Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_right‘സ്​കൈപ്പി​ലൂടെയാണ്...

‘സ്​കൈപ്പി​ലൂടെയാണ് അന്ന്​ ഭരതനാട്യം ക്ലാസ്​ എടുത്തത്​. ഇന്ന് ഫ്രാൻസ്​, യു.എ.ഇ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം പഠിതാക്കളുണ്ട്​’

text_fields
bookmark_border
kalakshetra ranjitha sreekumar, online classes
cancel
camera_alt

കലാക്ഷേത്ര രഞ്ജിത . ചിത്രങ്ങൾ: അൻഷാദ് ഗുരുവായൂർ

ഇ-ലേണിങ്ങിന്‍റെ ലോകത്ത്​ മുമ്പേ പറന്ന്​ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​ കലാക്ഷേത്ര രഞ്ജിത ശ്രീനാഥ്​. തിരക്കേറിയ ഭരതനാട്യം നർത്തകിയായ അവർ ഇന്ന്​ ലോകത്തെ വിവിധ രാജ്യങ്ങളിലെ പഠിതാക്കൾക്ക്​ ഓൺലൈൻ നൃത്തക്ലാസുകൾ എടുക്കുന്നു.


ആലപ്പുഴയിൽ സദ്​ഗമയ നാട്യകളരി നടത്തുന്ന അവർ കോവിഡ്​ കാലത്ത്​ ഡിജിറ്റൽ ലേണിങ്ങിലേക്ക്​ ലോകം തിരിയുന്നതിനും എട്ടുവർഷം മുമ്പ്​ മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമായിരുന്നു. നിലവിൽ കലാമണ്ഡലത്തിൽ ഭരതനാട്യത്തിൽ പിഎച്ച്​.ഡി ചെയ്യുന്ന രഞ്ജിത മാധ്യമം ‘കുടുംബ’ത്തിന്‍റെ കവർ ഷൂട്ടിനിടെ സംസാരിക്കുന്നു

ഇ-ലേണിങ്ങി​േലക്ക്​ ചുവടുവെച്ചത്​ എങ്ങനെ?

2011ൽതന്നെ ഇ-ലേണിങ്ങിന്‍റെ സാധ്യതകൾ എനിക്ക്​ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നു. അക്കാലത്ത്​ കോട്ടയത്ത്​ സുഹൃത്തായ ഒരു ഫ്രഞ്ച്​ വനിതയുടെ താൽപര്യപ്രകാരം ഒരു നൃത്ത ശിൽപശാല നടത്തിയിരുന്നു. അതിൽ പ​ങ്കെടുത്ത വിദേശികളായ കുറച്ചുപേർ ഭരതനാട്യം കൂടുതലായി പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

ശിൽപശാലയിൽ എങ്ങനെയാണോ നൃത്തം പഠിപ്പിക്കുന്നത്​ അതുപോലെ വിശദാംശങ്ങൾ കുറയാതെ, താളനിബദ്ധമായി പഠിക്കാനുള്ള താൽപര്യമാണ്​ അവർ മുന്നോട്ടുവെച്ചത്​. കേരളത്തിൽ നിന്ന്​ മടങ്ങിപ്പോയ അവർക്കുവേണ്ടിയാണ്​​ ഇ-ലേണിങ്ങിന്‍റെ തുടക്കം. സ്​കൈപ്പി​ലൂടെയാണ്​ ഭരതനാട്യം ക്ലാസ്​ എടുത്തത്​. ഇന്ന് ലഭ്യമാകുന്ന മറ്റ്​ ആപ്പുകളൊന്നും അന്ന്​ ഉണ്ടായിരുന്നില്ല. പിന്നീട്​ ഒരുപാടു പേർ നൃത്തം ഓൺലൈനിൽ പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച്​ എത്തി.

ഭർത്താവ്​ ശ്രീനാഥ്​ നമ്പൂതിരി, മകൻ ​ഋത്വിക്​ ഈശ്വർ എന്നിവർക്കൊപ്പം കലാക്ഷേത്ര രഞ്ജിത

ഓൺലൈൻ നൃത്തപഠനത്തിന്‍റെ സൗകര്യങ്ങൾ എന്ത്​?

