Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightപാലക്കാടൻ കാറ്റിൽ...

പാലക്കാടൻ കാറ്റിൽ...

text_fields
bookmark_border
പാലക്കാടൻ കാറ്റിൽ...
cancel

പാലക്കാട്ടേക്ക് പോകാൻ എപ്പോഴും മൺസൂൺ കാലം വരുന്നത് കാത്തുനിൽക്കും. മഴയിൽ പാലക്കാട് തണുക്കും. മലനിരകൾ നിറയെ മഴമേഘങ്ങൾ നിറയും. മയിലുകൾ പീലിവിടർത്തിയാടുന്ന വയൽവരമ്പുകൾ, പച്ചയണിഞ്ഞ നെൽവയലുകൾ... നമ്മൾ കാണാൻ കൊതിക്കുന്ന മാറ്റമില്ലാത്ത ചില ഗ്രാമക്കാഴ്ചകളുണ്ടിവിടെ.

ഏറ്റവും മനോഹരമായ ഗ്രാമങ്ങൾ കാണണമെങ്കിൽ പാലക്കാട് തന്നെ വരണം. സങ്കര സംസ്കാരമായതുകൊണ്ടുതന്നെ ഇവിടത്തെ കാഴ്ചകൾക്കും മിഴിവേറും. പെരുങ്കായം മണക്കുന്ന കായബജിയും വായിൽ കലാപമുയർത്തി അമരുന്ന അരിമുറുക്കും നിറയുന്ന അതിർത്തി ഗ്രാമങ്ങൾ...

നെൽവയലുകളുടെ നെന്മാറ, പൂരത്തിന്റെ നാടായ ചിനക്കത്തൂർ... ചെണ്ടയും മദ്ദളവും ഇടയ്ക്കയും ഉണ്ടാക്കുന്ന പെരുവെമ്പ്. കഥകളി ഗ്രാമമായ വെള്ളിനേഴി, പച്ചക്കറി വിളയുന്ന പെരുമാട്ടി, ഓണത്തല്ലിന് പേരുകേട്ട പല്ലശ്ശന.... അനങ്ങൻമലയും പണിക്കർ കുന്നുമുള്ള കീഴൂർ, നെല്ലിയാമ്പതിയുടെ താഴ്വാര ഗ്രാമമായ കൊല്ലങ്കോട്, പാലക്കാട്-തൃശൂർ അതിർത്തി ഗ്രാമമായ പൈങ്കുളം... വാഴാലിക്കാവും ഇവിടെയാണ്.
പുടൂരിലെ മനോഹരമായ നെൽവയലുകൾ. പട്ടാമ്പിയിലേക്ക് പോകുമ്പോൾ കണ്ണാടിപ്പുഴയുടെ തീരത്ത് അസ്തമയവും പറളിയും കാണാം. കല്ലടിക്കോടൻ മലകളുടെ പിന്നാമ്പുറത്തു വിളഞ്ഞുനിൽക്കുന്ന നെൽവയലുകൾ... കുന്തിപ്പുഴയുടെ തീരത്താണ് പുറമത്ര ഗ്രാമം.

പാലക്കാട് ടൗണിൽനിന്നും വീണ്ടും പോകണം കണ്ണാടി എത്താൻ. കണ്ണാടിയിൽനിന്നും കുറച്ചുകൂടി പോയാൽ ഒടിയൻ ചിത്രീകരിച്ച തേൻകുറിശ്ശി എത്തും. ചിറ്റിലഞ്ചേരി, നെന്മാറ, മുതലമട... ഗ്രാമക്കാഴ്ചകളുടെ പൂരമൊരുക്കി കുറെയേറെ നാടുകൾ.


