Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_rightവനിത ബാഡ്മിന്‍റണിൽ...

വനിത ബാഡ്മിന്‍റണിൽ സൗദിക്ക് ആദ്യമായി മെഡലുകൾ നേടിക്കൊടുത്ത മലയാളി പെൺകുട്ടിയെ അറിയാം

text_fields
bookmark_border
വനിത ബാഡ്മിന്‍റണിൽ സൗദിക്ക് ആദ്യമായി മെഡലുകൾ നേടിക്കൊടുത്ത മലയാളി പെൺകുട്ടിയെ അറിയാം
cancel
camera_alt

ഖദീജ നിസ

ബാഡ്മിന്‍റൺ വേൾഡ്​ ഫെഡറേഷ​ന്‍റെ പട്ടികയിൽ സൗദി ദേശീയ പതാകക്കൊപ്പമുള്ള ‘ഖദീജ ഖൗതർ’ എന്ന പേരു​കണ്ട് അതൊരു​​ അറബി പെൺകുട്ടിയായിരിക്കും എന്ന്​ കരുതിയെങ്കിൽ തെറ്റി. തനി മലയാളിയാണ്.

കോഴിക്കോട്​ ജില്ലയിലെ കൊടുവള്ളിക്കാരി​. യഥാർഥ പേര്​ ഖദീജ നിസ. ബാഡ്​മിന്‍റൺ ലോക​ റാങ്കിങ്ങിൽ സൗദി അടയാളപ്പെടുന്നത്​ ഖദീജയുടെ പേരിലാണ്. ഒരേസമയം മലയാളികളുടെയും സൗദികളുടെയും അഭിമാനമായ താരത്തിന്‍റെ വിശേഷത്തിലേക്ക്.

സൗദി ഗെയിംസിൽ ഉദിച്ച താരം

ലോക കായികലോകത്തേക്ക്​​ പുത്തൻ ചുവടുകൾവെച്ച്​ കുതിക്കാൻ ശ്രമിക്കുന്ന സൗദിയുടെ പുതിയ പ്രതീക്ഷയാണ്​ ഖദീജ. തദ്ദേശീയ കായികരംഗത്തി​ന്‍റെ വളർച്ചക്കുവേണ്ടി സൗദി ദേശീയ ഗെയിംസ്​ ആരംഭിച്ചപ്പോൾതന്നെ സ്വർണ മെഡൽ നേടി ഉദിച്ചുയർന്ന താരം.

രണ്ട്​ ദേശീയ ഗെയിംസിലും സ്വര്‍ണം നേടി ചരിത്രം കുറിച്ചതോടെ കൈകളിൽ വന്നുചേർന്നത്​ 20 ലക്ഷം റിയാലാണ് (നാല്​ കോടി 40 ലക്ഷം രൂപ)!

രാജ്യാന്തര തലത്തില്‍ വനിത ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പുകളിൽനിന്ന്​ ചരിത്രത്തിലാദ്യമായി സൗദി അറേബ്യക്ക്​ മെഡലുകൾ നേടിക്കൊടുക്കുന്നതും ഖദീജയാണ്​. 13 മെഡലുകളാണ്​ ഇക്കാലയളവിൽ സമ്പാദിച്ചത്.

വിമൻസ്​ സിംഗിൾസിൽ 231, ഡബ്ൾസിൽ 138, മിക്​സഡ്​ ഡബ്ൾസിൽ 108, ജൂനിയർ മിക്​സഡ്​ ഡബ്ൾസിൽ 38, ജൂനിയർ സിംഗിൾസിൽ 54 എന്നിങ്ങനെയാണ്​ ആഗോള റാങ്കിങ്​ പട്ടികയിൽ ഈ കൗമാരക്കാരിയുടെ നില​. ഈ പട്ടികയിൽ സൗദിയുടെ പതാകയേന്തുന്ന മ​റ്റൊരാളെ കണ്ടെത്താൻ പിന്നെയും ഒരുപാട്​ താഴേക്ക്​ സ്​ക്രോൾ ചെയ്യേണ്ടിവരും. ദേശീയതലത്തിൽ ഒന്നാം റാങ്കാണ്​.

