കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ വ്യാപക വിമർശനം. യാത്രാപ്രശ്നത്തിൽ ഇടപെട്ട തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനോട് ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ നുണ പറയുകയായിരുന്നെന്ന് സംവിധായിക ഐഷ സുൽത്താന ആരോപിച്ചു. ലക്ഷദ്വീപിൽ മുമ്പ് ഓടിയ കപ്പലുകളുടെ എണ്ണം കുറച്ചാണ് മന്ത്രിയോട് പറഞ്ഞതെന്നും സെർവർ ഡൗണായത് കൊണ്ടാണ് ടിക്കറ്റ് ഇഷ്യു ചെയ്യാൻ പറ്റാത്തത് എന്നും പറഞ്ഞതായി ഐഷ ആരോപിച്ചു.
പോർട്ട് അസിസ്റ്റന്റ് ഡയറക്ടർക്ക് ഇങ്ങനെയൊക്കെ നുണ പറയാൻ പറ്റുമോ? സെർവർ ഡൗൺ ആയാൽ തന്നെ അത് എത്ര ദിവസമെടുക്കും ശരിയാക്കാൻ? ഏഴ് കപ്പലുകൾ ഓടിയിരുന്ന ദ്വീപിലെ കവരത്തി കപ്പലിന് മാത്രമേ ആക്സിഡന്റ് സംഭവിച്ചിട്ടുള്ളൂ, ബാക്കി കപ്പലുകൾ നിങ്ങൾ എന്ത് കാരണം പറഞ്ഞാണ് ഓടിക്കാത്തത്? -ഐഷ സുൽത്താന ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
ഐഷ സുൽത്താന പങ്കുവെച്ച കുറിപ്പ് വായിക്കാം...
ലക്ഷദ്വീപിന്‍റെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ വലിയൊരു പ്രശ്നമാണ് കപ്പൽ ഗതാഗതം, അത് സംബന്ധിച്ചു ഞങ്ങൾ കുറച്ച് പേരെ കൊണ്ട് കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഞങ്ങൾക്കൊരു ആശ്വാസമായികൊണ്ട് കേരള പോർട്ട് മിനിസ്റ്റർ അഹമ്മദ് ദേവർകോവിൽ സർ ഈ പ്രശ്നം ശ്രദ്ധിക്കുകയും കാര്യമായി തന്നെ ഇടപെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ലക്ഷദ്വീപ് പോർട്ട് അസിസ്റ്റന്റ് ഡയറക്ടറെ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ലക്ഷദ്വീപ് പോർട്ട് ഡയറക്ടർ അവരോട് പറഞ്ഞ കള്ളത്തരമാണ് എന്നെ സങ്കടത്തിലാഴ്ത്തിയത്. ലക്ഷദ്വീപിൽ മുമ്പ് തന്നെ ഓടിയ കപ്പലുകളുടെ എണ്ണം കുറച്ചാണ് അവരോട് പറഞ്ഞത്. പിന്നെ സെർവർ ഡൗൺ ആയത് കൊണ്ടാണ് ടിക്കറ്റ് ഇഷ്യു ചെയ്യാൻ പറ്റാത്തത് പോലും.
എനിക്ക് അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ, ശെരിക്കും ഈ പോർട്ട് അസിസ്റ്റന്റ് ഡയറക്ടറിന് ഇങ്ങനെയൊക്കെ നുണ പറയാൻ പറ്റുമോ? സെർവർ ഡൗൺ ആയാൽ തന്നെ അത് എത്ര ദിവസമെടുക്കും ശരിയാക്കാൻ? ഏഴ് കപ്പലുകൾ ഓടിയിരുന്ന ദ്വീപിലെ കവരത്തി കപ്പലിന് മാത്രമേ ആക്സിഡന്റ് സംഭവിച്ചിട്ടുള്ളൂ, ബാക്കി കപ്പലുകൾ നിങ്ങൾ എന്ത് കാരണം പറഞ്ഞാണ് ഓടിക്കാത്തത്?
മാറിയിരുന്നു കളിയാക്കുന്നവരോട്, ഞങ്ങൾ ഞങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നത് അല്ലാതെ ആരുടേയും ഔദാര്യത്തിന് വേണ്ടിയല്ല... #SaveLakshadweep