യക്ഷിയാനം

മലമ്പുഴ എത്തി വൈകുന്നേരമാണ് ഡാം സൈറ്റ് കാണാൻ ഇറങ്ങിയത്. പശ്ചിമഘട്ട മലനിരകളാണ് മലമ്പുഴ ഡാമിന്റെ ബാക്ക് ഡ്രോപ് തന്നെ. കൽപാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴക്കു കുറുകെ 1955ൽ നിർമിച്ച ഡാം. ചെറുമഴയിൽ നനഞ്ഞുനീങ്ങുന്ന റോപ് വേ. അതിൽനിന്നും സന്തോഷത്തോടെ താഴെയുള്ള കാഴ്ചകൾ കാണുന്നവർ.

മഴത്തുള്ളികൾ ഡാമിലെ പരപ്പിലേക്ക് ചിതറിവീഴുന്നു. പരിചരണമില്ലാത്ത പൂന്തോട്ടം. വെട്ടിയൊതുക്കാതെ കളകയറിയ പുൽത്തകിടി.

മുകളിൽനിന്നു നോക്കുമ്പോൾ താഴെ ഉദ്യാനത്തിനരികെ, മലനിരകളെ നോക്കി ശരീരത്തിലേക്ക് മഴച്ചാറ്റൽ ഏറ്റുവാങ്ങി മലമ്പുഴയുടെ ഐക്കണിക് ലാൻഡ് മാർക്ക്‌ യക്ഷി.

30 അടി ഉയരത്തിൽ കാൽ നീട്ടി ഇരിക്കുന്ന സുന്ദര സ്ത്രീശിൽപം. മലയുടെ മകളെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ തന്നെ വിശേഷിപ്പിച്ച ശിൽപം. പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കരിങ്കൽ മേനിയിലേക്ക് മഴത്തുള്ളികൾ ഏറ്റുവാങ്ങി സൗന്ദര്യത്തികവോടെ മലമ്പുഴ യക്ഷി.
മേഘങ്ങൾ പിറക്കുന്ന കവ

മലമ്പുഴയിൽനിന്ന് കവയിലേക്കുള്ള യാത്രയിൽ കണ്ണിൽ പച്ചപ്പ്‌ നിറയും. ഇരുണ്ട കാടും പാറക്കൂട്ടങ്ങളും പിന്നിട്ട് പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലുള്ള സുന്ദരി ഗ്രാമമായ കവയിലേക്ക് എത്തി.

വൈകുന്നേരത്തെ സൂര്യാസ്തമയം കാണാൻ ധാരാളമുണ്ട്​ കാഴ്ചക്കാർ. ഒലവക്കോട്, പാലക്കാട് വഴിയുടെ അവസാനമാണ് കവ. ആനക്കൽ വഴി പോകണം. മഴനിറഞ്ഞ വൈകുന്നേരമാണ് കവയിലേക്കെത്തിയത്. മയിലുകൾ കറങ്ങിനടക്കുന്ന ഒരു കവല താണ്ടിയപ്പോൾ കവ ദൃശ്യമായി. മേഘങ്ങൾ പിറവിയെടുക്കുന്നയിടമാണ് കവയെന്ന് തോന്നിപ്പോകും. മലമ്പുഴ ഡാമിന്റെ വെള്ളം സംഭരിച്ചുവെക്കുന്ന കാച്മെന്റ് ഏരിയയാണിത്. മാവിൻ തോട്ടങ്ങളും ആനയും കരിമ്പുലിയുമിറങ്ങുന്ന റിസർവ് ഫോറസ്റ്റാണ് മറുവശത്ത്.

അങ്ങു ദൂരെ. ചെമ്പിച്ച് അസ്തമിച്ച ആകാശത്തിലേക്കുയർന്ന് ഒറ്റപ്പെട്ട് ഒന്നോ രണ്ടോ കരിമ്പനകൾ...

