Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_right'രാഷ്ട്രീയം...

'രാഷ്ട്രീയം എഴുത്തുകാരനും കാണികൾക്കും തമാശയല്ല, എന്നാൽ തമാശക്കുള്ള വക രാഷ്ട്രീയക്കാർ നൽകുന്നു. അങ്ങനെ സിനിമകൾ സംഭവിക്കുന്നു'- ഇഖ്ബാൽ കുറ്റിപ്പുറം

text_fields
bookmark_border
Dr. Iqbal Kuttippuram
cancel

മലയാളിയുടെ മനസ്സറിഞ്ഞ തിരക്കഥാകൃത്താണ് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം. 'നിറം' മുതൽ അടുത്തിടെ പുറത്തിറങ്ങിയ 'മകൾ' വരെ അതിന് സാക്ഷി. എല്ലാം ഇരുകൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. ലളിതമായ കഥകൾ, അതിലും ലളിതമായ കഥാപാത്രങ്ങൾ.

ഒറ്റവാക്കിൽ ഇഖ്ബാൽ ഡോക്ടറുടെ കഥകളെ ഇങ്ങനെ വിശേഷിപ്പിക്കാം. അതിമാനുഷരല്ലാത്ത ആ കഥാപാത്രങ്ങൾ നമുക്കു ചുറ്റും ഉള്ളവർതന്നെയാണ്. അതത് കാലഘട്ടങ്ങളിലെ സാമൂഹികപ്രശ്നങ്ങളെയും കുടുംബാന്തരീക്ഷത്തെയും വ്യക്തിബന്ധങ്ങളെയും അവ കൃത്രിമത്വമില്ലാതെ വരച്ചുകാട്ടി.

കുറ്റിപ്പുറത്ത് ഇഖ്ബാൽ ഡോക്ടറുടെ വീടിന്റെ കിഴക്കുവശം പുഴയാണ്. ഒരുപാടൊരുപാട് പേരുടെ സർഗചോദനകൾക്ക് സാക്ഷിനിന്ന നിള. കത്തും വേനലിൽ പുഴ ശോഷിച്ചെങ്കിലും ഒഴുക്ക് നിലച്ചിട്ടില്ല. വെയിലേറ്റ് തിളങ്ങുന്ന വിശാലമായ മണൽപ്പരപ്പിൽ ചെറു നീർച്ചാലുപോലെ പുഴ ബാക്കിയുണ്ട്. തൊട്ടപ്പുറത്ത് നെടുനീളത്തിൽ നീണ്ടുകിടക്കുന്ന റെയിൽപാളത്തിലൂടെ ഏതോ വണ്ടി ഓടിപ്പോകുന്നതിന്റെ ശബ്ദം കേൾക്കാം.

പുഴക്കപ്പുറം കൂടല്ലൂർ ഗ്രാമമാണ്. വ്യത്യസ്തമായ കഥാഖ്യാനങ്ങൾകൊണ്ട് ഭാഷയെയും സംസ്കാരത്തെയും സാഹിത്യ​ത്തെയും സിനിമയെയും സ്വാധീനിച്ച എം.ടിയുടെ കൂടല്ലൂർ. ഈ പുഴയും പുഴക്കപ്പുറം പൂത്ത കഥകളും പലരൂപത്തിൽ ഇഖ്ബാൽ ഡോക്ടറെയും സ്വാധീനിച്ചിട്ടുണ്ട്.

പുഴ അതിരിടുന്ന വീടിന്റെ കിഴക്കേ കോലായിലിരുന്നാണ് ഡോക്ടർ സംസാരം ആരംഭിച്ചത്. വീടിന്റെ മുറ്റമാകെ ചെടികളും പൂക്കളുമാണ്. അവയും പുഴയുടെ സാന്നിധ്യവും അന്തരീക്ഷത്തെ തണുപ്പിച്ചുനിർത്തുന്നു. അതിലും മനോഹരമായ ശാന്തതയാണ് ഡോക്ടറുടെ മുഖത്ത്. ഒരുപിടി നല്ല സിനിമയുടെ സ്രഷ്ടാവ്, പ്രസിദ്ധനായ ഹോമിയോ ഡോക്ടർ... അവയുടെ ഒന്നും 'ഭാരം' മുഖത്തില്ലാത്ത ഒരു നാടൻ കുറ്റിപ്പുറത്തുകാരൻ.


