Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_right1993ലെ റിപ്പബ്ലിക്ദിന...

1993ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത സുഹൃത്തുക്കളെ തേടി കണ്ടെത്തിയ ഒരു അധ‍്യാപകൻ ഇവിടെയുണ്ട്

text_fields
bookmark_border
1993ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത സുഹൃത്തുക്കളെ തേടി കണ്ടെത്തിയ ഒരു അധ‍്യാപകൻ ഇവിടെയുണ്ട്
cancel
camera_alt

1993ലെ റിപ്പബ്ലിക്ദിന പരേഡിൽ കേരള-ലക്ഷദ്വീപ് കണ്ടിൻജന്‍റിനെ പ്രതിനിധാനം ചെയ്ത കാഡറ്റുകൾ തിരുവനന്തപുരത്ത് ഒത്തുചേർന്നപ്പോൾ


നല്ല സുഹൃത്തുക്കളുണ്ടാവുക, നല്ല സൗഹൃദങ്ങൾ നിലനിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിൽപെട്ട് എവിടെയൊക്കെയോ മറന്നുപോകുന്ന ചില സൗഹൃദങ്ങളുണ്ട്. ദൂരവും ബന്ധങ്ങളുടെ അകലവും സമയക്കുറവുമെല്ലാം സൗഹൃദങ്ങളിൽ വിള്ളലേൽപിക്കാറുണ്ട്.

എന്നാൽ, സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ ദൂരവും കാലവും ഒന്നും തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മുത്തപ്പന്‍പുഴ സെന്‍റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ലൈജു തോമസ്.

ഇന്‍റർനെറ്റും ടെലിഫോണും ഒന്നും സജീവമല്ലാതിരുന്ന കാലത്ത് 30 വർഷം മുമ്പ് വേർപിരിഞ്ഞ കേരളത്തിന്‍റെ 14 ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ചിതറിക്കിടന്നിരുന്ന സുഹൃത്തുക്കളെ തേടി കണ്ടെത്തിയിരിക്കുകയാണ് ലൈജു തോമസ്. സൗഹൃദങ്ങളിലൂടെ ലഭിച്ച സ്നേഹമാണ് കൂട്ടുകാരെ തേടി കണ്ടുപിടിക്കാനുള്ള ഊർജമെന്ന് ലൈജു തോമസ് പറയുന്നു.

1993ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരള-ലക്ഷദ്വീപ് കണ്ടിൻജന്‍റിനെ പ്രതിനിധാനം ചെയ്ത കാഡറ്റുകൾ (ഫയൽ ചിത്രം)


1993ലെ എൻ.സി.സി ക്യാമ്പ്

1993ലെ റിപ്പബ്ലിക്ദിന പരേഡിൽ കേരള-ലക്ഷദ്വീപ് കണ്ടിൻജന്‍റിനെ പ്രതിനിധാനംചെയ്താണ് ഞങ്ങൾ 100 പേർ ഡൽഹിയിലെ രാജ്പഥിലെത്തിയത്. അന്ന് രാജ്പഥിലെ മാർച്ചിലും പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണറിലും ഞങ്ങൾ പങ്കെടുത്തിരുന്നു. എട്ടു ക്യാമ്പുകൾക്കുശേഷമാണ് ഡൽഹിയിൽ ഒരു മാസത്തെ ക്യാമ്പിനായി എത്തുന്നത്.

അന്നത്തെ ട്രെയിനിങ് ക്യാമ്പുകളിൽനിന്ന് ലഭിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കുറെ നല്ല ഓർമകളായിരുന്നു. എന്നെ സംബന്ധിച്ച് ഇവരൊക്കെയായി വളരെ അടുത്ത സൗഹൃദം അന്നേയുണ്ടായിരുന്നു.

