Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightKidschevron_right‘പ്രൈമറി ക്ലാസുകളിൽ...

‘പ്രൈമറി ക്ലാസുകളിൽ പരമാവധി 40 മിനിറ്റ് മാത്രമെ ഹോംവർക്കിനായി നൽകാവൂ, ഒന്നാം ക്ലാസിൽ 10 മിനിറ്റും ഓരോ ക്ലാസും കൂടുന്നതിനനുസരിച്ച് 10 മിനിറ്റ് വീതവും വർധിപ്പിക്കാം’

text_fields
bookmark_border
‘പ്രൈമറി ക്ലാസുകളിൽ പരമാവധി 40 മിനിറ്റ് മാത്രമെ ഹോംവർക്കിനായി നൽകാവൂ, ഒന്നാം ക്ലാസിൽ 10 മിനിറ്റും ഓരോ ക്ലാസും കൂടുന്നതിനനുസരിച്ച് 10 മിനിറ്റ് വീതവും വർധിപ്പിക്കാം’
cancel

പഠനം ആസ്വാദ്യകരമാവുമ്പോൾ ഭാരമാവില്ല. പഠനത്തിനൊപ്പം ഉല്ലാസവും ആവശ്യമാണ്. പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിൽ, കളിക്കാനും മാതാപിതാക്കളുടെ പരിലാളനയും സഹോദരങ്ങളോടൊപ്പമുള്ള സഹവാസവും കൂട്ടുകാരുടെ സൗഹൃദവുമെല്ലാം ഏറ്റുവാങ്ങാനും ആവശ്യത്തിന് സമയം കുട്ടികൾക്ക് കിട്ടേണ്ടതുണ്ട്.

ഒപ്പം, പെറ്റ്​സിനെ പരിചരിക്കാനും ചെടികളെ കാണാനും പരിപാലിക്കാനും വീട്ടുജോലികളിൽ മാതാപിതാക്കൾക്ക് കൊച്ചുകൊച്ചു സഹായം ചെയ്യാനുമെല്ലാം കഴിയുമ്പോഴാണ് ഉത്സാഹവും സന്തോഷവും നിറയുന്നത്. ഒപ്പം, ബൗദ്ധിക വളർച്ചക്കും പഠനത്തിനും വേണ്ട പ്രാധാന്യം നൽകേണ്ടത് ആവശ്യമാണ്.

ചെറുപ്രായത്തിൽ പഠനത്തിനും മൂല്യബോധത്തിനും അച്ചടക്കത്തിനും ഒരു പ്രാധാന്യവും കൊടുക്കാതെ കയറൂരിവിട്ടശേഷം വലുതാകുമ്പോൾ നന്നാക്കാമെന്നുവെച്ചാൽ കതിരിൽ വളം വെക്കുന്നതിന് തുല്യമായിരിക്കും. ഓരോ പ്രായത്തിലും വേണ്ട അറിവുകൾ അവർ ആർജിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി, ക്ലാസിൽ പഠിപ്പിച്ച പാഠഭാഗങ്ങൾ ഒന്നുകൂടി മനസ്സിലേക്ക് ഊട്ടിയുറപ്പിക്കാൻ ഹോം വർക്കുകൾ ആവശ്യമാണ്. എന്നാൽ, അത് അമിതമായാൽ കുട്ടികളെ ദോഷകരമായി ബാധിക്കും.