എല്ലാ കുട്ടികളെയുംപോലെ കുസൃതിയും കുറുമ്പും നിറഞ്ഞതായിരുന്നു ഇഖ്ബാലിന്റെ ബാല്യവും. ഡോ. മുഹമ്മദാലിയുടെയും നഫീസയുടെയും നാലു മക്കളിൽ ഒരാൾ. ആൺകുട്ടികളായ സലീമിനും ഇഖ്ബാലിനും കുറുമ്പ് ഇത്തിരി കൂടുതലായിരുന്നു.

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അന്ന് വീട്. നാട്ടിൻപുറത്തിന്റെ എല്ലാ രസങ്ങളും ഉ​ൾച്ചേർന്ന ഇടം. ഭാരതപ്പുഴയും റെയിൽവേ സ്റ്റേഷനും വിവിധ ക്ലബുകളും അവയിലെ പാതിരാപാട്ടുകളും, മീന തിയറ്ററിലെ സിനിമകാണലുമൊക്കെയായി സമ്പുഷ്ടമായ ബാല്യം.

ആദ്യം മാറ്റം സംഭവിച്ചത് സലീമിലാണ്. വായനയുടെയും കഥകളുടെയും ലോകത്തേക്ക് അയാൾ അതിവേഗത്തിൽ വീണുപോയി. ജ്യേഷ്ഠന്റെ പുസ്തകപ്രേമം ഇഖ്ബാലിനെയും പതിയെ പിടികൂടി. സലീമാണ് ഇഖ്ബാലിനെ അതിലേക്ക് കൈപിടിച്ചുനടത്തിയത്. കുറ്റിപ്പുറത്തെ എലൈറ്റ് ലൈബ്രറിയിൽ അങ്ങനെ ഇഖ്ബാൽ സഥിരം സന്ദർശകനായി.

മാറ്റത്തിന്റെ നിറം

മകനെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. എന്നാൽ, അന്നതിന് ഇഖ്ബാലിന് താൽപര്യം തോന്നിയില്ല. പൊന്നാനി എം.ഇ.എസ് കോളജിൽ ഇഖ്ബാൽ ജിയോളജി ബിരുദപഠനത്തിന് ചേർന്നു. എന്നാൽ, ആദ്യവർഷം പിന്നിട്ടതോടെ ഇഖ്ബാലിനൊരു മനംമാറ്റം -ഇത് നമുക്ക് ശരിയാകുമോ! പിതാവിനോട് കാര്യം പറഞ്ഞു. ജിയോളജി പഠനം അവിടെവെച്ച് നിർത്തി. നേരെ ചോറ്റാനിക്കര പടിയാർ ഹോമിയോ മെഡിക്കൽ കോളജിൽ എത്തി ഡോക്ടറാകാൻ.

പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഇഖ്ബാലിന്റെ മനം നിറയെ കഥകൾ പൂത്തുതുടങ്ങിയിരുന്നു. അവ പലയിടങ്ങളിലായി എഴുതിയിട്ടു. സിനിമയോടുള്ള അഭിനിവേശം കാരണം അവയിൽ പലതിനും തിരക്കഥയുടെ രൂപമായിരുന്നു. ഇഖ്ബാലിന്റെ അസുഖമറിയുന്ന സുഹൃത്ത് അങ്ങനെയുള്ളതിൽനിന്ന് ഒരെണ്ണമെടുത്ത് സംവിധായകൻ കമലിന് നൽകി.


