Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരിച്ചറിയാം ഭക്ഷണത്തിലെ മായവും വ്യാജവും
cancel

ഭക്ഷണത്തിലും ഭക്ഷ്യവസ്തുക്കളിലും മായവും വിഷാംശവും കലരാനുള്ള സാധ്യതയേറെയാണ്​. കേടുകൂടാതിരിക്കാനോ കൂടുതൽ നിലവാരം തോന്നിപ്പിക്കാനോ മനഃപൂർവം ചേർക്കുന്നതാകാം. അല്ലെങ്കിൽ അശ്രദ്ധയോ അറിവില്ലായ്മയോ കാരണം വന്നുചേരുന്നതുമാകാം. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വാങ്ങുമ്പോൾ ഉപഭോക്താവ്​ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്​.

അതിനാവശ്യമായ ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്​. ഉപഭോക്താവിനെ സംരക്ഷിക്കുന്ന നിയമങ്ങളും നിലവിലുണ്ട്​. ഭക്ഷണം വിഷമുക്തവും ഗുണനിലവാരമുള്ളതുമാകണമെങ്കിൽ അത്​ തയാറാക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ നിർബന്ധമായും നിലവാരമുള്ളതായിരിക്കണം. മത്സ്യം, മാംസം, പച്ചക്കറികൾ, കറിപ്പൊടികൾ, ഹോട്ടൽ ഭക്ഷണം, റെഡി ടു കുക്ക്​, റെഡി ടു ഈറ്റ്​ ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മാംസം വാങ്ങുമ്പോൾ

മാംസത്തിന്‍റെ നിറം നോക്കൽ പ്രധാന ഘടകമാണ്. കോഴിയിറച്ചി ഫ്രഷാണെങ്കിൽ അതിന്‍റെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കും. ചിറകിനടിയിലെ മാംസത്തിന് പച്ച നിറമില്ലെന്ന് ഉറപ്പുവരുത്തണം. മുറിവേറ്റ അടയാളമോ രക്തക്കട്ടയോ ഉണ്ടോ എന്നും പരിശോധിക്കണം. റെഡ് മീറ്റിന് (ബീഫ്, മട്ടൻ, പന്നി പോലുള്ളവ) നിറം ചുവപ്പും പാക്കറ്റ് മാംസത്തിന് ഇളം തവിട്ട് നിറവുമായിരിക്കും.

റെഡ് മീറ്റ് ആടിന്‍റെയാണോ പോത്തിന്‍റെയാണോ എന്ന് മണംകൊണ്ട് മനസ്സിലാക്കാനാകും. കോഴി മാംസത്തിന് പൊതുവേ ഗന്ധം കുറവായിരിക്കും. പുതിയ മാംസം വാങ്ങുമ്പോൾ അതിന് ദുർഗന്ധമില്ല എന്ന് ഉറപ്പുവരുത്തണം.

തൊട്ടുനോക്കുമ്പോൾ കോഴിമാംസം ഉറപ്പുള്ളതായി തോന്നിക്കണം. മാംസം വലിയുന്നുണ്ടെങ്കിൽ പഴകിയിട്ടുണ്ടാകും. റെഡ് മീറ്റ്​ എളുപ്പം മുറിയു​െന്നങ്കിൽ വാങ്ങരുത്. കൊഴുപ്പിന്‍റെ കളർ മഞ്ഞയാണെങ്കിൽ പഴകിയതാണെന്ന് മനസ്സിലാക്കുക. മാംസത്തിന്‍റെ തൊലിയിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഉയർന്ന തോതിലുള്ള കലോറി ഹൃദയരോഗങ്ങൾക്ക്​ കാരണമായേക്കാം.

പാക്കറ്റ് മാംസങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് ചെയ്ത ലേബൽ ഉണ്ടോയെന്ന് പരിശോധിക്കണം. കശാപ്പുശാലകളിലെ ഇറച്ചിക്ക് അത്തരത്തിലുള്ള ലേബലുകളുണ്ടാവില്ല.