കുട്ടികളുടെ മനഃശാസ്ത്രം

ഒരു കുട്ടി അമ്മയുടെ ഉദരത്തിൽ രൂപപ്പെടുന്ന നിമിഷം മുതൽ അമ്മയുടെ ആരോഗ്യവും മനോനിലയും ജനനശേഷം ആ കുട്ടി നേരിടുന്ന കാര്യങ്ങളും വ്യക്തിത്വ-ബൗദ്ധിക വളർച്ചയിൽ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഓരോ പ്രായത്തിലും ലഭിക്കേണ്ട ഘടകങ്ങളുണ്ട്. മാതാപിതാക്കളിൽനിന്നുള്ള പരിലാളന, അംഗീകാരം ഒക്കെ ഇതിലുൾ​പ്പെടുന്നു. അത് ലഭിക്കാതെ വരുമ്പോൾ ഭാവി ജീവിതത്തിൽ ആ മേഖലകളിൽ ശൂന്യതയുണ്ടാവുകയും അസംതൃപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒപ്പം, കുട്ടിയുടെ വളർച്ച കാലഘട്ടത്തിൽ ലൈംഗിക, സാമൂഹിക, ബൗദ്ധിക, ധാർമിക (ആത്മീയ) മേഖലകളിലെല്ലാം ഒരുപോലെ വളർച്ച നേടിയാലേ ഭാവിയിൽ സംതൃപ്തിയും മികച്ച വ്യക്തിത്വവും കൈവരിക്കാൻ സാധിക്കൂ. അവിടെ പഠനം മാത്രം പോര. ഈ പ്രായത്തിൽ സ്നേഹം, പരിലാളന, ശരിയായ അറിവ്, മൂല്യബോധം, നല്ലതും ചീത്തയും തമ്മിലുള്ള വേർതിരിവ് ഒക്കെ അവർക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. കുട്ടികൾ ആദ്യം കാണുന്ന മാതാപിതാക്കളുടെ വാക്കുകളും ജീവിതശൈലിയും അവർ അനുകരിക്കാൻ ഏറെ താൽപര്യം കാണിക്കും. അതിനാൽ, ശരിയായ റോൾ മോഡലാവാൻ മാതാപിതാക്കൾക്ക് കഴിയണം. ഒപ്പം, അവരെ ആരുമായും താരതമ്യം ചെയ്യരുത്. ഇത് അവരുടെ പഠനത്തിലുൾപ്പെടെ ആത്മവിശ്വാസം കെടുത്തും.

അധ്യാപകർ ശ്രദ്ധിക്കേണ്ടത്​

​ഹോംവർക്ക് കുട്ടികൾക്ക് കൊടുക്കുന്നത് അവരുടെ പ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം. ഓരോ ദിവസവും ഒരു കുട്ടി വീട്ടിൽ എത്രസമയം ഹോംവർക്കിനായി മാറ്റിവെക്കേണ്ടതുണ്ട് എന്ന് ശാസ്ത്രീയമായി വിലയിരുത്തി വേണം ഹോംവർക്ക് കൊടുക്കാൻ. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകുന്നു. ശരിക്കും ഹോംവർക്കല്ല, മറിച്ച് കൂടുതൽ സമയം ഹോംവർക്ക് ചെയ്യേണ്ടിവരുന്നതാണ് ദോഷമായി മാറുന്നത്.

ഹോംവർക്കിനെതിരെ ഒരു വിഭാഗം മാതാപിതാക്കളും വിദ്യാഭ്യാസ പരിഷ്കർത്താക്കളും വാദിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഹോംവർക്ക് ആവശ്യമാണെന്നാണ് അധ്യാപകരും മനഃശാസ്ത്രജ്ഞരും പറയുന്നത്. പക്ഷേ, അത് കൊടുക്കേണ്ട രീതിയിൽ പ്രായത്തിന് അനുസരിച്ച് സമയം ക്രമീകരിച്ച് കൊടുക്കണമെന്നുമാത്രം.

മനസ്സിലാക്കിയ പാഠഭാഗങ്ങളെ ഒന്നുകൂടി മെച്ചപ്പെടുത്താനും ഓർമയിൽ നിലനിർത്താനും ഹോംവർക്ക് സഹായിക്കുമെന്നാണ് ഈ മേഖലയിലെ ഗവേഷകനായ, ഡ്യൂക്ക് യൂനിവേഴ്സിറ്റിയിലെ സോഷ്യൽ സൈക്കോളജിസ്റ്റ് ഡോ. ഹാരിസ് കൂപ്പർ പറയുന്നത്. പക്ഷേ, അദ്ദേഹം നടത്തിയ പഠനത്തിൽ തെളിഞ്ഞത് ഹോംവർക്ക് എല്ലാ കുട്ടികൾക്കും ഒരുപോലെ ഗുണപരമല്ല എന്നാണ്. ഹൈസ്കൂൾ തലത്തിലും അതിന് മുകളിലും ഹോംവർക്ക് മികച്ച പഠനപുരോഗതി നൽകുമ്പോൾ, അപ്പർ പ്രൈമറി സ്കൂളിൽ താരതമ്യേന അൽപം കൂടി കുറഞ്ഞ പുരോഗതിയാണ് കാണിക്കുന്നത്. അതേസമയം, പ്രൈമറി ക്ലാസുകളിൽ ഹോംവർക്ക് പഠനരംഗത്ത് കാര്യമായ പുരോഗതി നൽകുന്നില്ലെന്നും പഠനത്തിൽ പറയുന്നു.


