ആകാശത്തിൽ ഒരമ്പിളിയായി...
text_fieldsഅത് കേവലമൊരു രോഗീ പരിചരണം മാത്രമായിരുന്നില്ല. 35,000 അടി ഉയരത്തിൽ, മുന്നിൽ മതിയായ മെഡിക്കൽ ഉപകരണങ്ങളോ ഡോക്ടർമാരുടെ തുണയോ ഇല്ലാതെ, വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടി വന്ന ആ മിനിറ്റുകൾ എന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. അത്തരം പ്രതിസന്ധികളിൽ ഒരു ആരോഗ്യപ്രവർത്തകയുടെ 'ക്ലിനിക്കൽ ജഡ്ജ്മെന്റ്' എത്രത്തോളം നിർണായകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം!
ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സഹയാത്രികക്ക് രക്ഷകയായ റാസൽഖൈമ ആശുപത്രിയിലെ മലയാളി നഴ്സ് പൂജ രാജകുമാരൻ ആകാശാനുഭവങ്ങൾ പങ്കുവെക്കുകയാണ്. ആകാശമധ്യേ സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ കാത്ത പൂജയുടെ കഥ പ്രശംസകൾ ഏറ്റുവാങ്ങുമ്പോൾ തന്നെ, വ്യോമയാന-ആരോഗ്യ മേഖലകൾ ഗൗരവമായി ചർച്ച ചെയ്യേണ്ട ചില സുപ്രധാന പ്രായോഗിക വശങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ഈ പ്രവാസി നഴ്സ്.
ആകാശത്തെ ആ അടിയന്തിര സന്ദേശം
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോവുകയായിരുന്നു പൂജ. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോൾ തന്നെ വിമാനത്തിനുള്ളിൽ അടിയന്തര മെഡിക്കൽ സഹായം തേടിയുള്ള അനൗൺസ്മെന്റ് മുഴങ്ങി. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന സന്ദേശം കേട്ടയുടൻ, ഒട്ടും മടിക്കാതെ പൂജ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് കാബിൻ ക്രൂവിനടുത്തേക്ക് വരികയായിരുന്നു.
അടുത്തിടെ ദുബൈയിൽ മാസ്റ്റെക്റ്റമി ശസ്ത്രക്രിയയും ഫിസിയോതെറാപ്പിയും പൂർത്തിയാക്കി വീൽചെയറിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മധ്യവയസ്കയായ യാത്രക്കാരിക്കാണ് വിമാനത്തിനുള്ളിൽ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. പൂജ എത്തുമ്പോൾ കടുത്ത തലകറക്കം കാരണം അവരുടെ ബോധം പാടെ മറയുന്ന അവസ്ഥയിലായിരുന്നു. ശ്വാസം എടുക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ട്. പൾസ് നിരക്ക് ദുർബലമാവുകയും അമിതമായ ഭയം കാരണം കൈകൾ തണുത്തു മരവിച്ച് ശരീരം വിറക്കാനും തുടങ്ങിയിരുന്നു.
"ആശുപത്രികളിലെ നിയോനാറ്റൽ ഇൻറൻസീവ് കെയർ യൂനിറ്റിൽ (എൻ.ഐ.സി.യു) അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിച്ചു കിട്ടിയ പരിചയസമ്പത്താണ് അവിടെ എനിക്ക് തുണയായത്. വിമാനത്തിനുള്ളിൽ പരിമിതമായ ഫസ്റ്റ് എയ്ഡ് സൗകര്യങ്ങൾ മാത്രമാണ് ഉണ്ടാകുക. രോഗിയെ പൂർണമായി ബോധരഹിതയാകാതെ നോക്കുകയായിരുന്നു ആദ്യ കടമ്പ. നിരന്തരം സംസാരിച്ചുകൊണ്ടും പതുക്കെ തട്ടിവിളിച്ചുകൊണ്ടും അവരെ ബോധാവസ്ഥയിൽ നിലനിർത്തി. ജീവനക്കാരുടെ സഹായത്തോടെ കൈകൾ നന്നായി തിരുമ്മി ശരീര ഊഷ്മാവ് വീണ്ടെടുക്കാൻ സഹായിക്കുകയും ബ്ലാങ്കറ്റ് പുതപ്പിച്ച് ശരീരതാപം നിലനിർത്തുകയും ചെയ്തു. തുടർന്ന് ശ്രദ്ധയോടെ വെള്ളം നൽകിയാണ് അവരെ പൂർണ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവന്നത്’.
