Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFoodchevron_rightനാടൻ രുചിയിൽ നല്ലോണം

നാടൻ രുചിയിൽ നല്ലോണം

text_fields
bookmark_border
onam dishes
cancel

തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയില്ലാതെ മലയാളിക്കെന്ത് ഓണം. സദ്യയുടെകൂടെ വിളമ്പുന്ന രുചിക്കൂട്ടുകൾക്കൊപ്പം ചില നാടൻ ചേരുവകൾകൂടി ആയാലോ? പാരമ്പര്യത്തിന്‍റെ ടച്ചുള്ള ചില വെറൈറ്റിവിഭവങ്ങൾ ഇതാ...

വറുത്തരച്ച നാടൻ സാമ്പാർ

ചേരുവകൾ

1. പരിപ്പ് - 1/2 കപ്പ്‌

2. ഉരുളക്കിഴങ്ങ് - ഒന്ന്​ വലുത്

3. സവാള - ഒന്ന്​ വലുത്

4. വെളുത്തുള്ളി - 5 അല്ലി

5. പച്ചമുളക് - 2 എണ്ണം

6. തക്കാളി - 2 എണ്ണം

(2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം നീളത്തിൽ അരിയുക)

7. വെണ്ട - 4 എണ്ണം

8. കാരറ്റ്‌ - ഒന്ന്​

9. വഴുതന - 2 എണ്ണം

10. മുരിങ്ങക്കായ - ഒന്ന്​

(7 മുതൽ 10 വരെ വിഭവങ്ങൾ 2 ഇഞ്ച് നീളത്തിൽ മുറിക്കുക. ഇവ അൽപം എണ്ണയിൽ ഒന്നു വഴറ്റി മാറ്റിവെക്കണം)

11. തേങ്ങ ചിരകിയത് - 3/4 കപ്പ്

12. ചെറിയുള്ളി - 4-5 അല്ലി

13. മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

14. മുളകുപൊടി - 1 1/2 ടേബ്ൾ സ്പൂൺ

15. കായപ്പൊടി, ഉലുവപ്പൊടി - 1/2 ടീസ്പൂൺ വീതം

(അൽപം വെളിച്ചെണ്ണയിൽ തേങ്ങയും ഉള്ളിയും മീഡിയം ​െഫ്ലയിമിൽ സ്വർണ നിറമാവുന്നതുവരെ വറുക്കുക. തീ കുറച്ചശേഷം 12 മുതൽ 15 വരെയുള്ള പൊടികളെല്ലാം ചേർത്ത് വഴറ്റി ഇറക്കിവെക്കുക. ചൂട്‌ കുറയുമ്പോൾ കരുകരുപ്പായി അരച്ചുവെക്കണം)

16. പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ (പുളി കഴുകി കുതിർത്തു പിഴിഞ്ഞതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് മാറ്റിവെക്കണം).

താളിക്കാൻ

17. കടുകും ഉലുവയും - 1/2 ടീസ്പൂൺ വീതം

18. വറ്റൽ മുളക് - 2 എണ്ണം നുറുക്കിയത്

19. കറിവേപ്പില - ഒന്നോ രണ്ടോ തണ്ട്

തയാറാക്കുന്ന വിധം

ഒരു കുക്കറിൽ പരിപ്പും കിഴങ്ങും മറ്റും ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം കുക്കറിലേക്ക് വഴറ്റിവെച്ച ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി തീയിൽ നന്നായി തിളപ്പിക്കാം. തിള വന്നശേഷം പുളിവെള്ളമൊഴിക്കുക. വീണ്ടും തിളപ്പിച്ച ശേഷം തേങ്ങാക്കൂട്ട് ചേർത്ത് യോജിപ്പിച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇറക്കിവെക്കാം. അൽപം വെളിച്ചെണ്ണയിൽ കടുകും ഉലുവയും മറ്റും താളിച്ചു കറിയിൽ ഒഴിക്കാം. വറുത്തരച്ച സാമ്പാർ തയാർ.

