Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_right‘മാറിനിൽക്കേണ്ട...

‘മാറിനിൽക്കേണ്ട കാര്യമില്ലെന്നു തോന്നിയ സമയത്തെ ആ സപ്പോ​ർട്ട് എനിക്ക്​ ധൈര്യം പകർന്നുതന്നു’- ഭാവന

text_fields
bookmark_border
bhavana talks
cancel

2002ൽ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ്സിലേക്ക്​ കുടിയേറിയ ​പ്രിയ നടിയാണ്​ ഭാവന​.​ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം കൂടാതെ തമിഴ്​, തെലുങ്ക്, കന്നട​ സിനിമകളിലും തന്‍റേതായ ഇടം കണ്ടെത്തിയ കരുത്തുറ്റ അഭിനേത്രി.

മലയാള സിനിമ ചരി​ത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതക്ക്​ ഇരയാവേണ്ടിവന്നതോടെ അഭിനയരംഗത്തുനിന്ന്​ പിൻവലിഞ്ഞെങ്കിലും നീതിക്കുവേണ്ടി ശക്​തമായി പോരാടി, അതുവരെ തുടർന്നുവന്ന ആൺകോയ്മയുടെ നീതികേടിനെ തുറന്നുകാണിച്ചവൾ.

സിനിമയെക്കാൾ വ്യക്​തിജീവിതത്തിനും മാനസികാരോഗ്യത്തിനും പ്രധാന്യം നൽകി സിനിമാ ജീവിതത്തിന്​ താൽക്കാലിക ഇടവേള നൽകിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്​.
സിനിമാകഥയെ പോലും വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച്​ സ്ത്രീസമൂഹത്തിന്​ ​പുതിയ ദിശാബോധം പകർന്നുനൽകിയ ഭാവന തന്‍റെ തിരിച്ചുവരവിനെ കുറിച്ച്​ സംസാരിക്കുന്നു...


ആറുവർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക്​ വീണ്ടും തിരിച്ചെത്തി​. പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ ‘ന്‍റിക്കാക്കൊരു പ്രേമോണ്ടാർന്ന്​’ ഏറ്റെടുത്തു. എന്തുതോന്നുന്നു മടങ്ങിവരവും ചിത്രത്തിനോടുള്ള പോസിറ്റിവ്​ പ്രതികരണവും?

തീർച്ചയായും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്​. ഒരു ആർട്ടിസ്റ്റ്​ എന്ന നിലയിൽ നമ്മൾ ഹാർഡ്​വർക്ക്​ ചെയ്യുന്നത്​ ഈ ഒരു സ്വീകാര്യതക്കുവേണ്ടിയാണല്ലോ. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത്​ കാണുമ്പോൾ സന്തോഷവും സ്​നേഹവും തോന്നുന്നു.

ഒരു പുതിയ ടീമിനൊപ്പമായിരുന്നു മടങ്ങിവരവ്​. മലയാള സിനിമ അധികം ചർച്ചചെയ്തിട്ടില്ലാത്ത ഒരു പ്രമേയവും. ഇനിയൊരു മടങ്ങിവരവ്​ ഇല്ലെന്നു പ്രഖ്യാപിച്ച ഭാവന ഈ ചിത്രം തന്നെ തിരിച്ചുവരവിന്​ തെരഞ്ഞെടുക്കാൻ കാരണം​?

മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക്​ എടുക്കാൻ തോന്നി. അഞ്ചുവർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ്​​ എന്നെ നടിയാക്കിയത്​. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ്​ അഭിനയിക്കാൻ തന്നെയാണ്​ ഇഷ്ടവും കംഫർട്ടബ്​ളും. പുതിയ ടീമിനൊപ്പം ഫ്രഷ്​ ആയിട്ട്​ കരിയർ റീ സ്റ്റാർട്ട്​ ചെയ്യാം എന്നു തോന്നി. ശരിക്കും പ്ലാൻ ചെയ്​തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട്​ ടൈമിൽ വന്നുചേർന്നുവെന്ന്​ മാത്രം​.

96ന്‍റെ കന്നട റീമേക്ക്​ 99 അടക്കം ഭാവനയുടേതായി പുറത്തുവന്നു. മലയാളത്തിൽനിന്ന്​ നിരവധി നടിമാർ അന്യഭാഷകളിൽ തിളങ്ങുന്നുണ്ട്​. മലയാളം ഇൻഡസ്​ട്രിയും മറ്റു ഭാഷ സിനിമാ സെറ്റുകളും തമ്മിൽ പൊതുവെ തോന്നിയ വ്യത്യാസങ്ങൾ?

