Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pedophilia - Mental Health Disorders
cancel

വിജനമായ സ്ഥലത്തെ വാടകവീട്ടിൽ ഒരു 11കാരിയെ തനിച്ചാക്കിയ കുടുംബം. പുറത്തുനിന്ന് ആളുകൾ കുട്ടിയുടെ അടുത്തേക്ക് വരാതിരിക്കാൻ അപകടകാരികളായ രണ്ടു നായ്ക്കളെ തന്നെ വീട്ടിൽ വളർത്തിയിരുന്നു. മലപ്പുറം ജില്ലയിലാണ്​ സംഭവം.

കുടുംബത്തിന്റെ പ്രവൃത്തികളിലും മറ്റും അസ്വാഭാവികത മനസ്സിലാക്കിയ സമീപവാസികൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് മലപ്പുറം പൊലീസുമായി ചേർന്ന് കുട്ടിയെ രക്ഷിച്ച്​ കൗൺസലിങ്​ നൽകി.

ഞെട്ടിപ്പിക്കുന്ന വിവരമാണ്​ ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്​. സ്വന്തം അമ്മയുടെ കാമുകൻ അവരുടെ ഒത്താശയോടെ കുട്ടിയെ ഗുരുതര ലൈംഗിക പീഡനത്തിന് നിരന്തരം​ ഇരയാക്കുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെയും കാമുകനെയും പോക്​സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.


വീട്ടിൽ പോകാൻ മടിക്കുന്ന കുട്ടി

ആ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിക്ക്​ പ്രായം 17. മലപ്പുറം ജില്ലയിലെ ഹോസ്റ്റലിൽനിന്നും തിരികെ സ്വന്തം വീട്ടിലേക്കു പോകാൻ കുട്ടിക്ക്​ മടി. തുടർന്ന് കുട്ടിയെ കൗൺസലിങ്ങിന്​ വിധേയമാക്കിയപ്പോൾ പുറത്തുവന്നത്​ ദയനീയമായ അനുഭവങ്ങൾ. അഞ്ചു വയസ്സു മുതൽ കുട്ടി സ്വന്തം പിതാവിൽനിന്ന് ലൈംഗിക ചൂഷണം നേരിടുന്നു. ഇതേത്തുടർന്നാണ് അമ്മ കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റിയത്​.

ഇനിയും തിരികെ വീട്ടിലേക്ക് പോകാൻ ഭയമാണെന്നും വീണ്ടും ലൈംഗിക ഉപദ്രവം നേരിടേണ്ടിവരുമെന്നും കുട്ടി പറഞ്ഞു. പലതവണ ഈ വിഷയം കുട്ടി മാതാവിനോട് പറയുകയും സഹായം തേടുകയും ചെയ്​തെങ്കിലും അവർ ഇത്​ മൂടിവെക്കാനും പിതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചിരുന്നത്. കൗൺസലിങ്ങിനുശേഷം വിഷയം പൊലീസിൽ അറിയിക്കുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

കുറ്റവാളികളെ തിരിച്ചറിയൽ ദുഷ്കരം

കുട്ടികളെ ആകർഷിക്കുന്ന പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്. ലൈംഗിക പ്രവർത്തനത്തിന് അറിവോടെയുള്ള സമ്മതം നൽകാൻ കുട്ടിക്ക് കഴിവില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായ ഗൗരവമേറിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത് .

കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം 2007ൽ നടത്തിയ പഠനം പറയുന്നത്, ഇന്ത്യയിൽ 53.22 ശതമാനം കുട്ടികൾ ഒന്നോ അതിലധികമോ തവണ ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നു എന്നതാണ്. ഇതിൽ 90 ശതമാനം കുട്ടികളും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്നത് അവർക്ക് ചുറ്റുമുള്ളവരിൽനിന്നോ ബന്ധുക്കളിൽനിന്നോ ആണ്. അതിനാൽ അത്തരക്കാരെ തിരിച്ചറിഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്. മിക്കപ്പോഴും ഈസി അവെയ്ലബിലിറ്റിയും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ് അവരെ ഇരപിടിയന്മാരാക്കി മാറ്റുന്നത്.



ചികിത്സിച്ചിട്ടും കാര്യമില്ല

പെഡോഫിലിയ ഒരു ക്രിമിനൽ കുറ്റം എന്നതിലുപരി ഒരു മാനസിക വൈകല്യം കൂടിയായതിനാൽ ഇവർ ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ട്​ പുറത്തിറങ്ങിയാലും ഇതേ ലൈംഗികാസക്തി പ്രകടിപ്പിക്കും. അതും മുമ്പത്തേക്കാളേറെ അപകടകരമായ രീതിയിൽ.

ഇവരെ ചികിത്സിക്കുക എന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. പലപ്പോഴും രോഗി തന്നിലെ വൈകല്യം സമ്മതിച്ചുതരില്ല എന്നതാണ് വെല്ലുവിളി. ഇത്തരം മാനസിക വൈകല്യമുള്ളവർ സമൂഹത്തെ ഭയന്ന് അടങ്ങിയൊതുങ്ങി ജീവിക്കുമെങ്കിലും അവസരം കിട്ടിയാൽ അപകടകാരികളായി മാറാൻ സാധ്യത കൂടുതലാണ്.

