Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരണം പതിയിരിക്കുന്ന ഗാർഹിക പ്രസവം
cancel

ണ്ടൊക്കെ പത്തും പന്ത്രണ്ടും മക്കളെയൊക്കെ വീട്ടിലാണ് പ്രസവിച്ചത്. അന്ന് ഈ കാണുന്ന ആശുപത്രികളോ ഓപറേഷനോ ഒന്നും ഇല്ലായിരുന്നു. നമ്മുടെയൊക്കെ മുത്തശ്ശിമാരടക്കം പ്രായമുള്ള സ്ത്രീകൾ സ്ഥിരമായി പറയുന്ന കാര്യമാണിത്. ഗാർഹിക പ്രസവത്തിന്​ പഴമയെ കൂട്ടുപിടിക്കുന്നവ​രും ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ എന്ന് ചോദിക്കുന്നവരും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.




ഒബ്​സ്ട്രക്​ടഡ്​ ലേബർ

100 പ്രസവങ്ങളിൽ 90 എണ്ണം കുഴപ്പമില്ലാതെ നടക്കുമ്പോൾ, ചിലരിൽ ഒബ്​സ്ട്രക്​ടഡ്​ ലേബർ എന്ന നിലയിലേക്ക്​ പോകും. അതീവ സൂക്ഷ്മത ​പുലർത്തിയാലേ ഡോക്ടർക്ക്​ പോലും ഇത്​ തിരിച്ചറിയാൻ കഴിയൂ. മണിക്കൂറുകൾ നീളുന്ന ​പ്രസവ സമയത്ത്​ കുഞ്ഞ്​ പുറത്തേക്ക്​ വരുന്ന ഇടുപ്പെല്ലിലൂടെയുള്ള സഞ്ചാര പാതയിൽ തടസ്സം വരുന്നതാണ്​ ഈ സ്ഥിതി. കുഞ്ഞിന്‍റെ വലുപ്പക്കൂടുതൽ കൊണ്ടോ സഞ്ചാരപാതയുടെ വ്യാപ്തിക്കുറവുകൊണ്ടോ, സഞ്ചാരപാതയിൽ ശരിയായ ദിശയിലല്ലാതെ കുഞ്ഞുപ്രവേശിക്കുന്നതുകൊണ്ടോ ഒക്കെ ഇതു സംഭവിക്കാം. എക്സ്പീരിയൻസുള്ളയാൾക്ക്​ മാത്രമേ​ ഇത്​ കൃത്യസമയത്ത്​ കണ്ടെത്തി, സിസേറിയൻ ഉൾപ്പെടെ അടിയന്തര തീരുമാനമെടുക്കാൻ കഴിയൂ. ഇത്​ അറിയാത്തവർ, വേദനയുണ്ടല്ലോ സ്വയം പ്രസവിക്കും പുഷ്​ ചെയ്താൽ മതി എന്ന്​ കരുതി ഇരിക്കും. ചിലപ്പോൾ ഗർഭപാത്രം തന്നെ പിളർന്നു പോകാം. ഈ അവസ്ഥയിൽ അമ്മയും കുഞ്ഞും മരിക്കാം.

പ്രസവത്തിലെ അപ്രവചനീയത

ഹൈറിസ്ക്​ ആയാലും ലോ റിസ്​ക്​ ആയാലും ഗർഭകാലവും പ്രസവവും അപ്രവചനീയമാണ്. ഒരു കുഴപ്പവുമില്ലാത്ത എത്രത്തോളം നോർമലായ പ്രസവമാണെങ്കിലും ഏത്​ നിമിഷവും എന്തും സംഭവിക്കാം. മുൻകാലങ്ങളിൽ മാതൃമരണങ്ങൾക്ക്​ ഏറ്റവും വലിയ കാരണമായിരുന്നത്​ പോസ്റ്റ്​ പാർട്ടം ഹെമറേജ്​ (പി.പി.എച്ച്) അഥവാ പ്രസവാനന്തര അമിത രക്തസ്രാവമായിരുന്നു. ഇത്​ തിരിച്ചറിഞ്ഞ്​ പ്രതിരോധിച്ചതിന്‍റെ ഫലമായി ലക്ഷക്കണക്കിന്​ സ്ത്രീകളാണ്​ ജീവിതത്തിലേക്ക്​ തിരിച്ചുവന്നത്​. അമിതരക്തസ്രാവം എന്ന അപകടം ആർക്കൊക്കെ ഉണ്ടാകാം എന്നതിന് ചില സൂചകങ്ങൾ ഉണ്ടെങ്കിൽ പോലും ആ അപകടം എപ്പോൾ, ആർക്കൊക്കെ സംഭവിക്കാമെന്ന്​ പ്രവചിക്കാൻ കഴിയില്ല.