സൗഹൃദം വളരെ പ്രധാനം

ജീവിതത്തിൽ സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നയാളാണ് ഞാൻ. വിശ്രമമില്ലാത്ത ഓട്ടത്തിനിടയിൽ സൗഹൃദങ്ങൾ കൈമോശംവരാതെ ശ്രദ്ധിക്കാറുണ്ട്. നല്ല കാര്യങ്ങൾ ചെയ്യാൻ സുഹൃദ്ബന്ധങ്ങളിലൂടെ ലഭിക്കുന്ന ഊർജം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ക്യാമ്പ് ജീവിതത്തിൽ വിവിധ സമയങ്ങളിൽ സഹായവും പിന്തുണയുമായി ഇവരെല്ലാം ഒപ്പമുണ്ടായിരുന്നു. ആ കാലമൊന്നും ഇപ്പോഴും മറക്കാൻ കഴിയില്ല.

പലപ്പോഴും ഓർമകളിൽ പഴയ എൻ.സി.സി കാലവും ക്യാമ്പുമെല്ലാം മിന്നിമറയും. അതിൽനിന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കണമെന്ന ചിന്ത വന്നത്. പിന്നെ ഒന്നും നോക്കിയില്ല. കൂട്ടുകാരെ തേടി ഇറങ്ങി.

ലൈജു തോമസ് കുട്ടികൾക്കൊപ്പം


സുഹൃത്തുക്കളും കുട്ടികളുമാണ് ജീവിതം

27 വർഷംമുമ്പ് അർബുദം വന്ന് അച്ഛൻ വിട പറഞ്ഞു. ആറു വർഷം മുമ്പായിരുന്നു അമ്മയുടെ വിയോഗം. അധ്യാപനം ഒരു ഉപാസനയായിക്കണ്ട് ജീവിതം അതിനായി നീക്കിവെച്ചു. തന്നാലാവുന്നതിന്‍റെ പരമാവധി നല്ല കാര്യങ്ങൾ ചെയ്ത് കുഞ്ഞുങ്ങൾക്ക് മാതൃകയാകുക, നല്ല നാളേക്കായി അറിവുള്ള തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതൊക്കെയാണ് ഔദ്യോഗിക ജീവിതത്തിലെ പോളിസിയും ജീവതലക്ഷ്യവും.

റിട്ടയർമെന്‍റിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ രാജ്യം ഏൽപിച്ച വലിയ ഉത്തരവാദിത്തം എന്‍റെ കഴിവിന്‍റെ പരമാവധി ആത്മാർഥതയോടെ ചെയ്തു എന്ന ചാരിതാർഥ‍്യമുണ്ട്.

സ്വപ്നം കാണാൻപോലും കഴിയാത്ത സൗഭാഗ്യം

സാധാരണക്കാർക്ക് സ്വപ്നം കാണാൻപോലും കഴിയാത്ത ഭാഗ്യമാണ് ഡൽഹിയിൽ റിപ്പബ്ലിക്ദിന ക്യാമ്പിൽ പങ്കെടുക്കുന്ന എൻ.സി.സി കാഡറ്റുകൾക്ക് ലഭിക്കുന്നത്.

സേനകൾക്കൊപ്പം റിപ്പബ്ലിക്ദിനത്തിൽ മാർച്ച്, പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകൽ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സേനാ മേധാവികൾ തുടങ്ങിയവരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ ഔദ്യോഗിക വസതികൾ സന്ദർശിക്കാനുള്ള അവസരം, ഡൽഹി-ആഗ്ര ടൂർ, പോക്കറ്റ് മണി, കോട്ടും സ്യൂട്ടും അടക്കം സിവിൽ ഡ്രസ്, നല്ല ഭക്ഷണം എന്നിങ്ങനെ സങ്കൽപിക്കാൻപോലും കഴിയാത്ത സൗഭാഗ്യങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കാഡറ്റുകൾക്ക് ലഭിക്കുന്നത്.

ഓട്ടോഗ്രാഫുകൾ മാത്രം

സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തായിരുന്നു ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ അന്വേഷിച്ച് കണ്ടെത്താൻ ആകെ കൈയിലുണ്ടായിരുന്നത് പഴയ ഓട്ടോഗ്രാഫുകളായിരുന്നു. അതിൽ ഉണ്ടായിരുന്നതോ എല്ലാവരുടെ‍യും പഴയ വിവരങ്ങളും.

