Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_right''കേരളത്തോടു കലഹിച്ച്...

''കേരളത്തോടു കലഹിച്ച് തമിഴ്നാട്ടിലലിഞ്ഞ്''; കുമളി-കമ്പം-തേനി വഴി മധുര-രാമേശ്വരം-ധനുഷ്കോടി വരെ

text_fields
bookmark_border
കേരളത്തോടു കലഹിച്ച് തമിഴ്നാട്ടിലലിഞ്ഞ്;  കുമളി-കമ്പം-തേനി വഴി മധുര-രാമേശ്വരം-ധനുഷ്കോടി വരെ
cancel

തീരെ വീടു വിട്ടിറങ്ങാത്തവരോട് യാത്രകളെ കുറിച്ച് ഉപദേശം തേടുകയോ അഭിപ്രായം തിരക്കുകയോ ചെയ്യരുതെന്ന് പണ്ടാരോ പറഞ്ഞൊരു ചൊല്ലുണ്ട്. വീടിനു വെളിയിലേക്കുള്ള ഏത് യാത്രയും ഒരാൾക്ക് നൽകേണ്ടത് എന്താണ്?. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ കാണുന്ന ഒരാൾക്ക് കുറച്ച് നല്ല ഓർമകളും, സ്വപ്നം കാണാൻ തോന്നിപ്പിക്കുന്ന ചെറിയ ചില അനുഭൂതികളും സുഖ-ദു:ഖ സമ്മിശ്രമായ ജീവിതയാഥാർഥ്യങ്ങളും മതി, അതിൽ കൂടുതലൊന്നും ഒരു സിനിമ പ്രേക്ഷകർക്ക് നൽകേണ്ടതില്ല. യാത്രകളും ഇതിൽ കൂടുതലൊന്നും നൽകേണ്ടതില്ല. മറ്റൊരു വ്യക്തിയുടെ സ്വഭാവം നന്നായി അറിയണമെങ്കിൽ അയാൾക്കൊപ്പം ഒരു യാത്ര ചെയ്താൽ മതിയെന്ന് പ്രമുഖരുടെയടക്കം യാത്രാനുഭവ കുറിപ്പുകൾ ജീവിക്കുന്ന തെളിവുകളായി നമുക്കുമുന്നിലുണ്ട്.

കേരളത്തിൽ നിന്ന് പ്രവാസം വിധിക്കപ്പെട്ടവർ തങ്ങളുടെ ഏകാന്തതയും നിരാശയും തീർക്കുന്ന സമയമാണ് നാട്ടിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന നേരം. 'ഹോ, എന്തൊരു ശോകം റോഡാണ്? ഗൾഫിലെ റോഡൊക്കെ എ.സിയാണ്, ഇവിടെ എന്നാ കുണ്ടും കുഴിയുമാണ്? പിന്നെ ലേശം ട്രാഫിക്ജാം ചളി കോമഡിയുമടിച്ചില്ലെങ്കിൽ പലർക്കും കേരളത്തിൽ കാലുകുത്താൻ തോന്നാത്തത് എന്തു കൊണ്ടാണെന്ന് അറിയാൻ ഗൾഫ് വരെയൊന്നും പോകേണ്ടതില്ല. തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ റോഡിലൂടെ ഡ്രൈവ് പോയാൽ മാത്രം മതി. നമ്മുടെ നാടിനോട് നമുക്ക് കലഹിക്കാൻ തോന്നും അപ്പോൾ. അനുഭവിച്ചവർക്ക് മനസിലാകുന്ന ചില കാര്യങ്ങളാണീ ' പൊങ്ങച്ച'മെന്ന് തോന്നിപ്പിക്കുന്ന യാഥാർഥ്യങ്ങൾ.

കണ്ണു കൊണ്ടു കാണുന്ന മനോഹാരിതയൊന്നും ഒരു കാമറക്കുമില്ല

യാത്രകൾ അനുഭവിച്ചും കണ്ടും മാത്രമറിയേണ്ട ഒരു സംഗതിയാണ്. യൂട്യൂബിലും ട്രാവൽ സൈറ്റുകളിലും പുസ്തകങ്ങളിലുമായി ലഭിക്കുന്നത് കുറച്ച് അറിവുകൾ മാത്രമാണ്. ഭയങ്കരമായി പിരിമുറുക്കവും ദേഷ്യവുമൊക്കെ തോന്നുന്ന സമയങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. ഇതുമാറ്റാൻ പലർക്കും പല വഴികളാണുണ്ടാവുക. ചിലർ 1990കളിലെ നിത്യ ഹരിത മലയാളം ഗാനങ്ങൾ േപ്ല ചെയ്ത് ഹെഡ്സെറ്റ് ചെവിയിൽ തിരുകി ഒറ്റ കിടപ്പായിരിക്കും, മറ്റു ചിലരുണ്ട്, ടെൻഷൻ വന്നാൽ ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമോ ജ്യൂസോ ഒക്കെ വാങ്ങി കഴിച്ച് അതിനെ മറികടക്കുന്നവർ. ദേഷ്യം തോന്നുന്ന ആ ഇടത്തിൽ നിന്ന്, അവസ്ഥയില്‍ നിന്ന് മാറിനില്‍ക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഓരോരുത്തർക്കും അറിയാം, മറികടക്കാനുള്ള മാർഗങ്ങൾ മാത്രമാണ് വ്യത്യസ്തം. ഒഴുകിക്കൊണ്ടേയിരിക്കുക, ഒഴുകാതിരിക്കുന്നതെന്തും കെട്ടുപോകും. അത്‌ ആശയത്തിന്റെ ലോകമായാലും ശരി, വിശ്വാസത്തിന്റെ ലോകമായാലും ശരി. യാത്ര പോകുന്നവരെല്ലാം യാത്രികർ അല്ലെന്നൊക്കെ പറയാറുണ്ട്. എപ്പോഴാണ് നമ്മൾ യാത്രികരാകുക? പത്തു രൂപയുടെ ചായ കുടിക്കാൻ വേണ്ടി വെയിലും മഴയും അവഗണിച്ച് കണ്ട കുന്നും മലയും ഒക്കെ വലിഞ്ഞു കയറി തുഞ്ചത്തു കയറി നിന്ന് ഒരു ഫോട്ടോ കൂടി എടുക്കുമ്പോൾ പിരിമുറുക്കം മാറി മനസ് ശാന്തമാകുമെങ്കിൽ അതും യാത്രയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടും. എല്ലാവർക്കും അറിയാവുന്ന, പ്രസിദ്ധമായ സ്ഥലങ്ങളിൽ പോകുന്നവരെ മാത്രമാണോ യാത്രികരായി കണക്കാക്കുക?