ഖദീജ നിസ

ഗതിമാറ്റിയ ഗെയിംസ്​

ഇതര രാജ്യക്കാരിയായിട്ടും​ സൗദി ദേശീയ ഗെയിംസിൽ പ​ങ്കെടുക്കാൻ അവസരം കിട്ടിയത്​ യാദൃച്ഛികതയാൽ വന്നുചേർന്ന യോഗ്യത കൊണ്ടാണ്. റിയാദിലായിരുന്നു ജനനം. സൗദിയിൽ ജനിച്ച വിദേശികൾക്കും മത്സരിക്കാം എന്നൊരു പഴുത്​ ദേശീയ ഗെയിംസി​ന്‍റെ മാനുവലിലുണ്ടായിരുന്നു.

സൗദി കായിക മന്ത്രാലയത്തി​ന്‍റെ ആ ഉദാരതയിൽ ബാഡ്മിന്‍റൺ കോർട്ടിലെത്തി റാക്കറ്റ്​ വീശിയപ്പോൾ വീണത്​ സ്വർണ മെഡലുകൾ. അതോടെ ചിത്രംതന്നെ മാറി.​ രാജ്യാന്തര ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പുകളിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്യാൻ അവസരമായി. സൗദി ബാഡ്മിന്‍റൺ ഫെഡറേഷ​ൻ ബംഗളൂരുവിലെ പ്രകാശ് പദുകോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമിയിലേക്കയച്ച്​ പ്രത്യേക പരിശീലനവും​ നൽകി.

ബാഡ്മിന്‍റൺ വേൾഡ്​ ഫെഡറേഷന്​ കീഴിലുള്ള സൗദി ബാഡ്മിന്‍റൺ ഫെഡറേഷനിലാണ്​ രജിസ്​ട്രേഷൻ നേടിയത്. തദ്ദേശീയ ക്ലബുകളുടെ പേരിലാണ്​ ഫെഡറേഷനിലെത്തുന്നതും ദേശീയ ഗെയിംസിൽ മത്സരിക്കുന്നതും​. ആദ്യ വർഷം റിയാദിലെ ‘നജദ്’​ ക്ലബി​ന്‍റെ പ്രതിനിധിയായാണ് മത്സരത്തിൽ​ പ​ങ്കെടുത്തത്​. പിറ്റേവർഷം ‘റിയാദ്’​ ക്ലബിലേക്ക്​ മാറി. ഈ വര്‍ഷം കരാര്‍ ഒപ്പുവെച്ചത് ജിദ്ദയിലെ ഇത്തിഹാദ്​ ക്ലബുമായാണ്​.


വിസ്​മയിപ്പിക്കും മെഡൽ പട്ടിക

ഏറ്റവും കൂടുതൽ മെഡലുകൾ കൊയ്​ത വർഷമാണ്​ 2023. സിംഗിൾസ്​, ഡബ്ൾസ്​, മിക്​സഡ്​ ഡബ്ൾസ്​ എന്നീ വിഭാഗങ്ങളിലായി 13 മെഡലുകളാണ് നേടിയത്. അതിൽ എട്ട് ​സ്വർണം, രണ്ട് വെള്ളി, മൂന്ന്​ വെങ്കലം എന്നിങ്ങനെയാണ് നേട്ടം.

റിയാദിലെ അറബ് ചാമ്പ്യൻഷിപ് ടൂർണമെന്‍റിൽ അണ്ടർ 19 മിക്​സഡ്​ ഡബ്ൾസിൽ സ്വർണം, ഡബ്ൾസിൽ വെള്ളി, സിംഗിൾസിൽ വെങ്കലം നേടി. സൗദി ചരിത്രത്തിൽ ആദ്യമായി സി.ബി.എസ്.ഇ നാഷനൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മത്സരത്തിൽ (അണ്ടർ -19 ഗേൾസ് സിംഗിൾസ്) സ്വർണം നേടി പുതുചരിത്രവും സൃഷ്​ടിച്ചു.

ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്‍റർനാഷനൽ സീരീസ് ജൂനിയർ ചാമ്പ്യൻഷിപ്പിലും (അണ്ടർ -19 ഗേൾസ് സിംഗിൾസ്, മിക്സഡ് ഡബ്ൾസ്), സൗദി നാഷനൽ ഗെയിംസിലും (തുടർച്ചയായ രണ്ടാം തവണ വിമൻസ് സിംഗിൾസ്) സ്വർണം, അൽജീരിയയിൽ നടന്ന ഇന്‍റർനാഷനൽ സീരീസ് വിമൻസ് ഡബ്ൾസിലും മിക്​സഡ്​ ഡബ്ൾസിലും വെങ്കലം എന്നിവ നേടി.