പി.പി.എച്ച്​ എങ്ങനെ, എന്ത്​ ചെയ്യുന്നു

പ്രസവശേഷം ഹോർമോൺ പ്രവർത്തനത്തിൽ ഗർഭപാത്രം ചുരുങ്ങും​. എന്നാൽ, ഗർഭപാത്രം​ സാധാരണ ഗതിയിൽ ചുരുങ്ങാതെ വന്നാൽ അമിതമായി രക്തം പുറത്തുവരുന്ന പി.പി.എച്ച്​ എന്ന അവസ്ഥയാകും. ഹോർമോൺ പ്രവർത്തനം സമയമെടുത്ത്​ നടക്കട്ടെ എന്ന്​ കാത്തിരുന്നാൽ ചിലരിൽ രക്തം ധാരാളമായി നഷ്ടപ്പെട്ട്​ അപകടസ്ഥിതിയാകും.

വിളർച്ച, പ്ലാസന്റ പ്രിവിയ, ഇരട്ടക്കൂഞ്ഞുങ്ങൾ എന്നീ അവസ്ഥകളുള്ളവർക്ക് പ്രസവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാം. ഇത്തരക്കാർക്ക് അത് ഒഴിവാക്കാൻ ഗർഭകാല ചികിത്സ നൽകാറുണ്ട്. എന്നാൽ, അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നവരിൽ അമിത രക്തസ്രാവം ഉണ്ടാകുന്നത് മുൻകൂട്ടി അറിയാൻ കഴിയില്ല. പ്രസവ സമയത്താണ്​ ഇത് കണ്ടെത്തി പ്രതിവിധി ചെയ്യാൻ കഴിയുന്നത്.

രക്തസ്രാവമുണ്ടായാൽ രക്തം കയറ്റുന്നതാണ്​ ആശുപത്രിയിൽ ചെയ്യുന്ന പ്രതിവിധി എന്നാണ്​ പൊതുധാരണ. എന്നാൽ, ആക്ടിവ്​ മാനേജ്​മെന്‍റ്​ ഓഫ്​ തേഡ്​ സ്​റ്റേജ്​ ഓഫ്​ ലേബർ എന്ന്​ മെഡിക്കൽ ലോകം വിളിക്കുന്ന, കുഞ്ഞ്​ പിറന്നതിനു​ശേഷം പ്ലാസന്‍റ പുറത്തു വരുന്നതിനു ​മുമ്പുള്ള സമയത്ത്​ അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കി മരുന്ന്​ നൽകുന്നു എന്നതാണ്​ ലേബർ റൂമുകളിൽ ജീവൻരക്ഷാ പ്രവർത്തനമായി മാറുന്നത്​. ഗർഭപാത്രം ചുരുങ്ങാനുള്ള മരുന്നാണ്​ നൽകുന്നത്​. ഈ പ്രതിവിധി വന്നതോടെയാണ്​ നേരത്തേ ഒരു ലക്ഷം പ്രസവങ്ങളിൽ 70-80 വരെ മാതൃമരണങ്ങൾ ഉണ്ടായിരുന്നത്​ 30ന് താഴേക്കെത്തിക്കാൻ​ കഴിഞ്ഞത്​. ​

വീട്ടിൽ പ്രസവിക്കുന്ന ഒരു സ്ത്രീക്ക്​ അവിടെ ഈ മരുന്ന്​ നൽകുന്നത്​ പ്രായോഗികമാകില്ല. മരുന്നിന്‍റെ ഡോസ്​, കൊടുക്കുന്ന രീതി ഒക്കെ പ്രധാനമാണ്​. ഇതു​കൊണ്ട്​ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടെന്ന്​ മാനേജ്​ ചെയ്യാനുള്ള സൗകര്യങ്ങളൊന്നും വീടുകളിൽ ഇല്ല​ല്ലോ.

അംനിയോട്ടിക്​ ഫ്ലൂയിഡ് എംബോളിസം; നിശ്ശബ്ദ വില്ലൻ

അംനിയോട്ടിക്​ ഫ്ലൂയിഡ്​ എംബോളിസം -പ്രസവ സമയത്ത് അപൂർവങ്ങളിൽ അപൂർവമായി മാത്രം വരുന്ന മാരകസ്ഥിതി. അംനിയോട്ടിക് ഫ്ലൂയിഡ് രക്തത്തിൽ കലരുന്നതാണ് ഈ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ഫ്ലൂയിഡ് കൂടുതലുള്ളവർ, യൂട്രസ് കോൺട്രാക്ഷൻ വളരെ ശക്തമായി നടക്കുന്നവർ എന്നിവരിലൊക്കെ ഇത് പ്രതീക്ഷിക്കാമെങ്കിലും ഒരിക്കലും പ്രവചിക്കാൻ കഴിയാത്തവരിലാണ് ഇത് മിക്കവാറും ഉണ്ടാകുന്നത്. ഇത് വരുന്നവരിൽ 90 ശതമാനം വരെ അമ്മമാരെയും രക്ഷിക്കാൻ കഴിയണമെന്നില്ല. എന്നാൽ, 10 -15 ശതമാനത്തെ മെഡിക്കൽ സമൂഹം രക്ഷിച്ചെടുക്കുന്നു എന്നത് ഈ സ്ഥിതിയുടെ മാരകാവസ്ഥ​െവച്ചു നോക്കുമ്പോൾ വലിയ ആശ്വാസമാണ്. വേദന തുടങ്ങി, ഫ്ലൂയിഡ് ലീക്കായതിനു ശേഷമായിരിക്കും ഇത് വരുന്നത്.

