Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightBe Positivechevron_rightചാക്കോച്ചനെ...

ചാക്കോച്ചനെ മാറ്റിമറിച്ച ആ ചേഞ്ചിന്‍റെ പിന്നിലെ രഹസ്യമിതാണ്; ഇത്തിരി റിസ്കെടുക്കാൻ തയാറാണോ, എങ്കിൽ നിങ്ങൾക്കും ജീവിതത്തിൽ വിജയിക്കാം...

text_fields
bookmark_border
ചാക്കോച്ചനെ മാറ്റിമറിച്ച ആ ചേഞ്ചിന്‍റെ പിന്നിലെ രഹസ്യമിതാണ്; ഇത്തിരി റിസ്കെടുക്കാൻ തയാറാണോ, എങ്കിൽ നിങ്ങൾക്കും ജീവിതത്തിൽ വിജയിക്കാം...
cancel

അമേരിക്കയിലെ പ്രശസ്തമായ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ജെഫ് ബെസോസിനെ തേടിയെത്തിയപ്പോൾ പ്രായം മുപ്പതു മാത്രം. മികച്ച ശമ്പളവും ഉന്നത പദവിയും. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജെഫ് രാജിവെച്ചു. അതുവരെ ആരും ചെയ്തിട്ടില്ലാത്ത പുതിയൊരു ബിസിനസായിരുന്നു മനസ്സിൽ.

പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മികച്ച ശമ്പളവും ഉന്നത പദവിയുമൊക്കെയായി ജീവിതം ​സെയ്ഫായിരിക്കുമ്പോൾ എന്തിന് രാജിവെച്ച് റിസ്കെടുക്കുന്നു എന്നവർ ചോദിച്ചു. പക്ഷേ, ജെഫിന്റെ സ്വപ്നങ്ങൾ അതിനും അപ്പുറമായിരുന്നു. അങ്ങനെ വലിയൊരു റിസ്കെടുത്ത്​ 1990കളുടെ ആരംഭത്തിൽ ഒരു ഓൺലൈൻ പുസ്തകശാല ജെഫ് തുടങ്ങി. അതിന്​ പേരിട്ടു -ആമസോൺ. അന്ന് ഇന്റർനെറ്റുപോലും വ്യാപിച്ചുവരുന്നതേയുള്ളൂ.

പക്ഷേ, ജെഫ് ഭാവിയെ നോക്കിക്കണ്ട്, ബിസിനസിൽ ഫോക്കസ് ചെയ്തു. വർഷങ്ങൾക്കപ്പുറം ലോകം മുഴുവൻ ഓൺലൈനിൽ ബന്ധിക്കപ്പെട്ടപ്പോൾ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായി.

ചെറിയ പ്രായത്തിൽ പ്രശസ്ത കമ്പനിയിലെ വൈസ് പ്രസിഡന്റ് സ്ഥാനവും മികച്ച ശമ്പളവും ജെഫിന് ഒരു സേഫ്റ്റി സോൺ (സുരക്ഷിത ഇടം) ആയിരുന്നു. എന്നാൽ, അതിനുമപ്പുറം വൻ ഉയരങ്ങൾ കീഴടക്കണമെന്ന ചിന്തയും അത് എങ്ങനെ എത്തിപ്പിടിക്കാമെന്ന പ്ലാനും ആ സേഫ്റ്റി സോണിൽനിന്നും പുറത്തുവന്ന് ഗ്രോത്ത് സോണിലേക്ക് കടന്ന് വിജയം വരിക്കാൻ ജെഫിന് തുണയായി.


'എന്താണ് സേഫ്റ്റി സോൺ അഥവാ കംഫർട്ട് സോൺ?'

സേഫ്റ്റി സോൺ അഥവാ കംഫർട്ട് സോൺ

വളരെ പരിചിതമായ സാഹചര്യത്തിൽ കാര്യമായ ഉത്കണ്ഠയോ ടെൻഷനോ പ്രതിസന്ധിയോ ഇല്ലാത്ത ചുറ്റുപാടിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്ന മനശ്ശാസ്ത്രപരമായ അവസ്ഥയെ സൂചിപ്പിക്കാനാണ് കംഫർട്ട് സോൺ എന്ന പദം ഉപയോഗിക്കുന്നത്. റിസ്ക് ഏറ്റെടുക്കാതെ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളിൽ മാത്രം ഇടപെട്ട് ആകുലതകളുണ്ടാക്കാത്ത കാര്യങ്ങളിൽ മാത്രം ഒരാൾ പ്രവർത്തിക്കുന്ന അവസ്ഥയാണിത്. മാനേജ്മെന്റ് വിദഗ്ധയായ ജൂഡിത്ത് ബാർഡ് വിക്കാണ് 1991ൽ 'കംഫർട്ട് സോൺ' എന്ന പദത്തിന് പുതിയ നിർവചനം നൽകിയത്.