പല യൂറോപ്യൻ രാജ്യങ്ങളിലും pedophiles കൂടുതൽ താമസിക്കുന്ന പൊതുസ്ഥലങ്ങളിലടക്കം ‘‘beware of pedophiles’’ (പെഡോഫൈൽസ് ഉണ്ട്, നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കുക) എന്ന ബോർഡുകൾ വരെയുണ്ട്.

മറച്ചുവെക്കുന്നതും കുറ്റകരം

മിക്ക കേസുകളിലും കുട്ടി തനിക്കുണ്ടായ അനുഭവം പല കാരണങ്ങൾകൊണ്ടും മറച്ചുവെക്കുകയാണ്​. വീട്ടിൽ ബന്ധുക്കൾ ഉൾപ്പെട്ട കേസുകളിൽ വീട്ടുകാർ തന്നെ മൂടിവെക്കുന്നു. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ഭാവിയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. വിഷാദരോഗം, പാരനോയിയ (അകാരണമായി എല്ലാറ്റിനോടും എല്ലാവരോടുമുള്ള പേടിയും വിശ്വാസമില്ലായ്മയും), അമിതമായ ലൈംഗിക താല്പര്യം, പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തോടുള്ള വിരക്തി തുടങ്ങിയവയൊക്കെ നേരിടേണ്ടിവരും.

പലപ്പോഴും ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്നവർ പിന്നീട് അബ്യൂസറായി മാറാറുണ്ട്. പല പഠനങ്ങളും ഇത് തെളിയിക്കുന്നു. ഇതിനെ ‘victim to abuser cycle’ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ തരത്തിലുള്ള കുറ്റകൃത്യം മറച്ചുവെക്കുന്നതുപോലും പോക്സോ നിയമപ്രകാരം ശിക്ഷാർഹമാണ്​.


ആവർത്തിക്കപ്പെടുന്ന ക​ുറ്റം

ചൈൽഡ് ലൈൻ ഇടപെട്ട മിക്ക 12 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (CSA) കേസുകളിലും പിടിയിലാകുന്നത് പെഡോഫൈലുകളാണ്​. ഉദാഹരണത്തിന് 2011ൽ പോക്സോ നിയമം നിലവിൽവരുന്നതിനുമുമ്പ്​ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ 40ഓളം ആൺകുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്ത സംഭവമുണ്ടായി.

ചൈൽഡ് ലൈൻ ഇടപെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ അധ്യാപകൻ അറസ്റ്റിലായി. അന്ന് പോക്സോ ആക്ട് നിലവിലില്ലാത്തതിനാലും അന്നത്തെ ഐ.പി.സി 377 എന്ന നിയമം ദുർബലമായതിനാലും ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്ന്​ കുട്ടികളുടെ രക്ഷിതാക്കളെ സ്വാധീനിച്ച് കേസിൽനിന്ന് ഊരിപ്പോയി. പിന്നീട് ഇയാൾ കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു സ്കൂളിൽ അധ്യാപകനായി.

2014ൽ സമാനമായ കുറ്റകൃത്യത്തിന് വീണ്ടും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, ഈ കേസിലും ജാമ്യത്തിലിറങ്ങി. പിന്നീട്​ താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്കൂളിൽ ജോലിക്കുകയറി. മൂന്നാമതും സമാനമായ രീതിയിൽ ചെറിയ കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്ത വിഷയത്തിൽ ചൈൽഡ്ലൈൻ തന്നെ ഇടപെട്ടു. മൂന്നാമതും ഇയാൾ അറസ്റ്റിലായി. ശിക്ഷിക്കപ്പെട്ടാലും ഇക്കൂട്ടർ വീണ്ടും കുറ്റകൃത്യം ആവർത്തിക്കുമെന്നാണ്​ ഇതിൽനിന്ന്​ മനസ്സിലാകുന്നത്​.

മനസ്സിലാക്കണം പോക്​സോ നിയമം

പെഡോഫിലിയക്കാരെ സാമൂഹികമായി നേരിടുന്നതിനുള്ള പെരുമാറ്റ നിയന്ത്രണ സംവിധാനമായ പ്രത്യേക നിയമം, പോക്സോ ആക്ട്​ 2012 നിലവിലുണ്ട്. ഇത് ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമമാണ്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത, ലൈംഗിക ചുവയോടെയുള്ള സ്പർശനം, സംസാരം തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നു. പെഡോഫിലിയക്ക് ഇന്ന് ചികിത്സ ലഭ്യമാണ്. സൈക്കോതെറപ്പിയും മരുന്ന് ചികിത്സയുമൊക്കെയാണ്​ നൽകുക.

സൂക്ഷിക്കണം പെഡോഫിലിയ

രതിവൈകൃതങ്ങളിൽ സമൂഹത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് കുട്ടികളോടുള്ള അതിക്രമമായ പെഡോഫിലിയ (Pedophilia). ഇത്തരം രോഗാവസ്ഥയെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ അവബോധം വേണ്ടത്​ അനിവാര്യമാണ്.