ചുരം കടക്കുന്ന വരണ്ട കാറ്റിൽ കരിമ്പനപ്പട്ടകളുലഞ്ഞുയരുന്ന സീൽക്കാര ശബ്ദം അനുഭവിച്ചു തന്നെയറിയണം. പനനൊങ്കും പനമ്പട്ടയും പനങ്കള്ളുമായി പാലക്കാടൻ മണ്ണിന്റെ ശ്വാസത്തിലലിഞ്ഞുചേർന്ന വൃക്ഷം.

പാലക്കാടിന്റെ ഊഷരഭൂമിയിൽ അൽപമെങ്കിലും ശീതളച്ഛായ പടർത്തി ഭൂഗർഭ ജലത്തെ ശുദ്ധീകരിക്കുന്ന ഇവയെപ്പോലും ചെങ്കൽചൂളകൾ കത്തിക്കാനുള്ള വിറകായി നശിപ്പിക്കുന്നു. ഇതിൽ അഭയം തേടിയിരുന്ന വെള്ളിമൂങ്ങകളും പനങ്കുള്ളൻ എന്ന പക്ഷിയുമൊക്ക ഇപ്പോ വംശനാശ ഭീഷണിയിലാണ്.

കരിമ്പനകളുടെ വളർച്ചയുടെ പ്രത്യേകത പറഞ്ഞുതന്നത് ഖസാക്കിന്റെ ഇതിഹാസകാരന്റെ മ്യൂസിയം സൂക്ഷിപ്പുകാരനായ സഹദേവനാണ്.

തീയിൽ കുരുത്തതിനാൽ കരിമ്പന വെയിലത്തു വാടില്ല. ചെറുതായി കുഴി കുഴിച്ചിട്ടാൽ കൂടി വിത്തുകൾ പൊട്ടി കരിമ്പനകൾ മുളക്കാൻ തുടങ്ങും. ഒരു വർഷമായാൽ രണ്ട് ഇല വരും. അക്കാലമത്രയും ഇതിന്റെ വേരുകൾ താഴേക്കുള്ള യാത്രയിലാണ്.

കവയിൽ ജലാശയത്തിൽ ചായുന്ന സൂര്യനെതിരെ തലയുയർത്തി നിൽക്കുന്ന ഒരൊറ്റ കരിമ്പന നോക്കി ഞാനേറെ നേരം നിന്നു. ആ രാത്രി പാലക്കാടൻ കാറ്റേറ്റ് ഒരു സുഖനിദ്ര.


കൽപാത്തിയുടെ തീരത്തെ അഗ്രഹാരങ്ങൾ

മഴ ചാറിനിന്ന പുലരിയിലാണ് മലമ്പുഴയിൽനിന്ന് കൽപാത്തിയിലേക്ക് തിരിച്ചത്. പാലക്കാട് ജില്ലയിൽ തമിഴ് ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത പ്രദേശമാണ് കൽപാത്തി. ഇരുകരകളിലുമുള്ള കരിങ്കൽ പാത്തികൾക്കിടയിലൂടെ ഒഴുകുന്നതുകൊണ്ടാണ് കൽപാത്തിപ്പുഴക്ക് ആ പേരുവന്നത് എന്നാണ് ഐതിഹ്യം.

രഥോത്സവം നടക്കുന്ന വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം. വൃശ്ചികപ്പുലരിയിൽ ഉത്സവം കൊടിയിറങ്ങും. കാശിയിൽ പാതി കൽപാത്തി എന്നാണ്. ദക്ഷിണ കാശിയെന്നും കൽപാത്തിയെ വിളിക്കാറുണ്ട്.

മനുഷ്യരും ആനയും ചേർന്ന് വലിക്കുന്ന ഭീമാകാരമായ രഥങ്ങൾ, ചുറ്റും തമിഴ് കലർന്ന മലയാളം, കാശിയിലേതുപോലെ നദിയിലേക്ക് നീളുന്ന കൽപടവുകൾ. കാശി സന്ദർശനം കഴിഞ്ഞെത്തിയ ഭക്ത നൽകിയ ശിവലിംഗമാണ് മുഖ്യപ്രതിഷ്ഠ.

