ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ ഗോൾ; കാൽ നൂറ്റാണ്ടിനു ശേഷം ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലെത്തുന്ന മലയാളി താരം പി. മാളവികയുടെ വിജയകഥ
text_fieldsപി. മാളവിക
പത്താം വയസ്സിലാണ് അവൾ കാസർകോട് ബങ്കളത്തെ മൈതാനത്ത് പന്തുതട്ടുന്ന കുട്ടികളെ കാണുന്നത്. ‘എനിക്കും ഇവരെപ്പോലെ ഗ്രൗണ്ടിലിറങ്ങി കളിക്കണം, ഗോളടിക്കണം’ അന്ന് ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സിലുദിച്ച ആ മോഹത്തിന് ഇന്ന് നമ്മുടെ രാജ്യത്തോളം വലുപ്പമുണ്ട്. നീണ്ട 26 വർഷം കാത്തിരിക്കേണ്ടി വന്ന മലയാള നാടിന്‍റെ സ്വപ്നസാഫല്യത്തിന്‍റെ തിളക്കമുണ്ട്.
വർഷങ്ങളായി കൂടെക്കൂട്ടിയ ചിലങ്ക അഴിച്ചുവെച്ച് അവൾ പതിയെ ബൂട്ട് കെട്ടാൻ പഠിച്ചു. മുദ്രകളും ചുവടുകളും മനഃപാഠമാക്കിയ ഹൃദയത്തിൽ ട്രിബ്ലിങ്ങിനെയും പാസിങ്ങിനെയും കുടിയിരുത്തി. കലാദർബാറുകളിലെ കൈയടിയേക്കാൾ അവൾക്ക് ആവേശം പകർന്നത് ഗാലറികളിലെ ആരവങ്ങളും ആർപ്പുവിളികളുമായിരുന്നു.
ചെങ്കൽപാറയും പാറപ്പുല്ലും നിറഞ്ഞ ബങ്കളത്തെ മൈതാനത്തുനിന്ന് അവൾ തന്‍റെ സ്വപ്നത്തിലേക്ക് പിച്ചവെച്ചു തുടങ്ങി. ഏറ്റവുമൊടുവിൽ തന്‍റെ രാജ്യത്തിനായി പന്തുതട്ടി. തായ്‌ലൻഡിൽ നടന്ന ഏഷ്യാകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യക്കായി ഗോളടിച്ചു.
1999നുശേഷം ഇന്ത്യൻ സീനിയർ വനിതാ ടീമിലെത്തുന്ന മലയാളി താരമാണ് പി. മാളവിക. നീലേശ്വരം ബങ്കളം സ്വദേശിയും 21കാരിയുമായ മാളവികയുടെ വിജയകഥയിതാ...
ഫുട്ബാൾ ഫാമിലി
ഫുട്ബാൾ പശ്ചാത്തലമുള്ള കുടുംബത്തിലാണ് മാളവികയുടെ ജനനം. അച്ഛന്‍റെ സഹോദരൻ മണി ബങ്കളം കാസർകോട് ജില്ല ടീമിന്‍റെ ഗോൾ കീപ്പറായിരുന്നു. അദ്ദേഹത്തിന്‍റെ മകൾ അഞ്ജിതയും മുൻ സംസ്ഥാന ടീമിൽ പന്തുതട്ടിയിട്ടുണ്ട്.
അച്ഛന്‍റെ ചേച്ചിയുടെ മകൻ പ്രശാന്തും കേരള പൊലീസിന് വേണ്ടി ബൂട്ടുകെട്ടി. ഇവരോട് ഇടപഴകി ജീവിച്ച മാളവികയും ഒരു ഫുട്ബാളറായത് സ്വാഭാവികം മാത്രം.
ചെറുപ്പത്തിൽ നൃത്തത്തോടായിരുന്നു താൽപര്യം. മൂന്നു വർഷത്തോളം ഭരതനാട്യം പഠിച്ചു. പിന്നീട് അഞ്ചാം ക്ലാസിൽ വെച്ചാണ് കാൽപന്തുകളിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. അവിടന്നങ്ങോട്ട് ചിലങ്ക കെട്ടിയ അതേ കാലുകളിൽ ബൂട്ട് കെട്ടിത്തുടങ്ങി.