മത്സ്യം വാങ്ങുമ്പോൾ സൂക്ഷിക്കേണ്ടത്​

ഫു​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്​മെ​ന്റ് നടത്തുന്ന പരിശോധനകളിൽ അധികവും രാസവ​സ്തു​ക്ക​ളു​ടെ സാ​ന്നിധ്യം കണ്ടെത്താൻ കഴിയാറില്ല. ശ​രി​യാ​യ രീ​തി​യി​ൽ സൂ​ക്ഷിക്കാ​ത്ത​തു​കൊണ്ട്​ കേടാ​യ മ​ത്സ്യമാ​ണ് മാ​ർ​ക്ക​റ്റു​ക​ളിലെ​ത്തു​ന്ന​തെന്നാണ്​ കണ്ടെത്തുന്നത്​.

മ​ത്സ്യം ഐ​സ് ഇ​ല്ലാ​തെ മൂന്നു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ ശരിയായ രീതിയിൽ ഐസിൽ സൂക്ഷിച്ച മത്സ്യമാണെന്ന്​ ഉറപ്പുവരുത്തുക.

ഒരു കി.ഗ്രാം മ​ത്സ്യം ശ​രി​യാ​യ രീ​തി​യി​ൽ സൂ​ക്ഷിക്കണമെ​ങ്കി​ൽ ഒരു കി. ​ഗ്രാം ഐ​സ് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും പ​ത്തോ ഇ​രു​പ​തോ കി​ലോ മ​ത്സ്യ​ത്തിനു​പു​റ​ത്ത് ഒ​ന്നോ ര​ണ്ടോ കി​ലോ ഐ​സ് ഇ​ട്ടാ​ണ് മ​ത്സ്യം സൂ​ക്ഷി​ക്കു​ന്നത്.

മ​ണ​ൽ വി​ത​റി​യ മ​ത്സ്യം ന​മ്മു​ടെ ക​ട​പ്പു​റ​ത്തുനി​ന്ന് കൊ​ണ്ടു​വ​രു​ന്ന​താണെ​ന്നും ന​ല്ല​താണെ​ന്നും ധാ​ര​ണയു​ണ്ട്. മറ്റു സം​സ്ഥാ​നങ്ങളിൽനി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ മ​ണ​ൽ വി​ത​റി നാ​ട​ൻ മീ​നാണെന്ന ധാ​ര​ണ ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​ത് ക​ണ്ടുവ​രു​ന്നുണ്ട്​. മ​ത്സ്യ​ത്തിൽ മണൽ വിതറുന്നത്​ മണലിലുള്ള അ​ണു​ക്ക​ൾ കൂ​ടിക്ക​ല​ർ​ന്ന് മ​ത്സ്യം പെ​ട്ടെ​ന്ന് കേ​ടാ​കു​ന്ന​തി​ന് കാ​ര​ണമാ​കു​ന്നു. വൃ​ത്തി ഹീ​ന​മാ​യ മ​ണ​ൽപോ​ലും ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്നുണ്ട്. മ​ണ​ൽ വി​ത​റി​യ മ​ത്സ്യം വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്കണം​.


നല്ല മത്സ്യം തിരിച്ചറിയാൻ

ക​ണ്ണു​ക​ൾ ന​ല്ല തി​ള​ക്കമു​ള്ള​വ​യും മാംസം ഉടയാ​ത്ത​തും നി​റത്തിൽ കാര്യമായ മാറ്റം വരാത്തവയുമായിരിക്കും നല്ല മത്സ്യം. ചെകിളയു​ടെ നി​റം ര​ക്ത​വ​ർ​ണം ഉള്ള​തുമാ​യി​രി​ക്കും. എ​ന്നാ​ൽ, കേ​ടാ​യ മ​ത്സ്യം ക​ണ്ണു​ക​ൾ നി​റം മാ​റിയതോ മാംസം ഉടഞ്ഞതോ ​തൊ​ലി​യു​ടെ നി​റം മാ​റിയതോ ചെകിളകൾ ചേറിന്‍റെയോ ചായയുടെയോ നിറമായതുമായിരിക്കും.