ഒരു വ്യക്തിക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളോട് തോന്നുന്ന ഒരുതരം ലൈംഗിക ആകർഷണമാണിത്. പെഡോഫിലിയ ഒരു മാനസിക വൈകല്യം കൂടിയാണ്. 12 വയസ്സിനുതാഴെയുള്ള കുട്ടികളെ കാണുമ്പോൾ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്ന അവസ്ഥയാണ് പെഡോഫിലിയ. സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥ കാണപ്പെടുന്നു.


പെഡോഫിലിയക്കാരെ തിരിച്ചറിയാം

പൊതുവെ ഇവർക്ക് കുട്ടികളെ ആകർഷിക്കുന്ന പെരുമാറ്റ രീതികളാകും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചോക്ലറ്റ്​, കളിപ്പാട്ടങ്ങൾ എന്നിവയിൽ ഇവർക്ക് നല്ല ധാരണയുണ്ടാകും. പിടിക്കപ്പെടുന്നവരിൽ അധികവും കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. പലപ്പോഴും കുട്ടികളുടെ നിഷ്കളങ്കതയാണ് ഇവർ മുതലെടുക്കുന്നത്. ഉദാഹരണത്തിന് കുഞ്ഞിന്റെ മുടിപ്പിന്നുകൾ ഒളിപ്പിച്ചുവെച്ച്, അത് കണ്ടുപിടിക്കാനെന്നപോലെ, അവളോട് കളിക്കുന്നപോലെയൊക്കെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ ചൂഷണം ചെയ്യും.

കുട്ടികളെ സംരക്ഷിക്കാൻ മുൻകരുതലുകൾ

1. കുട്ടികൾക്ക് അവരുടെ ശരീരഭാഗങ്ങളെയും അവയുടെ യഥാർഥ പേരും പരിചയപ്പെടുത്തണം. ഇത്,​ കുട്ടികൾ ഏതെങ്കിലും തരത്തിൽ ചൂഷണത്തിന് ഇരയായാൽ അവർക്ക് വ്യക്തമായി സംസാരിക്കാൻ സഹായിക്കും.

2. ശരീരത്തിന്റെ അതിർവരമ്പുകൾ, സ്വകാര്യത, ബാത്​റൂം മാനേഴ്​സ് എന്നിവ കുട്ടികളെ പഠിപ്പിക്കുക. അവശ്യ സന്ദർഭങ്ങളിലൊഴികെ മറ്റാരും തങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ കാണാനോ സ്പർശിക്കാനോ ഇടവരരുതെന്ന് മനസ്സിലാക്കിക്കൊടുക്കുക.

3. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരുമടക്കം പരിചിത വ്യക്തികൾക്കുപോലും സുരക്ഷ നിയമങ്ങൾ ബാധകമാണെന്ന് കുട്ടികളെ മനസ്സിലാക്കുക.

4. മുതിർന്നവരുടെയും കുടുംബാംഗങ്ങളുടെയും അനാവശ്യ ആലിംഗനങ്ങൾ, ചുംബനങ്ങൾ, മറ്റ് അമിത വാത്സല്യപ്രകടനങ്ങൾ എന്നിവയോട് ‘No’ എന്ന് പറയാൻ കുട്ടിയെ പ്രാപ്തരാക്കുക.

5. സ്വന്തം ശരീരത്തിൽ അഭിമാനിക്കാനും ശരീരത്തെ സംരക്ഷിക്കാനും പഠിപ്പിക്കുക. ആവശ്യമെങ്കിൽ സഹായം അഭ്യർഥിക്കുന്നത് ശരിയാണെന്ന് ബോധ്യപ്പെടുത്തുക.

6. പെഡോഫിലിയ പോലെയുള്ള മനോരോഗികൾ പലപ്പോഴും കുട്ടികളുടെ സുഹൃത്തോ വിശ്വസിക്കാൻ കഴിയുന്ന ഒരാളോ ആയിട്ടാണ് അടുക്കുന്നത്. അതിനാൽ മാതാപിതാക്കൾ എപ്പോഴും കുട്ടികളുമായി നല്ല സുഹൃദ് ബന്ധം സ്ഥാപിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക.

7. കുട്ടികളുടെ ലൈംഗികപരമായ സംശയങ്ങൾ പ്രായബന്ധിതമായി ദൂരീകരിക്കുക. അല്ലാത്തപക്ഷം കുട്ടി ഇത്തരം സംശയങ്ങൾ ചോദിക്കുന്ന വ്യക്തികൾ അവരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

8. നിങ്ങളുടെ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടാൽ അത് ഗൗരവമായെടുത്ത് അവരെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക. ഒരിക്കലും അവരെ കുറ്റപ്പെടുത്തരുത്. തുറന്നുപറച്ചിലുകളാണ് വേണ്ടതെന്നും അത് തെറ്റല്ലെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pedophilia
News Summary - Pedophilia - Mental Health Disorders
Next Story