Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവൾക്കൊപ്പം നിൽക്കാത്ത സൈബറി(അവനി)ടങ്ങൾ
cancel
camera_alt

രമ്യ ഹരിദാസ്, അഡ്വ. ഫാത്തിമ തഹിലിയ, ചിന്ത ജെറോം, സ്മൃതി പരുത്തിക്കാട്, ഡോ. പാട്ടത്തിൽ ധന്യ മേനോൻ

Homechevron_rightLIFEchevron_rightWomanchevron_rightഅവൾക്കൊപ്പം നിൽക്കാത്ത...

അവൾക്കൊപ്പം നിൽക്കാത്ത സൈബറി(അവനി)ടങ്ങൾ

text_fields
bookmark_border

നാട്ടിലും വീട്ടിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പലവിധ അതിക്രമങ്ങൾക്കിരയാവുന്നുണ്ട് സ്ത്രീകൾ. അതിനു പുറമെയാണ് സൈബറിടങ്ങളിൽ സകല മര്യാദകളും ലംഘിച്ച് നടമാടുന്ന സ്ത്രീവിരുദ്ധ. രാഷ്ട്രീയം, മതം, ജാതി, സിനിമ, എഴുത്ത്, നിയമം, വ്യക്തിസ്വാതന്ത്ര്യം, ഫെമിനിസം തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരാണ് സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ കൂട്ടആക്രമണങ്ങൾക്കിരയാവുന്നതിലേറെയും.

ഒരു സ്ത്രീയും പുരുഷനും ഒരേ അഭിപ്രായം പറയുന്നവരും ഒരേ ആശയം പങ്കുവെക്കുന്നവരുമാണെങ്കിൽപോലും ഇവരെ സൈബറിടത്തിൽ നേരിടുന്ന രീതികൾ വ്യത്യസ്തമായിരിക്കും. അശ്ലീലപദങ്ങൾ ഉപയോഗിച്ചും കുടുംബാംഗങ്ങളെ ഉൾെപ്പടെ തേജോവധം ചെയ്തും അവളുടെ അഭിപ്രായത്തെ ഇല്ലാതാക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുന്നതാണ് കണ്ടുപോരുന്നത്. ഇത്തരത്തിൽ കൂട്ടത്തോടെയുള്ളതും നിരന്തരവുമായ ആക്രമണങ്ങൾക്കിരയായി കടുത്ത മാനസിക സമ്മർദങ്ങളിലേക്കും വിഷാദത്തിലേക്കും വലിയ ആഘാതങ്ങളിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും വരെ എത്തിനിൽക്കുന്നവർ നമുക്കു ചുറ്റുമുണ്ട്.

ഇനിയൊരിക്കലും ഇങ്ങോട്ടില്ലെന്ന തരത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നവരും ആരെന്തു പറഞ്ഞാലും തനിക്ക് പുല്ലാണെന്ന മനോഭാവത്തിൽ തിരിച്ച് അതേ നാണയത്തിൽ യുദ്ധം ചെയ്യുന്നവരെയും സമൂഹമാധ്യമങ്ങളിൽ ധാരാളമായി കാണാം.

താരങ്ങൾക്ക് സ്വകാര്യത എന്നൊന്നില്ലേ

'കണ്ടോ, സിനിമയിൽ അവസരം കുറഞ്ഞപ്പോ എങ്ങനേലും ലൈം ലൈറ്റിൽ പിടിച്ചുനിക്കണം, അതിനാണീ കോപ്രായങ്ങളെല്ലാം' 'ഇവൾക്കൊന്നും ചോദിക്കാനും പറയാനും വീട്ടിലാരുമില്ലേ...' തനിക്കിഷ്ടപ്പെട്ട വേഷത്തിൽ ഏതെങ്കിലും നടിയായോ മോഡലായോ ഫേസ്ബുക്കിലൊരു ചിത്രം പങ്കുവെച്ചാൽ മതി, അതിനു താഴെയുള്ള മിക്ക കമൻറുകൾക്കും ഏതാണ്ട് ഇതേ ചുവയായിരിക്കും. തങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. ഇത്തരം ഹാപ്പി പോസ്റ്റുകൾക്കിടയിലാണ് 'ഫേസ്ബുക്ക് അമ്മാവന്മാരുടെ'യും ഞരമ്പുരോഗികളുടെയും സദാചാരം പഠിപ്പിക്കലും ലൈംഗികദാരിദ്ര്യം തീർക്കലും നടക്കാറ്.

