ഫൈസലിനെ തിരക്കിട്ട് അയോഗ്യനാക്കിയ കേന്ദ്ര സർക്കാറിന് വിധി തിരിച്ചടിയാകും; ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വധശ്രമ കേസിൽ കോടതി ശിക്ഷിച്ചതിനു തൊട്ടുപിന്നാലെ ധൃതിപ്പെട്ട് അയോഗ്യനാക്കി ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ കേന്ദ്രസർക്കാറിന്, ശിക്ഷ റദ്ദാക്കിയ ഹൈകോടതി വിധി തിരിച്ചടിയാകും. എം.പിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധിയും 10 വർഷം തടവുശിക്ഷയുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
രണ്ടു വർഷത്തിൽ കുറയാത്ത ജയിൽവാസത്തിന് ശിക്ഷിക്കപ്പെട്ടാൽ എം.പി-എം.എൽ.എ പദവിയിൽനിന്ന് ഉടനടി അയോഗ്യരാകുമെന്ന 2013ലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് എൻ.സി.പി നേതാവു കൂടിയായ പി.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, ശിക്ഷ സ്റ്റേ ചെയ്താൽ അയോഗ്യത കൽപിച്ച നടപടി ഉടനടി അസാധുവാകുമെന്ന് സുപ്രീംകോടതി 2020ൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഫൈസലിന്റെ പാർലമെന്റംഗത്വം പുനസ്ഥാപിച്ചുകിട്ടിയേക്കും. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും പാഴാകും.
ജനുവരി 11നാണ് കവരത്തി സെഷൻസ് കോടതി 10 വർഷത്തെ തടവു വിധിച്ചത്. രണ്ടുദിവസം കഴിയുന്നതിന് മുമ്പേ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ഉത്തരവിറക്കി. ശിക്ഷാവിധി മേൽക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള സാധ്യത പോലും കണക്കിലെടുക്കാതെയായിരുന്നു എം.പി സ്ഥാനത്തിന് ഉടനടി അയോഗ്യത കൽപിച്ചത്. കോടതി വിധി വന്ന ജനുവരി 11 മുതൽ മുൻകാലപ്രാബല്യത്തോടെ അംഗത്വം നഷ്ടപ്പെട്ടതായി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 102 (എൽ) (ഇ) അനുഛേദം, ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ പ്രകാരമാണ് നടപടി.
കോടതിവിധി മേൽക്കോടതി സ്റ്റേ ചെയ്യാനുള്ള സാധ്യത പരിഗണിക്കാതെ പ്രതിപക്ഷ എം.പിക്ക് ഉടനടി അയോഗ്യത കൽപിച്ചത് രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചാണെന്നാണ് വിമർശനം. കാലിത്തീറ്റ അഴിമതി കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി ശിക്ഷിച്ച 2013ൽ ആഴ്ചകൾക്കു ശേഷമാണ് അയോഗ്യത നടപടി ഉണ്ടായത്. സെപ്റ്റംബർ 30ന് ലാലുവിനെ ശിക്ഷിച്ചു. എം.പി സ്ഥാനത്തിന് അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയത് ഒക്ടോബർ 21ന്. എന്നാൽ, മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ വിധി ജനുവരി 11ന്; അയോഗ്യത വിജ്ഞാപനം രണ്ടാം ദിവസമായ ജനുവരി 13ന്.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുഹമ്മദ് ഫൈസലിനെ കൂടാതെ സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരും കേസിൽ പ്രതികളാണ്. നാലുപേർക്കും 10 വർഷം വീതം കഠിനതടവും ലക്ഷം രൂപ വീതം പിഴയുമായിരുന്നു സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
എന്നാൽ, വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾപോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നും ഇവർ ഹൈകോടതിയിൽ ബോധിപ്പിച്ചു. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവർ ഉടൻ ജയിൽ മോചിതരാകും.