Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right“നോമ്പ് തുറന്നിട്ട്...

“നോമ്പ് തുറന്നിട്ട് വരൂ; അര മണിക്കൂർകൂടി ഞാൻ കാത്തിരിക്കാം” -കാഷ്വാലിറ്റിയിൽ ആറു മണിക്കൂർ കാത്തുനിന്ന പ്രായമുള്ള സ്ത്രീ ഡോക്ടറോട്. സ്പെഷലാണ് ഇംഗ്ലണ്ടിലെ റമദാൻ ഓർമകൾ

text_fields
bookmark_border
uk ramadan
cancel

ഞാൻ ഇംഗ്ലണ്ടിലെത്തിയിട്ട് അഞ്ചു വർഷമായി. അതിനിടെ രണ്ടുതവണ സ്ഥലംമാറി. ഇടക്ക് കോവിഡ് കാലം വന്നു. അതിനാൽ ഇവിടത്തെ ഞങ്ങളുടെ നോമ്പും പെരുന്നാളുമെല്ലാം എല്ലാ വർഷവും വ്യത്യസ്തമായിരുന്നു.

ഏതു നാട്ടിലെത്തിയാലും ആദ്യത്തെ കുറച്ചുനാൾ കൗതുകങ്ങളുടേതാകും. ഇവിടെ ആദ്യ നോമ്പും അങ്ങനെയായിരുന്നു. നമ്മൾ കണ്ടും അറിഞ്ഞും മനസ്സിലാക്കിയും ചെയ്തും പരിചരിച്ച ശീലങ്ങളിൽനിന്ന് വ്യത്യസ്തമാണിവിടെ. എല്ലാ അർഥത്തിലും പുതുമയുള്ള അനുഭവങ്ങൾ.

നോമ്പുതുറ സമയം മാറിക്കൊണ്ടിരിക്കും. ചില വർഷങ്ങളിൽ പുലർച്ച 3.50ന് സുബ്ഹി, രാത്രി ഒമ്പതിന് മഗ്‌രിബ്. സുബ്ഹി രാവിലെ 6.45നും മഗ്‌രിബ് നാലുമണിക്കും മുമ്പ് ആയ കാലങ്ങളുമുണ്ട്.

സമയ ദൈർഘ്യം കൂടുതലുള്ള റമദാനിൽ കുട്ടികളെ ഉറക്കി സമാധാനത്തിൽ നോമ്പുതുറക്കാം എന്നുകരുതിയെങ്കിലും അതിനു സാധിക്കാതെ ഉറങ്ങിപ്പോയ ദിവസവുമുണ്ടായിട്ടുണ്ട്.

ഇംഗ്ലീഷുകാർ ക്രിസ്മസിനും ഈസ്റ്ററിനും വിന്‍ററിനും സമ്മറിനുമെല്ലാം ഓരോ രീതിയിലാണ് വീട് അലങ്കരിക്കുന്നത്. ബെഡ്ഷീറ്റിലും പാത്രങ്ങളിലും ചവിട്ടിയിലും വരെ മാറ്റങ്ങൾ കാണാനാവും. റമദാന് ഈദ് സ്​പെഷൽ ഹോം ഡെക്കോർ ഐറ്റംസ് ചില കടകളിൽ കാണാൻ കഴിയും.


പള്ളിയിലെ നോമ്പുതുറ

നോമ്പ് തുറക്കാൻ ഇടക്ക് അടുത്തുള്ള വലിയ പള്ളിയിൽ പോയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണം കഴിക്കാമെന്നതായിരുന്നു അതിന്‍റെ പ്രധാന ആകർഷണം.

പേരറിയാത്ത പലതരം പലഹാരങ്ങളും മുഖംനിറയെ പുഞ്ചിരിയുമായി അവിടേക്ക് ആളുകൾ കയറിവരും. ചിലപ്പോൾ തങ്ങളുടെ നാട്ടിലെ ഭക്ഷണമാണ് മികച്ചതെന്ന വാദങ്ങൾ കേൾക്കും. അത്തരം ചർച്ചകൾ ശ്രദ്ധിക്കാതെ ഓരോന്നും ആസ്വദിച്ച് കഴിക്കും.