അധിക്ഷേപ പരമായ കമൻറുകൾ കണ്ടു മടുത്ത് പോസ്റ്റുതന്നെ നീക്കം ചെയ്ത് പോവുന്നവരുണ്ട്, ചിലരാണെങ്കിൽ ഇത്തരം കമൻറുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു, മറ്റു ചിലർ സഹിക്കാനാവാത്ത സന്ദർഭങ്ങളിൽ മറുപടി നൽകുന്നതും കാണാം. സിനിമ താരങ്ങൾ, പ്രത്യേകിച്ച് നടിമാർ എന്തു പോസ്റ്റ് ചെയ്താലും അതിനു കീഴിൽ സന്മാർഗവും ധാർമികതയും പഠിപ്പിക്കാനെത്തുന്ന കുറെ പേർ ഫേസ്ബുക്കിൽ സ്ഥിരമായി കുറ്റിയടിച്ചിരിപ്പുണ്ട്.

അഞ്ചുവർഷം മുമ്പാണ് പ്രശസ്ത സിനിമ അഭിനേത്രി കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ ലൈംഗിക അതിക്രമത്തിനിരയായത്. ഇക്കാലമത്രയും കുറ്റാരോപിതന്റെ ആരാധകക്കൂട്ടം സൈബറിടത്തിലും അതിക്രമങ്ങളും അധിക്ഷേപങ്ങളും തുടരുകയാണ്.

എല്ലാം അവളുടെ കുറ്റം...

ബലാത്സംഗം, ലൈംഗികാതിക്രമം, ആത്മഹത്യ, കൊലപാതകം, മറ്റു കുറ്റകൃത്യങ്ങളെന്നിങ്ങനെ സ്ത്രീകളെ കേന്ദ്രീകരിച്ചു വരുന്ന വാർത്തകൾക്കു കീഴെയുള്ള ഫേസ്ബുക്ക് കമൻറുകൾ ശ്രദ്ധിച്ചാലറിയാം, എല്ലാത്തിന്‍റെയും 'ഉത്തരവാദി അവളായി'രിക്കുമെന്ന്.

അതെങ്ങനെയെന്നല്ലേ, അത്തരത്തിലൊരു തീർപ്പുകൽപിക്കുന്ന, അതിന്മേൽ ശിക്ഷ വിധിക്കുന്നൊരു ആൾക്കൂട്ട കോടതി ഫേസ്ബുക്കിന്‍റെ ചുമരുകൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ലൈംഗികാതിക്രമമാണ് വാർത്തയെങ്കിൽ ഇരയുടെ വസ്ത്രവും ജീവിതരീതിയുമായിരിക്കും ഇഴകീറി പരിശോധിക്കുക. കഴിഞ്ഞ ദിവസം യുവ വ്ലോഗർ ആത്മഹത്യ ചെയ്തതിനു പിന്നാലെ അവളുടെ സാമൂഹികജീവിതത്തെയും മതരീതിയെയുമെല്ലാം ഇഴകീറി പരിശോധിച്ചുള്ള വിചാരണയായിരുന്നു സമൂഹമാധ്യമങ്ങളിൽ.

ചിത്രത്തിനോ പോസ്റ്റുകൾക്കോ കൂടുതൽ ലൈക് കിട്ടിയാൽപോലും സ്ത്രീകൾ അതിന്‍റെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട്.

സൈബറിടത്തിലെ പെണ്ണുങ്ങൾക്കുനേരെയുള്ള കൂട്ട ആക്രമണങ്ങളും അതിനെ‍തിരെയുള്ള അവളുടെ പ്രതിരോധങ്ങളുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പലപ്പോഴും കേസു കൊടുത്താലും ഫലപ്രദമായ ഇടപെടലുണ്ടാവുന്നില്ല, സൈബർ കുറ്റകൃത്യങ്ങളിൽ നീതി ഇന്നും അകലെയാണ്. കേരളത്തിൽ സൈബർ ആക്രമണങ്ങൾക്കിരയാവുന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രതിനിധികൾ നിലപാട് പങ്കുവെക്കുന്നു

എന്തു നിർവൃതിയാണ് അവർക്ക് കിട്ടുന്നത്?