കഥവായിച്ച കമലിന് ഇഷ്ടപ്പെട്ടു. ഇത് ഞാൻ സിനിമയാക്കുന്നില്ല, എന്നാലും എഴുതിയ ആളോട് എന്നെ വന്നൊന്നു കാണാൻ പറ - കമലിന്റെ മറുപടി ഇങ്ങനെയായിരുന്നു. അടുത്ത ദിവസം ഇഖ്ബാൽ കമലിനുമുന്നിൽ ഹാജരായി. എഴുത്തിന്റെ രീതി കൊള്ളാം, ഡിസ്കഷന് കൂടെ കൂടിക്കോ. ഇഖ്ബാലിന് സിനിമയിൽ വിജയിക്കാനാകും എന്ന് കമൽ. ആ സമീപനം ഇഖ്ബാലിനെ അത്ഭുതപ്പെടുത്തി. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന വലിയ പ്രോത്സാഹനമായിരുന്നു അത്. കമലിന്റെ കഥാചർച്ചകളിൽ ഇഖ്ബാൽ സ്ഥിരസാന്നിധ്യമായി.

അപ്പോഴും തന്നിലൂടെ ഒരു സിനിമ സംഭവിക്കുമെന്ന് ഇഖ്ബാൽ നിനച്ചിരുന്നില്ല. പഠിച്ച വൈദ്യമേഖലയോടുള്ള ഇഷ്ടം ഉള്ളിൽ നുരപൊന്തുന്നുമുണ്ട്. ഇടക്ക് കമലുമായുള്ള ചർച്ചകൾ അവസാനിക്കുകയും ചെയ്തു. എല്ലാം വിധിക്കു വിട്ടുനൽകി ഇഖ്ബാൽ കുറ്റിപ്പുറത്ത് തിരികെയെത്തി. വളാഞ്ചേരിയിൽ സ്വന്തം ക്ലിനിക് തുടങ്ങി. നിള പിന്നെയും ഒഴുകി.

പിന്നീടൊരിക്കൽ തിരൂർ തുഞ്ചൻപറമ്പിൽ പരിപാടിക്കെത്തിയ കമൽ ഡോക്ടറെ കണ്ടു. കാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമായൊരു കഥ വേണം -കമൽ പറഞ്ഞു. മനസ്സിൽ അടുക്കിവെച്ചിരുന്ന കഥകളിലൊന്ന് കമലിനു മുന്നിൽ അവതരിപ്പിച്ചു. കമൽ അതിനൊരു പേരിട്ടു- 'നിറം'. കഥ ഹിറ്റായി, സിനിമ സൂപ്പർ ഹിറ്റും. മേഘമൽഹാർ, ഗ്രാമഫോൺ, സ്വപ്നക്കൂട് ഇതേ കൂട്ടുകെട്ടിൽ മൂന്നു സിനിമകൾകൂടി പിറന്നു.

പഴയകാല സിനിമാപ്രവർത്തകരെപ്പോലെ ഇഖ്ബാലിന് ഒരിക്കലും കഥകളുമായി സംവിധായകരെ തേടി അലയേണ്ടിവന്നില്ല. കാലത്തിന്റെ നിശ്ചയംപോലെ പിന്നെയും ആ തൂലികയിൽനിന്ന് സിനിമകൾ പിറന്നു. അതെല്ലാം ഹിറ്റുകളുമായി.


നിറമേറും സിനിമകൾ

1999ൽ 'നിറ'ത്തിലൂടെയാണ് ഇഖ്ബാൽ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് മേഘമൽഹാറും ഗ്രാമഫോണും സ്വപ്നക്കൂടും പുറത്തിറങ്ങി. ഫോർ ദി പീപ്ൾ 2004ൽ തിയറ്ററുകളിലെത്തി. തുടർന്ന് അറബിക്കഥ, സെവൻസ്, ഡയമണ്ട് നക്ലൈസ്, വിക്രമാദിത്യൻ, ജോമോന്റെ സുവിശേഷം, മ്യാവു എന്നിവയും ഏറ്റവും ഒടുവിൽ മകളും പ്രേക്ഷകർക്കു മുന്നിലെത്തി. കമൽ, സത്യൻ അന്തിക്കാട്, ജോഷി, ജയരാജ്, ലാൽ ജോസ് എന്നീ സംവിധായകർക്കൊപ്പം ഇതിനകം ഇഖ്ബാൽ ഒരുമിച്ചു.