മലയാളി സംഘടനകളുടെ നോമ്പുതുറകളും ഈദ് സംഗമങ്ങളുമൊക്കെയുണ്ടാവും. രണ്ടുമൂന്നു തലമുറകളായി ഇവിടെയുള്ളവർ, വിദ്യാർഥി വിസയിലെത്തിയവർ... സംസാരിച്ചിരിക്കുമ്പോൾ ഓരോരുത്തർക്കും ഓരോതരം അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്. പ്രതിസന്ധികളും സന്തോഷങ്ങളുമെല്ലാം അതിലുണ്ടാവും.

നോമ്പുതുറ എന്നാൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക മാത്രമല്ല, പരസ്പരം പരിചയപ്പെടാനും സൗഹൃദം പുതുക്കാനും വിശേഷങ്ങൾ കൈമാറാനും ലഭിക്കുന്ന അവസരം കൂടിയാണത്.

പെരുന്നാൾ ഓർമകൾ

നാട്ടിൽ നോമ്പിന്‍റെ അവസാനമാവുമ്പോഴേക്കും പെരുന്നാളിന്‍റെ ഒരുക്കങ്ങളാവും അന്തരീക്ഷം നിറയെ. ഇംഗ്ലണ്ടിൽ പെരുന്നാൾ നമ്മൾതന്നെ മനസ്സിലുണ്ടാക്കിയെടുക്കണം.

പെരുന്നാൾ, തൊട്ടടുത്ത പള്ളികളിൽതന്നെ വെവ്വേറെ ദിവസങ്ങളിലാകാം. ചില പള്ളികൾ സൗദിയെയും ചിലത് പാകിസ്താനെയുമൊക്കെ പിന്തുടരുന്നതുകൊണ്ടാണെന്നാണ് മനസ്സിലാക്കാനായത്.

ഇവിടെ ആദ്യ പെരുന്നാൾ അയൽപക്കത്തെ ബംഗ്ലാദേശിയുടെ വീട്ടിലായിരുന്നു. ഭംഗിയുള്ള വീടും അതിനേക്കാൾ ഭംഗിയുള്ള പൂന്തോട്ടവും. 22ാം വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ച അവർക്ക് താമസിക്കാൻ സർക്കാർ നൽകിയ വീടാണത്. കുട്ടികൾ വളരുന്നതുവരെ എല്ലാ ചെലവുകളും സർക്കാറാണ് വഹിച്ചതെന്നും ഇംഗ്ലണ്ടിലെ​ സോഷ്യൽ സെക്യൂരിറ്റി സ്കീം ശക്തമാണെന്നും അവർ പറഞ്ഞുതന്നു.

മുട്ടയും കുഞ്ഞുരുളക്കിഴങ്ങും പുഴുങ്ങിപ്പൊരിച്ചിട്ട ബംഗ്ലാദേശ് മട്ടൻ ബിരിയാണിയും പരിപ്പും ചെറുനാരങ്ങയുമിട്ട മീൻകറിയുമെല്ലാം ആദ്യമായി കഴിക്കുന്നത് ഇവിടെവെച്ചാണ്. മിക്കവാറും എല്ലാ കറികളുടെയും കൂടെ ഫ്രഷ് ചെറുനാരങ്ങയും പച്ചമുളകും അലിയിച്ച് കഴിക്കുന്ന അവരുടെ രീതി എനിക്കിഷ്ടപ്പെട്ടു.

ജോലി ചെയ്യുമ്പോഴും അല്ലാത്തപ്പോഴും വെവ്വേറെ നോമ്പനുഭവങ്ങളായിരുന്നു. കൂടെ ജോലിചെയ്യുന്ന നൈജീരിയക്കാരുടെയും ഈജിപ്തുകാരുടെയും യമനികളുടെയും ജോർഡൻകാരുടെയുമെല്ലാം നോമ്പ്-പെരുന്നാൾ അനുഭവങ്ങൾ കേൾക്കുക രസമാണ്. നോമ്പിന് ജോലിസ്ഥലത്തെ ചാപ്പലിൽ ഒരുമിച്ച് നമസ്കരിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു.