ഒരാളുടെ ഒരേ രീതിയിലുള്ള പെരുമാറ്റങ്ങൾ, ദിനചര്യകൾ, പ്രവൃത്തികൾ, ജോലിസ്ഥലം എല്ലാം കംഫർട്ട് സോണിൽ വരും. കംഫർട്ട് സോണിൽ ആയിരിക്കുമ്പോൾ ഒരേ തരത്തിലുള്ള പ്രകടനമായിരിക്കും ഒരാളിൽ പൊതുവെ കാണപ്പെടുന്നത്. ചിലപ്പോൾ ഉദാസീനതമൂലം അത് താഴേക്കും പോകാം.

കംഫർട്ട് സോണിൽ പുരോഗതി കുറവായിരിക്കും. ഒരാളുടെ വിവിധ തരത്തിലുള്ള കഴിവുകളും സാഹചര്യങ്ങളും അവസരങ്ങളും കംഫർട്ട് സോണിൽ ഉപയോഗിക്കാത്തതിനാലും റിസ്കെടുക്കാൻ ഭയപ്പെടുന്നതിനാലുമാണ് ഈ അവസ്ഥയിൽ ആയിരിക്കുന്നവരുടെ കഴിവിന് അനുസരിച്ചുള്ള പുരോഗതി ഇല്ലാത്തത്.

കംഫർട്ട് സോണിൽ ദീർഘകാലം ഒരേ അവസ്ഥയിൽതന്നെ, ദിനചര്യകളിൽ മാറ്റമില്ലാതെ ജീവിതം മുന്നോട്ടുപോകുന്നു. കംഫർട്ട് സോണിൽനിന്ന് ഗ്രോത്ത് സോണിലേക്ക് (Growth Zone) മാറുമ്പോഴാണ് വിവിധ കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്നത്.

പക്ഷേ, ഇതത്ര എളുപ്പമല്ല. പുതിയ മേഖലയിൽ വിജയിക്കുമോയെന്ന ആശങ്കയാണ് പ്രധാന വെല്ലുവിളി. പുതിയ മേഖലയിലെ തുടക്കത്തിലെ ബാലാരിഷ്ടതകൾ നേരിടാനും മനസ്സിനെ പ്രാപ്തമാക്കണം. പുതുതായി ഒരു സ്ഥലത്ത്, പുതിയൊരു ചെടി നടുന്നപോലെയാണിത്. അതിനുവേണ്ട പരിചരണം നൽകി ഫലം ലഭിക്കാൻ കാത്തിരിക്കാനുള്ള മനസ്സ് നമുക്കുണ്ടാവണം.



കംഫർട്ട് സോണിൽ തുടരുന്നതിന്‍റെ കാരണങ്ങൾ

• സ്ഥിരമായി ഒരു ജോലി, മാതാപിതാക്കളെ, ഭർത്താവിനെ, അമിതമായി ആശ്രയിക്കൽ... ഇതെല്ലാം മാറാനുള്ള ഭയം.

• മാറിയാൽ സുരക്ഷ നഷ്ടപ്പെടുമോയെന്ന ആശങ്ക.

• പുതിയ കാര്യങ്ങൾ പഠിക്കാനും പ്രയത്നിക്കാനുമുള്ള വിമുഖത.

• എന്തിന് മാറണം, ഇങ്ങനെ പോയാൽ വലിയ കുഴപ്പമില്ലെന്ന ചിന്ത.

ഗുണങ്ങൾ

• നിങ്ങൾ സ്ഥിരമായി ചെയ്യുന്ന കാര്യത്തിൽ മികവു പുലർത്താൻ പറ്റും. അത് ആ മേഖലയിൽ ആത്മവിശ്വാസമുണ്ടാക്കും.

• ജീവിതം വലിയ റിസ്കില്ലാതെ

മുന്നോട്ടുപോകും.

• സ്ഥിരമായി ചെയ്യുന്നത് തുടരുന്നത് ടെൻഷൻ, സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറക്കും.

ദോഷങ്ങൾ

• പുതിയ അവസരങ്ങളോ അതുവഴിയുള്ള വളർച്ചയോ കണ്ടെത്തില്ല.