സമയം പ്രശ്നം

ഹോംവർക്കല്ല പ്രശ്നം, അതിന് നൽകുന്ന സമയമാണ് പ്രശ്നമെന്നാണ് ഡോ. ഹാരിസ് കൂപ്പറിന്റെ അഭിപ്രായം. കൂടുതൽ സമയം ഹോംവർക്കുമായി ഇരിക്കുമ്പോൾ പ്രൈമറി ക്ലാസിൽ കുട്ടിക്കത് ഭാരമാകുന്നു. ഒപ്പം, മാതാപിതാക്കളുമായും സഹോദരങ്ങളുമായും കൂട്ടുകാരുമായും ഇടപഴകാനും കലാകായിക വിനോദങ്ങൾക്കും കളികൾക്കും പ്രാർഥനക്കുമായി ആവശ്യത്തിന് സമയം ചെലവഴിക്കാനും സാധിക്കാതെ പോകുന്നു.

അതിനാൽ പ്രൈമറി ക്ലാസുകളിൽ പരമാവധി 40 മിനിറ്റ് മാത്രമെ ഹോംവർക്കിനായി നൽകാവൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ക്ലാസിൽ 10 മിനിറ്റേ ഒരു ദിവസം നൽകാവൂ. ഓരോ ക്ലാസും കൂടുന്നതിനനുസരിച്ച് 10 മിനിറ്റ് വീതം വർധിപ്പിക്കാം. ഇതിനപ്പുറം സമയം ഹോംവർക്കിനായി ചെലവഴിച്ചാൽ കുട്ടികൾക്ക് അറിവ് ആഗിരണം ചെയ്യാൻ പ്രയാസമായിരിക്കുമെന്നും കൂപ്പർ പറയുന്നു.

അമിതമായാൽ ദോഷം

ഒത്തിരി ഹോംവർക്കുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ഇത് മടുപ്പിലേക്കും ബോറടിയിലേക്കും ഉത്സാഹക്കുറവിലേക്കും നയിക്കുന്നു. ഒപ്പം കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കൽ, വായന, പ്രാർഥന, കൂട്ടുകാരുമായുള്ള കളികൾ തുടങ്ങി സാമൂഹിക-ആത്മീയ-ആശയ വിനിമയ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികളും അടക്കുന്നു.

ഉയർന്ന ക്ലാസുകളിൽ സയൻസ്, കണക്ക് ഹോംവർക്കുകൾ കൊടുത്തത് കുട്ടികളുടെ പഠനനിലവാരം ഉയർത്തിയപ്പോൾ പ്രൈമറി ക്ലാസുകളിൽ ദിവസം 90-100 മിനിറ്റ് ഹോംവർക്കുണ്ടായിരുന്ന കുട്ടികളുടെ പഠന നിലവാരം താഴ്ന്നതായി വിദ്യാർഥികളുടെ ഇടയിൽ നടത്തിയ പഠനം തെളിയിക്കുന്നതായി എജുക്കേഷനൽ സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

ഏതു ക്ലാസിലെയും കുട്ടികൾക്ക് അമിതമായി ഹോംവർക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് സ്റ്റാൻഫഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ വിദഗ്ധയായ ഡോ. ഡെനിസെ പോപ് അഭിപ്രായപ്പെട്ടു.

ചെറിയ കുട്ടികൾക്കും മുതിർന്ന കുട്ടികൾക്കും വീട്ടിൽ പഠനത്തിനൊപ്പം കളികൾക്കും മറ്റു വിനോദത്തിനുമായി സമയം നൽകുന്നത് അവരുടെ ശാരീരിക -മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് അവർ അഭിപ്രായപ്പെട്ടു. കൊച്ചുകുട്ടികൾക്ക് അമിതമായി ഹോംവർക്ക് നൽകുന്നത് അവരിൽ മാനസിക സമ്മർദം (Mental Stress) കൂട്ടുമെന്ന് ഡോ. റോബർട്ട് ഫ്രെഡ്മാൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.