അവിയൽ ചേരുവകൾ:

1. ചേന, പടവലം, ഇളവൻ, മുരിങ്ങക്കായ, കാരറ്റ്‌, പച്ചക്കായ - ഓരോ കപ്പ്‌ വീതം (2 ഇഞ്ച് നീളത്തിൽ മുറിച്ചത്)

2. പച്ചപ്പയർ, ബീൻസ് - 3-4 എണ്ണം വീതം (നീളത്തിൽ അരിഞ്ഞത്)

3. മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

4. മുളകുപൊടി - 1/2 ടീസ്പൂൺ

5. തേങ്ങ ചിരകിയത് - 2 കപ്പ്‌

6. ജീരകം - 1/2 ടീസ്പൂൺ

7. പച്ചമുളക് - 7-8 എണ്ണം

8. ഇഞ്ചി - ഒരു കഷണം

9. കറിവേപ്പില - ഒരു പിടി

10. കട്ടത്തൈര് - 2 1/2 കപ്പ്‌

11. വെളിച്ചെണ്ണ - 1/4 കപ്പ്

12. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം: അരിഞ്ഞുവെച്ച പച്ചക്കറികൾ അൽപം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു കുഴച്ച ശേഷം വെള്ളവും ചേർത്ത് പാകത്തിന് വേവിച്ചെടുക്കണം. 5 മുതൽ 8 വരെ ചേരുവകൾ ചെറുതായി ചതച്ചതും ഉപ്പും കട്ടത്തൈര് ഉടച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കൂട്ട് തിളച്ചാൽ ബാക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി ഇറക്കിവെക്കാം. നാടൻ അവിയൽ തയാർ.


വൻപയർ-മത്തങ്ങ-കുമ്പളങ്ങ- കക്കിരി ഓലൻ

ചേരുവകൾ:

1. കുതിർത്ത് ഉപ്പിട്ട് വേവിച്ച വൻപയർ - 1/2 കപ്പ്

2. മത്തങ്ങ, കുമ്പളങ്ങ, കക്കിരി - 1/2 കപ്പ് വീതം (വലിയ ചതുരക്കഷണങ്ങളാക്കിയത്)

3. പച്ചമുളക് - 4 എണ്ണം (നെടുകേ കീറിയത്)

4. ഉപ്പ് - ആവശ്യത്തിന്

5. കറിവേപ്പില - 2 തണ്ട്

6. കട്ടിയുള്ള തേങ്ങാപാൽ - മുക്കാൽ കപ്പ്‌

7. വെളിച്ചെണ്ണ - 2 ടേബ്ൾസ്പൂൺ

തയാറാക്കുന്ന വിധം:

മുറിച്ചുവെച്ച പച്ചക്കറികൾ പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ്പം വെള്ളത്തിൽ വേവിക്കുക. ശേഷം വേവിച്ചുവെച്ച വൻ പയറും തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക. തിള വരുമ്പോൾ വെളിച്ചെണ്ണ ചേർത്ത ശേഷം ഇളക്കി ഇറക്കി വെക്കാം. സ്വാദിഷ്ടമായ ഓലൻ തയാർ. ●



കിസ്മിസ് ഡേറ്റ്സ് പുളീഞ്ചി

ചേരുവകൾ

1. കിസ്മിസ് - 1/2 കപ്പ്

2. ഈത്തപ്പഴം - 6 എണ്ണം (ചെറുതായി അരിഞ്ഞത്)

3. പച്ചമുളക്, ഇഞ്ചി, കറിവേപ്പില - ഓരോ ടേബ്ൾസ്പൂൺ വീതം (മൂന്നും പൊടിയായരിഞ്ഞത്)

4. വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ

5. പുളി ഉരുട്ടിയെടുത്തത് - ചെറുനാരങ്ങ വലുപ്പത്തിൽ (കുതിർത്തു കട്ടിയിൽ പിഴിഞ്ഞെടുക്കണം)