രമ്യ ഹരിദാസ്, ആലത്തൂർ എം.പി

ലോക്സഭയിലേക്ക് മത്സരിക്കുന്ന കാലഘട്ടം മുതൽ പലവിധ സൈബർ അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. തുടക്കത്തിലൊക്കെ മാനസിക വിഷമമുണ്ടായിരുന്നു, പതിയെ അത് കുറഞ്ഞു തുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് പരിക്കുപറ്റിയതിനാൽ വീൽചെയറിൽ എന്‍റെ സഹപ്രവർത്തകർക്കായി പ്രചാരണ രംഗത്തേക്കിറങ്ങിയതിനൊക്കെ ഞാൻ നേരിട്ട പരിഹാസം ചില്ലറയല്ല, മറ്റൊന്ന് എന്റെ പാട്ടുമായി ബന്ധപ്പെട്ടാണ്. എന്നെ വ്യക്തിപരമായി മാത്രമല്ല, പ്രിയപ്പെട്ട അമ്മയെപോലും പലവിധ അധിക്ഷേപങ്ങൾക്കിരയാക്കി കൊണ്ടിരിക്കുന്നു.

അസഹിഷ്ണുതയോടെ ആക്രമിച്ചവരിൽ സർക്കാർ ജീവനക്കാരുൾെപ്പടെയുണ്ട്. വിമർശനങ്ങളും അഭിപ്രായങ്ങളും നമുക്ക് മനസ്സിലാക്കാം, എന്നാൽ, അത് പരിധിവിട്ട് അധിക്ഷേപമാകുമ്പോഴാണ് അംഗീകരിക്കാനാവാത്തത്.

ഏതു രാഷ്ട്രീയപാർട്ടിക്കാരനാണെങ്കിലും വ്യക്തിപരമായ ആക്രമണങ്ങളെ അംഗീകരിക്കാത്തയാളാണ് ഞാൻ. മണ്ഡലത്തിലെ ഒരു വികസന പ്രവൃത്തിയെ കുറിച്ചോ അല്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും കുട്ടികളുടെ അഭിനന്ദനാർഹമായ നേട്ടത്തെകുറിച്ചോ ഒക്കെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലിടുമ്പോൾ അതിനു കീഴെപോലും വളരെ മോശം കമൻറുകളുമായി എത്തുന്നവരുണ്ട്.

എന്‍റെ കൂടെ സന്തോഷത്തോടെ നിൽക്കുന്ന ഒന്നുമറിയാത്ത ആ കുട്ടിയെ കുറിച്ചുപോലും കേട്ടാലറക്കുന്ന പ്രയോഗങ്ങൾ നടത്തുന്നവർക്ക് എന്തു നിർവൃതിയാണ് കിട്ടുന്നതെന്നറിയില്ല. സഹികെട്ട സന്ദർഭങ്ങളിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, എന്നാൽ, ഒന്നിലും കൃത്യമായ നടപടികളുണ്ടായിട്ടില്ല. ശക്തമായ തെളിവുകളുൾെപ്പടെ നൽകിയിട്ടും കേസെടുക്കാനും തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം.

സ്ത്രീകൾക്ക് ഒട്ടും അനുകൂലമല്ലാത്ത ഇടം


അഡ്വ. ഫാത്തിമ തഹിലിയ, എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ്

ആർക്കും എന്തും കൊണ്ടുവന്ന് തള്ളാവുന്ന കേന്ദ്രമായി സൈബറിടം മാറുന്നു.പൊതു അഭിപ്രായ രൂപവത്കരണത്തിനായി കൂട്ടത്തോടെ ഫേക് ഐ.ഡികളെ ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചു. സ്ത്രീകളെ നേരിട്ട് എതിർക്കാൻ ധൈര്യമില്ലാത്തവർ സൈബറിടത്തിൽ പച്ചത്തെറി പറയും- സൈബർ നിയമങ്ങൾ ശക്തമല്ലാത്തതുതന്നെ ഇതിനു കാരണം.