മിക്കവരും അവഗണിച്ചും തഴഞ്ഞും ഇട്ടിരിക്കുന്ന സ്ഥലങ്ങൾക്കും വികാര വിചാരങ്ങളും ആത്മാവുമുണ്ട്, ചില മനുഷ്യരെ നമ്മൾ ഒഴിവാക്കിയിട്ടിരിക്കുന്നതു പോലെ. കയ്യും തലയും പുറത്തിടരുതെന്ന് ബസുകളിൽ എഴുതി വെച്ചിട്ടുണ്ടാകും, പക്ഷേ കണ്ണും മനസും പുറത്തിടാതെ വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യാത്തൊരാൾ, ഒരു പൊടി മഴ തൂവിയാൽ വിൻഡോ ഷട്ടർ താഴ്ത്താൻ ആഞ്ജാപിക്കുന്ന സഹയാത്രികൻ-ഇവരൊക്കെ എന്ത് അരസികരായിരിക്കും.

യാത്രികന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം ധൃതിയില്ലായ്‌മയാണ്. ധൃതി ഇല്ലാത്ത ഒരാൾക്കേ യാത്രയെ ആസ്വദിക്കാൻ പറ്റൂ. ധൃതി എല്ലാ ആസ്വാദനങ്ങളെയും നഷ്ടപ്പെടുത്തും. ധൃതിയില്‍ സ്ഥലങ്ങള്‍ കണ്ടവരുടെ മനസിലായിരിക്കില്ല ഓർമകൾ നിലനിൽക്കുക, മൊബൈൽ കാമറകളുടെ തെളിച്ചത്തിലായിരിക്കും, എണ്ണമറ്റ കുറേ ക്ലിക്കുകളുടെ, കുറെ ഇടങ്ങളുടെ സ്ഥലം അപഹരിക്കുന്ന ഫോൺ ഗാലറികൾ. ഇത്ര സ്ഥലത്ത് പോയി, ഇത്ര ഉയരത്തിൽ കയറി എന്നൊക്കെ പറയാമെന്ന് മാത്രം. കണ്ണും കാതും മനസും തുറന്ന് പ്രകൃതിയിലെ നിത്യ വിസ്മയങ്ങൾ അറിഞ്ഞാസ്വദിക്കുക, ഓർമയിൽ സൂക്ഷിക്കാൻ ആവശ്യത്തിന് പടങ്ങളുമെടുത്തോളൂ, ആവശ്യത്തിനു മാത്രമേ ആകാവൂ എന്നു മാത്രം. കണ്ണു കൊണ്ടു കാണുന്ന കാഴ്ചയോളം മനോഹാരിതയൊന്നും ഒരു കാമറകൾക്കും നൽകാനാവില്ല എന്ന് മനസിലാക്കി യാത്ര തുടരുക.


നോ മാസ്ക്, നോ ഹെൽമറ്റ്- ഇതാണ് തമിഴ്നാട്

കോവിഡ് കേസുകൾ അതിഭീകരമായി ഉയർന്ന് ലോക്ഡൗണിലേക്ക് പോയ കാലമൊക്കെ മാറി അൽപം റിലാക്സേഷനായ സമയം, 2022 ജൂൺ ആദ്യവാരമാണ് തമിഴ്നാട് എക്സ്േപ്ലാർ ചെയ്യാൻ പദ്ധതിയിട്ടത്. ചിന്തകൾ ആഗ്രഹങ്ങളായും പിന്നീട് യാഥാർഥ്യത്തിലേക്കും വഴുതി വീണു കൊണ്ടിരിക്കുന്ന യാത്രാ തീയതി അടുക്കവേ ' രാജ്യത്ത് ടി.പി.ആർ നിരക്ക് ഉയരുന്നു' എന്ന ടി.വി ഫ്ലാഷ് ന്യൂസുകൾ പറ്റേ അവഗണിച്ചുകൊണ്ട് പാലാ-പൊൻകുന്നം-കുമളി വഴി സംസ്ഥാന അതിർത്തി കടന്നു. കമ്പം-തേനി-മധുര-പാമ്പൻ-രാമേശ്വരം-ധനുഷ്കോടി ഇതായിരുന്നു റൂട്ട്മാപ്പ്. കേരളത്തിലൊക്കെ മാസ്ക് പലരും ചെവിയിൽ അലങ്കാരം പോലെയെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ കുമളി അതിർത്തി കടന്നാൽ ആ ദൃശ്യം മനസിൽ നിന്നും മായ്ച്ചേക്കുക. മാസ്ക് ധരിച്ച് തേനി വരെ പോകുന്ന തമിഴ്നാടിന്‍റെ പച്ചനിറത്തിലുള്ള സർക്കാർ ബസിൽ കയറിയാൽ നമ്മൾ ഒറ്റപ്പെട്ട് ചൂളിപ്പോകും. നാണക്കേടു കൊണ്ട് മാസ്ക് ചിലപ്പോൾ അഴിച്ചു മാറ്റാൻ വരെ തോന്നിപ്പോകും. വലിയവനെന്നോ ചെറിയവനേന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ഒറ്റയൊരാൾ പോലും മാസ്ക് ധരിച്ചിട്ടില്ല. നമ്മൾ മലയാളികൾക്ക് ചില കുഴപ്പങ്ങളുണ്ട്. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നുന്ന ടൈപ്പ് മലയാളികളുണ്ട്. നടുക്കടലിൽ അകപ്പെട്ടാലും വീട്ടിൽ അമ്മയുണ്ടാക്കി തരുന്ന ചോറും കറിയും ദോശയും ചമ്മന്തിയും മാത്രം കഴിക്കൂ എന്ന് വാശി പിടിച്ച് നടക്കുന്ന ടൈപ്പ് മലയാളികളുണ്ട്. മറ്റു ചിലരാണ് ആദ്യം സൂചിപ്പിച്ച പോലത്തെ അനുകരണ ഭ്രമക്കാർ. 'ആരും മാസ്ക് ധരിച്ചിട്ടില്ലെങ്കിൽ പിന്നെ നമ്മളായിട്ട് എന്തിന് ഇതും മൂക്കിൽ വെച്ച് നടക്കുന്നു' എന്ന ചിന്താഗതിയുള്ളവർ. ആദ്യത്തെ രണ്ടു ടൈപ്പ് ആളുകളും റിയലിസ്റ്റിക്കാണെങ്കിൽ ഈ മൂന്നാമത്തെ ടൈപ്പുണ്ടല്ലോ, അവർ വെറും വ്യാജ പൊയ്മുഖക്കാരാണ്, യാതൊരു സംശയവുമില്ല. തമിഴ്നാട്ടിലെ പ്രധാന റോഡുകളിൽ പോലും ഇരു ചക്ര വാഹന യാത്രികർ ഹെൽമറ്റ് ധരിക്കുന്ന കാഴ്ച അപൂർവമായേ നിങ്ങൾക്ക് കാണാനാകൂ. കേരളത്തിൽ ഇത്രയും കർശന ട്രാഫിക് നിയമങ്ങളും ആധുനിക നിർമിത ബുദ്ധി കാമറകൾ വരെ വന്നിട്ടും അപകടങ്ങൾ കൂടുന്ന കാഴ്ചയാണുള്ളതെങ്കിൽ ഇതൊന്നും അനുസരിക്കാത്ത തമിഴ്നാട്ടിൽ അപകടങ്ങൾ കുറവായത് എന്തുകൊണ്ടാണോ ആവോ. നിയമ പാലകർ പോലും ഹെൽമറ്റ് വെച്ച് ഇരുചക്ര വാഹനം ഓടിക്കുന്നത് വളരെ അപൂർവമായിട്ടാണ് കാണാനായത്. രസകരമായ സംഗതി കേരളത്തിലൊക്കെ ഹെൽമറ്റ് ധരിക്കാൻ വിമുഖരായവർ വണ്ടിയുടെ മുമ്പിൽ തൂക്കിയിടുകയെങ്കിലും ചെയ്യുമല്ലോ, തമിഴ്നാട്ടിൽ ഇതും പതിവില്ല. പിഴ ശിക്ഷ ഇല്ലാത്തതു കൊണ്ടാണോ അതോ പിഴയടക്കാനൊക്കെ ധാരാളം പണമുള്ള കൊണ്ട് നിയമം അനുസരിക്കാത്തതാണോ, ആവോ, ആർക്കറിയാം. ഓരോ നിയമവും ഉണ്ടാക്കിയവർക്ക് തന്നെയറിയാം, ഇതൊക്കെ തെറ്റിക്കാനുള്ളതാണെന്ന്. വാതിലിന് പൂട്ട് ഉണ്ടാക്കുന്ന കമ്പനികളും ആ പൂട്ട് പൊളിക്കുന്ന ഉപകരണം ഉണ്ടാക്കുന്ന കമ്പനികളും ഉള്ള നാടാണ് നമ്മുടേത്.

