ലക്ഷദ്വീപിൽ നിരോധനാജ്ഞ തുടരുന്നു
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.സി.പി പ്രതിഷേധ പരിപാടികൾ നടത്തുന്നത് തടയാൻ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലക്ഷദ്വീപിൽ തുടരുന്നു. ഞായറാഴ്ച രാത്രി 10 മുതൽ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ.
കവരത്തി, മിനിക്കോയ്, അഗത്തി, ആന്ത്രോത്ത്, കൽപേനി, അമിനി, കടമത്ത്, ചെത്ത് ലത്ത്, കിൽത്താൻ, ബിത്ര ദ്വീപുകളിൽ എൻ.സി.പി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്താനിരിക്കെയായിരുന്നു നിരോധനാജ്ഞ. ഇതോടെ പ്രതിഷേധ പരിപാടികൾ മുടങ്ങി. സമരത്തോടനുബന്ധിച്ച് വ്യാപക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ എന്നായിരുന്നു കലക്ടർ അസ്കർ അലി വിശദീകരിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ ഭരണകൂടത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം ആസിഫ് അലിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികൾ തുടരുകയാണെന്ന് എൻ.സി.പി നേതാക്കൾ അറിയിച്ചു. ലക്ഷദ്വീപിലെ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എൻ.സി.പി, എൻ.വൈ.സി, ലക്ഷദ്വീപ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.