സൈബർ ആക്രമണങ്ങൾക്കെതിരെ ഞാൻ പലതവണ പരാതി നൽകിയിട്ടുണ്ട്, കേസെടുക്കുന്നതല്ലാതെ അന്വേഷണം ഉണ്ടായിട്ടില്ല. ഒരു ഘട്ടത്തിൽ കേസ് പിൻവലിക്കണമെന്ന് പൊലീസ് തന്നെ ആവശ്യപ്പെട്ടു. തങ്ങൾ അന്വേഷിച്ചിട്ട് എങ്ങുമെത്തുന്നില്ല എന്നായിരുന്നു വിശദീകരണം. നമുക്ക് സുരക്ഷ നൽകേണ്ട സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം തന്നെ ഇതാണ്. നിലവിൽ ഞാനിതൊന്നും മൈൻഡ് ചെയ്യാറേയില്ല, ഭൂപടം പാത്തു, അഞ്ചു രൂപ പാത്തുമ്മ, ബിരിയാണി ചെമ്പിന്‍റെ മൂടി എന്നിങ്ങനെ പല പേരുകളും സൈബറിടം സമ്മാനിച്ചു. എന്നാലിതിനൊന്നും എന്നെ തകർക്കാനാവില്ല.

വനിത ദിനത്തിൽ എനിക്കു പറയാനുള്ളത് ആരെന്തു പറഞ്ഞാലും നമ്മുടെ വ്യക്തിത്വം എവിടെയും അടിയറ വെക്കാതിരിക്കുക എന്നതാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ പോരാടാനും അല്ലെങ്കിൽ തീർത്തും അവഗണിക്കാനുമുള്ള സാധ്യത സൈബർ ലോകം തരുന്നുണ്ട്. സർക്കാർ സംവിധാനത്തിനു മാത്രമല്ല, ഫേസ്ബുക്ക് ഉൾെപ്പടെയുള്ള സമൂഹമാധ്യമ കമ്പനികൾക്കും ഇത്തരത്തിൽ ഫേക് ഐ.ഡികളെ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കാം. ശാരീരികാക്രമങ്ങളെപോലെ സൈബർ അക്രമങ്ങളെയും പരിഗണിക്കുന്ന തരത്തിലുള്ള നിയമഭേദഗതികൾ കൊണ്ടുവരണം.

സാ​ധ്യ​ത​ക​ളു​ടേ​തുകൂ​ടി​യാ​ണ് സൈ​ബ​ർ ലോ​കം


ഡോ. ​ചി​ന്ത ജെ​റോം-യു​വ​ജ​ന ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ, സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യം​ഗം

പൊ​തു​വേ പു​രു​ഷാ​ധി​പ​ത്യ സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്, അ​തി​ന്‍റെ പ്ര​തി​ഫ​ല​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മു​ണ്ട്. സൈ​ബ​റി​ട​ത്തി​ലെ ആക്ര​മ‍ി​ക​ൾ​ക്ക് നേ​രി​ട്ടു​ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്നു​ണ്ട്, അ​വ​രു​ടെ മു​ഖ​മോ വ്യ​ക്തി​ത്വ​മോ പു​റ​ത്തു​വ​രു​ന്നി​ല്ലെ​ന്ന​താ​ണ് കാ​ര​ണം. സ്ത്രീ ​എ​ന്ന സ്വ​ത്വ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​ണി​വ​ർ ചെ​യ്യു​ന്ന​ത്.