എഴുത്ത്, എഴുത്തുകാർ

ജീവിതത്തിരക്കുകളിൽനിന്ന് കഴിവതും ഒഴിഞ്ഞിരിക്കുന്നയാളാണ് ഇഖ്ബാൽ. 17 വർഷമായി ദുബൈയിലാണ് സ്ഥിരവാസം. ദിവസവും വൈകീട്ടാണ് ക്ലിനിക്കിൽ പോക്ക്. ബാക്കിവരുന്ന ഒഴിഞ്ഞിരിക്കലുകളിലാണ് മനസ്സിലേക്ക് കഥകൾ വരുന്നത്. വായനയും സിനിമകാണലുമാണ് ഒഴിവുസമയത്തെ പ്രധാന കാര്യങ്ങൾ. മലയാളി എഴുത്തുകാർക്കു പുറമെ മാർകേസും പാമുക്കും പൗലോ കൊയ്ലോയുമാണ് പ്രിയപ്പെട്ടവർ. എം.ടിയുടെ കർക്കടകമാണ് എന്നത്തെയും പ്രിയപ്പെട്ട കഥ.

എം.ടി തന്നെയാണ് ഇഖ്ബാൽ ഡോക്ടറുടെ പ്രിയ തിരക്കഥാകൃത്ത്, പത്മരാജനും ശ്രീനിവാസനുമൊക്കെ ഇഷ്ടക്കാർതന്നെ. ലോഹിതദാസും ജോൺപോളും രഞ്ജിത്തും പുതുതലമുറയിലെ ശ്യാംപുഷ്കരനുമൊക്കെ ഈ ലിസ്റ്റിൽ പിറകെ വരുന്നു.

സിനിമാഎഴുത്തിനും ഡോക്ടർക്ക് ചില ചിട്ടകളുണ്ട്. എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് ഷൂട്ട് തുടങ്ങുന്നതിനുമുമ്പേ സംവിധായകന് കൈമാറും. പിന്നീടതിൽ വലിയ തിരുത്തലുകൾ സംഭവിക്കില്ല. തിരക്കഥ കൈമാറിക്കഴിഞ്ഞാൽ പതിവുപോലെ ഡോക്ടർ ദുബൈയിലേക്കു മടങ്ങും. ഷൂട്ട് നടക്കുന്ന ഇടങ്ങളിൽപോലും ഡോക്ടർ എത്തുക ചുരുക്കം ദിവസങ്ങളിൽ മാത്രം.

സംവിധായകന്റെ എഴുത്തുകാരനാണ് താനെന്നാണ് ഇഖ്ബാൽ ഡോക്ടർ സ്വയം പറയുന്നത്. ഓരോ സംവിധായകർക്കും വേണ്ടത് നൽകുക എന്നതാണ് മുഖ്യം, അപ്പോൾ സിനിമ നന്നാകും. പ്രേക്ഷകനെയും മനസ്സിൽ കാണാറുണ്ട്. അവരുടെ മനോനിലയെ തൃപ്തിപ്പെടുത്തുക എന്നതും പ്രധാനമാണ്. ഒരു സിനിമാപ്രവർത്തകൻ എപ്പഴും ഒരു കൂവൽ പ്രതീക്ഷിച്ചിരിക്കണം എന്നത് പൊതുതത്ത്വമായി മനസ്സിലുണ്ട്. ഡോക്ടറുടെ സിനിമകൾ കാണുന്നവർക്ക് ആ കൂവൽ ഉപയോഗിക്കേണ്ടിവരുന്നില്ല എന്നത് മറ്റൊരു സത്യം.