ഗതി മാറ്റാത്ത ആത്മവിശ്വാസം
യാത്രക്കാരിയുടെ പെട്ടെന്നുണ്ടായ ശാരീരിക മാറ്റങ്ങൾ വിമാന ജീവനക്കാരിലും നേരിയ ആശങ്കയുണ്ടാക്കിയിരുന്നു. അതിനിടെയാണ് പൈലറ്റിന്റെ നിർദേശ പ്രകാരം വിമാന ജീവനക്കാരിൽ നിന്നും നിർണായക ചോദ്യമുണ്ടായത്. അടിയന്തരമായി വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് ലാൻഡ് ചെയ്യേണ്ടതുണ്ടോ എന്ന് സീനിയർ ക്യാബിൻ ക്രൂ പൂജയോട് ആരാഞ്ഞു. വിമാനത്തിന്റെ ലാൻഡിങ് സംബന്ധിച്ച നിർണായക തീരുമാനം എടുക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ് ആകാശമധ്യേ ആ സമയത്ത് പൂജക്ക് മുന്നിലെത്തിയത്. ‘ഒരു നിമിഷം ഞാൻ ആലോചിച്ചു. ആയിരക്കണക്കിന് അടി ഉയരത്തിൽ വെച്ച്, ഒരു വിമാനത്തിന്റെ ലാൻഡിങ് സംബന്ധിച്ച വലിയൊരു തീരുമാനം എന്റെ വാക്കിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു അന്താരാഷ്ട്ര വിമാനം വഴിതിരിച്ചുവിട്ട് എമർജൻസി ലാൻഡിങ് നടത്തുക എന്നത് വലിയൊരു പ്രക്രിയയാണ്. അത് വിമാനക്കമ്പനിക്കും നൂറിലധികം വരുന്ന മറ്റ് യാത്രക്കാർക്കും വലിയ സമയനഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടാക്കും. എന്നാൽ, അതീവ ശ്രദ്ധ ആവശ്യമുള്ള ഹൈ-പ്രഷർ സാഹചര്യങ്ങളിൽ രോഗികളെ പരിചരിച്ച് പരിചയസമ്പത്തുള്ളതുകൊണ്ടാകാം എനിക്ക് ഒട്ടും പരിഭ്രമമുണ്ടായില്ല. ആ സമയത്ത് രോഗിയുടെ ജീവൽസ്വാഭാവിക ലക്ഷണങ്ങൾ ഞാൻ കൃത്യമായി പരിശോധിച്ചിരുന്നു. ഹൃദയാഘാതമോ മറ്റ് വലിയ മെഡിക്കൽ എമർജൻസിയോ അല്ലെന്നും, വലിയൊരു ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കടുത്ത ശാരീരിക ക്ഷീണവും ഒപ്പം വിമാനയാത്രയിലുണ്ടായ അമിതമായ ഉത്കണ്ഠയും കാരണമുള്ള താത്കാലിക അസ്വസ്ഥത മാത്രമാണെന്നും എനിക്ക് ഉറപ്പായി. അതുകൊണ്ടാണ് വിമാനം വഴിതിരിച്ചുവിടേണ്ട ഒരു ആവശ്യവുമില്ലെന്നും രോഗി സുരക്ഷിതയാണെന്നും ഞാൻ ക്യാപ്റ്റനും ക്രൂവിനും ഉറപ്പുനൽകിയത്." - പൂജ പറയുന്നു.
ആശ്വാസത്തിന്റെ പുലർകാലം
‘വിമാനം ലാൻഡ് ചെയ്യുന്നത് വരെ ഞാൻ അവരുടെ അരികിൽ തന്നെയുണ്ടായിരുന്നു. പുലർച്ചെ വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഞാൻ വീണ്ടും അവരുടെ അടുത്തെത്തി ആരോഗ്യാവസ്ഥ അന്വേഷിച്ചു. ആ സമയത്ത് ഭയമെല്ലാം മാറി അവരുടെ മുഖത്ത് വിരിഞ്ഞ ആ ആശ്വാസച്ചിരിയും, എന്റെ കൈകൾ ചേർത്തുപിടിച്ച് അവർ പറഞ്ഞ നന്ദിവാക്കുകളുമാണ് ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സംതൃപ്തി.