നൃത്തപഠനത്തിൽ താൽപര്യപ്പെട്ട്​ വരുന്നവർക്ക്​ അവരുടെ കൂടി സൗകര്യപ്രദമായ സമയത്ത്​ ക്ലാസ്​ അറ്റൻഡ്​ ചെയ്യാൻ കഴിയുന്നു എന്നതാണ്​ വലിയ ഗുണകരമായ കാര്യം. കോവിഡ്​ കാലത്തിനു​ ശേഷം​ ഓൺലൈൻ പഠനത്തിന്‍റെ നല്ല വശങ്ങൾ എല്ലാവർക്കും അറിയാം.

എന്നാൽ, അന്ന്​ ആ സാധ്യതകൾ അറിഞ്ഞുവരുന്നതേയുള്ളൂ. തുടക്കത്തിൽ പലരും ഓൺലൈൻ ക്ലാസുകൾ നൃത്തത്തിൽ ശരിയാകില്ലെന്ന്​ പറഞ്ഞ്​ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ നമുക്കെല്ലാം ഓൺലൈൻ പഠനത്തിലേക്കും ഡിജിറ്റൽ മീഡിയയിലേക്കും മാറേണ്ടിവന്നു.

ശാസ്ത്രീയ നൃത്തം ഡിജിറ്റലായി അഭ്യസിപ്പിക്കുമ്പോൾ വരുന്ന ​ശ്രമകരമായ കാര്യങ്ങൾ എന്തൊക്കെ?

ശാസ്​​ത്രീയ നൃത്തം ഡിജിറ്റൽ മാർഗങ്ങളിലൂടെ പഠിപ്പിക്കുന്നത്​ ഏറെ ശ്രമകരമാണ്​. പഠിതാക്കൾക്ക്​ മനസ്സിലാക്കിയെടുക്കാൻ പ്രയാസകരമായ കാര്യങ്ങളുണ്ട്​. അത്​ ഏതൊക്കെയെന്ന്​ തിരിച്ചറിഞ്ഞ്​ ക്ലാസെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഡാൻസ്​ എന്നത്​ മൂവ്​മെന്‍റ്​, എക്സ്​പ്രഷൻ എല്ലാം കൂടി ചേരുന്നതാണല്ലോ.

ഓഫ്​ലൈൻ ക്ലാസുകളിൽ ഉപയോഗിക്കുന്ന കരിക്കുലം തന്നെയാണ്​ ഇ-ലേണിങ്ങിന്​ വേണ്ടിയും ഉപയോഗിച്ചത്. ഭരതനാട്യത്തിനായി ഒരു സിലബസ്​ രൂപപ്പെടുത്തിയിരുന്നു. തിയറി പഠിപ്പിക്കുന്നതിന്​ പ്രത്യേകം നോട്ട്​സ്​ കൊടുക്കും. പ്രാക്ടിസ്​ ചെയ്യാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഓഡിയോ അയക്കും.

പിന്നീട്​ ഓൺലൈനിൽ വിഷ്വലായി വരുമ്പോൾ അതിന്‍റെ പ്രാക്ടിക്കലും അവതരിപ്പിക്കും. ഒരാഴ്ച ഈ സ്​റ്റെപ്പുകൾ പരിശീലിക്കാൻ ആവ​ശ്യപ്പെടും. ഓഫ്​ലൈൻ ക്ലാസിൽ എങ്ങനെയാണ്​ നമ്മൾ പറഞ്ഞുകൊടുക്കുന്നത്​ അതേ രീതിയിലെ ഓഡിയോ ആണ്​ നൽകുക. ഡാൻസ്​ പരിശീലിക്കുമ്പോൾ ധരിക്കേണ്ട ഡ്രസ്​ കോഡ്​ മുതൽ നിഷ്കർഷ വെക്കും. ചെറിയ കാര്യങ്ങളിൽപോലും ഇ-ലേണിങ്ങിലും വിട്ടുവീഴ്ച ചെയ്യാറില്ല.


മറുനാട്ടുകാരെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്​ അഭ്യസിപ്പിക്കുമ്പോൾ നേരിടുന്ന വെല്ലു വിളി?

ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ക്ലാസിക്കൽ ഡാൻസ്​ പഠിക്കുമ്പോൾ പെട്ടെന്ന്​ ഉൾക്കൊള്ളാനാക​ും. എന്നാൽ, വിദേശ വിദ്യാർഥികൾക്ക്​ അത്​ പെട്ടെന്ന്​ ഉൾക്കൊള്ളണമെന്നില്ല. അത് ഓരോ ദേശത്തിന്‍റെയും​ സാംസ്കാരികമായ വ്യത്യസ്തതയുടെ ഭാഗമാണ്​.

മുഖഭാവങ്ങൾ പഠിപ്പിക്കുമ്പോഴാണ്​ അത്​ കൂടുതൽ ശ്രമകരമാകുക. ഉദാഹരണത്തിന്​ ഒരു നായിക ലജ്ജ പ്രകടിപ്പിക്കുന്നത്​​ പഠിപ്പിക്കു​മ്പോൾ വിദേശിയായ ഒരാൾക്ക്​ അത്​ പെട്ടെന്ന്​ മനസ്സിലാകില്ല. എന്തിനാണ്​ നായകനെ കാണുമ്പോൾ നാണം വരുന്നത്​, അതിന്‍റെ ആവശ്യമുണ്ടോയെന്ന്​ ചിലർ ചോദിച്ചിട്ടുണ്ട്​. ഇന്ത്യൻ ക്ലാസിക്കൽ പദങ്ങളിൽ അത്​ അങ്ങനെയാണ്​ എന്ന്​ പറയേണ്ടിവരും. ഭാവത്തിന്‍റെ കാര്യത്തിൽ മാത്രമാണ്​ ഈ വ്യത്യാസം.

ഭരതനാട്യത്തിൽ പി.ജി ഡി​േപ്ലാമ, എം.എഫ്​.എ ഇപ്പോൾ പിഎച്ച്​.ഡി പഠനവും. ഒരേ ക്ലാസിക്കൽ നൃത്തരൂപം ഇത്രയും പഠിക്കേണ്ടതുണ്ടോ?

ഭരതനാട്യത്തിൽ എന്തിനിത്ര മാത്രം പഠിക്കുന്നുവെന്ന്​ പലരും ചോദിക്കുമ്പോൾ ഞാൻ പഠിച്ചത്​ ഇത്രമാത്രമല്ലേ ആകുന്നുള്ളൂവെന്ന്​ സ്വയം അതിശയം തോന്നാറുണ്ട്​. കൂടുതലായി നൃത്തത്തിലേക്ക്​ ഇഴുകിച്ചേരാനുള്ള വഴിയാണ്​ എനിക്ക്​ പഠനങ്ങൾ. പിഎച്ച്​.ഡിയും അതിന്‍റെ ഭാഗമാണ്​. വിഷയം കൂടുതൽ മനസ്സിലാക്കുമ്പോൾ അതിന്‍റെ വ്യാപ്തിയാണ്​ തെളിഞ്ഞുവരുന്നത്​.

ശാസ്ത്രീയ നൃത്തത്തിൽ നമുക്ക്​ എന്തും ഉൾക്കൊള്ളിക്കാം. ഭക്തിയാണെങ്കിൽ അങ്ങനെ. പ്രമേയപരമായ ആശയമാണെങ്കിൽ അത്തരത്തിൽ. നൃത്തം ഒരു വിഭാഗക്കാരുടെത്​ മാത്രമല്ല. പ്രാചീന സംഘകാലത്തിൽ എഴുതപ്പെട്ട ചില കൃതികളിൽ​ ഭക്തി മാത്രമല്ല മനുഷ്യബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്​ കാണാം. വളരെ സെക്കുലറായ കലാരൂപമാണ്​ ക്ലാസിക്കൽ നൃത്തമെന്ന്​​ ഇതിൽനിന്ന്​ നമുക്ക്​ മനസ്സിലാകും. അതിന്‍റെ സാധ്യതകൾ മനസ്സിലാക്കാൻ നാം ഇനിയും കൂടുതൽ സമഗ്ര പഠനം നടത്തണം.


ഇടക്ക്​ എം.ബി.എ, കളരിപ്പയറ്റ്​ എന്നിവയും പഠിച്ചിട്ടുണ്ട്, അതിനു​ പിന്നിൽ?

