കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് അൻപരശുമായി ചർച്ച നടത്താനെത്തിയ ജനപ്രതിനിധികളടക്കമുള്ള എൻ.സി.പി നേതാക്കൾ അറസ്റ്റിൽ. ലക്ഷദ്വീപിലെ യാത്രക്കപ്പലുകളുടെ കുറവും ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ചർച്ചക്കെത്തിയ വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് നടപടി.
എൻ.സി.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി പി.പി. മുഹ്സിൻ, കവരത്തി യൂനിറ്റ് പ്രസിഡന്‍റ് ടി.പി. റസാഖ്, എൻ.വൈ.സി ജനറൽ സെക്രട്ടറി എം.പി. ഹുസൈൻ, വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ പി. നസീർ, വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളായ നിസാം, ആസിഫ് അലി, നഫീസ, താഹിറ, ജില്ല പഞ്ചായത്ത് അംഗം സൈനബ, നാഷനലിസ്റ്റ് മഹിള കോൺഗ്രസ് അംഗങ്ങളായ താഹിറ, സരീഹത്ത്, തസ്ലീന എന്നിവരാണ് അറസ്റ്റിലായത്.