ഭരതനാട്യ വേഷത്തിൽ. കുട്ടിക്കാല ചിത്രം
കളി മൈതാനത്തേക്ക്
ബങ്കളത്തെ ‘വുമൺസ് ഫുട്‌ബാൾ ക്ലിനിക്കി’ലൂടെയാണ് മാളവിക മൈതാനത്തെത്തുന്നത്. റവന്യൂ ഉദ്യോഗസ്ഥനും പരിശീലകനുമായ നിധീഷ് ബങ്കളത്തിന്‍റെയും കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപിക പ്രീതിയുടെയും കീഴിൽ കാൽപന്തുകളിയുടെ ആദ്യപാഠങ്ങൾ പഠിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേരള ടീമിനുവേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്.
അതിനിടയിൽ ഒരു സ്കൂളിന്‍റെ കേരള ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിലെടുത്തില്ല. മാനസികമായി തളർന്നുപോയ സംഭവമായിരുന്നു മാളവികക്ക് അത്. ഇനി മൈതാനത്തേക്കില്ലെന്നുപോലും മനസ്സിലുറപ്പിച്ച ദിനങ്ങൾ.
എന്നാൽ, പ്രിയപ്പെട്ട മനുഷ്യർക്കുവേണ്ടി തനിക്കതിന് കഴിയുമെന്ന് തെളിയിക്കണമെന്ന നിശ്ചയദാർഢ്യം മാളവികയെ വീണ്ടും പന്തിന് പിന്നാലെയോടാൻ പ്രേരിപ്പിച്ചു. അധികം വൈകാതെതന്നെ ലോകകപ്പിന് മുന്നോടിയായി നടന്ന ഹീറോ ലീഗ് ചാമ്പ്യൻഷിപ് ക്യാമ്പിൽ ഇടംപിടിച്ച് മാളവിക മധുരപ്രതികാരം ചെയ്തു.
കോച്ച് നിധീഷ് ബങ്കളത്തിനൊപ്പം
‘കോച്ചല്ല’ നിധീഷേട്ടൻ
‘‘കോച്ചാണ്. പക്ഷേ കോച്ച് പോലെയല്ല, എനിക്ക് ഏട്ടനാണ്’’ തന്നെ അത്രമേൽ സ്വാധീനിച്ച ആദ്യ കോച്ചിനെ കുറിച്ച് മാളവിക പറഞ്ഞുവെച്ചതിങ്ങനെയാണ്. നിധീഷേട്ടനെന്ന വിളിയിൽ എല്ലാമുണ്ട്. ഒരു കോച്ച് എന്നതിനപ്പുറം എങ്ങനെ കളിക്കണമെന്നതും ജീവിക്കണമെന്നതും മാളവിക പഠിച്ചത് റവന്യൂ ഉദ്യോഗസ്ഥനും ഫുട്ബാൾ കോച്ചുമായ നിധീഷ് ബങ്കളത്തിൽനിന്നാണ്.
കളിയിലും ജീവിതത്തിലും നേരിടേണ്ടി വന്ന സകല പ്രയാസങ്ങളിലും പ്രതിസന്ധികളിലും തന്നെ ചേർത്തുപിടിച്ചത് നിധീഷാണെന്ന് മാളവിക പറയുന്നു.
അമ്മ മിനി പ്രസാദിനൊപ്പം
അച്ഛന്റെ സ്വപ്നം, അമ്മയുടെ തണൽ
വെറും കാലിൽ പന്തു തട്ടിയിരുന്ന മാളവികക്ക് ആദ്യമായൊരു ബൂട്ട് സമ്മാനിക്കുന്നത് അച്ഛൻ പ്രസാദായിരുന്നു. വിദേശത്തുനിന്ന് കൊണ്ടുവന്ന ആ ബ്രാൻഡഡ് ബൂട്ടുകൊണ്ട് കളിച്ചുതീരുംമുമ്പേ അച്ഛൻ മരണപ്പെട്ടു. ഏതൊരു പെൺകുട്ടിയെയും പോലെ അച്ഛനായിരുന്നു മാളവികയുടെ ഹീറോ. എല്ലാമായിരുന്ന അച്ഛന്‍റെ വിയോഗം പാടേ തളർത്തി. എന്നാൽ, ജീവിതത്തെ നിരാശക്ക് വിട്ടുകൊടുക്കാൻ മാളവിക ഒരുക്കമായിരുന്നില്ല.