മത്സ്യം വാങ്ങുമ്പോൾ അത് പ്രാദേശിക കച്ചവടക്കാരില്‍നിന്നാകാൻ ശ്രദ്ധിക്കാം. അവര്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കില്ലെന്നും കരുതാം. ദിവസേന പിടിക്കുന്ന ശുദ്ധജല മത്സ്യങ്ങള്‍ ശുദ്ധമായിരിക്കുമെന്ന്​ പറയേണ്ടതില്ലല്ലോ. അപൂര്‍വ ഇനങ്ങള്‍ വാങ്ങാതിരിക്കുക. ഇവ വളരെ ദൂരത്തുനിന്ന് കൊണ്ടുവരുന്നതായിരിക്കാമെന്നതിനാല്‍, സംരക്ഷിക്കുന്നതിനായി രാസപദാർഥങ്ങള്‍ ഉപയോഗിച്ചേക്കാം.

വൃത്തിയാക്കാൻ മത്സ്യം പൈപ്പിനുചുവട്ടില്‍ ഒഴുകുന്ന വെള്ളത്തില്‍ പിടിച്ച്‌ കഴുകുക. വെള്ളത്തില്‍ മുക്കിവെച്ചതുക്കൊണ്ടുമാത്രം മത്സ്യം വൃത്തിയാകില്ല.


പഴങ്ങളും പച്ചക്കറികളും

നിറവും മണവും നോക്കി പച്ചക്കറിയും പഴങ്ങളും വാങ്ങുന്നവരാണ് നമ്മിൽ പലരും. എന്നാൽ, അത്തരക്കാരാണ് കൂടുതൽ കബളിപ്പിക്കപ്പെടുന്നത് എന്നതാണ് വാസ്തവം.

ഉരുളക്കിഴങ്ങ്, കാരറ്റ്: പൊതുവേ കാഴ്ചക്ക് നല്ല നിറമുള്ള, നല്ല വലുപ്പമുള്ളതുനോക്കിയാണ് നാം തിരഞ്ഞെടുക്കുക. പെട്ടെന്നു കണ്ണില്‍പെടുന്നത് ഇതാണെന്നതാണ് വാസ്തവം. എന്നാല്‍, ഇത്തരത്തിലുള്ളവ നല്ലതല്ല. അധികം നിറവും വലുപ്പവും ഇല്ലാത്തവയാണ്​ നല്ലത്.

തക്കാളി: തക്കാളിയില്‍ വെളുത്ത വരകളുണ്ടെങ്കില്‍ രാസവസ്തുക്കൾ ഉപയോഗിച്ചതിന്‍റെ സൂചനയാണ്​. സ്പര്‍ശിക്കുമ്പോള്‍ തൊലി കൃത്രിമമായി തോന്നുന്നുവെങ്കിലും നല്ല സൂചനയല്ല.

കക്കിരി: കീഴറ്റം നല്ല കട്ടിയുള്ളതുനോക്കി വാങ്ങുന്നതാണ് നല്ലത്. മുറിക്കുമ്പോള്‍ കുരുവില്ലെങ്കില്‍ ഇതുപയോഗിക്കാതിരിക്കുക.

കാബേജ്: കട്ടി കുറഞ്ഞ, അധികം വലുപ്പമില്ലാത്ത ഒരേ നിറത്തിലെ കാബേജ് നോക്കി വാങ്ങുക. ഇവയില്‍ എന്തെങ്കിലും പാടുകളോ കുത്തുകളോ ഉണ്ടെങ്കിലും വാങ്ങരുത്.