ചന്തം നോക്കണ്ട, ഇവിടെ ബസ് കാശ് എന്നാ കുറവാന്നേ??

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നും കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തേക്ക് 'ഗൂഗിൾ രാജാവിന്‍റെ' മാപ്പിൽ 396 കിലോമീറ്ററാണ് അകലം. ഗതാഗതത്തിരക്കില്ലെങ്കിൽ കുറഞ്ഞത് എട്ടര മണിക്കൂർ കൊണ്ട് തൊടുപുഴയിൽ നിന്നെത്താം. കോട്ടയത്തുനിന്ന് 414 കിലോമീറ്റർ അകലെയാണ് രാമേശ്വരം. കുറഞ്ഞത് ഒൻപതു മണിക്കൂർ യാത്ര. കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തെത്താം. കാണാൻ അൽപം ചന്തം കുറവാണെന്ന് തോന്നിയാലും അതിർത്തി കഴിഞ്ഞാൽ തമിഴ്നാട് സർക്കാർ ബസുകളിൽ കയറിയാൽ പോക്കറ്റ് 'കീറാതെയിരിക്കും'. ഇന്ത്യയിൽ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രാൻസ്പോർട്ട് ബസ് സർവീസ് തമിഴ്നാടിന്‍റെയാണ്. വെറും അഞ്ചുരൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. കേരളത്തിൽ ഇരട്ടി തുക കൊടുക്കണം 2.5 കിലോമീറ്റർ ബസ് യാത്രക്ക്. 31 ലക്ഷത്തിലധികം വരുന്ന സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് നിബന്ധനകളോടെ സൗജന്യ യാത്ര പാസുകളും തമിഴ്നാട്ടിലെ സർക്കാർ ബസുകളിൽ ലഭ്യമാണ്. കുമളിയിൽ നിന്ന് കമ്പം വഴി തേനിക്ക് ഏതാണ്ട് 63 കിലോമീറ്ററാണ് ദൂരം. എന്താ റോഡുകളുടെ ഒരു യാത്രാസുഖം എന്നത് കേരളത്തിലെ അവസാനമില്ലാത്ത ട്രാഫിക് േബ്ലാക്കുകളും കുണ്ടും കുഴിയും കണ്ട് ശീലിച്ചവർക്ക് അത്ഭുതമായി തോന്നിയേക്കാം. കുമളി മുതൽ അങ്ങ് മധുര വരെ ഏതാണ്ട് 140 കിലോമീറ്റർ ദൂരത്തിൽ തിരക്കേറിയ ടൗൺ ജംഗ്ഷനുകളിൽ പോലും കാര്യമായ കുരുക്കുണ്ടായില്ല. കുമളി വഴി കമ്പം ചുരമിറങ്ങും (ആറ് ഹെയർപിൻ) വരെ മാത്രമേ അൽപം പതിയെ, ശ്രദ്ധിച്ച് വാഹനമോടിക്കേണ്ടതുള്ളൂ. കുമളി നിന്ന് തേനി വരെ 50 രൂപയും അവിടുന്ന് മധുരക്ക് 80 രൂപയുമാണ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിരക്കീടാക്കിയത്. 130 രൂപക്ക് മധുര വരെയെത്താം.

മധുരിക്കുന്ന കാഴ്ചകൾ

തമിഴ്‌നാട്ടിലെ വലിയ നഗരങ്ങളിലൊന്ന് കൂടിയാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര്‌ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. 144 മീറ്റർ (472 അടി) ഉയരത്തിൽ മധുര നഗരത്തിൽ തലക്കനത്തോടെ കാണാവുന്ന വാസ്തുശിൽപ അത്ഭുത നിർമിതിയായ മധുര മീനാക്ഷി ക്ഷേത്രം തന്നെയാണ് മുഖ്യ ആകർഷണം. വള, മാല, കണ്ണാടി, സോപ്പ്, ചീപ്പ്, കളിപ്പാട്ടങ്ങൾ മുതൽ അലമാരകളും കട്ടിലും വരെ മധുര മാർക്കറ്റിലെ വിവിധ കടകളിൽ വിൽപ്പനക്കുണ്ട്. കടകളിലേക്ക് കയറുമ്പോൾ തന്നെ വിലപേശലില്ല, ഫിക്സഡ് റേറ്റ് എന്ന ബോർഡാകും നമ്മളെ സ്വാഗതം ചെയ്യുക. എങ്കിലും നിരാശക്ക് വകയില്ല, നാട്ടിലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകും.