കണ്ണുവെച്ച പത്തിരിയും സ്റ്റൂവും

ജോലിചെയ്യാത്ത കാലം പാചക പരീക്ഷണങ്ങളുടേതായിരുന്നു. ഇംഗ്ലണ്ടിലെത്തിയ ദിവസം വാതിൽക്കൽ ഒരു വെൽക്കം നോട്ടും അതിനൊപ്പം ബേക്ക് ചെയ്ത ഫൊകാചിയയും വെച്ചിട്ടുപോയ തൊട്ടടുത്ത വീട്ടിലെ ഇറ്റലിക്കാർക്ക് നോമ്പുതുറക്കാനുണ്ടാക്കിയ കണ്ണുവെച്ച പത്തിരിയും സ്റ്റൂവും കൊടുത്തയച്ചായിരുന്നു തുടക്കം.

പരസ്പരം ഭക്ഷണമുണ്ടാക്കി നൽകി ഞങ്ങൾ പല നാട്ടിലെ പല കുടുംബങ്ങൾ തമ്മിൽ അടുപ്പത്തിലായി. എന്തെങ്കിലും എളുപ്പത്തിലുണ്ടാക്കി കഴിക്കുന്നതാണ് ബ്രിട്ടീഷ് രീതി. ഭക്ഷണമുണ്ടാക്കാൻ വേണ്ടി ജീവിക്കരുതെന്ന് ഈ നാട് പഠിപ്പിച്ചുതരും. ഇക്കാലംകൊണ്ട് ചോറോ ദോശയോ എന്തുകിട്ടിയാലും സന്തോഷത്തോടെ നോമ്പുതുറക്കാം എന്ന പരുവത്തിലായിട്ടുണ്ട്.

‘പോയി കഴിച്ചിട്ട് വരൂ, ഞാൻ കാത്തിരിക്കാം’

വിശന്നിരുന്നിട്ടുമാത്രം കാര്യമില്ല, മനസ്സ് വെള്ളംപോലെ ശുദ്ധമാക്കി വെക്കണമെന്നു പറയുമായിരുന്നു ഉപ്പ. ഓരോ നോമ്പുകാലത്തും ഉള്ളിലേക്ക് നോക്കാനും മോശം വശങ്ങളെ സംസ്കരിച്ചെടുക്കാനും ശ്രമിക്കാറുണ്ട്.

ഒരു റമദാൻ കാലം. നോമ്പുതുറക്കാൻ സമയമായിട്ടുണ്ട്. കാഷ്വാലിറ്റിയിൽ ആറു മണിക്കൂർ എന്നെ കാത്തിരുന്ന പ്രായമുള്ളൊരു സ്ത്രീ, “പോയി കഴിച്ചിട്ട് വരൂ; അര മണിക്കൂർകൂടി കാത്തിരിക്കുന്നതിൽ എനിക്ക് പ്രയാസമില്ല” എന്ന് പറഞ്ഞത് ഓർക്കുന്നു.

പെരുന്നാളിന് ബ്രിട്ടീഷ് സുഹൃത്ത് കേക്കുണ്ടാക്കി തന്നിട്ടുണ്ട്. ഇംഗ്ലീഷ് കുട്ടികൾക്ക് മൈലാഞ്ചി ഇട്ടുകൊടുത്തിട്ടുണ്ട്. നമ്മുടെ ആഘോഷമായാലും സന്തോഷത്തോടെ അവർ നമുക്കൊപ്പം ചേർന്നിരിക്കുന്നതാണ് എന്റെ അനുഭവം.

മറ്റുള്ളവർ ഇൻക്ലൂസിവ് ആകണമെന്ന് ആഗ്രഹിക്കുമ്പോൾ നമ്മളെത്രത്തോളം ഇൻക്ലൂസിവ് ആണെന്ന് ചിന്തിക്കേണ്ടതില്ലേ?

നമ്മെയും ചുറ്റുമുള്ള എല്ലാ മനുഷ്യരെയും എല്ലാ വൈവിധ്യങ്ങളോടെയും സ്നേഹിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയട്ടെ. റമദാന് നമ്മുടെ മനസ്സിനെ കൂടുതൽ വിശാലമാക്കാൻ കഴിയട്ടെ.

(കോഴിക്കോട് സ്വദേശിയായ ലേഖിക മാഞ്ചസ്റ്റർ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ സീനിയർ അക്കാദമിക് ക്ലിനിക്കൽ ഫെലോ ആണ്)




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandRamadan 2024Lifestyle
News Summary - Ramadan memories in England
Next Story