ചെ​റു​പ്പം മു​ത​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന്റെ ക​രു​ത്തി​ൽ നി​ന്നാ​വാം ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളുമൊ ക്കെ നേ​രി​ടാ​നു​ള്ള ശേ​ഷി രൂ​പ​പ്പെ​ട്ടു​വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, ന​മു​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യി പ​ല​ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ടു​ന്ന​ത് കാ​ണു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​മാ​യി ഇ​തി​നെ​യെ​ല്ലാം നി​സ്സാ​ര​മാ​യി കാ​ണു​ന്ന​യാ​ളാ​ണ് ഞാ​ൻ. എ​ന്നാ​ൽ, പ​രി​ധി​വി​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വു​മ്പോ​ൾ നി​യ​മ​പ​ര​മാ​യി ത​ന്നെ മു​ന്നോ​ട്ടു​പോ​വാ​റു​ണ്ട്. ഇ​തി​ൽ വേ​ണ്ട ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നു​ണ്ടെ​ന്നും കു​റ്റ​ക്കാ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​നും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ഫേ​ക് ഐ.​ഡി​ക​ളി​ൽ നി​ന്നു വ​രു​ന്ന​തു പ​ല​തും അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വ്, എ​ന്നാ​ൽ സ്ത്രീ​ക​ളാ​യ​തു​കൊ​ണ്ട് മാ​ത്രം അ​തി​ക്ര​മി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി വ​രു​ന്നു.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ചും നി​യ​മ​ങ്ങ​ളെ​കു​റി​ച്ചു​മെ​ല്ലാം കോ​ള​ജു​ക​ൾ, ഗ്ര​ന്ഥ​ശാ​ല​ക​ൾ, റെ​സി​ഡ​ൻ​സ് കോ​ള​നി​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി യു​വ​ജ​ന ക​മീ​ഷ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി ത​ന്നെ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

യ​ഥാ​ർ​ഥ​ത്തി​ൽ സാ​ധ്യ​ത​ക​ളു​ടെ വി​ശാ​ല​ലോ​ക​മാ​ണ് സൈ​ബ​റി​ടം. ന​മ്മു​ടെ ക​ഴി​വു​ക​ളും ചി​ന്ത​ക​ളു​മെ​ല്ലാം ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ള്ള സ​ർ​ഗാ​ത്മ​ക ഇ​ടം. ലോ​ക്ഡൗ​ൺ കാ​ല​ത്തു​ത​ന്നെ നി​ര​വ​ധി വീ​ട്ട​മ്മ​മാ​രു​ൾ​െ​പ്പ​ടെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ സം​രം​ഭ​ങ്ങ​ളാ​ക്കി മാ​റ്റി വി​ജ​യി​പ്പി​ക്കു​ന്ന​തും വി​പ​ണ​നം ചെ​യ്യു​ന്ന​തും ഫേ​സ്ബു​ക്കി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും നാം ​ക​ണ്ടു. ചെ​റി​യ ചെ​റി​യ ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ളെ പോ​സി​റ്റി​വാ​യി കാ​ണു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ. സ്വ​ന്തം ക​ഴി​വു​ക​ളെ​യും സാ​ധ്യ​ത​ക​ളെ​യും ഉ​പ​യോ​ഗി​ക്കാ​ൻ സ്ത്രീ​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. ഇ​തി​നി​ട​യി​ലു​ണ്ടാ​വു​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ‍ൾ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി നീ​ങ്ങു​ക​യും സ​ധൈ​ര്യം മു​ന്നോ​ട്ടു​പോ​വു​ക​യും വേ​ണ​മെ​ന്നാ​ണ് ഒ​രു വ​നി​ത​യെ​ന്ന നി​ല​ക്കും യു​വ​ജ​ന ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ​ന്ന നി​ല​ക്കും പ​റ​യാ​നു​ള്ള​ത്.

നിയമപോരാട്ടം സമ്മാനിച്ചത് നിരാശ


സ്മൃതി പരുത്തിക്കാട്, മീഡിയവൺ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ

അടുത്തിടെ എനിക്കുനേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ വർഗീയതയും അശ്ലീലവും അസഹ്യമായി പരാതി നൽകിയപ്പോഴാണ് സൈബർ നിയമങ്ങൾ എത്ര ദുർബലമാണെന്ന് തിരിച്ചറിയുന്നത്. എന്‍റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാർഥ ചിത്രവും ചേർത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി ദ്വയാർഥ ചിത്രമായതിനാൽ ഇതു ചെയ്തയാൾ ഉദ്യേശിച്ചത് അങ്ങനെ തന്നെ ആവണമെന്നില്ല എന്നും നഗ്നചിത്രമാണെങ്കിൽ മാത്രമേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാവൂ എന്നുമായിരുന്നു.