മത്തങ്ങ: പുറംതൊലിയില്‍ അധികം പാടുകളില്ലാത്ത, മിനുസമുള്ളവ നോക്കി വാങ്ങുക. പുറംതൊലിയില്‍ വരകളുള്ള, പ്രത്യേകിച്ചു നേര്‍വരകളല്ലാത്തവയും ഇരുണ്ട നിറത്തിലെ കുത്തുകളുള്ളവയും വാങ്ങാതിരിക്കുക.

ആപ്പിൾ: തിളക്കമുള്ള തൊലി പലപ്പോഴും മെഴുകിന്റെ അംശമാണ് കാണിക്കുന്നത്. അല്‍പം പച്ചനിറമുള്ള, അത്രക്ക് അഴകില്ലാത്ത, അധികം വലുപ്പമില്ലാത്ത ആപ്പിള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

സ്‌ട്രോബെറി: സ്‌ട്രോബെറി വെള്ളത്തിലിട്ടാല്‍ അല്‍പം കഴിയുമ്പോള്‍ ജ്യൂസ് പുറത്തുവിടും. എന്നാല്‍, രാസപദാർഥങ്ങൾ അടങ്ങിയവയില്‍ ഇതുണ്ടാകില്ല. സാധാരണ മണമുണ്ടെങ്കില്‍ ഇത് രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ്​.

തണ്ണിമത്തന്‍: മുറിക്കുമ്പോള്‍ നല്ല ചുവപ്പു നിറവും അതേസമയം മഞ്ഞ നാരുകളുമെങ്കില്‍ നല്ലതല്ല. സാധാരണ തണ്ണിമത്തനില്‍ വെള്ള നാരുകളാണുണ്ടാവുക. മുറിക്കുമ്പോള്‍ മാംസളമായ ഭാഗത്ത് പിളര്‍പ്പുണ്ടെങ്കില്‍ നല്ല സൂചനയല്ല. നാം പലപ്പോഴും ഇത് നല്ലപോലെ പഴുത്ത തണ്ണിമത്തന്‍റെ അടയാളമായി കാണാറുണ്ട്. എന്നാല്‍, വാസ്തവം ഇതല്ല.

ചെറി: നല്ല തെളിഞ്ഞ നിറവും എല്ലായിടത്തും ഒരേ നിറവുമെങ്കില്‍ നല്ലതാണെന്നാണ് സൂചന. കെമിക്കലുകളെങ്കില്‍ പലയിടത്തും പല നിറങ്ങളുണ്ടാകും. പ്രത്യേകിച്ചും വെളുത്ത കുത്തുകളുമുണ്ടാകും. ഇതുപോലെ ഇതിന്റെ മണവും വ്യത്യസ്തമാകും.

കഴുകി ഉപയോഗിക്കുക

കർഷകർക്ക്​ കീടനാശിനിയോ രാസവളങ്ങളോ ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കീടനാശിനികളുടെ അവശിഷ്ടം പച്ചക്കറികളിലും പഴവർഗങ്ങളിലും കാണാം. അതുകൊണ്ട് അവ നന്നായി കഴുകി ഉപയോഗിക്കണം. 15 മിനിറ്റെങ്കിലും നല്ലപോലെ വെള്ളത്തിൽ മുക്കിയശേഷം നന്നായി ഒഴുക്കിക്കഴുകുക.

മുക്കിവെക്കുന്ന വെള്ളത്തിൽ കുറച്ച് വിനാഗിരിയോ ഉപ്പോ പുളിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും കനമുള്ളവ നോക്കി വാങ്ങുക. എപ്പോഴും അതതു സീസണില്‍ ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുക. സീസണല്ലാത്തവ കൃത്രിമ വഴികളുപയോഗിച്ച് വളര്‍ത്തിയതാകാന്‍ സാധ്യതയേറെയാണ്.