രക്തത്തിൽ അംനിയോട്ടിക് ഫ്ലൂയിഡ് കലർന്ന് കടുത്ത അലർജി റിയാക്ഷൻ നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാകും. ഗർഭിണി ശ്വാസമെടുക്കുന്നത് നിലച്ച്, ഹൃദയസ്തംഭനം പോലുള്ളവ വന്ന് അബോധാവസ്ഥയിലാകും. പൾസും ബി.പിയും ഒന്നും കാണില്ല. ശരിക്കും മരണത്തിനും ജീവിതത്തിനും ഇടയിലായിരിക്കും അമ്മ. പ്രസവത്തിനു മുമ്പാണെങ്കിൽ വെറും നാലു മിനിറ്റ് സമയമാണ് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാൻ കിട്ടുന്നത്. ഈ നാലു മിനിറ്റിൽ ഗർഭിണിക്ക് ഉണ്ടായത് ഈ സ്ഥിതിയാണെന്ന് ഡോക്ടർ മനസ്സിലാക്കണം, ഇൻകുബേറ്റ് ചെയ്ത് ഓക്സിജൻ നൽകണം, ജീവൻ രക്ഷാമരുന്ന് നൽകണം, റീസക്സികേറ്റ് ചെയ്യാൻ ശ്രമിക്കണം, കുഞ്ഞിനെ ഉടൻ സിസേറിയൻ ചെയ്ത് പുറത്തെടുക്കണം. അനസ്തേഷ്യ നൽകാനുള്ള സാവകാശം പോലും കാണില്ല. അത്രക്ക് വേഗത്തിൽ പ്രവർത്തിച്ചാൽ മാത്രമേ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനാകൂ. ചിലർക്ക് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ബോധം വരും. അല്ലാത്തവരെ രക്ഷിക്കാൻ പിന്നെയും ശ്രമം തുടരണം. എല്ലാറ്റിനും നിർണായകമായി നാലു മിനിറ്റുകൾ മാത്രം. ഡോക്ടറുടെ മനോധൈ​ര്യവും കൂട്ടായ ​പ്രവർത്തനവുമാണ്​ നിർണായകമാകുന്നത്.

‘‘നാലു മാസങ്ങൾക്കു മുമ്പ് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ സമാന സംഭവം ഉണ്ടായി. ലേബറിലായിരുന്ന യുവതി ഡ്രിപ് ഇട്ട് ആരോഗ്യപ്രവർത്തകരുമായി സംസാരിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പോലെ വരുന്നു എന്ന് പറയുകയും സ്ഥിതി വഷളാവുകയും ചെയ്തു. അടുത്ത ടേബിളിലുണ്ടായിരുന്ന ഡോക്ടർ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ പൾസും ബി.പിയും കിട്ടാത്ത സ്ഥിതിയായി. തിയറ്ററിലേക്ക് ഉടൻ കൊണ്ടുപോകവേ അപസ്മാരം വന്നു. ടേബിളിൽ എത്തിയപ്പോഴേക്കും ബോധം പൂർണമായും നഷ്ടമായി. റീസക്സികേറ്റ് ചെയ്തിട്ടും ഫലമില്ലാതായി. അനസ്തേഷ്യ നൽകാൻ കാക്കാതെ കുഞ്ഞിനെ പുറത്തെടുത്തു. അതോടെ യുവതി സ്വയം ശ്വസിക്കാൻ തുടങ്ങി. പിന്നെ അനസ്തേഷ്യ കൊടുത്ത് മുറിവ് സ്റ്റിച്ച്​ ചെയ്ത്​ വെന്റിലേറ്റർ സൗകര്യം ലഭ്യമാക്കി. ആ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചുകിട്ടി.