അയ്മനവും ക്യൂബ മുകുന്ദനും

ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർഥനെയും അറബിക്കഥയിലെ ക്യൂബ മുകുന്ദനെയും മലയാളി പ്രേക്ഷകർ അ​​ത്ര എളുപ്പത്തിൽ മറക്കില്ല. രാഷ്ട്രീയഹാസ്യത്തെ വേറിട്ട ​ശൈലിയിൽ തുറന്നുകാട്ടിയ ഈ സിനിമകളിൽ ഫഹദ് ഫാസിൽ, ശ്രീനിവാസൻ എന്നിവർ ആ വേഷങ്ങളെ അതുല്യമാക്കി.

പൊളിറ്റിക്കൽ സറ്റയറിന്റെ മാസ്റ്റേഴ്സായ ശ്രീനിവാസന്റെയും സത്യൻ അന്തിക്കാടിന്റെയും സിനിമകൾ കണ്ട് മോഹം തോന്നിയിട്ടാണ് അറബിക്കഥ എഴുതിയതെന്ന് ഇഖ്ബാൽ ഡോക്ടർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എഴുത്തുകാരനും കാണികൾക്കും തമാശയല്ല, എന്നാൽ തമാശക്കുള്ള വക രാഷ്ട്രീയക്കാർ നൽകുന്നു.

അങ്ങനെ സിനിമകൾ സംഭവിക്കുന്നു. അതുമായി റിലേറ്റ് ചെയ്യുന്നത് കാണികൾ സ്വീകരിക്കുന്നു എന്നാണ് ഡോക്ടറുടെ അനുഭവപാഠം. നാട്ടിൻപുറത്തു കണ്ടുവരുന്ന രാഷ്ട്രീയക്കാരുടെ കാഴ്ചകൾതന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങൾക്കും ഹേതുവെന്ന് ഡോക്ടർ. സ്വന്തം പോസ്റ്റർ ഒട്ടിക്കുന്ന ചെറുകിട നേതാവും പാർട്ടിയിൽനിന്ന് പുറത്തായിട്ടും ഇടതു ചിന്തകളുമായി നടക്കുന്ന കമ്യൂണിസ്റ്റുമൊക്കെ ഡോക്ടറുടെ ചുറ്റുപാടിലെ കാഴ്ചകൾതന്നെ.

​െക്രഡിറ്റ് കാർഡുകൊണ്ട് ജീവിക്കുന്ന പ്രവാസിസുഹൃത്ത് അരുണിന്റെ കഥയാണ് ഡയമണ്ട് നെക്ലെയ്സിലെ നായകനിൽ വന്നുചേർന്നത്. പഠനകാലത്തെ എറണാകുളം വാസവും ഫോർട്ടുകൊച്ചി കാഴ്ചകളുമാണ് ഗ്രാമഫോണിലേക്ക് നയിച്ചത്. പലപ്പോഴായി ഉള്ളിൽ പതിയുന്ന കാഴ്ചകൾക്കു ചുറ്റും കഥ വികസിപ്പിക്കുന്നതോടെ തിരക്കഥക്ക് രൂപമാകുന്നു.


അനുഭവങ്ങളുടെ മറുനാട്

ഒന്നര ദശകത്തിലേറെയായി പ്രവാസിയാണ് ഡോ. ഇഖ്ബാൽ. ദുബൈ സന്ദർശനത്തിനിടെ സുഹൃത്താണ് അവിടെ തങ്ങാൻ നിർബന്ധിച്ചത്. ദുബൈയിൽ 'ഡോ. ഇഖ്ബാൽ അൾട്ടർനേറ്റിവ് മെഡിക്കൽ സെന്റർ' എന്ന പേരിലുള്ള ക്ലിനിക്കിന്റെ തുടക്കം അതാണ്. ഹോമിയോക്കു പുറമെ ആയുർവേദവും ദന്തപരിചരണവും ഡയറ്റീഷ്യനും ഇവിടെയുണ്ട്.

