ടൂറിസം മേഖലയിൽ കുതിപ്പ്: സന്ദർശകരുടെ എണ്ണത്തിൽ വർധനവ്
text_fieldsദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ ചരിത്ര നേട്ടങ്ങളുമായി 2025 വിടപറയുന്നു. സന്ദർശകരുടെ എണ്ണത്തിൽ രാജ്യം ഏറ്റവും ഉയർന്ന നിരക്ക് കൈവരിക്കുമെന്നും ഈ വർഷം ബുക്ക് ചെയ്യപ്പെട്ട ഹോട്ടൽ മുറികളുടെ എണ്ണം 97 ലക്ഷത്തിലെത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നും
കണക്കുകൾ വ്യക്തമാക്കുന്നു. ഖത്തർ ചേംബർ ടൂറിസം ആൻഡ് എക്സിബിഷൻ കമ്മിറ്റി അംഗം ഐമൻ അൽ ഖുദ്വ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. "2025 നവംബർ വരെയുള്ള മാസങ്ങളിൽ ഏകദേശം 97 ലക്ഷം ഹോട്ടൽ ബുക്കിങ്ങുകളാണ് നടന്നത് -അദ്ദേഹം പറഞ്ഞു.
ഈ കാലയളവിൽ ഏകദേശം 44 ലക്ഷം സന്ദർശകർ ഖത്തറിലെത്തിയതായും ഡിസംബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദർശകരുടെ എണ്ണത്തിലും ഹോട്ടൽ താമസക്കാരുടെ എണ്ണത്തിലും മുൻ വർഷങ്ങളിലെ എല്ലാ റെക്കോർഡുകളും തകർക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വർഷത്തിലുടനീളം സംഘടിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫോർമുല 1 ഗ്രാൻഡ് പ്രീ, ഫിഫ അറബ് കപ്പ് തുടങ്ങി നിരവധി കായിക -സാംസ്കാരിക -വിനോദ പരിപാടികൾ നടന്ന ഡിസംബർ മാസം ടൂറിസം മേഖലക്ക് ആവേശം പകരുന്ന നിരവധിയാർന്ന പരിപാടികളാണ് നടന്നത്.
ഫിഫ അറബ് കപ്പിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 2021ലെ ഫിഫ അറബ് കപ്പിൽ ആറ് ലക്ഷത്തോളം കാണികളാണ് എത്തിയതെങ്കിൽ, 2025 ഡിസംബർ ഒന്നു മുതൽ 18 വരെ നടന്ന അറബ് കപ്പിന് 12 ലക്ഷത്തിലധികം കാണികൾ എത്തി. ഇത് മുൻ വർഷത്തിൽനിന്ന് ഇരട്ടിയിലധികമാണ്.
ഫിഫ ലോകകപ്പിനു ശേഷവും അന്താരാഷ്ട്ര തലത്തിൽ ഖത്തർ കായികകേന്ദ്രമായി തുടരുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, വൈവിധ്യമാർന്ന പരിപാടികൾ, വിപുലമായ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ടൂറിസം വളർച്ചക്ക് കരുത്തേകുന്നു. 2025-ലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുന്നതോടെ ഖത്തറിന്റെ ടൂറിസം മേഖലയിലെ വളർച്ചയും ഇത് രാജ്യത്തെ സുസ്ഥിര വികസനത്തിൽ എങ്ങനെ പുതിയ ചുവടുവെപ്പുകൾക്ക് ഇടയാക്കുന്നതെന്നും കൂടുതൽ വ്യക്തത നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

