ലക്ഷദ്വീപിൽ എന്തുചെയ്താലും കേസ്; ബി.ജെ.പി നേതാവിനും 'രക്ഷയില്ല'
text_fieldsഭരണകൂട നടപടികൾക്കെതിരെ മാസങ്ങളായി പ്രതിഷേധം അലയടിക്കുന്ന ലക്ഷദ്വീപിൽ എന്ത് ചെയ്താലും കേസ് എന്നതാണ് അവസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവർക്കെതിരെ കേസെടുത്ത് അടിച്ചമർത്തുകയാണ് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്. ഈ ആരോപണം ശരിവെക്കുന്ന നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാവിന് പോലും ഇതിൽ നിന്ന് 'രക്ഷയില്ലെ'ന്നതും വേറെ കാര്യം.
ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിനെതിരെയും ദ്വീപ് ഭരണകൂടം കേസെടുത്തു എന്നാണ് സൂചന. ബങ്കാര ദ്വീപിലുള്ള ടൂറിസം വകുപ്പിന്റെ റിസോർട്ടിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിനെ ചോദ്യം ചെയ്തതിനാണ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന കേസാണ് ചുമത്തിയിരിക്കുന്നതെന്ന് അറിയുന്നു. ഈമാസം 24 വരെ ജാമ്യം ലഭിച്ചിട്ടുണ്ട്.
എൻ.സി.പി തിങ്കളാഴ്ച പ്രതിഷേധദിനം നടത്താനിരിക്കേ, അഡ്മിനിസ്ട്രേഷൻ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന തിങ്കളാഴ്ച ദ്വീപിലെത്താൻ ധൈര്യമുണ്ടോയെന്ന് അ്ഡമിനിസ്ട്രേറ്റർ പ്രഭുൽ പട്ടേലിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചതിന് കവരത്തി ദ്വീപിലെ പഞ്ചായത്തംഗം കെ. ആസിഫ് അലിയെ ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ, കപ്പൽ സർവീസ് വെട്ടിക്കുറച്ചത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ലക്ഷദ്വീപ് ടൂറിസത്തിന്റെ ജനറൽ മാനേജറായ ഹുസൈൻ മണിക്ഫാനിനെയും അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ മോശം പരാമർശത്തിന്റെ പേരിലാണ് ആസിഫ് അലിയെ അറസ്റ്റ് ചെയ്തതെന്ന് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നു. 'മി. ഘോഡ പട്ടേൽ. മാർച്ച് 21ന് ലക്ഷദ്വീപിൽ വരുന്നതിന് നിങ്ങൾക്ക് ഭയമാണോ? ഞങ്ങൾ വെല്ലുവിളിക്കുന്നു, ഒരു പിതാവിന് ജനിച്ചയാളാണെങ്കിൽ വന്ന് മാർച്ച് 21നെ നേരിടൂ' എന്നായിരുന്നു ആസിഫ് അലിയുടെ പോസ്റ്റ്.
ഭരണകൂടത്തിനെതിരെ ആരും ശബ്ദിക്കാൻ പാടില്ല എന്നാണ് അഡ്മിനിസ്ട്രേഷന്റെ കേസെടുക്കൽ നടപടികളിലൂടെ മനസ്സിലാക്കേണ്ടതെന്ന് ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപ് സമരത്തിന്റെ മുൻനിര പോരാളികളിൽ ഒരാളുമായ ഐഷ സുൽത്താന പറയുന്നു. 'എന്താണ് ഇതിന്റെ അർഥം? ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? ആരും ശബ്ദിക്കാൻ പാടില്ല എന്നല്ലേ. ആദ്യം 124(A) ചാർജ് ചെയ്തു എന്റെ വാ മൂടികെട്ടാൻ ശ്രമിച്ചു. ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമർത്തുന്നത് ഭരണകൂടത്തിന്റെ ഉള്ളിലെ ഭയം കൊണ്ടാണ്. കേവലമൊരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഭയക്കുന്ന നിങ്ങൾക്ക് വരും നാളുകളിൽ നടക്കാൻ പോകുന്ന പ്രതിഷേധം എങ്ങനെ താങ്ങാൻ സാധിക്കും? ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് വീണ്ടും വീണ്ടും ഞങ്ങൾ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു' -ഐഷ പറയുന്നു.