മലയാള സിനിമ കുറച്ചുകൂടി അറ്റാച്ച്​ഡ്​ ആണ്​. ഞാൻ വളരെ ചെറുപ്പത്തിൽ അഭിനയിച്ചുതുടങ്ങിയ​തല്ലേ. ചെറുപ്പകാലം മുഴുവൻ ഇവി​ടത്തെ ഷൂട്ടിങ്​ സെറ്റിലാണ്​ ചെലവിട്ടത്​. അതുകൊണ്ടുതന്നെ അതിന്‍റെ ഒരു അടുപ്പം ഇവിടെ എനിക്കുണ്ട്​. മിക്കവരെയും ​വ്യക്​തിപരമായി അറിയാം. ടെക്നീഷ്യൻസ്​ മുതൽ യൂനിറ്റ്​ അംഗങ്ങൾ പോലും ​ഒരു കുടുംബം പോലെയാണ്​. കന്നടയിലൊക്കെ ശരിക്കും പ്രഫഷനൽ സ്​പേസ്​ ആണ്​. ജോലിചെയ്യുന്നു, തീർക്കുന്നു, തിരിച്ചുമടങ്ങുന്നു. പക്ഷേ, എന്‍റെ സ്വഭാവപ്രകൃതി കൊണ്ടാവാം എല്ലായിടത്തും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്​.


ഐ.എഫ്​.എഫ്​.കെ വേദിയിൽ ഭാവനയുടെ തിരിച്ചുവരവ്​ മലയാളികൾ ഏറ്റെടുത്തിരുന്നു. കേരളം വിട്ട്​ ബംഗളൂരുവിലേക്ക്​ ഒരു പറിച്ചുനടൽ നടത്തിയപ്പോൾ കേരളം മിസ്​ ചെയ്തിരുന്നോ?

ഐ.എഫ്​.എഫ്​.കെയിലെ സപ്പോ​ർട്ട് എനിക്ക്​ ഒരുപാട്​ ധൈര്യം പകർന്നുതന്നു. മാറിനിൽക്കേണ്ട കാര്യമില്ലെന്നു തോന്നിയ സമയത്തായിരുന്നു അത്​. ബംഗളൂരുവിൽ ആണ്​ ഭർത്താവി​ന്‍റെ വീട്​. അമ്മ, ചേട്ടൻ, ഞങ്ങളുടെ പട്ടികൾ എല്ലാം നാട്ടിലാണ്. അവരെ മിസ്​ ചെയ്യുന്നുവെന്ന്​ തോന്നുമ്പോഴൊക്കെ ഞാൻ നാട്ടിലെത്തും. ബംഗളൂരു വളരെ അടുത്തല്ലേ.

കന്നടയുടെ മരുമകൾ കൂടിയാണിപ്പോൾ. വീണ്ടും മലയാളികൾ ഭാവനയെ ബിഗ്​ സ്ക്രീനിൽ കാണാൻ എത്ര നാൾ കാത്തിരിക്കണം​?

ഞാൻ മൂന്നു മലയാളം സിനിമകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ശങ്കർ രാമകൃഷ്​ണൻ സംവിധാനം ചെയ്ത റാണി എന്ന മൂവിയിൽ ഒരു ഗസ്റ്റ്​ റോൾ ചെയ്തിട്ടുണ്ട്​. ഷാജി കൈലാസ്​ സാറിന്‍റെ ഹണ്ട്, നഹി കഹാനി, പിന്നെ ഒരു പുതിയ ടീമിന്‍റെ കൂടെ ഒരു മൂവി ചെയ്തു. ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്​. ഈ വർഷം മൂന്നു സിനിമകൾ എന്തായാലും റിലീസാകും എന്നാണ്​ പ്രതീക്ഷ.

സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ. അതിനൊപ്പം ഒരുപാട്​ സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്​. മഞ്​ജു വാര്യർ, സംയുക്​ത വർമ തുടങ്ങി സ്ഥിരം പാർട്​ണേഴ്​സ്​ ആയ ശിൽപയും ഷഫ്‌നയും മൃദുലയും രമ്യ നമ്പീശനുമെല്ലാം. ഈ സൗഹൃദങ്ങൾ​ നൽകുന്ന കരുത്ത്​ എത്രത്തോളമാണ്​?

ഫ്രൻഡ്സ്​ അല്ലേ നമ്മളുടെ കരുത്ത്​. എല്ലാവരും തിരക്കുള്ളവരാണ്​. എന്നാലും സമയം കണ്ടെത്തി ഒന്നിച്ചുകൂടാറുണ്ട്​. എല്ലാവർക്കും അതൊരു റീ സെറ്റിങ്​ പ്രോസസ്​ ആണെന്നു തോന്നുന്നു.


മലയാള സിനിമ മാറിയതായി തോന്നിയിട്ടുണ്ടോ? കണ്ടന്റ് ഉൾ​പ്പെടെ?