6. ശർക്കര - 2 അച്ച്

7. വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്

8. ഉലുവപ്പൊടി, മുളകുപൊടി, ജീരകപ്പൊടി - ഓരോ ടീസ്പൂൺ വീതം

9. കടുക് - 1/2 ടീസ്പൂൺ

10. ഉലുവ - 1/4 ടീസ്പൂൺ

11. മുളക് - 2-3 എണ്ണം നുറുക്കിയത്

12. കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മയം വന്ന മൺചട്ടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയശേഷം ഡേറ്റ്സും കിസ്മിസും വഴറ്റി കോരി മാറ്റിവെക്കുക. അതേ ചട്ടിയിലേക്ക് അൽപംകൂടി എണ്ണ ചേർത്തശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മുളകുപൊടിയിട്ട് ഇളക്കാം. ഉപ്പും പുളിവെള്ളവും ശർക്കരയും ചേർത്തശേഷം അടച്ചുവെക്കുക. തിളച്ചു കുറുകിവരുമ്പോൾ വഴറ്റിവെച്ച ഈത്തപ്പഴവും കിസ്മിസും ചേർത്തിളക്കി ഇറക്കിവെക്കാം. വെളിച്ചെണ്ണയിൽ കടുക്, ഉലുവ എന്നിവ മൂപ്പിച്ച് പുളീഞ്ചിക്കു മുകളിൽ ഒഴിക്കാം. ചോറ്, ദോശ, ഇഡ്ഡലി എന്നിവക്ക് മികച്ച കോമ്പിനേഷനാണിത്.



പച്ചമുന്തിരി-പൂവൻപഴം-

ആപ്പിൾ പച്ചടി

ചേരുവകൾ

1. കുരുവില്ലാത്ത ഫ്രഷ് പച്ചമുന്തിരി -അര കപ്പ്‌ (കഴുകി നാലായി മുറിക്കണം)

2. പൂവൻപഴം -ഒന്ന്​

3. പച്ച ആപ്പിൾ -അരക്കഷണം (തൊലി കളഞ്ഞ് അരിഞ്ഞുവെച്ചത്)

4. തേങ്ങ ചിരകിയത് - ഒരു മുറി

5. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1/4 ടീസ്പൂൺ

6. പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ടേബ്ൾ സ്പൂൺ

7. കടുക് - 1/2 ടീസ്പൂൺ

8. കട്ടത്തൈര് - ഒരു കപ്പ്‌

9. വെളിച്ചെണ്ണ - 2 ടേബ്ൾ സ്പൂൺ

10. കടുക്- അര ടീസ്പൂൺ

11. വറ്റൽ മുളക് - 2 എണ്ണം (നുറുക്കിയത്)

12. കറിവേപ്പില - 2 തണ്ട്.

തയാറാക്കുന്ന വിധം:

തേങ്ങ അൽപം വെള്ളം ചേർത്ത് മിക്സിയിൽ അരക്കുക. അരഞ്ഞുവരുമ്പോൾ കടുകു ചേർത്ത് വീണ്ടും അരച്ചശേഷം മാറ്റിവെക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് ചൂടാക്കിയശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക്‌ ആപ്പിളും മുന്തിരിയും ചേർത്ത് കുറച്ചുനേരം വഴറ്റുക. ശേഷം പൂവൻപഴം കായ വറുത്തുപ്പേരിക്കെന്നപോലെ നാലാക്കി അൽപം തിക്ക്നെസിൽ നുറുക്കി അതിലേക്ക് ചേർത്തിളക്കി കോരി മാറ്റിവെക്കാം. അതേ പാത്രത്തിൽ അൽപംകൂടി വെളിച്ചെണ്ണ ചേർത്തശേഷം ഇഞ്ചിയും പച്ചമുളകും വഴറ്റി തേങ്ങക്കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. തൈര് ഉടച്ചതും കുറച്ചു കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിള വരുമ്പോൾ വഴറ്റിവെച്ച പഴക്കൂട്ടിൽ പകുതി അതിലേക്ക് ചേർത്ത് ഇളക്കുക. ഒന്നുകൂടി തിളപ്പിച്ചശേഷം ഇറക്കിവെക്കാം. അവ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം ബാക്കിയുള്ള വഴറ്റിവെച്ച പഴക്കൂട്ടുകൊണ്ട് അലങ്കരിക്കാം. മധുരവും പുളിയും എരിവും ഉപ്പും ചേർന്ന രുചികരവും ഹെൽത്തിയുമായ പച്ചടി തയാർ.