രക്തസമ്മർദം

പ്രസവത്തിനു​ മുമ്പ്​ രക്തസമ്മർദം സാധാരണമായിരുന്നവരിൽ പോലും പ്രസവസമയത്തോ ശേഷമോ അസാധാരണമായി രക്തസമ്മർദം കൂടുന്ന അവസ്ഥ വരാം. ഇതിന്‍റെ പ്രത്യാഘാതമായി അപസ്മാരം ഉൾപ്പെടെ ഉണ്ടാകാറുണ്ട്​. മാതൃമരണ കാരണങ്ങളിൽ ഇതും പ്രധാനമാണ്​. വളരെ അപൂർവമായി ആണെങ്കിലും പ്രസവശേഷം തലച്ചോറിലെ രക്തസ്രാവം, അപസ്മാരം പോലുള്ളതും മാതൃമരണത്തിന്​ കാരണമാകാം.

നിരീക്ഷണം പ്രധാനം

മെഡിക്കൽ പ്രോട്ടോകോൾ പ്രകാരം, പ്രസവമെന്നാൽ ‘Watchful expectancy and masterly inactivity’ എന്നാണ്​. അതായത്​ സ്ഥിതി എല്ലാം മനസ്സിലാക്കിവെച്ച്​, പ്രത്യേകിച്ച്​ ഇടപെടൽ ഒന്നും നടത്താതിരിക്കുക​. എന്തെങ്കിലും പ്രശ്നം കണ്ടാൽ മാത്രമാണ്​ ഇടപെടൽ വേണ്ടത്​. അത്​ വേണ്ടിവരുന്നത്​ ചെറിയ ശതമാനം പേർക്കായിരിക്കാം, പക്ഷേ, ആ ചെറിയ ശതമാനം പേരിൽ കൃത്യസമയത്ത്​ ഇടപെട്ടില്ലെങ്കിൽ കുഞ്ഞിന്‍റെയോ അമ്മയുടെയോ മരണത്തിൽ കലാശിക്കാം. അതിനാൽ, അതിസൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​ പ്രസവത്തിൽ ഏറ്റവും പ്രധാനം.

ആശുപത്രികളിലെ ഒരു ലക്ഷം പ്രസവങ്ങളിൽ 30ൽ താഴെ അത്യാഹിതം സംഭവിക്കുന്നത്​ ചൂണ്ടിക്കാണിച്ച്,​ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്നവർ ഉദാഹരണമാക്കുന്നത്​ പ്രശ്നമില്ലാതെ വീട്ടിൽ നടന്ന പ്രസവമാകും. എന്നാൽ, അത്തരം 10 സംഭവങ്ങളിൽ എത്ര അത്യാഹിതം ഉണ്ടാകുന്നു എന്നത്​ പുറത്തേക്കു വരുന്നില്ല. പണ്ട്​ പത്തും പതിനഞ്ചും കുട്ടികളെ വീട്ടിൽ പ്രസവിച്ച ഉദാഹരണം പറയുന്നവർ അത്തരം പ്രസവങ്ങളിൽ എത്ര കുട്ടികളും അമ്മമാരും മരിച്ചു എന്ന ചോദ്യത്തിന്​ ഉത്തരം നൽകാറില്ല.

കുഞ്ഞിന് നൽകണം അതീവ ശ്രദ്ധ

പ്രസവ പ്രക്രിയ മുന്നേറുമ്പോൾ, കൃത്യമായ ഇടവേളകളിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്​ ​നോക്കുന്നത്​ അതിപ്രധാനമാണ്​. ഇലക്​ട്രോണിക്​ ഫീറ്റൽ മോണിറ്ററിങ്​ ഉപയോഗിച്ചാണ്​ ഇത്​ ചെയ്യുന്നത്​. വെറുതെ സ്​റ്റെതസ്കോപ്​ വെച്ച്​ നോക്കുന്നതു​ പോലെയല്ല, പല രീതികളുണ്ട്​. കുഞ്ഞിന്‍റെ ഹൃദയമിടിപ്പിന്‍റെ ബീറ്റ്​ വേരിയബിലിറ്റി, കൈയും കാലും അനക്കുമ്പോൾ ഹൃദയമിടിപ്പ്​ കൂടുന്ന ആക്സിലറേഷൻ ഒക്കെ മനസ്സിലാക്കണം. ലേബർ സെക്കൻഡ്​ സ്​റ്റേജിൽ ഇത് അഞ്ചു മിനിറ്റ്​ ഇടവിട്ടാണ്​ നോക്കുന്നത്​. റിസ്​കുള്ള കുഞ്ഞുങ്ങളിൽ തുടർച്ചയായി നോക്കും. ആ ഗ്രാഫ്​ നോക്കിയാണ്​ കുഞ്ഞിന്‍റെ അവസ്ഥ അറിയുന്നത്​. മോണിറ്ററിങ്ങിൽ അപകടകരമായ റീഡിങ്​ വന്നാൽ, കാത്തിരിക്കാൻ കഴിയില്ല, അടിയന്തരമായി സിസേറിയൻ ചെയ്​താലേ കുഞ്ഞിനെ രക്ഷിക്കാനാകൂ.

