ചിറകളുടെ നാട്ടിൽ നീന്തൽ പഠിപ്പിക്കൽ ദൗത്യവുമായി സാദിഖ്
text_fieldsനീന്തൽ പരിശീലനം നടത്തുന്ന സാദിഖ്
കോഴിക്കോട്: നൂറുകണക്കിന് നഗരവാസികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകുകയാണ് കുറ്റിച്ചിറ മേത്തലക്കണ്ടി സാദിഖ്. കല്ലായി മരമേഖലയിലെ ജോലിത്തിരക്കിനിടയിൽ ഒരേയൊരു അവധി ദിവസമായ ഞായറാഴ്ചയാണ് സാദിഖ് നീന്തൽ പഠിപ്പിക്കാനായി നീക്കിവെച്ചിരിക്കുന്നത്. രാവിലെ എട്ടുമുതൽ 11 വരെ കുറ്റിച്ചിറയിലും വൈകീട്ട് നാലുമുതൽ രാത്രി വരെ കല്ലായിക്കടുത്ത് കൈതക്കുളത്തിലുമാണ് നീന്തൽ പരിശീലനം.
പന്നിയങ്കര പൊക്കാവ് കുളത്തിൽ പരിശീലനമുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് ഒഴിവാക്കി. ചെമ്മങ്ങാട് കുളത്തിന് മുന്നിൽ ജനിച്ചുവളർന്ന സാദിഖ് നീന്തലിന്റെ ഗുരുവായതിൽ അത്ഭുതപ്പെടാനില്ല. ആയിരക്കണക്കിനാളുകളെ നീന്തൽ പഠിപ്പിച്ച പി.എസ്. അബൂബക്കർ കോയയുടെ ശിഷ്യനാണ് സാദിഖ്. മൂന്നര വയസ്സുകാരൻ മുതൽ 61കാരൻ വരെ അദ്ദേഹത്തിനടുത്ത് നീന്തൽ പഠിക്കാനെത്തും. രക്ഷിതാക്കൾക്കൊപ്പവും അല്ലാതെയും കുട്ടികൾ പരിശീലനത്തിനെത്തും. സ്വന്തം ചെലവിൽ ലൈഫ് ബോയ്കൾ തയാറാക്കിയാണ് പരിശീലനം.
ടയർ കടകളിൽ നിന്ന് ഇതിനായി പഴയ ട്യൂബുകൾ സംഘടിപ്പിച്ചു. ഞായറാഴ്ചകളിലെ വിവാഹമടക്കമുള്ള വേറെ ചടങ്ങുകളിലൊന്നും പങ്കെടുക്കാനാവില്ലെങ്കിലും നിരവധിയാളുകളുടെ സഹായിയാവുന്നതിലുള്ള സന്തോഷം വേറെത്തന്നെയാണ്. കുളത്തിൽനിന്ന് പേടിച്ച് പിന്മാറിയയാൾ പിന്നീടൊരിക്കലും നീന്തൽ പഠിക്കാൻ വരില്ലെന്നതാണ് സാദിഖിന്റെ അനുഭവം.
അതിനാൽ പഠിക്കാനെത്തുന്നവർക്ക് പരമാവധി ആത്മവിശ്വാസം നൽകിയശേഷമാണ് പരിശീലനം. വോയ്സ് ഓഫ് കോഴിക്കോട് വാട്സ് ആപ് കൂട്ടായ്മ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. സ്കൂളുകളിൽ ഗ്രേസ് മാർക്ക് നൽകാൻ തുടങ്ങിയതോടെ കൂടുതലാളുകൾ നീന്തൽ പഠിക്കുന്നതായാണ് അനുഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

