പൊന്നിനേക്കാൾ തിളക്കമുണ്ട് ശിഹാബിെൻറ സത്യസന്ധതക്ക്
text_fieldsഓട്ടോയിൽ കളഞ്ഞുകിട്ടിയ ബാഗ് ഷിഹാബ് ദാക്ഷായണി അമ്മക്ക് കൈമാറുന്നു
രണ്ടര ലക്ഷത്തോളം രൂപ വിലയുള്ള സ്വർണം നഷ്ടപ്പെട്ട ദാക്ഷായണി അമ്മ ആശങ്കയോടെയാണ് പരാതി നൽകാനായി കുന്നുകയറി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഒടുവിൽ സ്റ്റേഷനിൽനിന്ന് ഇറങ്ങിയത് നഷ്ടപ്പെട്ട സ്വർണവുമായി. ഓട്ടോഡ്രൈവറുടെ പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധതയാണ് സ്വർണം തിരിച്ചുകിട്ടാൻ സഹായമായത്.
ബൈപാസിൽ ബസ് കാത്തുനിൽക്കുന്നതിനിടയിലെത്തിയ ഓട്ടോക്ക് കൈകാണിച്ച് ദാക്ഷായണി അമ്മ പന്തീരാങ്കാവിലിറങ്ങിയതായിരുന്നു. പണം നൽകി ഓട്ടോ പോയ ശേഷമാണ് ആറര പവൻ സ്വർണം പൊതിഞ്ഞിട്ട ബാഗ് ഓട്ടോയിൽ മറന്നത് ഓർമവന്നത്. ഓട്ടോയുടെ പേരും നമ്പറുമറിയില്ല, പന്തീരാങ്കാവിലെ ഓട്ടോക്കാരോട് ചോദിച്ചപ്പോൾ ആളെയുമറിയില്ല.
തുടർന്നാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസുകാരുടെ ആശ്വസിപ്പിക്കലൊന്നും തണുപ്പിക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ് ദാക്ഷായണി അമ്മയുടെ ഫോണിലേക്ക് വിളി വരുന്നത്. വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച് വിളിച്ചത് ഓട്ടോഡ്രൈവർ ഷിഹാബ്.
തിങ്കളാഴ്ച രാവിലെ 11ഓടെ കുറ്റിക്കാട്ടൂർ ഗോശാലിക്കുന്ന് സ്വദേശി ഷിഹാബ് (32) രാമനാട്ടുകരയിൽ ആളെ ഇറക്കി തിരിച്ചുവരുേമ്പാഴാണ് ദാക്ഷായണി അമ്മ ഓട്ടോയിൽ കയറുന്നതും ബാഗ് മറന്നുവെച്ച് പന്തീരാങ്കാവിൽ ഇറങ്ങുന്നതും. ഷിഹാബ് കുറ്റിക്കാട്ടൂരിൽ ഓട്ടോസ്റ്റാൻഡിലെത്തിയപ്പോഴാണ് മറ്റൊരാൾ ഓട്ടോയിലെ ലേഡീസ് ബാഗ് ശ്രദ്ധയിൽപെടുത്തുന്നത്. ബാഗ് തുറന്ന് പരിശോധിച്ചെങ്കിലും ഉടമയെ കണ്ടെത്താവുന്ന തെളിവൊന്നും കിട്ടിയില്ല. ഇതിനിടയിൽ ബാഗിൽ കണ്ട പൊതി തുറന്നപ്പോഴാണ് സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപെട്ടത്. സ്വർണം പൊതിഞ്ഞ പേപ്പറിൽ എഴുതിയ രണ്ടു നമ്പറുകളിലൊന്നിൽ വിളിച്ചപ്പോൾ ഒന്നും നഷ്ടമായിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.
തുടർന്നാണ് ദാക്ഷായണി അമ്മയുടെ പേരെഴുതിയ നമ്പറിൽ വിളിച്ചത്. ശിഹാബും സുഹൃത്തും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ബൈജു കെ. ജോസിെൻറ സാന്നിധ്യത്തിൽ ബാഗ് ദാക്ഷായണി അമ്മക്ക് കൈമാറി. ഭാര്യയും രണ്ടു പെൺകുട്ടികളുമുള്ള ഷിഹാബ് കുറ്റിക്കാട്ടൂരിലെ സ്റ്റാൻഡിലാണ് ഓട്ടോ ഓടിക്കുന്നത്. ബാങ്ക് ലോണും കടവുമെടുത്ത് ഗോശാലിക്കുന്നിൽ വീടിെൻറ പ്രവൃത്തി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

