Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_right'16 മണിക്കൂറോളം ജോലി...

'16 മണിക്കൂറോളം ജോലി ചെയ്യുന്നുണ്ട്. 750 രൂപ തികക്കാനാണ് ഇത്രയും സമയം ജോലി ചെയ്യുന്നത്' -ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്കും പറയാനുണ്ട്

text_fields
bookmark_border
The Challenging Lives of Delivery Boys
cancel

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ചരിഞ്ഞും വളഞ്ഞും ഇരുചക്രവാഹനത്തിൽ പായുന്ന ഒരുപറ്റം ചെറുപ്പക്കാർ. യൂനിഫോം ടീ ഷർട്ടും ചുമലിൽ ചതുരപ്പെട്ടി ബാഗും തൂക്കി അവരുടെ പാച്ചിൽ വലിയ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ്​. ഇവരിൽ ജീവിതോപാധിയായി ഓൺലൈൻ ഭക്ഷണ ഡെലിവറിയെ സ്വീകരിച്ചവരുണ്ട്​. സ്വപ്നങ്ങളിലേക്കുള്ള വഴിതെളിക്കാൻ ജോലിയെ ഒപ്പം കൂട്ടിയവരും നിരവധി.

വിവിധ കോഴ്സുകൾ പഠിക്കുന്നവർ, മറ്റ് ജോലിക്കൊപ്പം പാർട്ട് ടൈമായി ഓൺലൈൻ ഫുഡ് ഡെലിവറി സർവിസിന് ഇറങ്ങിയവർ... അങ്ങനെയൊക്കെ നമുക്ക് അവരെ എറണാകുളത്ത് കണ്ടുമുട്ടാം. തൊഴിലെടുത്ത് പഠനം നടത്തുകയെന്ന ആശയം ശക്തിപ്രാപിക്കുമ്പോൾ, ഏറ്റവുമധികം യുവജനങ്ങൾ സ്വീകരിക്കുന്ന ജോലി ഇതായി മാറി. ഭക്ഷണം കൈയിൽ വെച്ചുള്ള ഓട്ടപ്പാച്ചിലിനിടെ അവർ സംസാരിക്കുന്നു...


വരുമാനമാർഗത്തിന് ഉത്തമം

എറണാകുളം മേനകയിലെ റസ്റ്റാറന്റിന് മുന്നിൽ അക്ഷമയോടെ കാത്തു നിൽക്കുകയാണ് കോഴിക്കോട് സ്വദേശി സൗരവ്. ഭക്ഷണമെത്തിക്കാൻ വൈകിയാൽ അത് ഈ തൊഴിലിലെ കാര്യക്ഷമതക്കുറവായി കണക്കാക്കും. ആറുമാസത്തെ ഓയിൽ ആൻഡ് ഗ്യാസ് റിഫൈനറീസ് കോഴ്സ് പഠിക്കുകയാണ് സൗരവ്. ഒരുമാസമായി കൊച്ചിയിലെത്തിയിട്ട്.

പഠനച്ചെലവുകൾ പുലരുമോ ഈ ജോലിയിൽ?

സൗരവ്: കോഴ്സിന്‍റെ തുടക്കത്തിൽതന്നെ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിലും ജോലിക്ക് കയറി. നല്ല അനുഭവമാണ് ജോലിയിലൂടെ ലഭിക്കുന്നത്​. കോഴ്സ് പഠിക്കാനുള്ള തുക മുഴുവനായി കണ്ടെത്താനൊന്നും കഴിയില്ല. എന്നിരുന്നാലും ഇവിടത്തെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ ഇതിലൂടെ നടത്താനാകും. രാവിലെ 11 വരെയാണ് ക്ലാസ്​. ബാക്കിസമയത്ത് എന്ത് ജോലി കിട്ടിയാലും ചെയ്യാൻ തയാറാണ്.

അപ്പോൾ കൂടുതൽ സൗകര്യപ്രദമായ ജോലിയെന്ന നിലയിൽ ഇത് സ്വീകരിച്ചു. ഡെലിവറി ചെയ്യുന്നതിന് അനുസരിച്ചാണ് പണം ലഭിക്കുക. ഡെലിവറി ചാർജ് ഇനത്തിൽ ഒരാഴ്ചക്കുള്ളിൽ 4000 രൂപ സമ്പാദിക്കാനായാൽ 1400 രൂപ ഇൻ​സെന്റിവ് കൂടി ലഭിക്കും. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്നതാണ് കുടുംബം. തന്നോടൊപ്പം കോഴ്സിന് പഠിക്കുന്ന ഏഴുപേർ ഒപ്പംതാമസിക്കുന്നുണ്ട്. അവരൊക്കെ ഇതേ ജോലിയിൽതന്നെ.


പലർക്കും ഇത്​ ആദ്യജോലി

സമയം ഉച്ച 12 കഴിഞ്ഞു. സി.പി. ഉമ്മർ റോഡിലെ റസ്റ്റാറൻറിന് മുന്നിൽ ഭക്ഷണം വാങ്ങാനെത്തിയ ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരുടെ തിരക്ക്. ഇതിനിടയിലുണ്ട്​ ശ്രാവൺ

ശ്രാവൺ: പ്രതിദിനം ആയിരം രൂപയോളം വരുമാനമായി ജോലിയിൽനിന്ന് ലഭിക്കുന്നുണ്ട്​. ബൈക്കിന് പെട്രോളടിക്കാനുള്ള തുക മാറ്റിവെക്കും. മറ്റു ജോലികളൊന്നും ചെയ്യുന്നില്ല, പൂർണമായും ഡെലിവറി ജോലിതന്നെ. എൻജിനീയറിങ് പഠനം കഴിഞ്ഞാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്.

പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട് വിദേശ ജോലിക്കാണ് ശ്രമിക്കുന്നത്. അത് ലഭിക്കുന്നതു വരെയുള്ള വരുമാനമാർഗമായിട്ടാണ് ഫുഡ് ഡെലിവറിയെ കാണുന്നത്. വിദേശ രാജ്യങ്ങളിൽ വ്യാപകമായ തൊഴിലെടുത്ത് പഠിക്കുന്ന സംസ്കാരം ഇവിടെയും സജീവമായത് പോസിറ്റിവായി കാണണം.


ഓൺലൈൻ ഫുഡ് ഡെലിവറി മെച്ചപ്പെട്ട ഒരു തൊഴിലാണ്. നമുക്ക് അനുയോജ്യമായ സമയത്ത് മാത്രം ജോലി ചെയ്താൽ മതി. ഭക്ഷണം ഓർഡർ ചെയ്യുന്ന ആളുകളുടെ പെരുമാറ്റം പലതരത്തിലായിരിക്കും. കൂടുതൽ ആളുകളും നല്ല രീതിയിലാണ് പെരുമാറുക.

ഈ സമയം ഭക്ഷണം പാക്ക് ചെയ്ത് റസ്റ്റാറൻറ് ജീവനക്കാർ എത്തിച്ചു. ഇതോടെ, ശ്രാവൺ അത് വാങ്ങി ബാഗിലാക്കി, ബൈക്ക് സ്റ്റാർട്ട് ചെയ്ത് ലക്ഷ്യസ്ഥാനത്തേക്ക്...

വിനിൽ മെഡിസിൻ ഓഫിസിൽ ജോലി ചെയ്യുന്നയാളാണ്​. പാർട്ട് ടൈമായി ഫുഡ് ഡെലിവറി ചെയ്യുന്നു. തരക്കേടില്ലാത്ത വരുമാനം ഇതിലൂടെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന്​ വിനിലിന്‍റെ പക്ഷം. രാത്രിസമയത്താണ് കൂടുതലും സൗകര്യപ്രദം. അതിനാൽ ആ സമയമാണ് ഫുഡ് ഡെലിവറിക്ക് തിരഞ്ഞെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.


കൂട്ടായ്മ വേണം

ഡി.ജെ കോഴ്സ് പഠിക്കാൻ കൊച്ചിയിലെത്തിയതാണ് ഷഹബാസ്. പഠനം സാധ്യമാകാതെ വന്നപ്പോൾ വരുമാന മാർഗമായി കണ്ടെത്തിയതാണ് ഫുഡ് ഡെലിവറി. ഈ ജോലിയിൽ ചില ബുദ്ധിമുട്ടുകളുമുണ്ടെന്ന് റസ്റ്റാറൻറിന് മുന്നിൽ ഭക്ഷ‍ണം കാത്തുനിന്ന് ലഭിച്ചശേഷം ബൈക്കിലേക്ക് കയറുന്നതിനിടെ ഷഹബാസ് പറയുന്നു.

ഷഹബാസ്: നാല് കിലോമീറ്ററിന് 20 രൂപ വെച്ചാണ് ഡെലിവറി ബോയിക്ക് കമ്പനി നൽകുന്നത്. 16 മണിക്കൂറോളം ജോലി ചെയ്യുന്നുണ്ട്. 750 രൂപ തികക്കാനാണ് ഇത്രയും സമയം ജോലി ചെയ്യുന്നത്. ഇൻ​സെന്റിവ് ഇനത്തിൽ 300 രൂപയോളം കമ്പനി നൽകും. അത് നമുക്ക് പെട്രോൾ അടിക്കാനുള്ള പൈസയേ ഉണ്ടാകൂ.

ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ആദ്യഘട്ടങ്ങളിൽ ഒരു ഓർഡറിന് 40 രൂപയോളം ലഭിച്ചിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. എങ്ങനെയെങ്കിലും ആഴ്ചയിൽ ഒരു 10,000 രൂപയാക്കാനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തുക. എന്നാൽ, ബൈക്കിന് 2000 രൂപയോളം പലപ്പോഴും പണി ചെയ്യേണ്ടി വരും. വാഹനവും മൊബൈലും പെട്രോളുമടക്കം കാര്യങ്ങൾക്ക്​ നമ്മൾതന്നെയാണ് മുടക്കുന്നത്.


ഭൂരിഭാഗം ആളുകളും നല്ല രീതിയിലാണ് ഡെലിവറി ജീവനക്കാരോട് പെരുമാറുന്നത്. എന്നാൽ, മോശം പെരുമാറ്റം നടത്തുന്നവരുമുണ്ട്. ലൊക്കേഷനിൽ എത്തുന്നത് വരെയുള്ള ദൂരം കണക്കാക്കിയാണ് കമ്പനി തുക ജീവനക്കാർക്ക് അനുവദിക്കുക. എന്നാൽ, പലപ്പോഴും വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിന് കീഴിലെത്തിയാൽ വീണ്ടും 300-350 മീറ്ററോളം നടക്കേണ്ടിവരും. ഈ സമയമോ ദൂരമോ കമ്പനിയുടെ കണക്കിൽപെടാറില്ല. അതിനാൽ മേഖലയിലുള്ളവരുടെ ഒരു കൂട്ടായ്മ ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZomatoDelivery BoysSwiggy
News Summary - The Challenging Lives of Delivery Boys
Next Story