മധുര മീനാക്ഷി ക്ഷേത്രം

കിഴക്കിന്റെ ഏഥന്‍സ്, ഉത്സവങ്ങളുടെ നഗരം, നാല് ജംഗ്ഷനുകളുടെ നഗരം, ഉറക്കമില്ലാത്ത നഗരം എന്നിങ്ങനെ വിവിധ പേരുകൾ മധുരക്ക് സ്വന്തമാണ്. താമരയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. 24 മണിക്കൂറും സജീവമായ തെരുവുകളാണ് മധുരയ്ക്ക് ഉറക്കമില്ലാത്ത നഗരം എന്ന പേര് നേടിക്കൊടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ആളുകള്‍ പാര്‍ക്കുന്ന സ്ഥലമാണ് മധുര. അതുകൊണ്ടുതന്നെ വിവിധ സംസ്‌കാരങ്ങളും ജീവിതരീതികളും ഇവിടെ കാണാം. മീനാക്ഷി - സുന്ദരേശ്വര്‍ ക്ഷേത്രം, ഗോരിപാളയം ദര്‍ഗ, സെന്റ് മേരീസ് കത്തീഡ്രല്‍ തുടങ്ങിയവ ഇവിടത്തെ പ്രമുഖ ആരാധനായലങ്ങളാണ്. ഗാന്ധി മ്യൂസിയം, കൂടല്‍ അഴഗര്‍ ക്ഷേത്രം, കഴിമാര്‍ പള്ളി, തിരുമലൈ നായകര്‍ കൊട്ടാരം, വണ്ടിയാല്‍ മാരിയമ്മന്‍ തെപ്പാക്കുളം, പഴംമുടിര്‍ചോലൈ, അലഗാര്‍ കോവില്‍, വൈഗൈ ഡാം, അതിശയം തീം പാര്‍ക്ക് തുടങ്ങിയവയാണ് മധുരയില്‍ കാണേണ്ട ചില കാഴ്ചകള്‍.

എൻജിനീയറിംഗ് വിസ്മയം

മധുര എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ ഓർമയിലേക്കെത്തുക മീനാക്ഷി ക്ഷേത്രമാണ്. 2500ലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ എൻജിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നാണ്. രാവിലെ 6:00 am മുതൽ 12:30 pm വരെയും വൈകീട്ട് 4:00 pm മുതൽ 9:00 pm വരെയുമാണ് സന്ദർശക സമയം. കോവിഡ് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഈ സമയക്രമത്തിൽ മാറ്റങ്ങളുണ്ടായേക്കാം. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിക്കാനാകൂ. ചെരിപ്പ്, ബാഗ്, മൊബൈൽ ഉൾപ്പെടെ പ്രത്യേകം ക്ലോക്ക് റൂമുകളിൽ ഏൽപിച്ച ശേഷം സുരക്ഷാ പരിശോധന പൂർത്തിയാക്കി അകത്തു കടക്കാം. മൊബൈൽ ഫോൺ അഞ്ചു രൂപ നൽകി ഏൽപ്പിക്കുമ്പോൾ നമ്മുടെ ഫോട്ടോ സഹിതമുള്ള പ്രിന്‍റ് ടോക്കൺ ലഭിച്ചത് കൗതുകമുണർത്തി. ഓർമക്കായി സൂക്ഷിച്ചു വെക്കണമെന്ന് കരുതിയെങ്കിലും തിരികെയിറങ്ങുമ്പോൾ ഇത് ഏൽപിക്കേണ്ടതുള്ളതിനാൽ ചെറിയ മോഹം നിരാശക്കിടയാക്കി. ആധുനിക യന്ത്ര സംവിധാനങ്ങളൊന്നുമില്ലാതിരുന്ന പൗരാണിക കാലത്ത് ഇതുപോലൊരു നിർമിതി എങ്ങനെ കെട്ടിപ്പൊക്കിയെന്നത് അകത്തേക്ക് പ്രവേശിക്കുന്തോറും ഞെട്ടലും കൗതുകവുമുണർത്തും.

മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഉൾവശം

ചരിത്രം ചെറുതായി പോകുന്നയിടം

ചരിത്രം ചെറുതായി പോയോ എന്ന് തോന്നും പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്ത് നിർമിച്ച മധുര മീനാക്ഷി ക്ഷേത്രം എന്ന വമ്പൻ നിർമിതി കണ്ടാൽ. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃകയാൽ വിസ്മയ നിർമിതിയായ ഈ ക്ഷേത്രനഗരം 14 ഏക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുന്നു.

അഞ്ച് കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 4500ഓളം തൂണുകളാലാണീ വിസ്മയ സൃഷ്ടി ഉയര്‍ന്നു നില്‍ക്കുന്നത്. കൂടാതെ ആയിരംകാൽ ‍മണ്ഡപം, അഷ്‌ടശക്‌തിമണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കൽ മഹൽ എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ്. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ. 1569-ലാണ് ഇത് നിർമിക്കപ്പെട്ടത്. ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ 14 ഗോപുരങ്ങളാണ്. 52 മീറ്റർ ഉയരത്തിൽ (170 അടി) 1559ൽ നിർമിച്ച തെക്കേ ഗോപുരമാണ് ഏറ്റവും ഉയരം കൂടിയത്. തട്ടുതട്ടായാണ് ഗോപുര നിർമാണം. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങളും കൊത്തിവച്ചിട്ടുണ്ട്. 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളം പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമുള്ള കുളവും ഇതിന്‍റെ പടവുകളും മറ്റൊരു വിസ്മയക്കാഴ്ചയായി നിലനിൽക്കുന്നു.

17ാം നൂറ്റാണ്ടിൽ വരച്ച പെയിന്റിംഗുകളാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിക്കുന്ന മറ്റൊരു കാര്യം.

ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. 2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്" അന്തരീക്ഷത്തിലെ "ഓസോണിന്റെ" സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഇന്ത്യക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണിത്.