20 ദിവസമായി പരാതി നൽകിയിട്ട്, രണ്ടു തവണ പൊലീസ് അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പക്ഷേ, ഇതുവരെ ഒരു ചെറുവിരൽപോലും ഈ പ്രതിക്കെതിരെ അനക്കിയിട്ടില്ല. എന്തിനേറെ പറയുന്നു, അയാൾ എന്നെകുറിച്ച് പറഞ്ഞ അശ്ലീലം മുഴുവൻ അസംഖ്യം ആളുകളിപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്.

അതിക്രമത്തിനിരയായ നടി കോടതിയിലുണ്ടായ അനുഭവം പറഞ്ഞതു കഴിഞ്ഞദിവസം നാം കേട്ടല്ലോ. അതിന്റെ അടുത്തുപോലും എത്തില്ലെങ്കിലും എന്നെ കുറിച്ചു പറഞ്ഞ അശ്ലീലവാക്കുകളും പ്രയോഗങ്ങളുമൊക്കെ പൊലീസിനു മുന്നിൽ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോൾ പോലും വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്.

പരാതി നൽകിയപ്പോൾ അയാൾ എവിടെയാണെന്നറിയാമോ, എന്തുചെയ്യുന്നെന്നറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയാളെ ഞാൻ പിടിച്ചുകൊണ്ടുകൊടുക്കണമെന്ന മട്ടിൽ. വെറുമൊരു കാലാളായ അയാളെ പോലും പിടിക്കാൻ കഴിയാത്തത്ര ദുർബലമാണോ നമ്മുടെ സംവിധാനങ്ങൾ? ആർക്കും എന്തും ആർക്കെതിരെയും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്നു.

അന്വേഷണ സംഘത്തിനു പോലും സൈബർ മേഖലയിലെ പല കാര്യങ്ങളെ കുറിച്ചും വലിയ പിടിയില്ലെന്നതാണ് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം. നമ്മൾ അവർക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയില്ല ഇക്കാര്യത്തിൽ.

ഫേസ്ബുക്കിലെ ഫേക് ഐഡികളിൽനിന്നു വരുന്ന അശ്ലീല കമൻറുകളും അധിക്ഷേപങ്ങളും നോക്കിനിന്നാൽ അതിനേ നേരം കാണൂ. അതുകൊണ്ടുതന്നെ അവഗണിക്കാറാണ് പതിവ്. എല്ലാ പരിധിയും വിട്ടപ്പോഴാണ്, നിയമപരമായി മുന്നോട്ടുപോയാൽ ഒരാൾക്കെങ്കിലും ബോധമുദിച്ചെങ്കിലോ എന്ന ധാരണയിൽ കേസു നൽകിയത്. പക്ഷേ, നിരാശയായിരുന്നു ഫലം.

നി​യ​മ​പോ​രാ​ട്ടം മാത്രമാണ് മാർഗം


ഡോ. ​പാ​ട്ട​ത്തി​ൽ ധ​ന്യ മേ​നോ​ൻ, സൈ​ബ​ർ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​മ്പോ​ൾ ന​മു​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും വി​ധ​മു​ള്ള കാ​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്നാ​ൽ, ആ ​പ്ര​തി​ക​ര​ണ രീ​തി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന​ത് അ​തി​ലേ​റെ പ്ര​ധാ​ന​മാ​ണ്.

ന​മു​ക്കെ​തി​രെ എ​ന്തു വൃ​ത്തി​കേ​ടും വി​ളി​ച്ചു​പ​റ​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല എ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം നി​ല​പാ​ടി​നൊ​പ്പം ത​ന്നെ നി​യ​മ​ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും ആക്ര​മി ഒ​ന്നു പ​റ​യു​മ്പോ​ൾ ഇ​പ്പു​റ​ത്തു​ള്ള​യാ​ൾ ര​ണ്ടെ​ണ്ണം തി​രി​ച്ചു​പ​റ​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ത്ത​രം വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ പ​രി​ധി​വി​ട്ടു ക​ഴി​യു​മ്പോ​ഴാ​ണ് പ​ല​രും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം തേ​ടി​യെ​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് പ​രി​മി​തി​യു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​മു​ക്കെ​തി​രെ ആ​രെ​ങ്കി​ലും തെ​റി പ​റ​ഞ്ഞാ​ൽ, ലൈം​ഗി​ക ചു​വ​യോ​ടെ​യോ മോ​ശ​മാ​യോ ക​മ​ൻ​റി​ട്ടാ​ൽ അ​തി​നെ​തി​രെ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​ന്ന​തി​നു​പ​ക​രം കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക.

