കാട്ടാന ജീവിതം തകർത്തു: നെറ്റിപ്പട്ടമുണ്ടാക്കി ജീവിതം കരുപ്പിടിപ്പിച്ച് വിനോദൻ
text_fieldsവിനോദൻ നിർമിച്ച കരകൗശല വസ്തുക്കളോടൊപ്പം
കാട്ടാന തകർത്ത ജീവിതം നെറ്റിപ്പട്ടമുണ്ടാക്കി കരുപിടിപ്പിക്കുകയാണ് വിനോദൻ. കാട്ടാനയുടെ ആക്രമണത്തിൽ ജീവിതം തകർന്നതോടെയാണ് മുഴക്കുന്ന് തളിപ്പൊയിലെ ഉപാസനയിൽ വിനോദൻ, ആനകൾക്ക് തന്നെ നെറ്റിപ്പട്ടം ഉൾപ്പെടെയുള്ള കരകൗശല വസ്തുക്കൾ നിർമിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിച്ചത്.
ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയെന്നറിയുമ്പോള് വിനോദിന്റെ ഉള്ള് പിടക്കും. ജീവിതത്തിനിടയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷം. വര്‍ഷം മൂന്ന് കഴിഞ്ഞെങ്കിലും അത് ഇന്നും മായാതെ ഒരു ഓർമയായി വിനോദന്റെ മനസ്സിലുണ്ട്. 2018 മേയ് 19ന് പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ വീടിന് സമീപത്ത് െവച്ചായിരുന്നു വിനോദ് കാട്ടാനയുടെ അക്രമത്തിനിരയായത്.
ഇടത് കാലിനും നെഞ്ചിലും ആന ചവിട്ടി. കൈ തുമ്പിക്കൈ കൊണ്ടു അടിച്ചു പൊട്ടിച്ചു. കാലിനും കൈക്കും പരിക്കേറ്റ വിനോദ് ഇന്ന് എഴുന്നേറ്റ് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ്. ഗൾഫില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്യുകയായിരുന്ന വിനോദ് അവധി കഴിഞ്ഞ് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു. ഇന്നും ചികിത്സ തുടരുകയാണ്. കാലിന് നീളക്കുറവും ബലക്ഷയവുമുണ്ട്.
കോവിഡ് ആയതിനാൽ മംഗലാപുരത്ത് തുടർ ചികിത്സ നടക്കുന്നില്ല. ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും കഴിയുന്നില്ല. വിദ്യാർഥിനിയായ മകളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. പി.ജി വിദ്യാർഥിനിയായ മകളുടെ പഠനത്തിനും കുടുംബത്തിന്റെ നിത്യചെലവിനും ചികിത്സക്കും പണം വേണം. ഭാര്യ ഉഷ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാണ് പ്രധാന വരുമാനം. എന്നാൽ, വെറുതെ ഇരുന്നു മടുത്ത വിനോദ് കുടുംബത്തിന് തന്നാലായ സഹായം എന്ന നിലയിലാണ് കരകൗശാല വസ്തുക്കളുടെ നിർമാണം ആരംഭിച്ചത്.
വിനോദിന്റെ ജീവിതം ഈ അവസ്ഥയിലാക്കിയത് ആനയാണെങ്കിലും ആനകൾക്ക് ചാർത്തുന്ന നെറ്റിപ്പട്ടം ഉണ്ടാക്കി വില്പന നടത്തുകയാണിപ്പോൾ. തിടമ്പ്, മരത്തിൽ കട്ട് ചെയ്തു ഉണ്ടാക്കുന്ന നെയിം ബോർഡുകൾ, ചിരട്ടയിൽ നിർമിക്കുന്ന ലൈറ്റ്, ഹാഗിങ് ഊഞ്ഞാൽ തുടങ്ങി പല തരത്തിലുള്ള വസ്തുക്കളും നിർമിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. വിനോദിന്റെ അവസ്ഥ അറിഞ്ഞു വിളിക്കുന്നവരാണ് കരകൗശല വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കൾ.17 ലക്ഷത്തിലധികം രൂപ നിലവിൽ ചികിത്സയ്ക്ക് ചെലവായിട്ടുണ്ടെങ്കിലും സർക്കാറിൽ നിന്ന് ലഭിച്ചത് ഏഴു ലക്ഷത്തോളം രൂപയാണ്.