മലയാളി ഡോക്ടറുടെ കോവിഡ് ഉണർത്തുപാട്ട് സംഗീത ആൽബമാകുന്നു
text_fieldsഡോ. പിയൂഷ സജി
ദുബൈ: ആകുലതകൾ നിറഞ്ഞ അടച്ചിരിപ്പിെൻറ കോവിഡ് കാലത്ത് ആത്മവിശ്വാസം സ്ഫുരിക്കുന്ന വരികൾ തീർത്ത് ദുബൈയിലെ മലയാളി ഡോക്ടർ രചിച്ച കോവിഡ്കാല ഉണർത്തുപാട്ട് സംഗീത ആൽബത്തിലേക്ക് വഴിമാറുന്നു.
ദുബൈ അൽനാദയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ഡോ. പിയൂഷ 'നമുക്കിനി' എന്ന ശീർഷകത്തിൽ എഴുതിയ കവിതയാണ് അതേ പേരിൽ സംഗീത ആൽബമായി പുറത്തിറങ്ങുന്നത്. കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിലയുറപ്പിച്ച ഡോ. പിയൂഷ, അറിയപ്പെടുന്ന നർത്തകിയും കവയിത്രിയും ചിത്രകാരിയുമാണ്.
ലോകത്തിെൻറ സുന്ദരമായ കാഴ്ചകളും ജീവിതത്തിെൻറ മത്സരയോട്ടവുമെല്ലാം മാറ്റിവെച്ച് വീടുകളിലൊതുങ്ങിയ കാലത്തിലൂടെ നാം സമൂഹത്തിന് നൽകിയ ചൈതന്യമാണ് ഉണർത്തുപാട്ടിലെ വരികളിലൂടെ വരച്ചുകാട്ടുന്നത്. ഒരുപാടു കാതം ഇനി ഒരുമിച്ചു പോകാനായി ഒരൽപദൂരം പാലിക്കാം... എന്നു തുടങ്ങുന്ന സംഗീത ആൽബം, കോവിഡ് എന്ന മഹാമാരിയെ കുടഞ്ഞെറിയാൻ സാമൂഹിക അകലം പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെയാണ് വിവരിക്കുന്നത്.
ഒപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച ലോക്ഡൗൺ കാലത്ത് വീടിനകത്തെ സന്തോഷവും ജീവിതതാളവും അനുഭവിച്ചറിഞ്ഞതിലെ ആഹ്ലാദവും വരികളിലൂടെ പങ്കുവെക്കുന്നുണ്ട്. ബിജീഷ് കൃഷ്ണയാണ് ആലാപനം. ഇദ്ദേഹം തന്നെയാണ് സംഗീതവും നൽകിയിരിക്കുന്നത്. പോസ്റ്റ് കോവിഡ് കാലത്ത് സംഗീതത്തിലൂടെ സാന്ത്വനം പകരുകയാണ് ലക്ഷ്യമെന്ന് ഡോ. പിയൂഷ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ലോകത്തിെൻറ സമസ്തമേഖലയെയും ജീവിതത്തിലെ സർവചലനത്തെയും ബാധിച്ച കോവിഡ് വൈറസിനെ പടികടത്താൻ സാമൂഹിക അകലമല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ഡോ. പിയൂഷ പറയുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട വേദികളിലെല്ലാം നൃത്തത്തിലൂടെ വിസ്മയം തീർത്ത പിയൂഷ ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ 'ഓർമയുടെ നീല ശംഖുപുഷ്പങ്ങൾ' എന്ന കവിതസമാഹാരം പുറത്തിറക്കിയിരുന്നു.
മികച്ചൊരു യോഗ പരിശീലക കൂടിയായ പിയൂഷക്ക് കലാരംഗത്ത് കൂടുതൽ സംഭാവന ചെയ്യാൻ തന്നെയാണ് താൽപര്യം. 21 വർഷമായി ദുബൈയിൽ താമസിക്കുന്ന പിയൂഷയുടെ സംഗീത ആൽബം ജനുവരിയിൽ തന്നെ പുറത്തിറങ്ങും.
സിവിൽ എൻജിനീയറായ സജി എ.എസാണ് ഭർത്താവ്. മക്കൾ: ശ്രുതിനന്ദന (12 ഗ്രേഡ്, ഔൺഔൺ ഇംഗ്ലീഷ് സ്കൂൾ, ദുബൈ), പ്രണവാനന്ദ് (9 ഗ്രേഡ്, ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ, ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

