ഡെങ്കിപ്പനി നിവാരണത്തിന് ഗൂഗ്ൾ വിദ്യ
text_fieldsഡെങ്കിപ്പനിക്കാലമാണ് വരുന്നത്. ഡെങ്കി കൊതുകുകളെ എങ്ങനെ പ്രതിരോധിക്കുമെന്നതിൽ നമ്മുടേതടക്കമുള്ള ഭരണാധികാരികൾക്ക് പലതരത്തിലുള്ള ആശയക്കുഴപ്പങ്ങളുമുണ്ട്. ഈ ആശയക്കുഴപ്പം തീർക്കാനൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ഗൂഗ്ൾ. കൊതുകുവഴി പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ 3.2 കോടി പ്രത്യേക കൊതുകുകളെ തുറന്നുവിടുന്ന പദ്ധതിയാണ് ഗൂഗ്ൾ പിന്തുണയുള്ള ഗവേഷകസംഘം അവതരിപ്പിച്ചിരിക്കുന്നത്. യു.എസിലെ ഫ്ലോറിഡയിലും കാലിഫോർണിയയിലുമായി ഈ കൊതുകുകളെ വിടാനാണ് അനുമതി തേടിയിരിക്കുന്നത്. പദ്ധതി യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (ഇ.പി.എ) പരിഗണനയിലാണ്.
വോൾബാകിയ (Wolbachia) എന്ന സ്വാഭാവിക ബാക്ടീരിയ വഹിക്കുന്ന ആൺകൊതുകുകളെയാകും അനുമതി ലഭിച്ചാൽ ഗവേഷക സംഘം കൂട്ടത്തോടെ തുറന്നുവിടുക. മിക്ക ഷഡ്പദങ്ങളിലും കാണുന്ന ബാക്ടീരിയയാണ് വോൾബാകിയ. ഇവ വഹിക്കുന്ന കൊതുകുകളോ മറ്റു ഷഡ്പദങ്ങളോ മനുഷ്യരെ കടിച്ചാലും കുഴപ്പമില്ല. എന്നാൽ, ഇവ രോഗകാരിയായ പെൺകൊതുകുകളുമായി ഇണചേർന്നാൽ മുട്ടകൾ വിരിയാതെ പോകും. ഇതിലൂടെ രോഗവ്യാപനത്തിന് കാരണമാകുന്ന കൊതുകുകളുടെ എണ്ണം കുറക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഗൂഗ്ളിന്റെ ഡീബഗ് (Debug) പദ്ധതിയുടെ ഭാഗമായാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. കീടനാശിനികളും മറ്റും ഉപയോഗിച്ച് രോഗകാരിയായ കൊതുകുകളെ കൊല്ലുന്നതിനുപകരം, അവയുടെ വ്യാപനം കുറക്കുന്നതിനായി ‘ജൈവരീതി’യിൽ തന്നെ ഒരു വഴി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗ്ൾ സംഘം.
ഇത് കേവലമൊരു അനുമാനമല്ല; നേരത്തെ പലയിടങ്ങളിലും ചെറിയ രീതിയിൽ പരീക്ഷിച്ച് വിജയിച്ചതാണ്. ഇതിനുമുമ്പ് കാലിഫോർണിയയിലെ പരീക്ഷണങ്ങളിൽ, ചില പ്രദേശങ്ങളിൽ കൊതുകുകളുടെ എണ്ണം 95 ശതമാനത്തിലേറെ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. സിംഗപ്പൂരിലും സമാന രീതിയിൽ നടത്തിയ പദ്ധതിക്കുശേഷം ഡെങ്കിപ്പനി കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