മസാലപ്പൊടികൾ

മുളകും മല്ലിയും മഞ്ഞളുമൊക്കെ വീട്ടിൽ കഴുകി ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവെച്ച് ഉപയോഗിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. ഏതു കറിക്കൂട്ടുവേണമെങ്കിലും പൊടിരൂപത്ത‍ിൽ കിട്ടും. പക്ഷേ, ചുടുകല്ല് പൊടിച്ചതുമുതൽ വിഷസ്വഭാവമുള്ള മായങ്ങൾവരെ പാക്കറ്റുകൾക്കുള്ളിൽ വരുന്നുണ്ട്​. ചില മസാലപ്പൊടികളിലെ മായമറിയാൻ ഇതാ കുറച്ച് പൊടിക്കൈകൾ.

കറിക്കൂട്ടുകളിൽ അന്നജം

മസാലപ്പെ‍ാടികള‍ിൽ അന്നജം (സ്റ്റാർച്) ചേർത്താൽ: ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കിവെക്കുക. തുടർന്ന് ആ ലായനിയിലേക്ക് അല്പം അയഡിൻ ലായനി ഒഴിച്ചാൽ നീലനിറം ലഭിക്കുകയാണെങ്കിൽ അത് സ്റ്റാർച് ചേർത്ത മസാലപ്പൊടിയാണെന്ന് ഉറപ്പിക്കാം. എന്നാൽ, ഈ പരിശോധന മഞ്ഞൾപൊടിക്ക് ബാധകമല്ല.

മുളകുപൊടിയിലെ മായം

ഒരു ടീസ്പൂൺ മുളകുപൊടി ഒരു ഗ്ലാസിലെ വെള്ളത്തിൽ ഇട്ടശേഷം നല്ലവണ്ണം ഇളക്കുക. തുടർന്ന് സാവധാനം ലായനിയുടെ 90 ശതമാനവും മറ്റൊരു ഗ്ലാസിലേക്കു പകരുക. ആദ്യ ഗ്ലാസിൽ ശേഷിച്ച ലായനിയിൽ വിരൽകൊണ്ട് അമർത്തിനോക്കുമ്പോൾ പരുപരുപ്പ് അനുഭവപ്പെടുകയാണെങ്കിൽ അതിൽ ചെങ്കൽപൊടി (ഇഷ്ടികപ്പൊടി) ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

മുളകുപൊടിയിൽ കൃത്രിമ നിറം ചേർത്താൽ

ഒരു ഗ്ലാസിൽ വെള്ള​​മെടുത്ത് മേശമേൽ നിശ്ചലമാക്കി വെക്കുക. തുടർന്ന് വെള്ളത്തിന്റെ മേൽപരപ്പിൽ ഒരു നുള്ള് മുളകുപൊടി വിതറുക. കൃത്രിമ കളറുകളുണ്ടെങ്കിൽ വെള്ളത്തിന്‍റെ മേൽപരപ്പിൽനിന്ന്​ താഴേക്ക് നിറങ്ങളുടെ വരകൾ ഉണ്ടാകും.

കുരുമുളക്, ഏലം, ഗ്രാമ്പൂ, മല്ലി, ജീരകം, കടുക് എന്നിവയിൽ ചേർക്കപ്പെടുന്ന ചളി, മണ്ണ് എന്നിവയും പൊടിഞ്ഞതും ചീത്തയായതും അന്യസസ്യങ്ങളുടെ വിത്തുകളും കുരുവും ഒരു പരിധിവരെ കണ്ടു മനസ്സിലാക്കാം.

കുരുമുളക്

കുരുമുളകിൽ ചേർക്കുന്ന പ്രധാന മായം പപ്പായക്കുരുവാണ്. ആകൃതിയിൽ കൂടുതൽ ഓവൽ ആയിരിക്കും, എളുപ്പത്തിൽ വിരലിൽ വെച്ച് പൊട്ടിക്കാം. കയ്പ് രുചി, നിറം തവിട്ടു കലർന്ന കറുപ്പ്.

കുറച്ചു സാമ്പിൾ റെക്റ്റിഫൈഡ് സ്പിരിറ്റിൽ ഇടുക. നല്ല കുരുമുളക് അടിയിലേക്ക് താഴും. മായമുള്ളത് പൊങ്ങിക്കിടക്കും.