• പുതിയ കഴിവുകൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ ആർജിക്കുകയില്ല.

• വെല്ലുവിളികൾ ഏറ്റെടുക്കാത്തതിനാൽ അതുവഴിയുള്ള പുരോഗതിയും ഉണ്ടാവുകയില്ല.

• രാഷ്ട്രീയത്തിലും മറ്റും ഗോഡ്ഫാദർമാർ മാറുമ്പോൾ അവരെ ആശ്രയിച്ച് കംഫർട്ട് സോണിൽ കഴിയുന്നവരുടെ ഉയർച്ച നിശ്ചലമാകും.

• ജോലിചെയ്യുന്ന സ്ഥാപനം, ബിസിനസ് എന്നിവയിലെ അപ്രതീക്ഷിത പ്രതിസന്ധി കംഫർട്ട് സോണിൽ തുടരുന്നവരെ പുതിയ വഴികൾ തേടാൻ നിർബന്ധിതരാക്കും.


മറികടക്കണം നാലു ഘട്ടങ്ങൾ

1. ഭയമേഖല (Fear Zone): ഇപ്പോഴുള്ള അവസ്ഥയിൽനിന്ന് മാറിയാൽ ആഗ്രഹിച്ച മാറ്റം സംഭവിക്കുമോയെന്ന ഭയമാണ് ഈ ഘട്ടത്തിലുള്ളത്. ഭാവിയെ കുറിച്ചുള്ള നിഷേധാത്മക ആശങ്കമൂലം തീരുമാനം വൈകിപ്പിക്കുന്നു.

2. പഠനമേഖല (Learning Zone): പുതിയ മാറ്റത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന ഘട്ടം. ഗുണദോഷങ്ങളെല്ലാം മനസ്സിലാക്കുന്നു. പുതിയ കഴിവുകൾ ആർജിക്കുന്നു. വെല്ലുവിളികളെയും പ്രശ്നങ്ങളെയും നേരിട്ടുകൊണ്ട് കംഫർട്ട് സോണിൽനിന്ന് മാറാൻ ശ്രമിക്കും.

3. വളർച്ച മേഖല (Growth Zone): നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണിവിടെ. ജീവിതത്തിന് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം ലക്ഷ്യം ഉറപ്പിക്കുന്നു. പുതിയ ലക്ഷ്യങ്ങൾ, വഴികൾ, നിങ്ങളുടെ സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു.


മനസ്സുമതി, കൂളായി മറികടക്കാം കംഫർട്ട് സോൺ

• നിങ്ങൾക്ക് സുഖകരമല്ലാത്ത, എന്നാൽ ഗുണകരമായ കാര്യങ്ങളുടെ പട്ടിക തയാറാക്കുക. ഉദാഹരണത്തിന് അതിരാവിലെ എഴുന്നേൽക്കുന്നത്, വ്യായാമം ചെയ്യുന്നത്, ദുശ്ശീലങ്ങൾ ഉപേക്ഷിക്കുന്നത്, മറ്റുള്ളവരുടെ കുറ്റം പറയുന്നതിൽ ആനന്ദം കണ്ടെത്തുന്ന ശീലം മാറ്റുന്നത്, ഡ്രൈവിങ് പഠിക്കുന്നത്, പുതിയ കോഴ്സ് ചെയ്യുന്നത്, വാടകവീട്ടിൽനിന്ന് മാറി പുതിയ വീട് പണിയാൻ പ്ലാൻ ചെയ്യുന്നത്, കൂടുതൽ മെച്ചപ്പെട്ട ജോലിക്കായി ശ്രമിക്കുന്നത്, മൊബൈൽ-ലഹരി അഡിക്ഷൻ മാറ്റുന്നത്, ബിസിനസിൽ പുതിയ വഴികൾ പരീക്ഷിക്കുന്നത്, സാമ്പത്തിക-സാമൂഹിക-അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള തീരുമാനങ്ങൾ (വിദേശത്ത് പോകുന്നത്), സർക്കാർ ജോലി/ പുതിയ ബിസിനസ്, അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റുന്നത് എന്നിവ ഉൾപ്പെടെയുള്ള അനേകം കാര്യങ്ങൾ നടപ്പാകുന്നതിന്​ കംഫർട്ട് സോണിൽനിന്നുള്ള മാറ്റം ആവശ്യമാണ്.


