കൊച്ചി: പെരുമ്പാവൂരിൽനിന്ന് നടന്നുനടന്ന് അങ്ങ് ഹിമാലയംവരെ കണ്ട് മടങ്ങിയെത്തി അൽത്താഫ് അലിയും ലിജോ പൗലോസും. 117 ദിവസം 12 സംസ്ഥാനത്തിലൂടെ നടന്ന് 4200 കി.മീ. പിന്നിട്ടു ഈ യാത്ര. നടന്ന് ഹിമാലയം കാണാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ ആദ്യം കളിയാക്കിയവരൊക്കെ ഇന്ന് അഭിനന്ദനവും ആദരവുമൊരുക്കി സ്വീകരിക്കുകയാണ് ഇരുവരെയും.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് രാവിലെ ആറിന് പെരുമ്പാവൂർ സിഗ്നൽ ജങ്ഷനിൽനിന്നായിരുന്നു യാത്രയുടെ തുടക്കം. മുടിക്കൽ പുത്തുക്കാടൻ വീട്ടിൽ അൽത്താഫും വളയൻചിറങ്ങര സ്വദേശി ലിജോയും തുരുത്തിപ്ലി സെൻറ് മേരീസ് കോളജിൽ ബി.കോം കമ്പ്യൂട്ടർ വിദ്യാർഥികളാണ്. ''രാജ്യം ചുറ്റണമെന്ന് ഏറെ നാളായി ആഗ്രഹമുണ്ടായിരുന്നു. അതിനായി വ്യായാമമൊക്കെ തുടങ്ങിയിരുന്നു. ലിജോയോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും യാത്ര പുറപ്പെടുന്നതിന്റെ തലേന്ന് മാത്രമാണ് അവൻകൂടി വരാമെന്ന് പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. അങ്ങനെയങ്ങ് നടന്നുതുടങ്ങി'' -അൽത്താഫ് പറയുന്നു.
ആദ്യനാൾ അങ്കമാലിക്ക് സമീപം അൽത്താഫ് പാർട്ട്ടൈം ജോലി ചെയ്തിരുന്ന കേക്ക് ഷോപ്പിൽ തങ്ങി. അടുത്ത ദിവസം തൃശൂരിൽ സഹോദരൻ യൂനുസിനൊപ്പവും. കേരളത്തിന്റെ അതിർത്തി കടന്നത് യാത്ര തുടങ്ങി 17ാം ദിവസമാണ്. കാസർകോട്, മംഗളൂരു, ഉഡുപ്പി, മാൽപേ, ഗോകർണം വഴി ഗോവയിൽ എത്തി. 13 കിലോയുള്ള ബാഗുമേന്തിയായിരുന്നു യാത്ര.
ഓരോ ദിനവും കുറഞ്ഞത് 40 കി.മീറ്ററും കൂടിയത് 72 കി.മീറ്ററും വരെ താണ്ടി. പെട്രോൾ പമ്പുകൾ, ധാബകൾ എന്നിവിടങ്ങളിൽ ടെന്റ് തയാറാക്കിയാണ് രാത്രി ഉറങ്ങിയത്. ടെന്റ് ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ഹോട്ടലിൽ റൂമെടുത്തു. ഗോവയിൽ കാട്ടിൽ അകപ്പെട്ടപ്പോൾ റോഡരികിൽ ടെന്റ് സജ്ജമാക്കി കിടന്നത് അൽപം സാഹസികംതന്നെയായി.
പല ഭാഷകളും സംസ്കാരങ്ങളും കണ്ടും അറിഞ്ഞുമുള്ള യാത്രക്കിടെ പേടിപ്പിക്കുന്ന അനുഭവങ്ങൾ പലതുമുണ്ടായെന്ന് അൽത്താഫ് ഓർക്കുന്നു. ഗോവയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും മോശം അനുഭവങ്ങൾ നേരിട്ടു. പണം തട്ടിയെടുക്കാനായിരുന്നു ചിലരുടെ ശ്രമം.
ഡൽഹിയിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയപ്പോൾ തട്ടിയിട്ട് ഓടി രക്ഷപ്പെടേണ്ടിവന്നു. എന്നാൽ, മനം കുളിർപ്പിക്കുന്ന പെരുമാറ്റവും അതിലേറെ ലഭിച്ചു. മലപ്പുറത്ത് ലയൺസ് ക്ലബും ഗാലപ് ക്ലബും പണം നൽകി സഹായിച്ചത് അതിലൊന്ന്. പുണെയിൽ ഒരു യാത്രസംഘം ഫ്ലാറ്റ് സൗജന്യമായി താമസിക്കാൻ നൽകി. ഒപ്പം കോവിഡ് വാക്സിനേഷനും ലഭിച്ചു. പഞ്ചാബിൽനിന്നാണ് കൂടുതൽ നല്ല അനുഭവങ്ങൾ. വീടുകളിൽ താമസവും ഭക്ഷണവും നൽകിയ സിഖുകാരുടെ ആതിഥ്യമര്യാദ മറക്കാൻ കഴിയില്ലെന്ന് അൽത്താഫ് പറയുന്നു.
ജമ്മുവിൽ എത്തിയ ശേഷം വഴിയരികിൽ ടെന്റ് സ്ഥാപിക്കാൻ അനുവാദം ലഭിക്കില്ലെന്നതിനാൽ യാത്ര വാഹനത്തിലാക്കി. ശ്രീനഗർ വഴി ഗുൽമാർഗിൽ യാത്ര അവസാനിപ്പിച്ചു. ലേ-ലഡാക്ക് പാത അടച്ചതും മഞ്ഞുവീഴ്ച തുടങ്ങിയതും അതിന് പ്രേരകവുമായി. തിരികെ ട്രെയിനിൽ കയറി 130ാം ദിവസം വീട്ടിലെത്തി. 45,000 രൂപ വീതമാണ് ഓരോരുത്തർക്കും ചെലവായത്.
''22ാം വയസ്സിൽ രാജ്യം ചുറ്റിയെന്ന അഭിമാനമുണ്ട്. ഇനിയും യാത്രകൾ തുടരും. രാജ്യം മൊത്തം കറങ്ങണം. ഒപ്പം കേരളത്തിലെമ്പാടും സൈക്കിളിലും പോകണം'' -അൽത്താഫ് വീണ്ടും ഒരുക്കത്തിലാണ്.