കടുക്

കടുകിൽ കൂടുതലായും ആർജിമോണ കുരു (argemone seeds)ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ പുറം പരുപരുത്തിരിക്കും. നിറം കൂടുതൽ കറുപ്പ്. കടുകിന്റെ പുറം നല്ല മിനുസവും തവിട്ടുകലർന്ന കറുപ്പും ആണ്. കടുക് പൊട്ടിച്ചാൽ അതിന്റെ കാമ്പിന് മഞ്ഞനിറമാണ്. ആര്‍ജിമോണ വെളുപ്പും.

സുഗന്ധവ്യഞ്ജന പൊടികൾ

സ്റ്റാർച്ച് മായം ആയി ചേർത്ത സുഗന്ധവ്യഞ്ജന പൊടികൾ മനസ്സിലാക്കാൻ കുറച്ചു സാമ്പിൾ ഒരു ടെസ്റ്റ്‌ ട്യൂബിൽ എടുത്ത് വെള്ളത്തിൽ കലക്കുക. അതിന്റെ തെളി എടുത്ത് അയഡിൻ ലായനി ഒഴിക്കുക. നീല നിറം മായത്തെ സൂചിപ്പിക്കുന്നു.

ഉമി, തണ്ട്, ഇല മുതലായവയുടെ പൊടിയാണ് ചേർത്തതെങ്കിൽ നേരിയ അറക്കപ്പൊടി വെള്ളത്തിൽ വിതറുക. ഇവയെല്ലാം പൊങ്ങിക്കിടക്കും.

കറിപൗഡറുകൾ പരമാവധി വീട്ടിൽ കഴുകിയുണക്കി പൊടിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.

പാക്കറ്റുകൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ, ഉപയോഗിക്കാവുന്ന കാലാവധി എന്നിവ ശ്രദ്ധിക്കണം.

പാക്ക്ഡ് ഫുഡ്

കുറഞ്ഞ പോഷകമൂല്യവും ഉയർന്ന കലോറിമൂല്യവുമുള്ളതിനാൽ മിക്ക പാക്കുചെയ്ത ഭക്ഷണങ്ങളും ജങ്ക് ഫുഡായി കണക്കാക്കപ്പെടുന്നു. ഇവ മനുഷ്യശരീരത്തിൽ ആരോഗ്യകരമായ സ്വാധീനം ചെലുത്തുന്നില്ല. ഉരുളക്കിഴങ്ങ് ചിപ്‌സ്, ബിസ്‌കറ്റ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ പലപ്പോഴും സോഡിയം കൂടുതലാണ്, അഡിറ്റീവുകളും പ്രിസർവേറ്റിവുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ പോഷകമൂല്യമില്ല.

സോഡിയത്തിന്റെ അളവ് ശ്രദ്ധിക്കണം

സോഡിയമാണ് ഉപ്പിന്റെ പ്രധാന ഘടകം. ലേബലിൽ 100 ​​മില്ലിഗ്രാം സോഡിയം പരാമർശിക്കുന്നുവെങ്കിൽ, ലഘുഭക്ഷണത്തിൽ 250 മി. ഗ്രാം ഉപ്പ് അടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒരാൾ പ്രതിദിനം 2,300 മില്ലിഗ്രാം സോഡിയത്തിൽ (6 ഗ്രാം ഉപ്പ്​) കൂടുതൽ കഴിക്കാൻ പാടില്ല.

പാലും മുട്ടയും

കൃത്രിമ പാൽ കൈയിൽ വെച്ച് തിരുമ്മിയാൽ വഴുവഴുപ്പോടെ പതയും. ചൂടാക്കിയാൽ മഞ്ഞ നിറമാകും. കുറേസമയം വെച്ചാൽ നിറം മാറും, രുചി കയ്പ്. നാക്കിൽ തരുതരിപ്പ് ഉണ്ടാക്കും -ഇങ്ങനെ അതിനെ തിരിച്ചറിയാം. അല്ലാതുള്ള എല്ലാ ലക്ഷണങ്ങളും ശരിയായ പാലിന്റേതായിരിക്കും.