ആരോഗ്യ പ്രശ്നങ്ങൾ

കൂടുതൽ സമയം ഹോംവർക്കിനായി മാറ്റിവെക്കുമ്പോൾ, പഠനകാര്യങ്ങളിൽ കൂടുതൽ ഫോക്കസ് കൊടുക്കാൻ സാധിക്കും. പക്ഷേ, കുടുംബാംഗങ്ങൾ, കൂട്ടുകാർ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവക്കായി സമയം ചെലവഴിക്കാൻ കഴിയാതെ വരുന്നു. ഇത് പഠനവും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നു. തലവേദന, ഉദര പ്രശ്നങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയ ശാരീരിക-ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

പ്രൈമറി ക്ലാസുകളിലെ കുട്ടിയെ ഹോംവർക്കിൽ സഹായിക്കുന്നത് പലപ്പോഴും മാതാക്കളായിരിക്കും. അവരിൽ പലരും ജോലിക്കാരുമായിരിക്കും. കുട്ടിക്ക് കൂടുതൽ ഹോംവർക്കുണ്ടാവുമ്പോൾ അമ്മമാരിൽ ഇത്​ മാനസിക സമ്മർദം ഉണ്ടാക്കുന്നു. ഓഫിസിലെ ജോലി, വീട്ടിലെ ജോലി, കുട്ടികളുടെ ഹോം വർക്ക്​, വിശ്രമം എന്നിവക്ക്​ സമയം മതിയാവാതെ വരും.

ഹോംവർക്ക് ഒരുമിച്ച് കൊടുക്കാതിരിക്കാം

അമിതമാകുമ്പോഴാണ് ഹോംവർക്ക് വില്ലനാകുന്നത്. എന്നാൽ, വേണ്ടെന്നുവെക്കാനും വരട്ടെ. ഓരോ ക്ലാസിലുമുള്ള കുട്ടികൾക്ക് അതനുസരിച്ചുള്ള ഹോംവർക്ക് ചെയ്യിച്ചാൽ ഒട്ടേറെ ഗുണങ്ങളുണ്ട്. അതിന് അധ്യാപകർ സമയം നിശ്ചയിക്കണം. എല്ലാ വിഷയങ്ങൾക്കും ദിവസവും ഹോംവർക്ക് കൊടുക്കുമ്പോൾ കുട്ടികൾക്കും മാതാപിതാക്കൾക്കും അത് അമിതഭാരമാകുന്നു.

കുട്ടികൾക്ക് ഹോംവർക്ക് നൽകുമ്പോൾ അമിതമാകുന്നില്ലെന്ന് ഉറപ്പാക്കിവേണം അധ്യാപകർ നൽകാൻ. വ്യത്യസ്ത ദിവസങ്ങളിൽ വെവ്വേറെ വിഷയങ്ങൾ കൊടുക്കാം. ഒരുമിച്ച് കൊടുക്കാതിരിക്കാം.


ഹോംവർക്കിന്റെ ഗുണങ്ങൾ

● കുട്ടികളിൽ ഉത്തരവാദിത്തബോധം സൃഷ്ടിക്കുന്നു.

● കാര്യങ്ങൾ സ്വയം ചെയ്യാൻ പരിശീലനം നേടുന്നു.

● പഠന വ്യക്തത നൽകുന്നു.

● സമയത്തിന്റെ ശരിയായ

ഉപയോഗം പഠിക്കുന്നു: പറഞ്ഞ സമയത്തിനനുസരിച്ച് ഓരോ കാര്യങ്ങൾ പൂർത്തിയാക്കാനും കളിക്കും പഠനത്തിനും വെവ്വേറെ സമയം മാറ്റിവെക്കാനും പഠിക്കുന്നു.

● സ്വയം പഠനശേഷി വർധിപ്പിക്കുന്നു: വീട്ടിൽവെച്ചുള്ള പഠനം വഴി തനിയെ പഠിക്കാനുള്ള ശേഷി, പ്രശ്നപരിഹാര ശേഷി (Problem solving skill) എന്നിവ വർധിക്കുന്നു.

● വിലയിരുത്താൻ സഹായകം: ഓരോ ദിവസവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ അധ്യാപകരെ സഹായിക്കുന്നു. പഠിപ്പിച്ചത് കുട്ടിക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ടെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് പഠിപ്പിക്കുന്ന രീതി മാറ്റാനും സഹായിക്കുന്നു.