ഏപ്രില്‍ -മെയ് മാസങ്ങളിലെ ചിത്തിരൈ ഉത്സവമാണ് മധുരയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്. മീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കാറുണ്ട്. ജനുവരി - ഫെബ്രുവരി മാസത്തിലെ തെപ്പോര്‍ച്ചവം ഉത്സവമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആഘോഷം. മറ്റൊരു പ്രധാന ഉത്സവമായ ആവണിമൂലം സെപ്റ്റംബര്‍ മാസത്തിലാണ്. പൊങ്കലാണ് മധുരയില്‍ കണ്ടിരിക്കേണ്ട മറ്റൊരു ആഘോഷം. ഇക്കാലത്താണ് ഇവിടെ ജല്ലിക്കെട്ട് അരങ്ങേറുന്നത്. സില്‍ക്ക് സാരിയും ഖാദി തുണികളും വാങ്ങാതെ മധുര സന്ദര്‍ശനം പൂര്‍ത്തിയാകില്ല എന്നൊരു വിശ്വാസം തന്നെയുണ്ട്. മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ട നാടാണ് മധുര. ഇവിടെ വെച്ചാണത്രേ അദ്ദേഹം മേല്‍മുണ്ട് ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

പാമ്പൻ പാലം- പേടിപ്പെടുത്തുന്ന കൗതുക യാത്ര

കരയിൽ നിന്ന് കടലിലേക്ക് രണ്ടു കിലോമീറ്റർ നീളത്തിൽ കിടക്കുന്ന പാലത്തിലൂടെ ട്രെയിനിൽ പോണോ? നേരെ ഇങ്ങോട്ട് പോരേ. ട്രെയിനകത്ത് സുരക്ഷിതമായി ഇരിക്കുമ്പോൾ പോലും നേരിയ ഉൾക്കിടിലം തോന്നുന്ന അനുഭവം സമ്മാനിക്കുന്ന യാത്രയാണിത്. ചുറ്റും നീല നിറത്തിൽ പരന്നു കിടക്കുന്ന കടൽ തിരമാലകളോട് കിന്നാരം ചൊല്ലിയും പരിഭവം പറഞ്ഞും അൽപം റൊമാന്‍റിക് ഭാവം മുഖത്തൊളിപ്പിച്ച് ഈ ഭയാനക യാത്രാദൃശ്യം ധൈര്യമായി ആസ്വദിക്കുക. ട്രെയിൻ, പാലം ക്രോസ് ചെയ്യുന്നത് (10 km/hr) ഒച്ചിഴയും വേഗത്തിൽ കൂടിയാണെന്ന് ഓർക്കുക. വൈകീട്ടത്തെ ട്രെയിനിലാണ് യാത്രയെങ്കിൽ പാമ്പൻ പാലം എത്തുമ്പോൾ ഏതാണ്ട് 9.30 കഴിയും. ഇരുട്ട് പേടിയുണ്ടെങ്കിലും നൂൽപാല യാത്ര പേടിയുള്ളവർക്ക് ഈ സമയമാകും നല്ലത്. മധുരയിൽ നിന്ന് രാമേശ്വരത്തേക്ക് വൈകീട്ട് 6.10ന് പുറപ്പെടുന്ന രാമേശ്വരം എക്സ്പ്രസ് ട്രെയിനിൽ 70 രൂപയാണ് നിരക്ക്. രാത്രി ഏതാണ്ട് 10 മണിയോട് കൂടി എൻജിനീയറിംഗ് വിസ്മയമായ പാമ്പൻ പാലം വഴി രാമേശ്വരത്ത് അവസാനിക്കുന്നതാണ് 160 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ട്രെയിൻ യാത്ര. രണ്ടു കിലോമീറ്റർ നീണ്ടുകിടക്കുന്ന പാമ്പൻ പാലം കടക്കാൻ ഏകദേശം 15 മുതൽ 20 വരെ മിനിറ്റാണെടുക്കുന്നത്. കാഴ്ച കൺതുറന്ന് ആസ്വദിക്കണമെന്നുള്ള ധൈര്യശാലികൾക്ക് രാവിലെ 5.40ന് ദിനേന രാമേശ്വരത്തു നിന്നും പുറപ്പെടുന്ന മധുര എക്സ്പ്രസ് സ്പെഷൽ ട്രെയിനിൽ കയറിയാൽ മതി. തൊട്ടടുത്ത സ്റ്റേഷനായ പാമ്പനിലേക്ക് ഏതാണ്ട് 15 മിനിറ്റാണ് (10 കിലോമീറ്റർ) ദൈർഘ്യം. ഈ ട്രെയിൻ രാവിലെ 9.30 ക്ക് മധുരയിൽ (ആകെ ദൂരം -161 കിലോമീറ്റർ) അവസാനിപ്പിക്കുന്നതാണ്. പ്രഭാതം പൊട്ടി വിടരുന്ന ഈ സമയത്തെ പാമ്പൻ പാല യാത്രയാകും ഏറ്റവും ഗംഭീര സമയക്രമം. രാത്രി വൈകിയുറങ്ങി പിറ്റേന്ന് ഉച്ച വരെയുറങ്ങുന്ന ടീംസ് കൂടെയുണ്ടെങ്കിൽ രാവിലെ അഞ്ചു മണിക്കു മുമ്പ് അലാറം സെറ്റാക്കി വെച്ച് തയ്യാറെടുപ്പ് നടത്തണം. ഇല്ലെങ്കിൽ ഇത്രയും ബുദ്ധിമുട്ടി തണുപ്പത്ത് റെഡിയായി രാമേശ്വരം റയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ അതിന്‍റെ പാട്ടിനു പോയിട്ടുണ്ടാകും.

പാമ്പൻപാലം

ഏറ്റവും നീളം കൂടിയ അസാധാരണ റെയിൽപാലം

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻ പാലം രാജ്യത്തെ എൻജിനിയറിംഗ് വിസ്മയങ്ങളിൽ ഒന്നാണ്. ലോകത്തിൽ വെച്ച് ഏറ്റവും നീളം കൂടിയ അസാധാരണമായ റെയിൽപാലം എന്ന പദവി ഈ പാലത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇത് ഇന്ത്യയിലെ അഞ്ച് കടൽ പാലങ്ങളിലൊന്നാണ്. 2010 വരെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍ പാലം ഇതായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഏക പാലമാണിത്.

രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിന് ഇടയിൽ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്. ട്രെയിനുകൾ പോകുന്ന പാലത്തെയാണ് പ്രധാനമായും പാമ്പൻ പാലമെന്ന് വിളിക്കുന്നത്. ഇതിന് സമാന്തരമായി മറ്റ് വാഹനങ്ങൾക്ക് പോകാനുള്ള പാലവും പണിതിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ളത് പാമ്പാൻ പാലത്തിനാണ്. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലം- പാമ്പൻ പാലം (അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്, രാമേശ്വരം). ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം? - അസം, അരുണാചൽ സംസ്ഥാനങ്ങൾ തമ്മിലെ ദൂരം കുറയ്ക്കാൻ ലോഹിത് നദിയിൽ നിർമിച്ച ഭൂപൻ ഹസാരിക പാലം (9.15 കിലോമീറ്റർ). ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?- ബാന്ദ്ര-വർളി സീ ലിങ്ക് (രാജീവ് ഗാന്ധി സീ ലിങ്ക്). മറക്കാതെ ഒാർത്തുവെച്ചാൽ ഉപകാരപ്പെടും.

