വീട്ടിൽ എളുപ്പം തയാറാക്കാവുന്ന എണ്ണയില്ലാത്ത നാലു നാടൻ മീൻകറികൾ
text_fieldsചൂട മോര് കാച്ചിയത്
ഓരോ വീടിനും ഓരോ രുചിയാണ്. ഉപയോഗിക്കുന്ന ചേരുവകളും എങ്ങനെ ഉപയോഗിക്കുന്നു എന്നതുമനുസരിച്ച് മീൻകറിയുടെ രുചി മാറിക്കൊണ്ടിരിക്കും. കലോറിക്കണക്കുകൾ പ്രധാനമായ ഇക്കാലത്ത് രുചികരവും ആരോഗ്യപ്രദവും വീട്ടിൽ എളുപ്പം തയാറാക്കാൻ കഴിയുന്നതുമായ എണ്ണയില്ലാത്ത നാലു നാടൻ മീൻകറി റെസിപ്പികൾ...
ചൂട മോര് കാച്ചിയത്
ചേരുവകൾ
1. മീൻ (ചൂട/വേളൂരി) -200 ഗ്രാം
2. മോര് -അരക്കപ്പ്
3. തേങ്ങ ചിരകിയത് -അരക്കപ്പ്
4. ചെറിയ ഉള്ളി -രണ്ട്
5. വെളുത്തുള്ളി -നാല് അല്ലി
6. പച്ചമുളക് -രണ്ട്
7. ഉലുവ -കാൽ ടീസ്പൂൺ
8. മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
9. കറിവേപ്പില -രണ്ടു തണ്ട്
10. അരിപ്പൊടി -അര ടീസ്പൂൺ
11. ഉപ്പ് -ആവശ‍്യത്തിന്
തയാറാക്കുന്ന വിധം
1. തേങ്ങയും ചെറിയ ഉള്ളിയും മഞ്ഞൾപൊടിയും മിക്സിയിൽ നന്നായി അരച്ചെടുക്കുക.
2. പാകം ചെയ്യുന്ന പാത്രത്തിലേക്ക് തേങ്ങ അരച്ചതും മോരും വെളുത്തുള്ളി ചതച്ചതും പച്ചമുളക് നീളത്തിൽ കീറിയതും ഉലുവയും ഒരുതണ്ട് കറിവേപ്പിലയും ആവശ്യത്തിനു വെള്ളവും ചേർത്തിളക്കാം.
3. അടുപ്പിൽ ചെറിയ തീയിൽ വെച്ച് തിള വരുമ്പോൾ വൃത്തിയാക്കിയ മീനും ഉപ്പും ചേർത്ത് മീൻ ഉടയാതെ ഇളക്കുക. നാലു മിനിറ്റ് ചെറിയ തീയിൽ വേവിക്കാം.
4. കറി കുറുകാൻ അരിപ്പൊടി കലക്കി ഒഴിക്കുക. തിളച്ചശേഷം ബാക്കി കറിവേപ്പില കൂടി ഇട്ടു അടുപ്പിൽനിന്ന് മാറ്റാം.
ചെമ്മീൻ മുളകിട്ടത്
ചെമ്മീൻ മുളകിട്ടത്
ചേരുവകൾ
1. ചെമ്മീൻ -200 ഗ്രാം
2. തക്കാളി -രണ്ട്
3. ചെറിയ ഉള്ളി -രണ്ട്
4. വെളുത്തുള്ളി -നാലെണ്ണം
5. പുളി -ഒരിഞ്ച് ബാൾ
6. മുളകുപൊടി -മൂന്നു സ്പൂൺ
7. മഞ്ഞൾപൊടി -അര സ്പൂൺ
8. ഉലുവ -കാൽ സ്പൂൺ
9. കറിവേപ്പില -രണ്ടു തണ്ട്
10. ഉപ്പ് -ആവശ‍്യത്തിന്
തയാറാക്കുന്ന വിധം
1. പുളി വെള്ളത്തിൽ കുതിർത്ത് 10 മിനിറ്റ് വെക്കുക.
