അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്കൂളുകൾ പൂട്ടുന്നത്, സ്കോളർഷിപ് നിർത്തിയത്, അധ്യാപകരെ പിരിച്ചുവിട്ടത്, വിദ്യാർഥികളുടെ പഠനയാത്ര പുനരാരംഭിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾ സമരത്തിലാണ്.
ഇതുമായി ബന്ധപ്പെട്ടാണ് 25ന് കൊച്ചി വാർഫിലെത്തിയ അഡ്മിനിസ്ട്രേറ്റർക്ക് നേരെ എൽ.എസ്.എ നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് അനീസ്, വൈസ് പ്രസിഡന്‍റ് അബ്ദുൽ ജവാദ് എന്നിവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ നേതാക്കളെ നോക്കി പ്രഫുൽ ഖോദ പട്ടേൽ ആക്രോശിച്ചു. കപ്പലിൽനിന്ന് ഇറക്കിക്കൊണ്ട് വരുമ്പോൾ എൽ.എസ്.എ പ്രസിഡന്‍റിനെ പ്രഫുൽ ഖോദ പട്ടേൽ നേരിട്ട് മർദിച്ചെന്നും അവർ ആരോപിച്ചു. പട്ടേലിനെ മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് അനീസ്, അബ്ദുൽ ജവാദ്, മിസ്ബാഹുദ്ദീൻ, എൻ.വൈ.സി കേരള സംസ്ഥാന പ്രസിഡന്‍റ് സി.ആർ. സജിത് എന്നിവർ പങ്കെടുത്തു.