ചരിത്രം ഓർമപ്പെടുത്തലുകൾ കൂടിയാണ്

രാമേശ്വരത്തിന്റെ കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് 16 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ ചരക്കുകൾ കയറ്റി അയക്കുന്നതിനുള്ള ഒരേയൊരു തടസം പാക് കടലിടുക്കാണ്. അങ്ങനെയാണ് ബ്രിട്ടീഷുകാർ പാലം നിർമാണത്തിന് തുടക്കം കുറിച്ചത്.1911ൽ നിർമാണമാരംഭിച്ച് 1914ലോടുകൂടിയാണ് പാലം പൂർത്തീകരിച്ചത്. കപ്പൽ ഗതാഗതത്തിനായി പാലത്തിന്റെ നടുഭാഗം ഉയർത്താവുന്ന രീതിയിലാണ് രുപകല്പന. അക്കാലത്തെ സാങ്കേതിക വളർച്ച വെച്ചുനോക്കുമ്പോൾ ഏറെ നൂതന ആശയമാണ് ഈ ലിഫ്റ്റ്. പാലത്തിനുള്ള ഉരുക്കിന്റെ ഭാഗങ്ങൾ ലണ്ടനിൽ നിർമിച്ച് ഇവിടെ കൊണ്ടുവന്ന് യോജിപ്പിക്കുകയായിരുന്നു. 1964ലെ അതിശക്തമായ ചുഴലിക്കാറ്റിൽ ധനുഷ്കോടിയെന്ന പട്ടണം തന്നെ ഒലിച്ചുപോയി. എന്നാൽ പാലത്തിന് അല്പം ചില തകരാർ ഒഴിച്ച് വേറെന്നും സംഭവിച്ചില്ല. പാലത്തിന്റെ നടുവിലെ ലിഫ്റ്റും കാറ്റിൽ തകർന്നില്ല. കേടുപാട് വന്ന ഭാഗങ്ങൾ പുതുക്കി പണിതതാണ് ഇന്നത്തെ പാലം.

ദുർഘടമായ കൊങ്കൺപാതയും ദില്ലി മെട്രോയും പണിയാൻ നേതൃത്വം വഹിച്ച ഇ. ശ്രീധരനാണ് പാമ്പൻ പാലം പുതുക്കി പണിതത്. 1988ൽ ഇതിന് സമാന്തരമായി റോഡ് പാലം പണിയും വരെ ഈ റെയിൽവെ പാലമായിരുന്നു ഒരേയൊരു ഗതാഗത മാർഗം.

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന്

മീറ്റർഗേജായിരുന്ന പാലത്തെ ബ്രോഡ്ഗേജാക്കി മാറ്റിയത് 2007ലായിരുന്നു. ബ്രോഡ്ഗേജ് പാലം പണിയാൻ 800 കോടി രൂപ ചെലവാകുമെന്നതിനാൽ പാമ്പൻ പാലം ഉപേക്ഷിക്കേണ്ട സാഹചര്യമെത്തിയപ്പോൾ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഏപിജെ. അബ്ദുൽ കലാമായിരുന്നു പാലം പുതുക്കിയത്. ഇപ്പോൾ ചരക്ക് തീവണ്ടികൾക്ക് പോകാൻ മാത്രം പാലം ശക്തമാണ്. 2009 ലായിരുന്നു പാലത്തിന്റെ കരുത്ത് വർധിപ്പിച്ചത്. പാക് കടലിടുക്കിലൂടെ കപ്പൽ കടന്ന് വരുമ്പോൾ റെയിൽപാലം ഒരു ഗേറ്റായി മാറി കപ്പലിന് വഴിയൊരുക്കും. കപ്പൽ കടന്നുപോയാൽ പഴയപടി റെയിൽപാളമായി മാറുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരേയൊരു പാലമാണിത്. ഇന്ന് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന് കൂടിയാണ് പാമ്പന്‍ പാലം. 6,776 അടി (2,065 മീറ്റർ) അതായത് രണ്ടു കിലോമീറ്റർ നീളത്തിൽ കരയിൽ നിന്നും കടലിനകത്തേക്ക് നീണ്ടുകിടക്കുകയാണീ പാലം.

ധനുഷ്കോടി – ജനവാസമില്ലാതെ ഒരു പ്രേതനഗരമായി ഇങ്ങനെ.....

രാമേശ്വരത്തിനു സമീപം പാമ്പൻ ദ്വീപിന്റെ തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ് ധനുഷ്‌കോടി. പാമ്പൻ ദ്വീപിനു തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 29 കിലോമീറ്റർ പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. 1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കര ചുഴലിക്കാറ്റ് ഈ നഗരത്തെ നാമാവശേഷമാക്കിക്കളഞ്ഞു. ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയാണ് ധനുഷ്കോടി.

ചുഴലിക്കാറ്റിൽ തകർന്ന കെട്ടിടങ്ങളിലൊന്നിന്റെ ശേഷിപ്പ്

ഒരു പഴയ തുറമുഖ പട്ടണമായിരുന്നു ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരത്തേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. അതിരാവിലെ മുതൽ രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്ക് പുറപ്പെടുന്ന ബസുകളിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളാണുണ്ടാവുക. വളരെ പ്രായം ചെന്ന സ്ത്രീകളും ഇക്കൂട്ടത്തിൽ കാണാം. 'റിട്ടയർമെൻറ്' ഇല്ലാതെ വാർധ്യക്യവും ജോലിയും ബഹളവും തിരക്കുമായി ജീവിതം ജീവിച്ചുതീർക്കുകയാണ് ഇൗ തമിഴ് സ്ത്രീകൾ.

കഥകളും ചരിത്രവുമുറങ്ങിക്കിടക്കുന്ന രാമേശ്വരം

പേരു പോലെ തന്നെ കഥകളും ഐതിഹ്യവും ചരിത്രത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന തീർഥാടന ഭൂമികയാണ് രാമേശ്വരം.