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ

ഹോട്ടൽ ഭക്ഷണങ്ങൾ പഴകിയതാണോയെന്ന് തിരിച്ചറിയാൻ ഇക്കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

1. ഭക്ഷണം പഴകിയതാണോ എന്ന് ഒരുവിധം മണത്തിലൂടെ തിരിച്ചറിയും. പഴകിയാൽ ഭക്ഷണത്തിന് അതിന്‍റെ യഥാർഥ മണത്തിൽനിന്ന് വ്യത്യാസമായി പ്രത്യേക മണമുണ്ടായിരിക്കും.

2. കഴിക്കുമ്പോൾ രുചിവ്യത്യാസമുണ്ടെങ്കിൽ ഹോട്ടലുകാരെ വിവരമറിയിക്കണം.

3. ഭ‍ക്ഷണം കോരിയെടുക്കുമ്പോൾ വലപോലെ കാണുന്നെങ്കിൽ അത് പഴകിയതാവും.

ഹോട്ടൽ തിരഞ്ഞെടുക്കുന്നതിനുമുമ്പ്

1. വളരെ വില കുറച്ച് ഭക്ഷണം നൽകുന്ന ഹോട്ടലുകളെ തേടിപ്പോവാതിരിക്കുക.

2. തിരക്കുകൂടിയ ഹോട്ടലുകളെ തിരഞ്ഞെടുക്കാം. ഇത്തരം ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിളമ്പാൻ സാധ്യത കുറവാകും

3. അമിതമായി കൃത്രിമ നിറങ്ങൾ ചേർക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക

4. പതിവായി ഹോട്ടലുകളെ ആശ്രയിക്കുന്നവരാണെങ്കിൽ പച്ചക്കറിയുടെ അളവ് വർധിപ്പിക്കുക

5. മൈദ കലർന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാതിരിക്കുക

6. പരിച‍‍യമില്ലാത്ത സ്ഥലത്തെ ഹോട്ടലാണെങ്കിൽ കഴിവതും വെജ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.


പാക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ സെർവിങ്​ സൈസ്

ഓരോ പാക്കറ്റ് ഭക്ഷണത്തിലും വിളമ്പുന്ന അളവ്​ (സെർവിങ്​ സൈസ്​) സൂചിപ്പിച്ചിരിക്കുന്നു. സെർവിങ്​ സൈസ് അനുസരിച്ച് ബാക്കി വിവരങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് ഒരു പെട്ടി ജ്യൂസിന്റെ പോഷക ലേബലിൽ, അത് 100 മില്ലി സെർവിങ്​ സൈസ് സൂചിപ്പിക്കാം. ബോട്ടിലിലെ ഉൽപന്നത്തിന്‍റെ അളവിനനുസരിച്ച്​ അതിലടങ്ങിയ പോഷകങ്ങളും ഇരട്ടിക്കും. 500 മില്ലി കോളയുടെ ബോട്ടിലിൽ സെർവിങ്​ സൈസ്​ 100 മില്ലി ആണെങ്കിൽ പോഷകങ്ങൾ കണക്കാക്കുമ്പോൾ ലേബലിൽ കാണിച്ചതിന്‍റെ അഞ്ചിരട്ടിയാണെന്ന്​ മനസ്സിലാക്കണം.