വ്യ​ക്തി​പ​ര​മാ​യി ഇ​ൻ​ബോ​ക്സി​ൽ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ അ​ർ​ഥ​വ്യാ​പ്തി പ​ല​ർ​ക്കും പ​ല​താ​ണ്. നി​ങ്ങ​ൾ സു​ന്ദ​രി​യാ​ണ് എ​ന്നു പ​റ​യു​മ്പോ​ൾ അ​തൊ​രു അ​ഭി​ന​ന്ദ​ന​മാ​യി മാ​ത്ര​മേ ചി​ല​ർ എ​ടു​ക്കൂ. എ​ന്നാ​ൽ, വ്യ​ക്തി​ക​ൾ​ക്കും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു​മ​നു​സ​രി​ച്ച് ഈ ​പ്ര​യോ​ഗ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം മാ​റി​യേ​ക്കാം. ഇ​തു തീ​ർ​ത്തും ആ​പേ​ക്ഷി​ക​മാ​ണ്. സ​മാ​ന​രീ​തി​യി​ൽ സൈ​ബ​ർ അ​ധി​ക്ഷേ​പ​മെ​ന്ന​തും ആ​പേ​ക്ഷി​ക​മാ​ണ്. ന​മ്മു​ടെ സ​ഹി​ഷ്ണു​താ ത​ലം, സ്വീ​കാ​ര്യ​താ ത​ലം ഒ​ക്കെ അ​നു​സ​രി​ച്ചി​രി​ക്കും ഇ​ത്. ഈ ​ത​ലം വി​ട്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ കേ​ൾ​ക്കു​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും പ്ര​തി​ക​രി​ക്ക​ണം.

സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മേ​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​വു​ന്നി​ല്ല എ​ന്ന് ന​മു​ക്ക് സാ​മാ​ന്യ​വ​ത്ക​രി​ക്കാ​നാ​വി​ല്ല, പൊ​തു​വേ​യു​ള്ള ന​മ്മു​ടെ നി​യ​മ​സം​വി​ധാ​ന​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കേ​ണ്ട സം​വേ​ദ​ന​ക്ഷ​മ​ത​യു​ടെ കു​റ​വും സൈ​ബ​ർ കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു എ​ന്നു മാ​ത്രം. സം​വി​ധാ​നം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​വാ​ൻ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു​ള്ള പോ​രാ​ട്ടം ന​ട​ത്തേ​ണ്ട​തു​ണ്ട്.

ഫേ​ക് ഐഡി​ക​ളി​ൽനി​ന്നും എ​ന്തു ചെ​യ്താ​ലും പി​ടി​ക്ക​പ്പെ​ടി​ല്ല എ​ന്ന ധൈ​ര്യ​ത്തി​ൽ തോ​ന്നി​യ​തു പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, എ​ന്തെ​ങ്കി​ലും കൃ​ത്യ​മാ​യ ഒ​രു ക്രെ​ഡ​ൻ​ഷ്യ​ൽ എ​ങ്കി​ലും ന​ൽ​കാ​തെ ഒ​രു ഫേ​ക് ഐഡി​യും സൃ​ഷ്ടി​ക്കാ​നാ​വി​ല്ല. ആ​രാ​ണി​തി​നു പി​ന്നി​ൽ എ​ന്നു ക​ണ്ടു​പി​ടി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യൊ​ക്കെ ഇ​വി​ടെ​യു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ അ​തി​ക്ര​മം നേ​രി​ട്ട​യാ​ൾ ഒ​രു ഘ​ട്ട​ത്തി​ലും ത​ള​ർ​ന്നു പി​ന്മാ​റാ​തെ, വി​ജ​യം കാ​ണും വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber Attackcyber bullyingWomens Day 2022
News Summary - Cyber spaces that do not stand with women
Next Story