അമ്പലത്തിനുള്ളിൽകൂടി തന്നെ നീളുന്ന പടവുകളിലൂടെ കൽപാത്തി പുഴയിലേക്കിറങ്ങി. ഒരു മനോഹര ചിത്രത്തിനുവേണ്ടി ഒരുങ്ങിനിൽക്കുന്ന പോലെയുണ്ട് പുഴയോരം. പാറക്കെട്ടുകളും പച്ചക്കാടുകളും ചുറ്റി ഒഴുകുന്ന ഒരു അതിസുന്ദരിപ്പുഴ. പറളി എത്തുമ്പോൾ കൽപാത്തിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കും.

നഗരത്തിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് അഗ്രഹാരങ്ങളുടെ ഈയിടം. ഭാരതപ്പുഴയുടെ കൈവഴിയായ കൽപാത്തിപ്പുഴ ക്ഷേത്രത്തെ തഴുകി ഒഴുകുന്നു. വാളയാറും കോരയാറും വരട്ടയാറും ചേർന്നൊഴുകുന്നതാണ് കൽപാത്തിപ്പുഴ. പേരുപോലെ പാറകൊണ്ടുള്ള പാത്തികളിലൂടെ ഒഴുകുന്ന പുഴ.
കോലമെഴുതും മുറ്റങ്ങൾ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ടി.എൻ. ശേഷനും സി.എം. സുന്ദരവുമടങ്ങുന്ന പ്രഗല്ഭർ കൽപാത്തിയുടെ സന്തതികളാണ്. പൈതൃകഗ്രാമം എന്ന ബോർഡിനു മുന്നിൽ ഇന്ന് കൽപാത്തിയുടെ അഗ്രഹാരപ്പെരുമ ശുഷ്കമായിക്കൊണ്ടിരിക്കുന്നു. ഒരു വീടിന്റെ ചുമർ അടുത്ത വീടുമായി ബന്ധിപ്പിക്കുന്ന അഗ്രഹാരങ്ങൾ. ഇടുങ്ങിയ അഗ്രഹാരങ്ങൾ മോഡേൺ വീടുകളുമായി ഇഴചേരുന്നു.

ഏതാണ്ടെല്ലായിടത്തും തന്നെ കോലങ്ങളുണ്ട്. ഫിൽട്ടർ കോഫിയുടെ മണം പരക്കുന്നു. അതിരസവും ബുന്തിയും ഉഴുന്നുപൊടിയും വിൽക്കുന്ന കടകൾ. കൽപാത്തിയുടെ രുചിഭേദങ്ങൾ പണ്ടേ പ്രശസ്തമാണ്. ചീട, മധുരസേവ, തേൻകുഴൽ, താമരക്കൊണ്ടാട്ടം...

അഗ്രഹാരങ്ങളുടെ ഇരുട്ടും നനവുമുള്ള മുറികളിൽ നറുമണം ഉയർത്തി അനേകം ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രിസർവേറ്റിവ് ചേർക്കാതെ കുറഞ്ഞ അളവിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് നല്ല രുചിയും ഡിമാൻഡുമാണ്.

പഴയ കൽപാത്തി എന്നും പുതിയ കൽപാത്തി എന്നും രണ്ടു തെരുവുകൾ ഇവിടെയുണ്ട്. ഒരുപോലെയുള്ള ഓടുമേഞ്ഞ ഒറ്റനിലയോ ഇരുനിലയോ ആയ കെട്ടിടങ്ങൾ. കറുത്ത ഓക്സൈഡോ ചുവപ്പോ തേച്ച നിലങ്ങൾ, പ്രധാന വഴിയിലേക്ക് തുറക്കുന്ന മുൻവാതിൽ, ഉയർന്ന ചവിട്ടുപടികൾ. രഥോത്സവത്തിന് ഇവിടെ തലമുറകൾ ഒന്നുചേരുന്നു. ആഹ്ലാദിക്കുന്നു.