● ഓർമ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

● മാതാപിതാക്കൾക്ക് വിലയിരുത്താം: കുട്ടിയുടെ പഠനനിലവാരം വിലയിരുത്താൻ മാതാപിതാക്കൾക്ക് അവസരം നൽകുന്നു. ഏതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യം അധ്യാപകരെ അറിയിക്കാനും സാധിക്കും. ഉദാ: പഠനപ്രശ്നങ്ങൾ (ഡിസ്​ലെക്സിയ- എഴുതാനും വായിക്കാനുമുള്ള പ്രശ്നം, ഡിസ്കാൽകുലിയ-കണക്ക് ചെയ്യാനുള്ള പ്രയാസം), കാഴ്ചക്കുറവ്, കേൾവിക്കുറവ് മുതലായവ.

● റിവിഷന് സഹായിക്കും: ക്ലാസിൽ പഠിച്ച കാര്യങ്ങൾ ഒന്നുകൂടി സമയമെടുത്ത് വായിച്ചും എഴുതിയും മനസ്സിലാക്കാൻ ഹോംവർക്ക് വിദ്യാർഥികളെ സഹായിക്കുന്നു.

● ആഴത്തിൽ പഠിക്കാൻ ഉതകും: പഠിച്ച കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും. ഒപ്പം, തുടർച്ചയായ പരിശീലനത്തിലൂടെ വാക്കുകൾ, സ്​പെല്ലിങ് എന്നിവ പഠിക്കാനും ക്ലാസിൽ പഠിച്ച പ്രോബ്ലംസ് വിവിധ ടെക്നിക്കുകളുപയോഗിച്ച് തനിയെ ചെയ്യാനും സഹായിക്കും.

● നിരന്തര പരിശ്രമശീലമുണ്ടാക്കും, പുതുവഴികൾ തേടും: ഒരു കാര്യത്തിൽ വിജയിക്കാൻ വീണ്ടും വീണ്ടും പരിശ്രമിക്കാനും പുതിയ വഴികൾ തേടാനും ഹോംവർക്ക് സഹായിക്കുന്നു. ഒരു രീതിയിൽ പഠിച്ചിട്ട് അത് മനസ്സിലാകുന്നില്ലെങ്കിൽ പുതിയ വഴികളിലൂടെ (ചാർട്ടുകൾ, ലെറ്റർ ലേണിങ് ഗെയിംസ്, റൈംസ്, വിഡിയോകൾ, ആക്ടിവിറ്റികൾ എന്നിവ ഉപയോഗിച്ചുള്ള പഠനം) പഠിക്കാൻ സാധിക്കുന്നു.

● പഠനത്തോട് പ്രസാദാത്മക മനോഭാവം വളർത്തും: പഠനം ഒരു ഭാരമായി കാണാതെ താൽപര്യത്തോടെ പഠിക്കാനും അതുവഴി പഠിക്കുന്നതിനോട് ഒരു പ്രസാദാത്മക മനോഭാവം വളർത്താനും സഹായിക്കും.

● സ്വന്തം അഭിരുചി കണ്ടെത്താം: ഹോംവർക്കിലൂടെ, വിവിധ വിഷയങ്ങളിൽ ഏതിലാണ് കൂടുതൽ അഭിരുചിയും താൽപര്യവുമെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

● സ്ക്രീൻ ടൈം കുറക്കാം: ടി.വിയിലും മൊബൈൽ ഫോണിലും അമിതമായി സമയം ചെലവിടുന്നത് ഒഴിവാക്കുന്നു. സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഇതുവഴി സാധിക്കുന്നു.

● നല്ല പഠനശീലങ്ങൾ വികസിപ്പിക്കുന്നു: പഠനത്തിലൂടെ അംഗീകാരം കിട്ടുമ്പോൾ പഠിക്കാൻ താൽപര്യം വർധിക്കുന്നു. ഇത് പഠനത്തിനായി സമയം മാറ്റിവെക്കാൻ പ്രേരിപ്പിക്കുന്നു.


വേണം, കളികളും

പഠനത്തിനൊപ്പം ചെറുപ്രായം മുതൽ കുട്ടികൾ കളിച്ചും വേണം വളരാൻ. കളിക്കുന്നതുമൂലം ഒത്തിരിയേറെ ഗുണങ്ങളുണ്ട്. കായിക-ബൗദ്ധിക വിനോദങ്ങൾ കുട്ടികളുടെ ശാരീരിക-മാനസിക-ബൗദ്ധിക വളർച്ചക്ക് ആവശ്യമാണ്. വിവിധ കളികളിലേർപ്പെടുമ്പോൾ അത് കുട്ടികളിൽ വിവിധ ലൈഫ് സ്കില്ലുകളും വർധിപ്പിക്കും. ടീം വർക്ക്, നേതൃശേഷി, തീരുമാനമെടുക്കാനുള്ള കഴിവ്, ആത്മവിശ്വാസം, പരാജയം ഉൾപ്പെടെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള കഴിവ് എന്നിവയെല്ലാം വർധിപ്പിക്കും.