ബഹ്റൈൻ ജൂനിയർ ഇന്‍റർനാഷനൽ സീരീസ് അണ്ടർ 19 മിക്​സഡ്​ ഡബ്ൾസിൽ സ്വർണവും ഗേൾസ് ഡബ്ൾസിൽ വെള്ളിയും ഗേൾസ് സിംഗിൾസിൽ വെങ്കലവും നേടി. സി.ബി.എസ്.ഇ സൗദി നാഷനൽ ക്ലസ്​റ്റർ സ്കൂൾ മീറ്റിൽ എട്ടുവർഷം കളിച്ച എല്ലാ കാറ്റഗറികളിലും ഗോൾഡ് മെഡലിസ്​റ്റാണ്. കസാഖ്സ്താനിലെ ഫ്യൂച്ചർ ഇന്‍റർനാഷനൽ സീരീസ് വിമൻസ് ഡബ്ൾസിലും മിക്​സഡ്​ ഡബ്ൾസിലും വെങ്കല മെഡലുകൾ... നേട്ടം കൊയ്ത പ്രധാന മത്സരങ്ങളുടെ പട്ടിക നീളുന്നു.

ഏതാണ്ട്​ ഇതുപോലൊരു ട്രാക്ക്​ റെക്കോഡ് തന്നെയായിരുന്നു​​ 2022ലും​. 2022ന്​ മുമ്പും രാജ്യാന്തര പരിവേഷമി​ല്ലെങ്കിലും മെഡൽ നേട്ടങ്ങൾക്ക്​ കുറവൊന്നുമുണ്ടായിരുന്നില്ല. 2024നെയും സുവർണ വർഷമാക്കാനുള്ള തീവ്രപരിശീലനത്തിലാണ് ഖദീജ. ഇക്കഴിഞ്ഞ ഏപ്രിലിൽ ചൈന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൗദിയെ പ്രതിനിധാനംചെയ്തിരുന്നു.

റിയാദിലെ ന്യൂ മിഡിലീസ്​റ്റ്​ ഇന്‍റർനാഷനൽ സ്കൂളിൽ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയാണ്. ബാഡ്മിന്‍റൺ പരിശീലനത്തിനൊപ്പം പരീക്ഷക്കുള്ള തയാറെടുപ്പും മറുവശത്ത് തകൃതിയാണ്. ​േകാച്ചുമാർ, അധ്യാപകർ, സഹപാഠികൾ, റിയാദ്​ ന്യൂ മിഡിലീസ്​റ്റ്​ സ്​കൂളിലെ കായികാധ്യാപകൻ സവാദ് വണ്ടൂർ, റിയാദിലെയും നാട്ടിലെയും ക്ലബുകളിലെ അംഗങ്ങൾ, കളിക്കാർ അങ്ങനെ ഒരുപാട് ​പേരുടെ സഹായ സഹകരണം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ കഴിഞ്ഞതെന്ന് നിസ അടിവരയിടുന്നു.

നേട്ടങ്ങൾ കൈവരിച്ചു എന്നറിഞ്ഞപ്പോൾ റിയാദിലെ മലയാളി സമൂഹം ഹൃദയത്തിലേറ്റുവാങ്ങി നൽകിയ ആദരവും സ്നേഹവും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്നും നിസ പറയുന്നു.

ഖദീജ നിസ കുടുംബത്തോടൊപ്പം


തുടക്കം പിതാവി​നൊപ്പം

എട്ടാം വയസ്സു മുതല്‍ പിതാവ് അബ്​ദുല്ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിന്‍റണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ കളി തുടങ്ങിയത്. അന്ന് റിയാദിലെ സ്​കൂളിൽ മൂന്നാം ക്ലാസ്​ വിദ്യാർഥിയായിരുന്നു. കളിയില്‍ അഭിരുചി കണ്ടെത്തിയത് സിന്‍മാര്‍ സ്ഥാപകനായ കൊല്ലം സ്വദേശി അനില്‍ കുമാറാണ്. ഇവിടെനിന്ന് മികച്ച പിന്തുണയും പ്രഫഷനല്‍ കോച്ചുമാരായ ഷാഹിം, സഞ്ജയ് എന്നിവരുടെ പരിശീലനവും നേടി.