30 വർഷം മുമ്പത്തെ ഓട്ടോഗ്രാഫിൽനിന്നാണ് എന്‍റെ യാത്ര തുടങ്ങുന്നത്. തുടക്കത്തിൽ നിരാശയായിരുന്നു. എന്നാൽ, തോറ്റുകൊടുക്കില്ലെന്ന് മനസ്സിനെ പറഞ്ഞുറപ്പിച്ച് യാത്ര തുടർന്നു. പലരുടെയും മേൽവിലാസം മാറിയിരുന്നു. അന്നത്തെ നാട് വിട്ട് വേറെ നാടുകളിൽ താമസമാക്കിയവരും കൂട്ടത്തിലുണ്ടായിരുന്നു.

ഇവരുടെയൊക്കെ പുതിയ വിവരം ശേഖരിക്കുക എന്നത് അത്ര നിസ്സാരമായിരുന്നില്ല. എന്നാൽ, അൽപം കഷ്ടപ്പെട്ടിട്ടാണെങ്കിലും എല്ലാവരെയും കണ്ടെത്തി, ഒരു മേൽക്കൂരക്കു കീഴിൽ കൊണ്ടുവന്നു.

വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ യാത്ര

സുഹൃത്തുക്കളെ തേടിയുള്ള യാത്ര ഔദ്യോഗിക ഉത്തരവാദിത്തങ്ങളെ ബാധിച്ചിരുന്നില്ല. സ്കൂളിന് മുടക്കം വരുത്താതെയായിരുന്നു ഓരോ യാത്രയും. ഞായറാഴ്ചകളിലും രണ്ടാം ശനി വരുന്ന ആഴ്ചകളിൽ വെള്ളിയാഴ്ച വൈകീട്ട് സ്കൂളിലെ ക്ലാസ് കഴിഞ്ഞുമാണ് കൂട്ടുകാരെ തേടിയുള്ള യാത്ര.

ട്രെയിനും ബൈക്കുമായിരുന്നു സഹയാത്രികർ. അധികവും ബൈക്കിലായിരുന്നു സഞ്ചാരം. തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്താൻ കണക്കാക്കി ഞായറാഴ്ച അർധരാത്രിയോ തിങ്കളാഴ്ച വെളുപ്പിനോ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തുന്ന തരത്തിൽ ആ യാത്ര അവസാനിപ്പിക്കുമായിരുന്നു.

തിങ്കളാഴ്ച രാവിലെ കുട്ടികൾ എത്തുംമുമ്പ് സ്കൂളിൽ ഹാജരാകാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ആഴ്ചതോറും ഓരോ ജില്ല തിരിഞ്ഞാണ് കൂട്ടുകാരെ തേടിയിറങ്ങുക. 30 പേരിൽ തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് നൂറാമത്തെ ആളെയും കണ്ടെത്തിയശേഷമാണ്. ഇതിൽ നാൽപതോളം സ്ത്രീകളും ഉണ്ടായിരുന്നു. അന്നത്തെ സൗഹൃദത്തിൽ ഒരു മാറ്റവും അവർക്ക് ആർക്കും ഉണ്ടായിരുന്നില്ല.

നൂറ് സൗഹൃദങ്ങൾ

വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും വിദേശത്തുമായി ചിതറിക്കിടക്കുകയായിരുന്നു ഈ 100 പേർ. ഇതിൽ ഏകദേശം 65 പേരെയും ഞാൻതന്നെ കണ്ടെത്തിയതായിരുന്നു. എന്‍റെ ഒരു പഴയ ശിഷ്യ നാലുപേരെ കണ്ടെത്താൻ സഹായിച്ചു. മറ്റു ചില സുഹൃത്തുക്കളും സഹായിച്ചു.