ചെറുനാരങ്ങ രസം

ചേരുവകൾ

1. ചെറുനാരങ്ങ - 3 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)

2. പച്ചമുളക് - 5-6 എണ്ണം (വട്ടത്തിലരിഞ്ഞത്)

3. ഇഞ്ചി - ഒരു വലിയ കഷണം (ചതച്ചത്)

4. വെളുത്തുള്ളി - ഒരു വലിയ കുടം (ചതച്ചത്)

5. കറിവേപ്പില (ചെറുതായരിഞ്ഞത്) - 2 ടേബ്ൾ സ്പൂൺ

6. മല്ലിയില (അരിഞ്ഞത്) - 2 ടേബ്ൾ സ്പൂൺ

7. കുരുമുളക് (നന്നായി ചതച്ചെടുത്തത്) - 2 ടേബ്ൾ സ്പൂൺ

8. ഉപ്പ് - ആവശ്യത്തിന്

9. കടുക് - 1/2 ടീസ്പൂൺ

10. ഉലുവ - 1/4 ടീസ്പൂൺ

11. ജീരകം - 1/4 ടീസ്പൂൺ

12. ചുവന്ന മുളക് - 2 എണ്ണം

13. വെളിച്ചെണ്ണ -ആവശ്യത്തിന്

14. മഞ്ഞൾപൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം:

ചെറുനാരങ്ങ മുറിച്ച് കുരു കളഞ്ഞ് നീരെടുത്തുവെക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചെറുതീയിൽ ചൂടാക്കുക. അതിലേക്ക് കടുക്, ഉലുവ, ജീരകം, ചുവന്ന മുളക് എന്നിവ ചേർത്ത് മൂപ്പിച്ചശേഷം 2 മുതൽ 3 വരെയുള്ള ചേരുവകൾ വഴറ്റിയെടുക്കുക. ശേഷം വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾപൊടി എന്നിവയും ചേർത്തു വഴറ്റി 3-4 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം കുരുമുളകുപൊടിയും ചേർക്കാം. തീ ഓഫ്‌ ചെയ്തശേഷം ചെറുനാരങ്ങനീര് ചേർക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് അൽപനേരം അടച്ചുവെക്കാം. മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം രുചിക്കാം.


ചെറുമണിക്കടല, ചേന, കായ, കുമ്പളങ്ങ നാടൻ കൂട്ടുകറി

ചേരുവകൾ

1. ചെറുമണിക്കടല കുതിർത്ത് അൽപം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ഇട്ട് നന്നായി വേവിച്ച് ഊറ്റിവെച്ചത് - 1 കപ്പ്

2. മൂപ്പുള്ള ഏത്തക്കയും ചേനയും തൊലി കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കിയത് - ഒാരോ കപ്പ്‌ വീതം

3. കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കിയത് - 1/2 കപ്പ്‌

4. പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ

5. ചിരകിയ തേങ്ങ - ഒന്ന് (ഇടത്തരം)

6. ജീരകം - 1/2 ടീസ്പൂൺ

7. ഉപ്പ് - പാകത്തിന്

8. കറിവേപ്പില - ആവശ്യത്തിന്

9. വെളിച്ചെണ്ണ - ആവശ്യത്തിന്

10. കടുക് - 1/2 ടീസ്പൂൺ

11. വറ്റൽമുളക് - 2 എണ്ണം (നുറുക്കിയത്)

12. കുരുമുളക് ക്രിസ്പിയായി പൊടിച്ചത് - 1 ടീസ്പൂൺ.

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വേവിച്ച കടല, കായ, ചേന, കുമ്പളം, പച്ചമുളക് എന്നിവ വേവാൻ പാകത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. തിള വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി വേവിക്കുക. അതിലേക്ക് ചിരകിവെച്ച തേങ്ങയിൽ മൂന്നിലൊരു ഭാഗവും ജീരകവും അരച്ചെടുത്ത് കടലക്കൂട്ടിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തിളവന്നാൽ ഇറക്കിവെക്കുക. മറ്റൊരു ചട്ടിയിൽ ബാക്കിയുള്ള തേങ്ങയും കറിവേപ്പിലയും സ്വർണനിറമാകുന്നതുവരെ വെളിച്ചെണ്ണയിൽ വറുത്ത് കറിയിലേക്ക് ചേർത്തുകൊടുക്കാം. അതിലേക്ക് അൽപം വെളിച്ചെണ്ണയിൽ കടുകും മുളകും മൂപ്പിച്ചൊഴിക്കാം. കുരുമുളകുപൊടി ചേർത്തശേഷം എല്ലാം നന്നായി യോജിപ്പിക്കുക. കൂട്ടുകറി റെഡി. മധുരം ആവശ്യമുള്ളവർ പാകപ്പെടുത്തുമ്പോൾ ഒരു കഷണം ശർക്കര ചേർത്താൽ മതി. ●