അടിയന്തര സാഹചര്യത്തിൽ എനിക്ക് വലിയ പിന്തുണ നൽകിയ എയർ ഹോസ്റ്റസുമാരായ ദർശന, അഞ്ജലി എന്നിവരെയും മറക്കാൻ കഴിയില്ല. വിമാനത്തിനകത്ത് വെച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രത്യേക അഭിനന്ദന കാർഡ് തന്ന് ആദരിച്ചപ്പോൾ വലിയ സന്തോഷം തോന്നി."
ആകാശത്തെ സുരക്ഷാ പാഠങ്ങൾ -ഒരു നഴ്‌സിന്റെ നിരീക്ഷണം
തനിക്കുണ്ടായ അനുഭവത്തിനു പിന്നാലെ, ഭാവിയിൽ ആകാശത്തുണ്ടാകുന്ന മെഡിക്കൽ അടിയന്തര സാഹചര്യങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ വ്യോമയാന രംഗവും ആരോഗ്യമേഖലയും ഗൗരവമായി പരിഗണിക്കേണ്ട ചില സുപ്രധാന പ്രായോഗിക നിർദേശങ്ങളും പൂജ പങ്കുവെക്കുന്നുണ്ട്.
"എല്ലാ ഫ്ലൈറ്റിലും യാത്രക്കാരായി ഒരു നഴ്സോ ഡോക്ടറോ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ, ഇത്തരം സങ്കീർണമായ മാനസിക-ശാരീരിക അടിയന്തര സാഹചര്യങ്ങൾ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനും പ്രാഥമികമായി കൈകാര്യം ചെയ്യാനും വിമാന ജീവനക്കാർക്ക് കുറച്ചുകൂടി വിപുലമായ പ്രായോഗിക മെഡിക്കൽ പരിശീലനം നൽകേണ്ടതുണ്ട്. രോഗിയുടെ ഭയം മാറ്റി മാനസിക പിന്തുണ നൽകാനുള്ള പ്രത്യേക 'സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്' പരിശീലനം കൂടി വിമാന ജീവനക്കാരുടെ മെഡിക്കൽ ട്രെയിനിങ്ങിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാർക്കുണ്ടാകുന്ന പല അസ്വസ്ഥതകളും കടുത്ത ശാരീരിക പ്രശ്നങ്ങൾ കൊണ്ടാകണമെന്നില്ലെന്നും അടച്ചിട്ട സ്ഥലത്തോടുള്ള ഭയമോ (Claustrophobia), അമിതമായ ഉത്കണ്ഠയോ ഒക്കെ ഇതിന് കാരണമാകാം." - പൂജ തന്റെ നിരീക്ഷണം വ്യക്തമാക്കുന്നു.
പല വിമാനങ്ങളിലും അടിസ്ഥാനപരമായ പ്രഥമശുശ്രൂഷാ കിറ്റുകൾ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ആകാശമധ്യേ രോഗിയുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ ഡിജിറ്റൽ ബി.പി അപ്പാരറ്റസ്, പൾസ് ഓക്സിമീറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ വിപുലമായ കിറ്റുകൾ അന്താരാഷ്ട്ര സർവീസുകളിൽ നിർബന്ധമാക്കണം. വിമാനത്തിൽ ആരോഗ്യപ്രവർത്തകർ ഇല്ലാത്ത സാഹചര്യങ്ങളിൽ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ വഴി ഭൂമിയിലുള്ള എയർലൈൻസിന്റെ പാനൽ ഡോക്ടർമാരുമായി തത്സമയം രോഗിയുടെ ലക്ഷണങ്ങൾ പങ്കുവെക്കാനും അവരുടെ മെഡിക്കൽ നിർദേശം തേടാനുമുള്ള ഇൻ-ഫ്ലൈറ്റ് സാങ്കേതിക സൗകര്യം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും പൂജ വ്യക്തമാക്കുന്നു.