കുഞ്ഞ്​ വരുന്നതിനു​ മുമ്പ്​ പൊക്കിൾക്കൊടി താഴേക്ക്​ വരുന്ന സ്ഥിതിയിൽ, മിനിറ്റുകൾക്കുള്ളിൽ സിസേറിയൻ ചെയ്താലേ കുഞ്ഞ്​ രക്ഷപ്പെടൂ. ഒബ്​സ്ട്രക്ടഡ്​ ലേബർ പോലുള്ള അവസ്ഥയിൽ കുഞ്ഞ്​ കുറെ നേരം കുടുങ്ങിക്കിടക്കുന്നത്​ മനസ്സിലാക്കാതിരുന്നാൽ, ഓക്സിജൻ ​തലച്ചോറിൽ എത്തുന്നത്​ കുറഞ്ഞ്​ ഹൈപോക്സിയ ​ഉണ്ടാകാം. ഈ അവസ്ഥയിൽ കുഞ്ഞിനെ ജീവ​നോടെ കിട്ടിയാലും സെറിബ്രൽ പാൾസി പോലുള്ള സ്ഥിതി അപൂർവ്വമായി വരികയും ചെയ്യാം.

സാ​ധാ​ര​ണ​യാ​യി പ്ര​സ​വം ക​ഴി​ഞ്ഞ്​ കു​ഞ്ഞ്​ പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ്​ മ​റു​പി​ള്ള വേ​ർ​പെ​ടു​ന്ന​ത്. എ​ന്നാ​ൽ, അ​പൂ​ർ​വമാ​യി പ്ര​സ​വ​ത്തി​ന്​ മു​മ്പ്​ മ​റു​പി​ള്ള വേ​ർ​പെ​ട്ടു​പോവു​ന്ന അ​വ​സ്ഥയുണ്ടാകാം (Abruptio Placenta). വൈദഗ്​ധ്യം സിദ്ധിച്ച ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ നടക്കുന്ന പ്രസവങ്ങളിൽ ഈ അവസ്ഥ മനസ്സിലാവാതെ വരുകയും അമ്മയും കുഞ്ഞും മരണപ്പെട്ടുപോവുകയും ചെയ്യുന്നത്​ അപൂർവമല്ല.

ജനിക്കുന്ന കുഞ്ഞിന്റെ ഓക്സിജൻ, ഷുഗർ നില താഴുന്ന അപകടങ്ങളും പ്രതീക്ഷിക്കണം. ഇങ്ങനെ ധാരാളം അപകട സാധ്യതയുള്ളതാണ്​ പ്രസവം.





മഷി പോയാലും പ്രസവിക്കും, പക്ഷേ...

പ്രസവസമയത്ത്​ ഗർഭപാത്രത്തിൽ​െവച്ചു തന്നെ കുഞ്ഞിന്‍റെ ആദ്യ മലം പോകുന്നതും ഇത്​ കുഞ്ഞിന്‍റെ ഉള്ളിൽ പോകുന്നതുമാണ്​ ‘മഷി പോകുക’ എന്നറിയപ്പെടുന്നത്​. ഈ അവസ്ഥയിൽ സാധാരണ പ്രസവം നടക്കില്ല എന്ന സ്ഥിതിയില്ല. ഉടൻ പ്രസവിക്കണം എന്ന്​ മാത്രമേ ഉള്ളൂ. ഏറെനേരം നീളുന്ന പ്രസവ പ്രക്രിയയിൽ തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ കുറവ്​ വരുന്ന സ്ഥിതിയിൽ സ്ട്രെസിൽ ആകുന്ന കുഞ്ഞിന്‍റെ മലദ്വാരം വികസിച്ചാണ്​ മലം പുറത്തുവരുന്നത്​. അതായത്​ ബ്രെയിൻ ഹൈപോക്സിയ കുഞ്ഞിന്​ വന്നുകഴിഞ്ഞു. ഈ സ്ഥിതിയിൽ ഉടൻ പ്രസവിച്ചാൽ കുഞ്ഞിന്​ കുഴപ്പം കാണില്ല. ഉടൻ ​കുഞ്ഞ്​ പുറത്തു വന്നില്ലെങ്കിൽ സെറിബ്രൽ പാൾസി വരാം. ഉടൻ പ്രസവിക്കുമോ എന്നത്​ പരിചിതരായ ഡോക്ടർ പി.വി പരിശോധന ചെയ്ത്​ വേണം മനസ്സിലാക്കാൻ. ഉടൻ ഉണ്ടാകില്ലെന്ന്​ വ്യക്തമാകുമ്പോഴാണ്​ സി​സേറിയനിലേക്ക്​ പോകുന്നത്​.