ചക്കക്കുരു-നേന്ത്രപ്പഴം പ്രഥമൻ

ചേരുവകൾ

1. നന്നായി പഴുത്ത നേന്ത്രപ്പഴം - 1/2 കി.ഗ്രാം

2. പുറംതോടു മാറ്റിയ ചക്കക്കുരു - 8 എണ്ണം

3. നെയ്യ് - ആവശ്യത്തിന്

4. ശർക്കര - 400 ഗ്രാം

5. തേങ്ങാപ്പാൽ:

ഒന്നാം പാൽ - ഒന്നര കപ്പ്

രണ്ടാം പാൽ - 6 കപ്പ്

6. പഞ്ചസാര - ഒരു ടേബ്ൾ സ്പൂൺ

7. ഏലക്കപ്പൊടി - ഒന്നര ടീസ്പൂൺ

8. ജീരകം (വറുത്തു പൊടിച്ചത്) - അര ടീസ്പൂൺ

9. ചുക്കുപൊടി - 1/2 ടീസ്പൂൺ

10. തേങ്ങാക്കൊത്ത് - 1 1/2 ടേബ്ൾസ്പൂൺ

11. അണ്ടിപ്പരിപ്പ്, ബദാം നുറുക്കിയത് - അൽപം

12. കിസ്മിസ് - അൽപം

തയാറാക്കുന്ന വിധം:

നേന്ത്രപ്പഴം തൊലി കളഞ്ഞശേഷം അകത്തെ കുരുവും നാരും കളയുക. പഴം കഷണങ്ങളായി നുറുക്കിയെടുത്ത് കുറച്ചു നെയ്യിൽ കരിഞ്ഞുപോകാതെ വഴറ്റിയെടുത്ത് മിക്സിയിൽ മയത്തിൽ അരച്ചെടുക്കാം. ചക്കക്കുരു ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് കുക്കറിൽ 6 വിസിൽ വരുന്നതുവരെ വേവിക്കുക. ചൂട്‌ കുറഞ്ഞാൽ മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കണം. ശർക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചുവെക്കാം. ഉരുളിയിൽ അൽപം നെയ്യൊഴിച്ച് അരച്ചുവെച്ച പഴവും ചക്കക്കുരുവും കുറച്ചുനേരം വഴറ്റി വിളയിച്ചെടുക്കുക. ഇതിലേക്ക് ശർക്കരവെള്ളം ഒഴിച്ച് വീണ്ടും ഇളക്കി കട്ട ഉടയുന്നതുവരെ വഴറ്റണം. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് എല്ലാംകൂടി യോജിപ്പിച്ച് ഇളക്കിക്കൊണ്ടിരിക്കണം. നന്നായി തിളച്ചു കുറുകിത്തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം. ശേഷം പൊടികൾ, ഒന്നാം പാൽ എന്നിവയും ചേർക്കാം. തിളക്കുന്നതിനു തൊട്ടുമുമ്പ്, ചുറ്റുംനിന്ന് ബബ്ൾസ് വരാൻ തുടങ്ങുമ്പോൾ ഇറക്കിവെക്കണം, തിളച്ചുമറിയരുത്. നെയ്യിൽ തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം എന്നിവ വറുത്ത് പ്രഥമനു മുകളിലേക്കൊഴിച്ചുകൊടുത്ത് ആവി പോകത്തക്കവിധം അൽപസമയം അടച്ചുവെക്കുക. നന്നായൊന്ന് സെറ്റാകുന്നതുവരെ തവി ഇടുകയോ ഇളക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചൂടാറി എല്ലാം ഒന്നു സെറ്റായിക്കഴിഞ്ഞാൽ വിളമ്പാം.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam foodonam 2022
News Summary - onam food recipe
Next Story