ഇതൊക്കെയാണെങ്കിലും പ്രവാസം ഇഖ്ബാൽ ഡോക്ടറെ ഒരുതരത്തിലും ഭ്രമിപ്പിച്ചിട്ടില്ല. ചില സിനിമകൾക്ക് പ്രവാസജീവിതം ഹേതുവായിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും താനിപ്പഴും ഒരു കുറ്റിപ്പുറത്തുകാരനാണെന്ന് പറയാനാണ് ഇഖ്ബാലിനിഷ്ടം. മാസത്തിലൊരിക്കൽ പതിവുതെറ്റിക്കാതെ ഡോക്ടർ നാട്ടിലെത്തുന്നതും അതിനാലാണ്.

ഡോക്ടറാണ്, സിനിമക്കാരനും

ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത്, വർഷങ്ങളുടെ പാരമ്പര്യമുള്ള ഡോക്ടർ. ഇതിൽ ഏതിനോടാണ് ഇഷ്ടം എന്നു ചോദിച്ചാൽ ഡോക്ടർ എന്നാണ് ഇഖ്ബാലിന്റെ മറുപടി. ''ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത് രോഗികൾക്കൊപ്പമാണ്. സിനിമയെ പിന്തുടരുന്നുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രമാണ് സിനിമ സംഭവിക്കുന്നത്.

ഒരിടത്തും സിനിമക്കാരനായി സ്വയം പരിചയപ്പെടുത്താറില്ല. ഉപ്പ മുഹമ്മദാലിയും കുറ്റിപ്പുറത്തെ പ്രസിദ്ധനായ ഹോമിയോ ഡോക്ടറായിരുന്നു. അത് എന്നിലൂടെ തുടരുന്നതിൽ ചാരിതാർഥ്യമുണ്ട്.'' കുറ്റിപ്പുറത്തെ പിതാവിന്റെ ക്ലിനിക്കിൽ ഇപ്പോഴും മാസത്തിലൊരിക്കൽ കൺസൽട്ടിങ്ങിനിരിക്കുന്നുണ്ട് ഡോക്ടർ. പിതാവിന്‍റെ വഴിയിൽതന്നെയാണ് അദ്ദേഹത്തിന്റെ രണ്ടു മക്കളും. മകൻ ഗസലും മകൾ നൈലും ഹോമിയോപ്പതി വിദ്യാർഥികളാണ്.

പെരുന്നാൾ 'മകൾ'ക്കൊപ്പം

'മകൾ' സിനിമയുടെ റിലീസിങ്ങും പെരുന്നാളും കണക്കിലെടുത്താണ് ഇത്തവണ ഡോക്ടർ നാട്ടിലെത്തിയത്. തിരക്കുകൾക്കിടയിൽ സംസാരത്തിന് ഒഴിവുകിട്ടിയത് പെരുന്നാൾദിനത്തിലും. ഇടക്ക് ഭാര്യ രോഷ്നി പായസവുമായെത്തി. മംഗലാപുരം ഫാ. മുള്ളർ ഹോമിയോ മെഡിക്കൽ കോളജിൽ പഠിക്കുന്ന മകൻ ഗസൽ വീട്ടിലെത്തിയിട്ടുണ്ട്.

അതേ കോളജിൽ പഠിക്കുന്ന മകൾ നൈൽ എത്താത്തതിലെ നിരാശയിലാണ് വീട്ടുകാർ. ആഘോഷത്തിലേക്ക് ഡോക്ടറുടെ സഹോദരൻ സലീമും സഹോദരിമാരായ സാഹിയും മുംതാസുംകൂടി എത്തിച്ചേർന്നു. പെരുന്നാളിനൊപ്പം സിനിമയുടെ വിജയവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വീട്. ശ്യാമപ്രസാദിനും ജോഷിക്കും വേണ്ടിയുള്ള കഥകളുടെ ആലോചനയിലാണ് ഈ ഇടവേള. കഥ തുടരും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviecinemaNiramMeowscriptwriterDr. Iqbal KuttippuramSwapnakoodu4 the PeopleArabikkathaSevenesOru Indian PranayakathaMakal
News Summary - Dr. Iqbal Kuttippuram Speaks about family, cinema
Next Story