മലയാള സിനിമ കൂടുതൽ റിയലിസ്റ്റിക്സ്​ ആയ പോലെ തോന്നുന്നു. ടെക്നിക്കലീ ഒരുപാട്​ അഡ്വാൻസ്​ഡ്​ ആകുന്നുണ്ട്​ മലയാള സിനിമ. ഒരുപാട്​ ഒറിജിനൽ ഐഡിയകൾ മലയാളത്തിൽ നമുക്ക്​ കാണാൻ സാധിക്കും. പുറത്തുള്ള ​ഫ്രൻഡ്സ്​ ഒക്കെ നല്ല സിനിമ കാണാൻ തോന്നുമ്പോൾ മലയാളം സിനിമയാണ്​ കാണാറുള്ളതെന്നാണ്​ പറയാറ്​. പണ്ട്​ ഉണ്ടായിരുന്നപോലെ ഔട്ട്​ ആൻഡ്​ ഔട്ട്​ കോമഡി മൂവികൾ അൽപം കുറഞ്ഞപോലെ തോന്നുന്നു.

ബോഡി ഷേമിങ്​ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുവേണം ഓരോ ഡയലോഗുകളും പറയാൻ. സമൂഹമാധ്യമങ്ങൾ സിനിമകളെ കീറിമുറിച്ച്​ വിമർശിക്കാറും അഭിനന്ദിക്കാറുമുണ്ട്​. ഇത്​ നല്ലതാണെന്ന്​ തോന്നിയിട്ടുണ്ടോ?

എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്​. ബോഡി ഷേമിങ്​, ജെൻഡർ ഷേമിങ്​ മറ്റ്​ അധിക്ഷേപങ്ങൾ തെറ്റാണെന്ന്​ ഒരു പരിധിവരെ ജനങ്ങളിലെത്തിക്കാൻ സോഷ്യൽ മീഡിയ സഹായിച്ചിട്ടുണ്ട്​. അതേസമയം, ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾ നടക്കുന്നത്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ്​. കൂടുതൽ ബോധവത്​കരണം കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മൾ മുന്നിൽ ആണെങ്കിലും ഒരുപാട്​ അടിസ്ഥാനപരമായ​ കാര്യങ്ങൾ ഇനിയും നമ്മൾ ശ്രദ്ധിച്ചുതുടങ്ങണം. അനാവശ്യമായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ അടക്കം തെറ്റാണെന്നുള്ള ബോധം പരസ്പരം പറഞ്ഞ്​ മനസ്സിലാക്കണം.

സ്വകാര്യ കാര്യങ്ങൾ, പ്രത്യേകിച്ച്​ സിനിമ താരങ്ങളുടെ ജീവിതത്തിലേക്ക്​ സോഷ്യൽ മീഡിയ ആഴ്ന്നിറങ്ങി പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്​. നെഗറ്റീവ്​ കമന്‍റുകളും സൈബർ ആക്രമണവും ഉൾപ്പെടെ. ഭാവനയും അവയെ നേരിട്ടിരുന്നു?

സൈബർ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്​. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വർക്കിനെ ​വിമർശിക്കുന്നത്​ നമുക്ക്​ മനസ്സിലാക്കാം. വ്യക്​തിപരമായി ആക്രമിക്കുക അല്ലെങ്കിൽ അസഭ്യം പറച്ചിൽ ഇതൊക്കെ എന്തിനാണ്​ ചെയ്യുന്നതെന്ന്​​ ​ഇപ്പോഴും മനസ്സിലാവുന്നില്ല. പലരുടെയും സങ്കടങ്ങൾ അവർ ഇങ്ങനെയൊക്കെയാകും തീർക്കുന്നതെന്നു തോന്നുന്നു.


സിനിമയിലെ മാറ്റത്തെ കുറിച്ച്​ പറയുമ്പോൾ തന്നെ അഭിനയത്തിൽ മാത്രമല്ല, മറ്റു പല മേഖലകളിലും ഇന്ന്​ സ്ത്രീകൾ ധാരാളമായി കടന്നുവരുന്നുണ്ടല്ലോ. ഈ മാറ്റത്തെക്കുറിച്ച്​?