ഐ.ടി എൻജിനീയറും ബിസിനസുകാരനുമായ അബ്​ദുല്ലത്തീഫും മികച്ച ബാഡ്മിന്‍റൺ കളിക്കാരനായിരുന്നു. 1997ലാണ്​ സൗദിയിലേക്ക്​ വിമാനം കയറുന്നത്​. റിയാദിൽ പ്രവാസം ആരംഭിച്ചെങ്കിലും കളി കൈയൊഴിയാൻ മനസ്സ്​ അനുവദിച്ചില്ല. ഒരു പരിചയക്കാരൻ വഴിയാണ്​ സിൻമാർ ബാഡ്മിന്‍റൺ ഗ്രൂപ്പിലെത്തിയത്​. അവിടെ കളി തുടർന്നു. പിന്നീട്​ കുടുംബം റിയാദിലെത്തിയപ്പോൾ ഭാര്യയും മക്കളുമെല്ലാം ​കളിക്കാൻ ഒപ്പംകൂടി.

തലമുറകളിലേക്ക് പകർന്നുകിട്ടിയ കായികപ്പെരുമ

കൊടുവള്ളിയിലെ ആദ്യകാല ബാൾ ബാഡ്മിന്‍റൺ, വോളിബാൾ കളിക്കാരനായിരുന്ന കൂടത്തിങ്ങൽ തറവാട്ടിലെ ഇബ്രാഹിം ഹാജിയുടെ പേരമകളാണ് ഖദീജ. മികച്ച കളരി അഭ്യാസികൂടിയായ ഇദ്ദേഹത്തിന്‍റെ കായികപ്പെരുമ തലമുറകളിലേക്കും പകർന്നുകിട്ടിയിരുന്നു.

മകൻ അബ്​ദുൽ ലത്തീഫി​ലൂടെയാണ് ഖദീജയും ആ വഴിയിലെത്തിയത്. വയനാട് സ്വദേശിയായ ഉമ്മ ഷാനിത ലത്തീഫും സഹോദരങ്ങളും ബാഡ്മിന്‍റൺ കളിക്കാരാണ്​. ഇളയ സഹോദ​രൻ മുഹമ്മദ്​ നസ്​മി കേരള സ്​റ്റേറ്റ്​ ബാഡ്മിന്‍റൺ ചാമ്പ്യനാണ് (സബ് ജൂനിയർ). ബംഗളൂരുവിലെ പ്രകാശ്​ പദുകോൺ ബാഡ്മിന്‍റൺ അക്കാദമിയിലാണ്​ പരിശീലനവും പഠനവും.

മൂത്ത സഹോദരി നേഹ ലത്തീഫ്​ ഗ്രാഫിക്​ ഡിസൈനറാണ്​​. രണ്ടാമത്തെ ​സഹോദരി റിയ ഫാത്തിമ കോഴിക്കോട്​ ദേവഗിരി സെന്‍റ് ജോസഫ്​സ് ​േകാളജിൽ മൂന്നാംവർഷ ഇംഗ്ലീഷ്​ ലിറ്ററേച്ചർ വിദ്യാർഥിനിയാണ്​. ബഹ്‌റൈൻ നാഷനൽ ബാഡ്മിന്‍റൺ ടീം അംഗമായ റിയ ബഹ്​റൈനെ പ്രതിനിധാനം ചെയ്ത്​ 2023ൽ ദുബൈയിൽ നടന്ന ഏഷ്യ മിക്​സഡ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഇളയ സഹോദരി ഹെയ്‌സ് മറിയത്തിന്​ രണ്ടു വയസ്സാണ്.

ഒളിമ്പിക്സ് എന്ന സ്വപ്​നം

ഒളിമ്പിക്​സാണ് ഈ 18കാരിയുടെ സ്വപ്​നം. ഒരിക്കൽ അതെത്തിപ്പിടിക്കുമെന്ന ദൃഢനിശ്ചയവുമുണ്ട്. ‘സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ കാണണം, അദ്ദേഹത്തിൽനിന്ന്​ ഒരു മെഡലെങ്കിലും ഏറ്റുവാങ്ങണം. എം.എ. യൂസുഫലിയെയും നേരിൽ കാണണം’ -ചെറുചിരിയോടെ മറ്റു രണ്ട് ആഗ്രഹങ്ങളും പങ്കുവെച്ചു. സ്വപ്​നങ്ങളെല്ലാം പുലരുമെന്ന പ്രതീക്ഷയിലേക്ക്​ അവൾ റാക്കറ്റ്​ വീശി തൂവൽക്കൂട് പറത്തുകയാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonSaudi ArabiaWomen .Lifestyle
News Summary - Khadeeja Nisa made history in women's badminton
Next Story