താൻ കളിച്ച് നല്ലൊരു നിലയിലെത്തുന്നത് ഏറെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കണ്ട അച്ഛന്‍റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കൈമെയ് മറന്ന് കളിച്ചു. അമ്മ മിനി പ്രസാദ് മകളുടെ കഴിവിൽ പൂർണമായി വിശ്വസിച്ച് കൂടെ നിന്നു. സ്വപ്നങ്ങൾക്ക് തളരാതെ തണലൊരുക്കി. മത്സരങ്ങൾക്കായി മാളവികയുടെ കൂടെപ്പോവാനും അവൾക്ക് വേണ്ടത് ചെയ്തുകൊടുക്കാനും ആ അമ്മ തന്‍റെ ജീവിതം പൂർണമായി മാറ്റിവെച്ചു.
സ്വപ്നസാഫല്യം
‘‘തന്‍റെ രാജ്യത്തിന്‍റെ ജഴ്സിയണിഞ്ഞ് മൈതാനത്തുനിന്ന് ദേശീയഗാനം ഒരുമിച്ച് പാടുമ്പോൾ കിട്ടുന്നൊരു അനുഭൂതിയുണ്ട്. വാക്കുകൾക്കും വർണനകൾക്കുമപ്പുറം നമ്മെ പൊതിയുന്നൊരു ആത്മാഭിമാനത്തിന്‍റേതാണത്. അത് വാക്കുകൾ കൊണ്ട് പറയാനാവില്ല’’ -രാജ്യത്തിനായി കളിച്ചതിനെ മാളവിക പറഞ്ഞതിനേക്കാൾ മനോഹരമായി എങ്ങനെ വർണിക്കാനാണ്?
അരങ്ങേറ്റ മത്സരത്തിൽതന്നെ മാളവിക ഗോളടിച്ച് വരവറിയിച്ചു. തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മംഗോളിയക്കെതിരെ പകരക്കാരിയായി എത്തി തകർപ്പൻ പ്രകടനം. കളത്തിലെത്തി ആറു മിനിറ്റിനുള്ളിലാണ് എതിരാളികളുടെ വലകുലുക്കിയത്.
പന്തുതട്ടി തുടങ്ങിയ കാലം മുതലുള്ള സ്വപ്നമായിരുന്നു രാജ്യത്തിനായി കളിക്കണമെന്നത്. മൂന്ന് ഇന്ത്യൻ ക്യാമ്പുകളിൽ പങ്കെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. എ.എഫ്.സി കപ്പിന്‍റെ യോഗ്യത മത്സരത്തിനുള്ള ക്യാമ്പിലേക്ക് പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാണ് കയറിച്ചെന്നത്. എന്നാൽ, അത് തന്‍റെ എക്കാലത്തെയും വലിയ സ്വപ്നത്തിലേക്കുള്ള നിമിത്തമായിരുന്നു.
അനുഭവങ്ങളും പ്രതീക്ഷകളും
‘‘പുതിയ കളിക്കാരെ ചേർത്തുപിടിക്കുന്ന സീനിയർ താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. പരിശീലകരും അങ്ങനെത്തന്നെ. വലുപ്പചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്നു. ഓരോ കളിക്കാർക്കും നൽകുന്ന ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് കാര്യം. അത് കൂട്ടായ്മയായി ചെയ്യുന്നു.
രാജ്യത്തിനുവേണ്ടി ഇനിയും ഒരുപാട് കളിക്കണം. വനിതാ ഫുട്ബാൾ പഴയതുപോലെയല്ല. അവസരങ്ങളും വേദികളും ഒരുപാടുണ്ട്. പുതിയ ഒരുപാട് അക്കാദമികളും കോച്ചുമാരുമുണ്ട്. കഠിനാധ്വാനം ചെയ്‌താൽ മുന്നേറാം. കഴിവുള്ള ഒരുപാട് കളിക്കാർ കേരളത്തിലുണ്ട്. അവർ മുന്നോട്ടുവരണമെന്നാണ് ആഗ്രഹം’’ -മാളവിക പറയുന്നു.
കരിയർ
ബങ്കളത്തെ കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു മാളവികയുടെ പ്ലസ് ടു വരെയുള്ള പഠനം. ഇപ്പോൾ തൃശൂർ കാർമൽ കോളജിൽ ബി.കോം ചെയ്യുന്നു. സഹോദരൻ സിദ്ധാർത്ഥ് ലണ്ടനിൽ എം.ബി.എ വിദ്യാർഥിയാണ്.
മിസാകെ യുനൈറ്റഡ് ബംഗളൂരു, കെമ്പ് എഫ്.സി, ട്രാവൻകൂർ എഫ്.സി, കൊൽക്കത്ത റെയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്. നിലവിൽ സേതു എഫ്.സിയുടെ പകരം വെക്കാനില്ലാത്ത താരമാണ് മാളവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