ഇന്ന്​ സെറ്റിൽ അസിസ്റ്റന്‍റ്​ ഡയറക്​ടേഴ്​സ്​ തൊട്ട്​ ഡബ്ബിങ്​ സ്റ്റുഡിയോയിൽ റെക്കോഡ്​ ചെയ്യുന്നതുവരെ സ്ത്രീകൾ ആണ്​. ശതമാനം എടുത്താൽ ഒരുപക്ഷേ കുറവായിരിക്കാം. എന്നാലും, തുടക്ക കാലം വെച്ച്​ താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റം കാണുന്നുണ്ട്​. വ്യക്​തിപരമായി വളരെ അധികം സന്തോഷം തോന്നുന്ന കാര്യമാണിത്​. സ്ത്രീകളായാലും പുരുഷന്മാരായാലും ട്രാൻസ്​ജെൻഡേഴ്​സ്​ ആയാലും എല്ലാവർക്കും അവരുടെ പാഷൻ പിന്തുടർന്ന്​ സ​ന്തോഷം നൽകുന്ന തൊഴിൽമേഖല കണ്ടെത്തട്ടെ.

2002ൽ ‘നമ്മൾ’ സിനിമയിലൂടെ തുടങ്ങിയ സിനിമാജീവിതം 20 വർഷം പിന്നിടുകയാണ്​. കടന്നുപോയ വർഷങ്ങളെ എങ്ങനെ വിലയിരുത്താം​?

20 വർഷം ആയെന്നൊക്കെ പറയുന്നത്​ വലിയം അത്ഭുതം തോന്നുന്നു. ഇപ്പോഴും എന്നെ കണ്ടുമടുത്തു എന്ന്​ എന്‍റെ പ്രേക്ഷകർ പറയുന്നില്ലല്ലോ അ​തു തന്നെ വലിയ കാര്യം. ഒരുപാട്​ നല്ല വേഷങ്ങൾ എനിക്ക്​ ചെയ്യാൻ പറ്റി. ഒരുപാട്​ നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി. ജീവിതം അങ്ങനെ ആണല്ലോ. എല്ലാത്തിനും ഒരു മിക്സ്​ അല്ലേ. കരിയറിലും അങ്ങനെ തന്നെ.

ആദ്യ സിനിമ തന്നെ വൻ വിജയമായിരുന്നിട്ടും അഞ്ചു വർഷത്തിനുശേഷമാണ്​ ഒരു അന്യഭാഷ ചിത്രത്തിൽ അഭിനയിക്കുന്നത്​. ഇത്ര വലിയ ഇടവേള വരാൻ കാരണം?

നല്ല ​വേഷങ്ങൾ അപ്പോഴാണ്​ വരാൻ തുടങ്ങിയതെന്ന്​ തോന്നുന്നു. പിന്നെ എനിക്കും ഒരു കോൺഫിഡൻസ്​ അല്ലെങ്കിൽ ശരിക്കുമുള്ള സീരിയസ്നെസ്​ ഒക്കെ വന്നത്​ ആ ഒരു സമയത്താണ്. 15 വയസ്സിൽ തുടങ്ങിയതല്ലേ. സിനിമയുടെ പ്രാധാന്യം ഒക്കെ ഞാൻ ഉൾക്കൊണ്ട ശേഷമാണ്​ മറ്റു ഭാഷകളിൽ അഭിനയിച്ചു തുടങ്ങിയത്​.


കാർത്തിക​യെന്നത്​ മനോഹരമായ പേരല്ലേ. പിന്നെന്തെ ഭാവനയെന്ന പേര്​ തന്നെ തുടരാൻ തീരുമാനിച്ചത്​​. ആരായിരുന്നു ആ​ പേരിട്ടത്?​

സിനിമയിൽ കാർത്തിക എന്ന പേര്​ പലർക്കും ഉണ്ടായിരുന്നു. ഒരു ​ഐഡന്‍റിറ്റി ഉണ്ടാക്കാൻ പേര്​ മാറ്റുന്നതാണ്​ നല്ലതെന്നു തോന്നി. ‘നമ്മൾ’ ചെയ്യുന്ന സമയത്ത് കമൽ സാർ ഒക്കെ പറഞ്ഞതാണ്​ പേര്​ മാറ്റുന്നത്​ നല്ലതാകും എന്ന്​. അങ്ങനെ ഞാൻ ഷോർട്ട്​ ലിസ്റ്റ്​ ചെയ്ത കുറച്ച്​ പേരിൽനിന്നും എല്ലാവർക്കും ഇഷ്ടമായ പേരാണ്​ ഭാവന.

കുടുംബജീവിതം എങ്ങനെ പോകുന്നു?

സന്തോഷത്തോടെ പോകുന്നു. നവീൻ ബിസിനസ്​ ഒക്കെ ആയിട്ട്​ ബംഗളൂരുവിൽ സെറ്റിൽഡ്​ ആണ്​. എനിക്ക്​ ഷൂട്ട്​ ഇല്ലാത്തപ്പോൾ ഞങ്ങൾ ട്രാവൽ ചെയ്യും, മൂവി കാണും. ഒരു ചെറിയ ഹോളിഡേ ട്രിപ് ഉടനെ പ്ലാൻ ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhavana
News Summary - bhavana talk
Next Story