ചെസ്, പസിൽസ്, സുഡോക്കു, ബ്രെയിൻ ഗെയിമുകൾ മുതലായവ ബൗദ്ധിക നിലവാരം മെച്ചപ്പെടുത്തും, ശ്രദ്ധ കൂട്ടും.

കായിക വിനോദങ്ങൾ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പ്രമേഹം, കാൻസർ, ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ വരുന്നതിനെ ഒരു പരിധിവരെ തടയും. അമിതവണ്ണം തടയുന്നു. കൊളസ്ട്രോൾ, ബി.പി, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുന്നു.

കൂടുതൽ ഊർജസ്വലരാക്കുന്നു. സാമൂഹിക ബന്ധങ്ങൾ ഉയർത്തുന്നു. വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഇതുവഴി മറ്റു കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കും. ഒരു ടീമായി കളിക്കുന്നത് വഴിയാണിത്. നേതൃശേഷിയും ആശയവിനിമയ ശേഷിയും ഉചിതമായി തീരുമാനമെടുക്കാനുള്ള കഴിവും ലക്ഷ്യം ഉറപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുന്നു. സ്വഭാവ രൂപവത്കരണത്തിനും സഹായിക്കും.


അമിത ലാളന ദോഷമോ?

അധികമായാൽ അമൃതും വിഷമാണെന്ന് പറയുന്നപോലെ അമിത ലാളന കുട്ടികളെ വഴിതെറ്റിക്കുന്നു. അമിത ലാളനയേറ്റ് വളരുന്ന കുട്ടികൾ ചെറിയ പ്രതിസന്ധിയെപ്പോലും നേരിടാൻ ഭയക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയും മറ്റും അറിഞ്ഞുവേണം കുട്ടികൾ വളരാൻ. മാത്രമല്ല, അമിത ലാളന വീട്ടിൽനിന്ന് കിട്ടുന്ന കുട്ടി ഭാവിയിൽ ദുശ്ശാഠ്യക്കാരാവാനും സാധ്യതയുണ്ട്.

തെറ്റുചെയ്താലും മക്കളെ പിന്തുണച്ച്​ മാതാപിതാക്കൾ സംസാരിക്കുമ്പോൾ, ഏതാവശ്യവും വേണ്ടാത്തത് ആണെങ്കിൽപോലും ‘നോ’ പറയാതെ മാതാപിതാക്കൾ സാധിച്ചുകൊടുക്കുമ്പോൾ അവർ ഇത് എല്ലായിടത്തും പ്രതീക്ഷിക്കുന്നു. മറ്റുള്ളവരിൽനിന്ന് അപ്രകാരം ലഭിക്കാതെ വരുമ്പോൾ അസ്വസ്ഥരും അസംതൃപ്തരുമാകുന്നു. പിന്നീട് ഇതേ മാതാപിതാക്കൾ തന്നെ ഏതെങ്കിലും കാര്യത്തിന് ‘നോ’ പറഞ്ഞാൽ അവർക്ക് തന്നോട് സ്നേഹമില്ലെന്നുചിന്തിച്ച് ദേഷ്യപ്പെടുകയും സ്വയം ഉപദ്രവിക്കുകയുമൊക്കെ ചെയ്യും. അതിനാൽ, തെറ്റ് കാണിക്കുമ്പോൾ വേണ്ട ശിക്ഷ നൽകി തിരുത്താം. ഹോംവർക്കുകൾ ഉൾപ്പെടെ മുഴുവനായി ചെയ്യുന്ന മാതാപിതാക്കളുണ്ട്. അതുവേണ്ട. കുട്ടി എപ്പോഴും ഇതുമൂലം പരാശ്രയ ജീവിയായി വളരും. അവരെ സഹായിച്ച്, സ്വയം ചെയ്യാൻ പ്രോത്സാഹനം കൊടുക്കാം.