ബ്രീച്ച്​ പ്രസന്‍റേഷൻ

ബ്രീച്ച്​ ​പ്രസന്‍റേഷനായാലും സിസേറിയൻ നിർബന്ധമില്ല. സാധാരണ പ്രസവത്തിൽ തലയാണ്​ ആദ്യം വരുക. ബ്രീച്ച്​ പ്രസന്‍റേഷനായാൽ കാലാണ്​ ആദ്യം പുറത്താകുന്നത്​. ഈ സ്ഥിതിയിൽ കുഞ്ഞിന്‍റെ തല ഏറെ നേരം കുടുങ്ങിയാലാണ് പ്രശ്നം. ഇത് കാരണം സെറിബ്രൽ പാൾസി പോലുള്ള സ്ഥിതി വരാം, കുഞ്ഞ്​ മരിക്കുകയും ചെയ്യാം. ഈ അപകട സ്ഥിതികളിൽ സമയമെടുത്ത്​ പുറത്തുവരുന്ന കുഞ്ഞുങ്ങളിൽ കുറഞ്ഞ ശതമാനത്തിന്​ മാത്രമായിരിക്കും സാധാരണ ജീവിതം സാധ്യമാകുക. ഇത് ഒഴിവാക്കാനാണ് സിസേറിയൻ തിരഞ്ഞെടുക്കുന്നത്.

കഴുത്തിൽ കോഡ്​ കുരുങ്ങുന്ന അവസ്ഥയിൽ ഒരൊറ്റ വട്ടം ചുറ്റുന്നത്​ പ്രശ്നമല്ല. കൂടുതലാകുന്നതാണ്​ അപകടം, അതും ഇലക്​ട്രോണിക്​ ഫീറ്റൽ മോണിറ്ററിങ്ങിൽ ഹൃദയമിടിപ്പിൽ പ്രശ്നം കണ്ടാൽ മാത്രമായിരിക്കും സിസേറിയൻ തിരഞ്ഞെടുക്കുന്നത്​.

എന്തിന് എപിസിയോട്ടമി?

സാധാരണ പ്രസവങ്ങളിൽ യോനിയുടെ ഏറ്റവും പുറമെ സേഫായ സ്ഥലത്ത്​ മുറിവുണ്ടാക്കി പിന്നീട്​ തുന്നലിടുന്നതാണ്​ എപിസിയോട്ടമി. എല്ലാ സാധാരണ പ്രസവങ്ങളിലും ഇതു വേണ്ട. യോനി പൂർണമായും വികസിച്ച്​ തല പുറത്തു വരുമോ ഇല്ലയോ എന്ന്​ ഉറപ്പിക്കുമ്പോഴാണ്​ എപിസിയോട്ടമി വേണമോ എന്നത്​ തീരുമാനിക്കുന്നത്​. ഇല്ല എന്ന്​ വ്യക്തമാകുന്നവർക്കാണ്​ മുറിവുണ്ടാക്കുന്നത്​. ഇനി അത്തരം കേസുകളിൽ മുറിവ്​ ​ഉണ്ടാക്കിയില്ലെങ്കിൽ യോനി ഭാഗം തനിയെ മുറിയും. അത്തരം സ്ഥിതിയിൽ മലദ്വാരം വരെ ആ മുറിവ്​ വരാം. ഇങ്ങനെ മുറിവ്​ വന്നവർക്ക്​​ പ്രസവശേഷം നിയന്ത്രണമില്ലാതെ മലം പോകുന്ന സ്ഥിതിവരാം. പിന്നീട്​ ഓപറേഷൻ നടത്തി ശരിയാക്കേണ്ടിവരും. മൈനർ ആയാണ്​ മുറിവ്​ എങ്കിൽ മലം പോകുന്ന സ്ഥിതി ഉണ്ടായില്ലെങ്കിലും അധോവായു പോകുന്നത്​ നിയന്ത്രണമില്ലാത്ത സ്ഥിതി വരാം.

മരുന്നുകളും പരിശോധനകളും

കേരളത്തില്‍ വിളർച്ച (അനീമിയ) ബാധയുള്ളവര്‍ വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ രക്തസ്രാവം കൂടുതലായിരിക്കും. ഇത് പരിഹരിക്കാനാണ് ഗര്‍ഭിണികള്‍ക്ക് അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. കാത്സ്യക്കുറവ് അനുഭവപ്പെടാതിരിക്കാന്‍ ഗര്‍ഭിണികള്‍ക്ക് കാത്സ്യം ഗുളികകളും നല്‍കുന്നു. മറ്റ് ഗുളികകളൊന്നും ഗര്‍ഭിണികള്‍ക്ക് നല്‍കാറില്ല. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങാണ് ഗര്‍ഭിണികളില്‍ നടത്തുന്നത്. ഇതില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിന് ഒരു തരത്തിലുള്ള പോറലും ഏല്‍ക്കില്ല.