പോഷകങ്ങളുടെ തരങ്ങൾ

പാക്കേജ് ചെയ്ത ഭക്ഷണ ലേബലിലെ കലോറികളെ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ, പഞ്ചസാര, വൈറ്റമിനുകൾ, ധാതുക്കൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഈ അളവ് സാധാരണയായി ഗ്രാമിൽ അളക്കുന്നു. അന്നജം, പഞ്ചസാര, ഭക്ഷണ നാരുകൾ എന്നിവകൊണ്ടാണ് കാർബോഹൈഡ്രേറ്റുകൾ നിർമിക്കുന്നത്. നാരുകൾ ഒഴികെയുള്ളവ നേരിട്ടുള്ള ഊർജസ്രോതസ്സായി പ്രവർത്തിക്കും. എന്നിരുന്നാലും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഒരു സെർവിങ്ങിൽ 1-2 ഗ്രാം ഫൈബറും പഞ്ചസാരയുടെ അളവ് 10 ഗ്രാമിൽ താഴെയും അടങ്ങിയ ലഘുഭക്ഷണങ്ങൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​.

കൊഴുപ്പ് ഉള്ളടക്കം നോക്കണം

കുട്ടികൾക്കുള്ള അനാരോഗ്യകരവും ആരോഗ്യകരവുമായ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ, ഓരോ സെർവിങ്ങിലും അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് നിരീക്ഷിക്കണം. കുറഞ്ഞ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ലഘുഭക്ഷണത്തിൽ 100 ​​ഗ്രാമിന് 1.5 ഗ്രാമിൽ താഴെ കൊഴുപ്പുണ്ടെങ്കിൽ, അതിൽ അനിയന്ത്രിത കൊഴുപ്പ് അടങ്ങിയിട്ടില്ലെന്ന് കണക്കാക്കാം. എന്നിരുന്നാലും, ആ ഭക്ഷണം ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നുണ്ടെങ്കിൽ കൊഴുപ്പിന്റെ അളവ് കൂടിയേക്കാം.

കൂടെ ട്രാൻസ് ഫാറ്റ് ലെവലും നോക്കണം. ഈ കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയും ചെയ്യുന്നു. ഒരു ഗ്രാമിൽ താഴെയുള്ളതോ പൂജ്യം ട്രാൻസ് ഫാറ്റുകളോ ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക

കാപ്പി ഒന്നില്‍ കൂടുതല്‍ തവണ കൊടുക്കുന്ന പ്രവണതയുണ്ടെങ്കിൽ ഉടൻ അത് നിർത്തണം. കഫീനിന് അടിമപ്പെടുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പകരം ഹെൽത്ത് ഡ്രിങ്കുകൾ നൽകിയാൽ കുട്ടികൾക്ക് ഉന്മേഷം ലഭിക്കും.

പെപ്സി, കൊക്കകോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ വാങ്ങി നൽകുന്നത് നിർത്തുക. വലിയ ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ ഉടലെടുക്കാൻ ഇത്തരം പാനീയങ്ങൾ കാരണമാകുന്നുണ്ട്. പ്രകൃതിദത്ത പാനീയങ്ങളായ സംഭാരം, നാരങ്ങവെള്ളം, കരിക്കിൻ വെള്ളം പോലുള്ളവ ധാരാളം നൽകുക.

പിസ്സ, സാന്‍വിച്ച്, ബ്രോസ്റ്റ് തുടങ്ങിയ ജങ്ക് ഫുഡുകള്‍ പരമാവധി കൊടുക്കാതിരിക്കുക

ഫ്രൈ വിഭവങ്ങൾ വീട്ടിൽതന്നെ പാകം ചെയ്ത് നൽകുക. കടകളിൽനിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കുക

കൃത്രിമ മധുരം നിറഞ്ഞ ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കാരണം നിങ്ങളുടെ കുട്ടികളിൽ കൗമാരത്തിൽതന്നെ ചിലപ്പോള്‍ പ്രമേഹം വരുത്തിവെച്ചേക്കാം.

കുട്ടികള്‍ക്ക് സോഡയും സോഡയടങ്ങിയ ഭക്ഷണങ്ങളും നല്‍കരുത്. കാരണം സോഡ കുടിക്കുന്ന കുട്ടികളിലെ ബുദ്ധിയെ അത് ദോഷമായി ബാധിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetyHealth TipsHealth News
News Summary - What Is Food Safety and Why Is It Important?
Next Story