
പ്രതിഷേധങ്ങൾക്കിടയിലും ലക്ഷദ്വീപിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; കടകളുടെ ലൈസൻസ് പുതുക്കുന്നതിലും വിവാദം
text_fieldsകൊച്ചി: ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ലക്ഷദ്വീപ് ഭരണകൂടം. വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്തിരുന്ന 40ഓളം ജീവനക്കാരെ കൂടി അധികൃതർ പിരിച്ചുവിട്ടു. മാർച്ച് അഞ്ചിനാണ് ഇത് സംബന്ധിച്ച് കലക്ടർ അസ്കർ അലി ഉത്തരവ് ഇറക്കിയത്.
വിനോദ സഞ്ചാര മേഖലക്ക് വലിയ നേട്ടം ലഭിച്ചിരുന്ന സമുദ്രം പാക്കേജ് നിർത്തിവെച്ചതാണ് പിരിച്ചുവിടാനുള്ള കാരണമെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. അതത് യൂനിറ്റുകളിലെ മേലുദ്യോഗസ്ഥർ നിർദേശിക്കപ്പെട്ട ജീവനക്കാരെ പിരിച്ചുവിടുകയും അതിന്‍റെ റിപ്പോർട്ട് മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കുകയും വേണമെന്നും ഉത്തരവിലുണ്ട്.
അതിനിടെ, ലക്ഷദ്വീപിലെ കടകളുടെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തിട്ടുണ്ട്. നിലവിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി പുതിയത് എടുക്കണമെന്നാണ് നിർദേശം. ഇത് ലൈസൻസുകൾ പുതുക്കി നൽകാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നിർത്തിവെച്ച കപ്പൽ സർവിസുകൾ പൂർണമായി പുനഃസ്ഥാപിക്കാൻ ഇനിയും തീരുമാനമായിട്ടില്ല. നിലവിൽ ഒരു കപ്പൽ മാത്രമാണ് സർവിസ് നടത്തുന്നത്. അതിനാൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. ബുധനാഴ്ച മുതൽ 400 പേർക്ക് യാത്ര ചെയ്യാവുന്ന എം.വി ലഗൂൺ കപ്പൽ കൂടി സർവിസ് പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. ആകെയുള്ള ഏഴ് കപ്പലുകളിൽ ബാക്കി സർവിസ് നിർത്തിവെച്ചിരിക്കുകയാണ്.
150 പേർക്ക് യാത്ര ചെയ്യാവുന്ന അമിൻദിവി, മിനിക്കോയ് കപ്പലുകൾ പൂർണമായി ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇവ പൊളിച്ച് നീക്കാനുള്ള നടപടികളിലാണെന്നാണ് വിവരം. ലക്ഷദ്വീപ് ഡെവലപ്മെന്റെ് കോർപറേഷനിൽനിന്ന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്ക് കപ്പലുകൾ മാറ്റുന്നതിന്‍റെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.