ഇവയിൽ മാറ്റം വരുമ്പോഴുള്ള ഗുണങ്ങൾ ഓരോന്നായി എഴുതാം

ഉദാഹരണത്തിന്, അതിരാവിലെ കിടന്നുറങ്ങുന്നത് സുഖകരമാണ്. എന്നാൽ, നേരത്തേ എഴുന്നേറ്റാൽ അധികമായി നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കുക. വ്യായാമം ചെയ്യാം, ആരാധനാലയങ്ങളിൽ പോകാം, വായിക്കാം, എഴുതാം, അടുക്കളയിൽ സഹായിക്കാം, ബിസിനസിൽ പുതിയ ആശയങ്ങൾ രൂപപ്പെടുത്താം തുടങ്ങി അനേകം ഗുണങ്ങൾ ഓരോരുത്തർക്കും കാണാൻ സാധിക്കും.

• നിങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് മനസ്സിൽ സങ്കൽപിക്കുക.

• നിങ്ങളുടെ വളർച്ചമേഖലകളെ കുറിച്ച് ഇടക്കിടെ ആഴത്തിൽ ചിന്തിക്കുക. സ്വയം ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തുക.

• നിങ്ങളുടെ വളർച്ചമേഖലകളിൽ അറിവുള്ളവരുമായി തുറന്നു സംസാരിക്കുക. ഭാവിയിൽ ലക്ഷ്യംവെക്കുന്ന മാറ്റത്തിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കും.

• പുതിയ വഴിയിലേക്ക് ചുവടുവെക്കുന്നതിനായി ചെറിയ തുടക്കമിടുക.

• എല്ലാത്തിലും കുഴപ്പം മാത്രം കണ്ടുപിടിക്കുന്ന സ്വഭാവം മാറ്റി, സാധ്യതകൾ കാണാൻ ശ്രമിക്കുക.

• എല്ലാം ഒരുമിച്ചു ചെയ്യാൻ നിൽക്കാതെ ഓരോ മേഖലയിലും കുറേശ്ശയായി മാറ്റം വരുത്താം. ഉദാഹരണം: പഠനം, ജോലി, കുടുംബം...

• പുതിയ കഴിവുകൾ/അറിവുകൾ വികസിപ്പിക്കുക. ഉദാഹരണത്തിന് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നയാൾ നേരത്തേതന്നെ IELTS, PTE, OET പോലുള്ള ഭാഷാ കോഴ്സുകൾ പഠിക്കുന്നത് നന്നായിരിക്കും.

• പുതിയ കാര്യങ്ങൾ ആസ്വദിച്ച് ചെയ്യുക. പുതിയ രീതികൾ അവലംബിക്കുക. കാലഘട്ടത്തിന് അനുസരിച്ച് മാറുക.

• ഭാവിയിലെ പ്രതിസന്ധികളെ മുന്നിൽക്കണ്ട് പ്രവർത്തിക്കുക. ഉത്കണ്ഠ, ടെൻഷൻ, സ്ട്രെസ് എന്നിവയെ ഫലപ്രദമായി നേരിടുക. വേണ്ടിവന്നാൽ സൈക്കോളജിസ്റ്റിനെ കാണുക.


• പേടിക്കുന്നത് ചെയ്യാൻ ശ്രമിക്കുക. ഉദാഹരണത്തിന് പ്രസംഗമാണെങ്കിൽ അത് ചെറിയ ചെറിയ വേദികളിൽ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു ശീലിക്കുക.

• ഓരോ പുതിയ കാര്യവും പൂർത്തിയാക്കുമ്പോൾ സ്വയം അഭിനന്ദിക്കുക.

• നിങ്ങളുടെ വളർച്ചമേഖലയുമായി ബന്ധപ്പെട്ട് വായനയിലൂടെ കൂടുതൽ അറിവ് നേടുക.

• പോസിറ്റിവായ സമ്മർദങ്ങളെ സ്വീകരിക്കുക. ഉദാഹരണത്തിന് പുതിയ ഒരു കാര്യം ചെയ്യുന്നത്, ഉത്തരവാദിത്തം ഏൽക്കുന്നത്.

• പരാജയങ്ങളും സ്വഭാവികമാണെന്ന ചിന്ത വളർത്തുക. നാമല്ല പരാജയപ്പെട്ടത്. മറിച്ച് നാം ഒരു കാര്യം ചെയ്ത രീതിയാണെന്ന് മനസ്സിലാക്കുക. ചെയ്തരീതിയിൽ മാറ്റം വരുത്തുക. പുതിയ വഴികൾ തേടുക.