30 വർഷത്തിനുശേഷമുള്ള കൂടിക്കാഴ്ച

1993ൽ പിരിഞ്ഞ ഞങ്ങൾ നീണ്ട 30 വർഷത്തിനുശേഷം 2023 ഡിസംബർ 28ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലാണ് ഒത്തുകൂടിയത്. പഴയ സുഹൃത്തുക്കളെ കാണാൻവേണ്ടി മാത്രം വിദേശത്തുനിന്ന് അവധിയെടുത്തു വന്നവരുണ്ട്.

കര-നാവിക-വ്യോമ സേനകളിൽ ജോലിചെയ്യുന്നവർ, കേരള പൊലീസിൽ‌ ഡിവൈ.എസ്.പി റാങ്കിലുള്ളവർ, ഡോക്ടർമാർ, അഭിഭാഷകർ, അഭിനേതാക്കൾ, വ്യവസായികൾ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവർ ഓർമകളെ സഹയാത്രികരാക്കി മിലിട്ടറി ക്യാമ്പിലെത്തി.

ഈ ദിവസം തീർന്നുപോയിരുന്നില്ലെങ്കിൽ എന്ന് ഞങ്ങളേറെ ആശിച്ചു. പറഞ്ഞുരസിക്കാൻ വിശേഷങ്ങൾ ഏറെ ബാക്കിയാക്കി അന്ന് ഞങ്ങൾ പിരിഞ്ഞു, വീണ്ടുമൊരിക്കൽ ഒത്തുകൂടാം എന്ന ഉറപ്പുമായി.

കുട്ടികൾ പറഞ്ഞാൽ തെങ്ങിലും കയറും

പഠിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടിയാണെങ്കിൽ തെങ്ങുകയറ്റം എന്നല്ല, ഏതു കഠിനമായ കാര്യവും ഏറ്റെടുക്കാൻ ലൈജു മാഷ് റെഡിയാണ്.

കല്ലു ചുമക്കാനോ കിണർ കുത്താനോ കിണർ വൃത്തിയാക്കാനോ നിലം ഉഴുത് കൃഷി ചെയ്യാനോ മത്സ്യം വളര്‍ത്താനോ എന്നിങ്ങനെ എന്തിനും മാഷേ എന്നൊരു വിളിയുടെ ദൈർഘ്യം മാത്രമേയുള്ളൂ.

സ്കൂളും ശിഷ്യഗണങ്ങളും നല്ല സൗഹൃദങ്ങളും അധ്യാപനവുമാണ് ലൈജു തോമസിന്‍റെ ജീവിതം. കോവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനിലേക്കു മാറിയപ്പോൾ ഇന്‍റർനെറ്റ് സൗകര്യമില്ലാതിരുന്ന മലമുകളിലെ കുട്ടികളുടെ കുടിലുകളിൽ പോയി ക്ലാസെടുക്കാൻ ഇദ്ദേഹം ഒരു മടിയും കാണിച്ചില്ല.

മികച്ച അത്‌ലറ്റ് കൂടിയായിരുന്ന ലൈജു ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ജനിച്ചത്. 2000 മുതൽ 2002 വരെ വടകര വിദ്യാഭ്യാസ ജില്ലയുടെ സ്കൂൾ അത്‌ലറ്റിക് ടീമിന്‍റെ മാനേജരായിരിന്നു. 2003 മുതൽ 2023 വരെ കോഴിക്കോട് ജില്ല സ്കൂൾ അത്‌ലറ്റിക് ടീമിന്‍റെ മാനേജരും ഇദ്ദേഹമായിരുന്നു.

2018ലാണ് മുത്തപ്പൻപുഴ സെന്‍റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂളില്‍ ലൈജു തോമസ് പ്രധാനാധ്യാപകനായെത്തുന്നത്. വളരെ പെട്ടെന്നുതന്നെ സ്കൂളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ പ്രിയപ്പെട്ട അധ‍്യാപകനായി മാറി. മികച്ച അധ്യാപക പരിശീലകൻ കൂടിയാണ് ഇദ്ദേഹം.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day ParadefriendshipLifestyle
News Summary - A journey in search of friends
Next Story