ഇഡലി തേടി രാമശ്ശേരിയിലേക്ക്​

ഇനി ആ പ്രത്യേക രുചിയുള്ള ഇഡലി തേടിയുള്ള യാത്രയാണ്. പാലക്കാട് -കോയമ്പത്തൂർ പാതയിൽ പുതുശ്ശേരി കഴിയുമ്പോൾ വലത്തോട്ട് യാത്ര ചെയ്താൽ രാമശ്ശേരി എത്തും. കോയമ്പത്തൂരിൽനിന്ന് കുടിയേറിയ മുതലിയാർ കുടുംബം കൊണ്ടുവന്ന രുചിയാണ് രാമശ്ശേരി ഇഡലി. മൺപാത്രത്തിൽ തുണിയിലൊഴിച്ച് അടച്ച് വിറകടുപ്പിൽ നിർമിക്കുന്ന രാമശ്ശേരി ഇഡലി ഇന്ന് ആധുനിക മാർഗങ്ങളിലാണ് പിറവിയെടുക്കുന്നത്. ദോശ പോലെ ഒരു ഇഡലി. എരിവുള്ള ചമ്മന്തിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഡലി അതിൽ ചാലിച്ച് വായിലേക്കുവെച്ച് അൽപനേരം കണ്ണടച്ചിരുന്നു. അപരിചിതമായ ഒരു രുചി അനുഭവത്തിൽ അൽപനേരം ധ്യാനത്തിലായിപ്പോയി. ഉഴുന്നും ഉലുവയും അരിയും ഏതോ പ്രത്യേക അനുപാതത്തിൽ ഒന്നിക്കുമ്പോൾ രാമശ്ശേരി ഇഡലി ജനിക്കും.

പാലക്കാടൻ

കാറ്റിൽ...

പറന്നിറങ്ങുന്ന വയൽക്കിളി കൂട്ടങ്ങളും ചേറ്റുമണം നിറഞ്ഞ പാടപ്പരപ്പുകളും താണ്ടിയാണ് തസ്രാക്കിലേക്കെത്തിയത്. പാലക്കാട് നഗരത്തിൽനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ കണ്ണാടി പഞ്ചായത്തിലാണ് കിണാശ്ശേരി.

കിണാശ്ശേരിയിലുള്ള കനാൽ പാലം ബസ് സ്റ്റോപ്പിലെ കമാനം മുതൽ നാം ആ സങ്കൽപലോകത്തിലേക്കു പ്രവേശിക്കുന്നു. ഒ.വി. വിജയന്റെ ആദ്യ നോവൽ ഖസാക്കിന്റെ ഇതിഹാസത്തിലെ സങ്കൽപവും ഇതിഹാസവും ഇടകലർന്ന ഇടമാണ് പാലക്കാട് കിണാശ്ശേരിക്കടുത്ത തസ്രാക്ക്.

പേരാലുകൾ നിറഞ്ഞ വഴിയിടങ്ങൾ. നോവൽകൊണ്ടുമാത്രം ലോകശ്രദ്ധയിലേക്ക് എത്തിയ, പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഒരു ഗ്രാമം. സ്മാരകത്തിന് അകത്തേക്ക് ചെല്ലുമ്പോൾ ചിത്രങ്ങളും പൂന്തോട്ടവും എല്ലാമായി അതിശ്രദ്ധയോടെ പരിപാലിക്കുന്ന ഒരിടം.

ഞാറ്റുപുരയും അറബിക്കുളവും കരിമ്പനകളും കണ്ണിന് മുന്നിലേക്കെത്തി. ഒ.വി. വിജയൻ ഖസാക്കിലേക്കെത്തുമ്പോൾ മലമ്പുഴ ഡാമിന്റെ പണി നടക്കുന്നതേ ഉള്ളൂ.


രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ ചെതലിമലയുടെ താഴ്വാരങ്ങൾ, രവി ബസിറങ്ങിയ കൂമൻകാവ്.

ഒ.വി. വിജയൻ സ്മാരകമെന്നെഴുതിയ കമാനത്തിലേക്കു വള്ളിച്ചെടികൾ പടർന്നുകയറിയിട്ടുണ്ട്. മുറ്റത്തെ പച്ചപ്പിൽനിന്ന് തലനീട്ടുന്ന കല്ലിൽ തീർത്ത മുഖങ്ങൾ. എല്ലാം പുസ്തകത്തിലെ കഥാപാത്രങ്ങൾ. തടിച്ച ചുണ്ടും ചുരുണ്ട തലമുടിയുമായി അപ്പുക്കിളി. ക്ഷീണിച്ചുവിയർത്ത അള്ളാപ്പിച്ച മൊല്ലാക്ക. നീലഞരമ്പുള്ള കൈകൾ ഉയർത്തി മൈമൂന. പ്രശസ്ത ശിൽപികളായ വി.കെ. രാജൻ, ജോസഫ് വർഗീസ്, ജോൺസൺ മാത്യു കൊച്ചിൻ എന്നിവരുടെ സൃഷ്ടികളാണ് ഇവയെല്ലാം.

കഴുക്കോലിൽ താങ്ങിനിൽക്കുന്ന ഞാറ്റുപുര. നീളൻ വരാന്തയിൽ ആറ് ഉരുളൻ തൂണുകൾ. ഞാറ്റുപുരയിൽ നിറയെ കഥാകാരന്റെ ചരിത്രമാണ്. മുകൾനിലയിലെ ഗാലറിയിൽ ഒ.വിയുടെ ചിന്നിച്ചിതറിയ അക്ഷരങ്ങൾ നിറഞ്ഞ കത്തുകളുടെ ശേഖരം.

മിത്തുകളുടെ ഭൂമിയായിരുന്നു ഖസാക്ക്. മിയാൻ ഷേക്ക്‌ സഞ്ചരിച്ചിരുന്ന പാണ്ഡൻ കുതിര.. തങ്ങള് പക്കിരി... പുളിങ്കൊമ്പത്തെ പോതി..

രാത്രിയിൽ രവിയിരുന്ന് നക്ഷത്രങ്ങളെ കാണുന്ന ചെതലിമല ആലത്തൂർ റോഡിലാണ്.

പിന്നിലെ വയലിന്റെ ഓരത്ത് ടൂറിസം വകുപ്പിന്റെ സർക്യൂട്ട് ​പ്രോജക്ടിന്റെ ഭാഗമായ റൈറ്റേഴ്സ് വില്ലേജിന്റെ പണി പുരോഗമിക്കുന്നു. ഇത്രയും മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകം കേരളത്തിൽ ആദ്യമായി കാണുകയാണ്. സൂക്ഷിപ്പുകാർ രണ്ടും അത്യന്തം ആത്മാർഥതയുള്ളവർ.

സ്മാരകത്തിൽനിന്ന് അറബിക്കുളത്തിലേക്ക് പച്ചനിറഞ്ഞ ഒരു പാതയുണ്ട്. സ്മാരക സമിതി ഓഫിസിനു പിറകിലെ ഓഡിറ്റോറിയത്തിൽ ഖസാക്ക് പ്രേമികളെ കാത്ത് ധാരാളം ചിത്രങ്ങളുണ്ട്.

പെരുവമ്പിനടുത്താണ് തസ്രാക്ക്. കുഴൽമന്ദം റൂട്ടിലും ഇവിടെ എത്തിച്ചേരാം.

Show Full Article
TAGS:travelogueMadhyamam kudumbam
News Summary - Madhyamam Kudumbam travelogue to palakkad
Next Story