• ലക്ഷ്യങ്ങളെ മുൻഗണനാക്രമത്തിൽ ക്രമീകരിക്കുക.

• ഓരോ ദിവസവും പതിവായി ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുക. നിങ്ങളുടെ ശീലങ്ങളെ/പെരുമാറ്റ രീതികളെ വെല്ലുവിളിക്കാൻ ഇത് സഹായകമാകും. ഉദാ: ഭക്ഷണം കഴിക്കുമ്പോൾ സ്മാർട്ട്ഫോൺ, ടി.വി കാണുന്നത് ഒഴിവാക്കൽ.

• നിങ്ങളുടെ ചിന്തകളെ/വിശ്വാസങ്ങളെ പരിഷ്കരിക്കുക. പുതിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത്, പുതിയ പുസ്തകങ്ങൾ വായിക്കുന്നത്, അപരിചിതരുമായി സംസാരിക്കുന്നത് ഉൾപ്പെടെ നിങ്ങളുടെ കാഴ്ചപ്പാടുകളിൽ, വിശ്വാസങ്ങളിൽ മാറ്റം വരുത്തും.

• ഓരോ ദിവസവും നിങ്ങളെത്തന്നെ അപ്ഡേറ്റ് ചെയ്യുക. പുതിയ അറിവുകൾ നേടുക.

കംഫർട്ട് സോണിൽനിന്ന് പുറത്തുകടന്നാലുള്ള ഗുണങ്ങൾ

• നിങ്ങളുടെ ഇഷ്ടം, അഭിരുചി, കഴിവ് എന്നിവക്കനുസൃതമായി ജോലിയിൽ, ബിസിനസിൽ, കുടുംബ ജീവിതത്തിലുൾപ്പെടെ മാറ്റം വരുത്താൻ കഴിയും.

• ജീവിതത്തിൽ പുതിയ അവസരങ്ങൾ തേടാനും കഴിവുകൾ മെച്ചപ്പെടുത്താനും പുതിയ അറിവുകൾ നേടാനും സാധിക്കുന്നു.

• പരാശ്രയ അവസ്ഥയിൽനിന്ന് സ്വാശ്രയതലത്തിലേക്ക് മാറുന്നു.

• മറ്റുള്ളവരുടെ താൽപര്യത്തിന് അനുസരിച്ച് നിങ്ങളുടെ ജീവിതം മുന്നോട്ടുപോകാതെ സ്വന്തം കഴിവുകൾ അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നു.


വെല്ലുവിളികൾ

എഴുത്തുകാരിയായി പേരെടുത്ത ഒരു വ്യക്തി ഒരു പത്രസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. എന്നാൽ, എഴുത്തിൽ കൂടുതൽ അംഗീകാരങ്ങൾ നേടാൻ കംഫർട്ട് സോണായ പത്രസ്ഥാപനത്തിലെ ജോലി അവർ രാജിവെച്ചു.

ആദ്യകാലങ്ങളിൽ സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായി അവർ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

എന്നാൽ, എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം തുടർന്നു. തുടർന്നിറങ്ങിയ നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ പതിപ്പുകൾ വിറ്റഴിഞ്ഞു. അതോടെ തന്റെ വഴി ശരിയായിരുന്നുവെന്ന് അവർക്ക് ബോധ്യപ്പെട്ടു.

കംഫർട്ട് സോണിൽനിന്ന് പുറത്തുകടക്കുമ്പോൾ ഏർപ്പെട്ട കാര്യങ്ങളിൽ ഉടനെ വിജയം കടന്നുവരണമെന്നില്ല. അതിനായി വേണ്ട അറിവുകൾ ആർജിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യാൻ തയാറാകണം. കുറവുകളുടെ കാരണം കണ്ടെത്തി പരിഹരിക്കണം.

മികച്ച ജോലിക്കായി പുതിയ കോഴ്സുകൾ പഠിക്കാൻ തയാറാകണം. ബിസിനസിൽ പുതിയ വഴികൾ, സാധ്യതകൾ അന്വേഷിക്കണം.

എളുപ്പം നിരാശപ്പെടാതെ പ്രാർഥനാഭരിതമായി പ്രവർത്തിക്കുക. ക്ഷമയോടെ കാത്തിരിക്കുക. രീതികളിൽ മാറ്റം വരുത്തുക. അവിടെ വിജയം കടന്നുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:successvictorystudylifejobcomfort zone
News Summary - The best way to leave your comfort zone is to gradually expand it and find your optimal level of “good stress.
Next Story