ഒരു അന്താരാഷ്ട്ര വിമാനം വഴിതിരിച്ചുവിട്ട് എമർജൻസി ലാൻഡിങ് നടത്തുന്നത് വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയും യാത്രക്കാർക്ക് വലിയ സമയനഷ്ടവും ഉണ്ടാക്കുന്ന കാര്യമാണ്. കൃത്യമായ ക്ലിനിക്കൽ അറിവില്ലാത്തതു കൊണ്ട് വിമാന ജീവനക്കാർ പരിഭ്രാന്തരായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ ഒഴിവാക്കാൻ വിമാനത്തിനുള്ളിൽ ഒരു മെഡിക്കൽ വിദഗ്ദ്ധന്റെ സാന്നിധ്യം ഏറെ സഹായിക്കും. രോഗികളും പ്രായമായവരും ധാരാളമായി യാത്ര ചെയ്യുന്ന പ്രവാസി റൂട്ടുകളിലെങ്കിലും വിമാന ജീവനക്കാരിൽ ഒരാളായെങ്കിലും നഴ്സിംഗ് പശ്ചാത്തലമുള്ള ആളായിരിക്കണം എന്ന നിയമം കൊണ്ടുവരുന്നത് ആകാശയാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്നും യാത്രക്കാർക്ക് അത് വലിയ മാനസികാശ്വാസം നൽകുമെന്നും പൂജ അഭിപ്രായപ്പെടുന്നു. മുമ്പ് വിമാനക്കമ്പനികൾ എയർ ഹോസ്റ്റസുമാരായി നഴ്സിങ് പരിജ്ഞാനമുള്ളവരെ പരിഗണിച്ചിരുന്നു. നിലവിൽ ആ മുൻഗണന നൽകാത്തതും അവർക്ക് കൃത്യമായ പ്രായോഗിക മെഡിക്കൽ പരിശീലനം ലഭിക്കാത്തതും വലിയൊരു ന്യൂനതയാണെന്നും പൂജ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് പൂജ. നാല് വർഷത്തോളം സൗദി അറേബ്യയിൽ സേവനമനുഷ്ഠിച്ച ശേഷം, കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് റാസൽഖൈമ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. റാസൽഖൈമയിൽ നിന്ന് നാട്ടിലേക്കുള്ള പൂജയുടെ ആദ്യത്തെ യാത്രയിലായിരുന്നു സംഭവം. കൊല്ലം പരവൂർ സ്വദേശികളായ താമര ഇടവിള വീട്ടിൽ രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളാണ്. നാട്ടിലെത്തിയ പൂജയെ സി.പി.എം, ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രാദേശിക ഭാരവാഹികളും മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളും പരവൂരിലെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവാസി മലയാളി ആരോഗ്യപ്രവർത്തകയുടെ സമയാചിതമായ ഇടപെടൽ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.
ആശുപത്രിയുടെ സുരക്ഷിതമായ അന്തരീക്ഷത്തിന് പുറത്ത്, പരിമിതികളുടെ ആകാശത്ത് താൻ ചെയ്തത് വലിയ കാര്യമായി പൂജ കാണുന്നില്ല. മറിച്ച്, തെരഞ്ഞെടുത്ത തൊഴിലിനോടുള്ള നീതി പുലർത്തൽ മാത്രമാണതെന്ന് അവർ വിനയത്തോടെ ഓർമിപ്പിക്കുന്നു. ‘എല്ലാ ആരോഗ്യപ്രവർത്തകരും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഒട്ടും മടിക്കാതെ മുന്നോട്ടുവരുമെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. കാരണം, ഒരു മനുഷ്യജീവൻ രക്ഷിക്കുക എന്നത് കേവലമൊരു പുണ്യകർമമോ അല്ലെങ്കിൽ പ്രശംസ പിടിച്ചുപറ്റാനുള്ള അവസരമോ അല്ല; മറിച്ച്, തെരഞ്ഞെടുത്ത ഈ പ്രൊഫഷനോടും നമ്മളെ വിശ്വസിച്ച് ജീവൻ കൈമാറുന്ന സമൂഹത്തോടും കാണിക്കേണ്ട ഏറ്റവും വലിയ ധാർമിക ഉത്തരവാദിത്തമാണ്. ആശുപത്രിയുടെ സുരക്ഷിതമായ നാല് ചുവരുകൾക്കുള്ളിൽ മാത്രമല്ല, എവിടെ ആയാലും ഒരു ജീവൻ പ്രയാസമനുഭവിക്കുമ്പോൾ കാവലാകാൻ കഴിയുന്നതിലാണ് ഒരു നഴ്സിന്റെ ജീവിതം സഫലമാകുന്നത്’ - പൂജ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