ജനിച്ച ഉടൻ കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, പോളിയോ വാക്‌സിന്‍, ബി.സി.ജി എന്നിവയാണ് നല്‍കുന്നത്. പോളിയോ, ട്യൂബര്‍കുലോസിസ്, മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയെ പ്രതിരോധിക്കുന്നതിനാണിത്. ഇവ പിടിപെട്ടാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകും. മാത്രമല്ല, ആശുപത്രികളില്‍ കുഞ്ഞ് ജനിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് ജന്മനാ ഉണ്ടാകുന്ന ബധിരത കണ്ടെത്തുന്നതിന് ഒ.എ.ഇ പരിശോധന, ജനിതക വൈകല്യം കാരണമുള്ള അസുഖങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ അറിയുന്നതിനുള്ള പരിശോധന എന്നിവ നടത്തും. ഇത്തരം പരിശോധനകള്‍വഴി ഹൈപ്പോ തൈറോയ്ഡിസം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ജന്മനായുള്ള ബധിരത പോലുള്ളവ ആരംഭത്തിലേ കണ്ടുപിടിക്കാനും ചികിത്സിക്കാനും ധാരാളം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. എന്നാല്‍, വീടുകളിലേക്ക് പ്രസവം മാറ്റുന്നതോടെ ഇത്തരം പരിരക്ഷകളൊന്നും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. അത് അവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

പ്രധാന വില്ലൻ അണുബാധ

പ്രസവസമയത്ത് കുഞ്ഞില്‍നിന്ന് പൊക്കിൾക്കൊടി വേർപെടുത്തുന്നതിനുള്ള ഉപകരണങ്ങളും പ്രസവിക്കുന്ന സ്ഥലവും അണുമുക്തമായിരിക്കണം. ആശുപത്രിയില്‍നിന്ന് പ്രസവം എടുക്കുമ്പോള്‍ ടൈ, പ്രസവം എടുക്കുന്ന ആളുടെ കൈ എന്നിവ അണുമുക്തമാക്കിയെന്ന് ഉറപ്പുവരുത്തും. അമ്മയെയും കുഞ്ഞിനെയും പൊതിയുന്ന തുണി അണുമുക്തമാക്കും. അതിനാല്‍ തന്നെ സമീപകാലങ്ങളില്‍ കുഞ്ഞുങ്ങളില്‍ ജനന സമയത്ത്​ അണുബാധ ഉണ്ടാവാറില്ല. എന്നാല്‍, വീടുകളില്‍ പ്രസവം നടക്കുമ്പോള്‍ ഇതൊന്നും പാലിക്കാന്‍ കഴിയില്ല.

എന്തിന്​ പി.വി?

വേദന തുടങ്ങി മണിക്കൂറുകൾ കഴിയുന്നതനുസരിച്ച്​ ​വജൈനൽ വികാസം ഉണ്ടായത്​ അറിയാനാണ്​ പി.വി അഥവാ ഉള്ളുപരിശോധന. ഒരു മണിക്കൂർ വേദനക്ക്​ ശരാശരി ഒരു സെന്‍റിമീറ്ററാണ്​ കണക്ക്​. കൂടാതെ കുഞ്ഞിന്‍റെ തല താഴേക്ക്​ ഇറങ്ങണം. ഇത്​ മനസ്സിലാക്കാൻ നിലവിൽ ഏക വഴിയാണിത്​. മണിക്കൂർ അനുസരിച്ചുള്ള വികാസം ഉണ്ടായിട്ടി​ല്ല എന്ന്​ കണ്ടാൽ, ഒബ്​സ്​ട്രക്ടഡ്​ ലേബർ സംശയിക്കണം. പി.വി ചെയ്തില്ലെങ്കിലും പ്രസവിക്കും. എന്നാൽ, അത്​ കൃത്യസമയത്ത്​ നടക്കുമോ, കുഞ്ഞിന്​ മറ്റു പ്രശ്നങ്ങൾ ഒക്കെ ഉണ്ടോ എന്നറിയാൻ പരിശോധന സഹായിക്കുന്നു.


പ്രസവത്തിനു ഡേറ്റ് നിശ്ചയിക്കുന്നത് അസംബന്ധമാണോ?

