കലാ നിര്‍മിതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്റര്‍ നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയില്‍ ഇടം ലഭിച്ചു.
പൂക്കോട്ടൂര്‍ അത്താണിക്കല്‍ നെല്ലിപ്പറമ്പന്‍ സുലൈമാന്‍-ആമിന ദമ്പതികളുടെ മകളായ നാജിയക്ക് കലാ പ്രവര്‍ത്തനത്തില്‍ പ്രധാന പിന്തുണ പ്രവാസിയായ ഭര്‍ത്താവ് കോഡൂര്‍ ഒറ്റകത്ത് പാറമ്മല്‍ മുജീബാണ്. മുഹമ്മദ് ഹെയ്‌നാണ് മകന്‍.