ഡാൻസ്​ അല്ലാതെ മറ്റൊരു ബിരുദം നേടണമെന്ന്​ അച്ഛന്​ വളരെ നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ്​ എം.ബി.എ ചെയ്യുന്നത്​. തുടർന്ന്​ കോളജ്​ എജുക്കേഷൻ വകുപ്പിൽ ജോലി ലഭിച്ചു. നൃത്തത്തിലേക്ക്​ കൂടുതൽ ശ്രദ്ധ നൽകാനും പഠനങ്ങൾക്കുമായി സമയം ചെലവഴിക്കേണ്ടിവന്നപ്പോൾ അതിൽനിന്ന്​ മൂന്നുമാസം മുമ്പ്​ രാജിവെച്ചു.

ഇപ്പോൾ ഡാൻസ്​ ഇൻസ്റ്റിറ്റ്യൂട്ട്​, ഓൺലൈൻ ക്ലാസുകൾ, പിഎച്ച്​.ഡി പഠനം, നൃത്ത പരിപാടികൾ എന്നിവയുമായി മുന്നോട്ടുപോകുന്നു. കൂടുതൽ ഇന്നൊവേറ്റീവായി നൃത്തത്തെക്കുറിച്ച്​ ചിന്തിക്കുന്നു, അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ്​ വലിയ കാര്യം.

യോഗയും കളരിപ്പയറ്റുമൊക്കെ പഠിച്ചതും നൃത്തത്തിന്‍റെ ഒരു പെർഫക്​ഷനുവേണ്ടി തന്നെയാണ്​. ശരീരത്തിന്‍റെ സെൻട്രൽ ബാലൻസിങ്​ സൂക്ഷിക്കാൻ സഹായകരമാണ്​ അതൊക്കെ. അതിലൂടെയാണ്​ ഈ നൃത്തരൂപത്തിന്​ വേണ്ടിയുള്ള സൗന്ദര്യാത്മകത കൊണ്ടുവരാൻ കഴിയുക.

കുടുംബത്തിൽ ആരൊക്കെയുണ്ട്​?

ഭർത്താവ്​ ശ്രീനാഥ്​ നമ്പൂതിരി ആലപ്പുഴ വിളഞ്ഞൂർ ക്ഷേത്രത്തിൽ മേൽശാന്തിയാണ്​. ഐ.ടി മേഖലയിൽ പ്രവർത്തിച്ചിരുന്നതാണ്​ അദ്ദേഹം. അതിലുപരി നല്ലൊരു നൃത്താസ്വാദകനാണ്​. നാലാം ക്ലാസുകാരനായ മകൻ ​ഋത്വിക്​ ഈശ്വർ ഇപ്പോൾ മൃദംഗവും സംഗീതവും അഭ്യസിക്കുന്നുണ്ട്​.

സാധാരണ ഒരു ജോലിചെയ്യുന്നതിൽ ഉപരിയായി പരിശ്രമവും സമയവും നൃത്തത്തിനായി ഞാൻ വിനിയോഗിക്കുന്നു. അതിന്​ പിന്തുണ നൽകുന്നത്​ കുടുംബമാണ്​. ഫാമിലി സപ്പോർട്ട്​ ഇല്ലെങ്കിൽ നമുക്ക്​ ഒരു പരിധിയിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല.


ഓൺലൈൻ പഠിതാക്കൾ പല രാജ്യങ്ങളിൽനിന്ന്​

ഫ്രാൻസ്​, യു.എ.ഇ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം പഠിതാക്കളുണ്ട്​. വിവിധ പ്രായക്കാരും വിവിധ തൊഴിൽമേഖലകളിലുള്ളവരും എല്ലാം അതിലുണ്ട്. മലയാളികളും മറുനാട്ടുകാരുമെല്ലാം നൃത്തം പഠിക്കുന്നു. പഠിതാക്കൾ തമ്മിൽ കോഓഡിനേറ്റ്​ ചെയ്ത്​ ഗ്രൂപ്പായും വ്യക്തിഗതമായും ക്ലാസുകൾ നൽകുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classeskalakshetra ranjitha sreekumar
News Summary - kalakshetra ranjitha sreekumar, online classes, madhyamam kudumbam, womens day 2023, digit all, digital sheroes
Next Story