പ്രസവത്തിന് ശാസ്ത്രീയമായി പറയുന്ന മെച്യൂരിറ്റി ഡേറ്റ് 280 ദിവസമാണ്. അതായത് ഒമ്പതു മാസവും ഏഴുദിവസവും. 37 ആഴ്ചയാകുമ്പോഴേക്കും കുഞ്ഞ് ഏറക്കുറെ പൂർണ വളർച്ചയിലെത്തിയിട്ടുണ്ടാകും. ഈ സമയം തൊട്ട് പ്രസവവേദന വന്നാൽ അത് സാധാരണ പ്രസവമായും 37 ആഴ്ചക്കു മുമ്പാണ് പ്രസവമെങ്കിൽ അത് വളർച്ചെയെത്താത്ത പ്രസവമായും കണക്കാക്കും. ചിലരുടെ കാര്യത്തിൽ 37 ആഴ്ച കഴിഞ്ഞിട്ടും വേദന വന്നിട്ടില്ലെങ്കിൽ ഒരാഴ്ച വരെ കാത്തിരിക്കാമെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമ്മയുടെയും ജീവന് അപകടകരമാകുന്ന സാഹചര്യത്തിൽ മാത്രമാണ് നേരത്തേ പ്രസവം നടത്തുന്നത്. ഇതിന​ുപുറമെ കുട്ടിയുടെ ആരോഗ്യനില സ്‌കാനിങ്ങിലൂടെ പരിശോധിക്കാറുണ്ട്. പ്ലാസറ്റയിലേക്കുള്ള സർക്കുലേഷൻ കുറയുകയോ വെള്ളത്തിന്റെ അളവ് കുറയുകയോ ചെയ്യുകയാണെങ്കിൽ പ്രസവം നീട്ടിക്കൊണ്ടുപോകാറില്ല. ഇതെല്ലാം ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്.

മരുന്ന് നൽകി വേദന വരുത്തുന്നതും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പരിഗണിച്ചാണ്. പ്രത്യേകിച്ച് ഗർഭിണിയിൽ പ്രഷർ കൂടുക, ഉയർന്ന അളവിലെ പ്രമേഹം, മറ്റു രോഗങ്ങൾ എന്നിവയെല്ലാം അമ്മയുടെ ജീവൻ അപകടത്തിലാക്കിയേക്കാം. ഈ സാഹചര്യത്തിലാണ് മരുന്നുവെച്ച് വേദന വരുത്തിക്കാറുള്ളത്. ഇതല്ലാത്ത സാഹചര്യത്തിൽ പ്രസവ തീയതി കഴിഞ്ഞിട്ടും ഒരാഴ്ച വരെ വേദന വരാൻ കാത്തിരിക്കാറുണ്ട്.

കുഞ്ഞിനെ പുറത്തെത്തി ക്കാൻ മാതാവ് ഒരു പുഷ് ചെയ്യേണ്ട കാര്യമുണ്ടോ?

ഏതു രീതിയിലും ആര് പ്രസവം എടുക്കുകയാണെങ്കിലും കുഞ്ഞിനെ പുറത്തെടുക്കാൻ പുറത്തുനിന്നുള്ള പുഷ് ആവശ്യമാണ്. അമ്മയുടെ പുഷ് ഇല്ലാതെ കുഞ്ഞിന് പുറത്തുവരാൻ സാധിക്കില്ല. ആശുപത്രി പ്രസവങ്ങളിൽ പ്രസവാനന്തരം അമ്മ ക്ഷീണിതയും അർധബോധാവസ്ഥയിലും ആവുന്നെന്ന കാര്യവും അടിസ്ഥാനരഹിതമാണ്. പ്രസവസമയത്ത് അമ്മക്ക് സങ്കീർണതകൾ ഉണ്ടാകുന്ന കേസുകളിൽ മാത്രമാണ് ക്ഷീണിതയും അർധബോധാവസ്ഥയിലും ആവുന്നത്.

ആയാസരഹിതമായ പ്രസവ പൊസിഷൻ ഏതാണ്?

മാതാവ്​ ഏത് പൊസിഷനിൽ പ്രസവം വേണമെന്ന് ആവശ്യപ്പെടുന്നുവോ അത് പിന്തുണക്കാനാണ് ശാസ്ത്രീയമായും പറയുന്നത്. മലർന്നുകിടന്നിട്ട് കാല് രണ്ടും മടക്കിവെച്ച് പുഷ് ചെയ്യുന്നതാണ് കൂടുതൽ അമ്മമാരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ആശുപത്രികളിൽ കൂടുതലായും ആ രീതി സ്വീകരിക്കുന്നത്. അതല്ല, ചരിഞ്ഞുകിടന്നോ കമിഴ്ന്നുകിടന്നോ കുനിഞ്ഞിരുന്നോ പ്രസവം വേണമെന്ന് അമ്മ ആവശ്യപ്പെടുകയാണെങ്കിൽ അതുപോലെ ആശുപത്രികളിൽ ചെയ്തുകൊടുക്കണമെന്നുണ്ട്.




വിവരങ്ങൾക്ക്​ കടപ്പാട്​:

ഡോ. കെ.എ. നസീം

Consultant in obstetrics and gynaecology

District hospital, Nilambur

ഡോ. റീന

Consultant gynaecologist

Govt. Victoria Hospital Kollam

തയാറാക്കിയത്

ബീന അനിത, പി. ലിസി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#homedelivery #health #madhyamamkudumbam #sepcialinvestigation
News Summary - Death lurks Home birth
Next Story