രാമേശ്വരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടം രാമന്റെ കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. ഇവിടെവെച്ചാണ് രാവണനെ കൊന്നതിന് പരിഹാരം തേടി രാമന്‍ ശിവനോട് പ്രാര്‍ഥിച്ചത് എന്നാണ് വിശ്വാസം. 12-ാം നൂറ്റാണ്ടു മുതല്‍ ഇവിടെ അധികാരത്തിലുണ്ടായിരുന്ന വിവിധ രാജവംശങ്ങള്‍ ചേര്‍ന്നാണ് ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കഥകളും ഐതിഹ്യവും മാറ്റിനിർത്തിയാൽ ബാക്കിയാകുന്നത് ചരിത്രരേഖകളാണ്. മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം എന്നതാണ് രാമേശ്വരത്തെ ആധുനിക കാലഘട്ടത്തിൽ അടയാളപ്പെടുത്തിയിടുന്ന ഏറ്റവും പ്രധാന ഘടകം. ഐതിഹ്യങ്ങളേറെയുണ്ടെങ്കിലും വെറുമൊരു കുഗ്രാമമെന്ന രീതിയിൽ മാറ്റിനിർത്തപ്പെടുമായിരുന്ന രാമേശ്വരം, എ.പി.ജെ എന്ന മൂന്നക്ഷര കൂട്ടുകളാലാണ് അന്താരാഷ്ട്ര പ്രസിദ്ധമായത്. ഈ തെരുവോരങ്ങളിലൂടെ നടക്കുമ്പോൾ മഹാനായ ആ മനുഷ്യൻ കുട്ടിക്കാലത്ത് പത്രം വിറ്റു നടന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തും.

കലാം സ്‌മാരകം

രാമേശ്വരം ദ്വീപിലെ ധനുഷ്കോടി എന്ന മത്സ്യബന്ധനത്തുറമുഖമാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, പാമ്പൻപാലം കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. അബ്‌ദുൽ കലാമിന്റെ ജന്മഗൃഹത്തിൽ ഇപ്പോഴൊരു മ്യൂസിയമുണ്ട്. രാമേശ്വരത്തെ പ്രസിദ്ധമായ രാമനാഥക്ഷേത്രത്തിന്റെ കിഴക്കേനടയ്‌ക്കു സമീപമുള്ള ഹൗസ് ഓഫ് കലാമിൽ രണ്ടാംനിലയിലാണ് കലാമിന്റെ ജീവിതയാത്രകളെക്കുറിച്ചുള്ള മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമേ ഇവിടെയും പ്രവേശനം അനുവദിക്കൂ. മൊബൈൽ ഫോൺ ഉൾപ്പെടെ യാതൊന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. എന്നാൽ ഇതൊന്നും സൂക്ഷിക്കാനുള്ള േക്ലാക്ക് റൂം ഇവിടെയില്ലാത്തത് വിചിത്രമായി തോന്നി. നിങ്ങൾ സ്വന്തം വാഹനത്തിലല്ല വരുന്നതെങ്കിൽ കുടുങ്ങിപ്പോകും. അല്ലെങ്കിൽ പിന്നെ കൂടെയുള്ള ഒരാൾ നമ്മുടെ കയ്യിലുള്ള ബാഗ് മുഴുവൻ സംരക്ഷിച്ചു പുറത്തു നിൽക്കുകയും ബാക്കിയുള്ളവർ അകത്തു കയറി പുറത്തിറങ്ങും വരെ കാത്തിരിക്കുകയും ചെയ്യേണ്ടി വരും. കലാമിെൻറ അപൂർവമായ നിരവധി സ്കെച്ചുകളും ചിത്രങ്ങളും കൈപ്പടയിലുള്ള ഡയറിയും വസ്ത്രങ്ങളും ഇവിടെ കാണാനാകും. യുവത്വത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നും ആവേശവും പ്രചോദനവുമായിരുന്ന കലാമിന്റെ പ്രശസ്ത വചനങ്ങള്‍ ഏറെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും ബലമുള്ളതായിരുന്നു. ''ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം'', "ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാൻ ഒട്ടേറെ പേരുണ്ടാവും"-ആ ഇടനാഴികളിലൂടെ നടക്കവേ ഇന്ത്യക്കാരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മഹാ മനുഷ്യെൻറ ഉദ്ധരണികൾ എനിക്കു ചുറ്റും ഒന്നിനു പിറകെ ഒന്നായി വലയം ചെയ്യുന്നതു പോലെ തോന്നി. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.


അരിയമന്‍ ബീച്ച്

രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അരിയമന്‍ ബീച്ച് രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന സായാഹ്ന വിനോദസഞ്ചാര കേന്ദ്രമാണ്. ബോട്ടിങ്ങിനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിനും പറ്റിയ ഇടമാണ്. ഇവിടുത്തെ മണല്‍ത്തരികള്‍ക്കും വെള്ളത്തിനുമെല്ലാം ഒരു പ്രത്യേക ഭംഗിയാണ്.

ആഡംസ് ബ്രിഡ്ജ്

രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണ് ശ്രീലങ്കയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നത്. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ് രാമസേതു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. ധനുഷ്‌കോടിയുടെ മുനമ്പില്‍ നിന്നും തുടങ്ങുന്ന, 30 കി.മീ. നീളമുള്ള ഈ പാലം ഇന്ന് നാശത്തിന്‍റെ വക്കിലാണ്.

രാമേശ്വരത്ത് മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നാണ് അഗ്നിതീര്‍ഥം. രാമേശ്വരത്തെ 23 തീര്‍ഥങ്ങളിലും മുങ്ങിനിവര്‍ന്നാല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. മറ്റെല്ലാ തീര്‍ഥങ്ങളും ക്ഷേത്രത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അഗ്നിതീര്‍ഥം മാത്രം കടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രത്തില്‍ കയറി തൊഴുന്നതിനു മുന്‍പ് തീര്‍ഥങ്ങളില്‍ മുങ്ങിക്കയറണം എന്നൊരു വിശ്വാസം കൂടിയുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമുള്ള കാര്യമല്ല താനും. അഗ്നി തീര്‍ഥത്തില്‍ നിന്നാണ് തീര്‍ഥങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം.

വൃത്തി ജാസ്തി: ക്ഷമ വേണം

രാമേശ്വരത്ത് നിരവധി ഹോട്ടലുകളും ലോഡ്ജ് സൗകര്യങ്ങളുമുണ്ട്. 1500-2000 വരെ നിരക്ക് പറയുമെങ്കിലും വിലപേശിയാൽ 600-800 രൂപ നിരക്കിൽ മികച്ച ഡബിൾ റൂം സൗകര്യമുള്ള താമസ സ്ഥലം ലഭിക്കും. ഒരു കാര്യം പറയാതെ വയ്യ, ഇവിടങ്ങളിലെ ഭക്ഷണ ശാലകൾ പലതും നിഗൂഡത തോന്നിക്കുന്ന, യാതൊരു വൃത്തിയുമില്ലാത്തയിടങ്ങളാണ്. 'കലി' സിനിമയിൽ ദുൽഖർ സൽമാനും സായ് പല്ലവിയും ഭക്ഷണം കഴിക്കാൻ കയറുന്ന ചായക്കട പോലെയാണ് മിക്കതും കണ്ടാൽ തോന്നുക. വെള്ളം ചോദിച്ചാൽ ഗ്ലാസിൽ പത്തു കൈ വിരലും മുക്കിയാകും കൊണ്ടുതരിക. നമ്മുടെ കുട്ടിക്കാലത്ത് വീട്ടിൽ അമ്മക്കൊപ്പം ഉണ്ടാക്കാറുള്ള കുട്ടിയപ്പ വലിപ്പത്തിലുള്ള പൊറോട്ടയും ദോശയും ആണ് രാത്രി കൂടുതലുമുണ്ടാവുക.

യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ : രാമേശ്വരത്ത് ഉത്സവ സീസണിൽ പോകുന്നത് ഒഴിവാക്കുക. ഈ സമയത്ത് ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം നല്ല തിരക്കായിരിക്കും. അതിനാൽ യാത്ര ശരിക്കും ആസ്വദിക്കാൻ പറ്റാതെ വരും. ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ പൂജയ്ക്കും മറ്റുമെന്ന് പറഞ്ഞുകൊണ്ട് ചിലയാളുകൾ അടുത്തേക്ക് വന്നേക്കാം. പറ്റിക്കപ്പെടാതിരിക്കാൻ ആദ്യം തന്നെ ഇത്തരക്കാരെ ഒഴിവാക്കുക. പിന്നെ അൽപസ്വൽപം തമിഴ് ഭാഷ പഠിച്ചുവെച്ച് അതിൽ സംസാരിക്കുക, തമിഴർക്ക് അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തുന്നവരെ വലിയ കാര്യമാണ്. മലയാളികളെ അവർ പെട്ടന്ന് തിരിച്ചറിയുകയും ചെയ്യുമെന്നത് വേറൊരു കാര്യം.

യാത്രാമാർഗങ്ങൾ അനവധി

പാലക്കാട് മധുര വഴി ട്രെയിനിലും രാമേശ്വരത്തേക്ക് പോകാം. മധുരയിൽ നിന്നും രാമേശ്വരത്തേക്ക് 173 കിലോമീറ്റർ അകലമുണ്ട്. വിമാന മാർഗം രാമേശ്വരത്തെത്താൻ മാർഗമില്ല. മധുരയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ 36ാം സ്ഥാനത്ത് മധുരയുണ്ട്. തമിഴ്നാട്ടിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവക്കൊപ്പം ഇടം പിടിച്ചിട്ടുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് മധുര. മധുര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സര്‍വ്വീസുണ്ട്. ചെന്നൈയാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈ, കൊല്‍ക്കത്ത, മൈസൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ കിട്ടും. പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസുമുണ്ട്.

പിന്നോക്കം പോയ ഓർമകളുടെ കൂട്ട് തേടലാണ് പ്രിയപ്പെട്ട ചിലയിടങ്ങൾ

ഉള്ളിലുള്ള കഥകൾ അറിയും വരെ മാത്രമേ നാം വായിച്ച പുസ്തകങ്ങൾക്കും നാം കണ്ട സിനിമകൾക്കും പരിചയപ്പെടുന്ന ഏതൊരാൾക്കും നമ്മളിൽ കൗതുകം നിലനിർത്താൻ സാധിക്കു. ഒരു കാലത്തിനപ്പുറവും ആദ്യം കണ്ട പോലുള്ള അതേ കൗതുകം നിലനിർത്താനാവുക എന്നത് ഏറെക്കുറേ അസാധ്യമാണ്. എന്നാൽ നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ചില സ്ഥലങ്ങളുണ്ടാകും. എത്രയോ തവണ പോയതാണെങ്കിലും മടുക്കാത്തയിടങ്ങൾ, പിന്നോക്കം പോയ ഓർമകളുടെ കൂട്ട് തേടലാണ് ഒരിക്കൽ പോയി പ്രിയപ്പെട്ടതായ ചിലയിടങ്ങൾ. മനോഹരമായ എന്തൊക്കെയോ നമ്മളിൽ അവശേഷിപ്പിച്ചു തന്നെയാണ് ഏതൊരു യാത്രയും കടന്നുപോകുന്നത്, ഏതൊരു യാത്രയും തീരുന്നത്. അതുപോലെ തന്നെ നമ്മള് പോയിട്ടുള്ള ചില സ്ഥലങ്ങൾക്ക് ചില പ്രത്യേകതകളുണ്ടാവും, ഏറ്റവും കുറഞ്ഞത് ഇനി പോകാൻ പാടില്ലാത്തയിടങ്ങളെന്ന തോന്നലുണ്ടാക്കാനെങ്കിലും. മഴയത്ത്, വേനലിൽ, തണുപ്പ് കാലത്ത് മാത്രം പോകേണ്ടയിടങ്ങളിൽ കാലംതെറ്റി ചെല്ലാതിരിക്കുക എന്നത് യാത്രകളുടെ അടിസ്ഥാന പാഠമാണ്. നല്ലൊരു വെള്ളച്ചാട്ടം ഏറ്റവും മനോഹരമായി കാണാനാകുന്നത് കലി തുള്ളിയൊഴുകുന്ന മഴക്കാലത്ത് തന്നെയാണ്. കാണാനിനിയും എണ്ണമറ്റ എന്തെല്ലാമാണ് ബാക്കി കിടക്കുന്നത്? എത്ര കരയും കാറ്റും കടലും മലകളും പൂക്കാലവുമാണ് ഓരോ മനുഷ്യനും മനുഷ്യായുസ്സിൽ കാണാനാവുക?? കണ്ടാലും കണ്ടില്ലെങ്കിലും യാത്രയും യാത്രികരും ലക്ഷ്യവും അറ്റമില്ലാതെ നീണ്ടു കിടക്കുക തന്നെ ചെയ്യും. അതെ, ചില യാത്രകളും ചില വഴികളും ജീവിതത്തോടും നമ്മോടു തന്നെയും വല്ലാത്തൊരു ഇഷ്ടം തോന്നിപ്പിക്കും. അതിൽ കൂടുതലൊന്നും ഒരു യാത്രക്ക് നൽകാനാവില്ല താനും. നല്ലയിടങ്ങൾ സന്തോഷവും മറക്കാനാകാത്ത ഓർമകളും ബാക്കി വെക്കുന്നു, മോശപ്പെട്ടയിടങ്ങൾ പരീക്ഷണമായും ഇനി പോകരുതെന്ന പാഠവും സമ്മാനിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelDhanushkodi
News Summary - Travelogue of Dhanushkodi
Next Story