ലൈഫ് സ്കിൽസ് വർധിപ്പിക്കും

കായിക-ബൗദ്ധിക വിനോദങ്ങൾ ശാരീരിക-മാനസിക ആരോഗ്യം വർധിപ്പിക്കുക മാത്രമല്ല, ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ നൈപുണ്യങ്ങൾ (ലൈഫ് സ്കിൽസ്) വർധിപ്പിക്കും. ധാർമികത, മൂല്യങ്ങൾ, പരസ്പര വിശ്വാസം, പ്രതിപക്ഷ ബഹുമാനം, ടീം സ്പിരിറ്റ്, നേതൃശേഷി, ക്ഷമ, ആത്മവിശ്വാസം, തീരുമാനങ്ങളെടുക്കാനുള്ള ശേഷി, പരാജയങ്ങൾ ഉൾപ്പെടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, ലക്ഷ്യബോധം എന്നിവയെല്ലാം വിവിധ കളികളിലേർപ്പെടുന്നതിലൂടെ രൂപപ്പെടുത്താൻ സാധിക്കും.

ടൈം മാനേജ്മെന്റും അച്ചടക്കവും നിയമങ്ങൾ പാലിക്കാനും സമയ ക്ലിപ്തത പുലർത്താനുമുള്ള പരിശീലനം കൂടിയാണ് കളികളിലൂടെ ലഭിക്കുന്നത്. ഇത് ജീവിതത്തിലെ മറ്റു മേഖലകളിലും സമയ ക്ലിപ്തതയും അച്ചടക്കവും പാലിക്കാൻ അവരെ സഹായിക്കുന്നു. ചില കാര്യങ്ങളിൽ മുൻകരുതലെടുക്കാനും ക്ഷമയോടെ കാത്തിരിക്കാനും തക്കസമയത്ത് പ്രവർത്തിക്കാനുമെല്ലാമുള്ള പരിശീലനം കളികളിലൂടെ ലഭിക്കും.

ടെൻഷനില്ലാതെ പഠിപ്പിക്കാം

പ്രൈമറി ക്ലാസുകളിലെ കുട്ടികളെ ഗെയിമുകളിലൂടെ വിവിധ കാര്യങ്ങൾ പഠിപ്പിക്കാം. കിനസ്തെറ്റിക് അല്ലെങ്കിൽ എക്സ്പീരിയൻഷ്യൽ ലേണിങ് എന്ന്, അനുഭവത്തിലൂടെയും ആക്ടിവിറ്റികളിലൂടെയുമുള്ള ഇത്തരം പഠന രീതികളെ വിളിക്കുന്നു.

ചാർട്ടുകൾ, അക്ഷരങ്ങൾ, വാക്കുകൾ, ചിത്രങ്ങൾ സഹിതമുള്ള കാർഡുകൾ, മെമ്മറി ഗെയിംസ്, പസിലുകൾ, കഥയുടെ വിട്ട ഭാഗം പൂരിപ്പിക്കുന്ന/പറയിക്കുന്ന ക്രിയേറ്റിവ് ലേണിങ് ടെക്നിക്, മാസങ്ങൾ, ദിവസങ്ങൾ, അറിവുകൾ എന്നിവ പാട്ടിന്റെ രൂപത്തിൽ പഠിപ്പിക്കുന്നത്, ലൈറ്റ് മ്യൂസിക് ഓണാക്കി പഠിപ്പിക്കുന്നത്, വിവിധ ലേണിങ് ആപ്പുകൾ ഉപയോഗിച്ചുള്ള പഠനം എന്നിവ വഴിയൊക്കെ പഠനം എളുപ്പവും രസകരവുമാക്കാം.

മാതാപിതാക്കളുടെ റോൾ

ഹോംവർക്ക് അമിതമാകുമ്പോഴാണ് അത് കുട്ടിക്കൊപ്പം മാതാപിതാക്കൾക്കുകൂടി മാനസിക സമ്മർദമുണ്ടാക്കുന്നത്. ഒപ്പം മാതാപിതാക്കളുടെ പരിലാളനക്കുപകരം ദേഷ്യവും വഴക്കും ഏറ്റുവാങ്ങേണ്ടിവരുന്നു. അതേസമയം, മിതമായ സമയം മാത്രമാണെങ്കിൽ ആ സമയം കുട്ടിക്കൊപ്പം ക്രിയാത്മകമായി ചെലവഴിക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeworkLifestyle Newsparenting
News Summary - Homework: A Guide for Parents and teacher
Next Story