2. ചട്ടിയിൽ തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളക് രണ്ടായി കീറിയതും വെളുത്തുള്ളി ചതച്ചതും ഉലുവയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കാം.
3. ഇതിലേക്ക് ഒരു തണ്ട് കറിവേപ്പിലയും പുളി കുതിർത്തതും ഒരു കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടുപ്പിൽ വെക്കുക.
4. തിളച്ചശേഷം അഞ്ചുമിനിറ്റ് തീ കുറച്ചുവെച്ച് വേവിക്കാം.
5. ഇതിലേക്ക് വൃത്തിയാക്കിവെച്ച ചെമ്മീൻ ഇട്ട് അഞ്ചു മിനിറ്റ് വേവിക്കുക. കറിവേപ്പില ഇട്ടശേഷം അടുപ്പിൽനിന്ന് വാങ്ങിവെക്കാം.
മീൻ നെല്ലിക്കയും കുരുമുളകുമിട്ടത്
മീൻ നെല്ലിക്കയും കുരുമുളകുമിട്ടത്
ചേരുവകൾ
1. മീൻ (മത്തി/അയല) -200 ഗ്രാം
2. ഉണക്ക നെല്ലിക്ക -മൂന്ന്
3. പച്ച കുരുമുളക് -ഒരു ടീസ്പൂൺ
4. ചെറിയ ഉള്ളി -അഞ്ച്
5. വെളുത്തുള്ളി -അഞ്ചെണ്ണം
6. പച്ചമുളക് -രണ്ട്
7. പെരുംജീരകം -കാൽ ടീസ്പൂൺ
8. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
9. മല്ലിപ്പൊടി -അര ടീസ്പൂൺ
10. വാളൻപുളി -ചെറിയ ഉരുള
11. കറിവേപ്പില -രണ്ടു തണ്ട്
12. ഉപ്പ് -ആവശ‍്യത്തിന്
തയാറാക്കുന്ന വിധം
1. ഉണക്ക നെല്ലിക്കയും പുളിയും വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തുവെക്കുക.
2. കുതിർത്തുവെച്ച ഉണക്ക നെല്ലിക്കയും പുളിയും കൂടെ കുരുമുളക്, ചെറിയ ഉള്ളി, പച്ചമുളക്, പെരുംജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയും അരച്ചെടുക്കാം.
3. ഈ അരപ്പ് ഒരു ചട്ടിയിലേക്കൊഴിച്ച് അരക്കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
4. കറി അഞ്ചു മിനിറ്റ് തിളച്ച ശേഷം വൃത്തിയാക്കിവെച്ച മീനും ഒരു തണ്ട് കറിവേപ്പിലയും ഇട്ട് വേവിക്കാം.
5. മീൻ പാകമാകുമ്പോൾ കറിവേപ്പില കൂടെ ഇട്ടു തീ ഓഫ് ചെയ്യാം (ഒരു ദിവസം ഇരുന്നാൽ രുചി കൂടും).
മീൻ മുളകും തേങ്ങയും അരച്ചത്
മീൻ മുളകും തേങ്ങയും അരച്ചത്
ചേരുവകൾ
1. മീൻ (മത്തി, മാന്തൽ, പുഴമീൻ) -200 ഗ്രാം
2. പച്ചമുളക് -രണ്ട്
3. തക്കാളി -ഒന്ന്
4. മുളകുപൊടി -ഒന്നര സ്പൂൺ
5. മഞ്ഞൾപൊടി -അര സ്പൂൺ
6. ഉലുവ -കാൽ സ്പൂൺ
7. പുളി -ചെറിയ കഷണം
8. ചെറിയ ഉള്ളി -രണ്ട്
9. തേങ്ങ -അര മുറി
10. കറിവേപ്പില -രണ്ടു തണ്ട്
11. ഉപ്പ് -ആവശ‍്യത്തിന്
തയാറാക്കുന്ന വിധം
1. പുളി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തുവെക്കുക. തേങ്ങ ചെറിയ ഉള്ളി ചേർത്ത് നന്നായി അരച്ചുവെക്കാം.
2. ഒരു ചട്ടിയിൽ പച്ചമുളക് നീളത്തിൽ അരിഞ്ഞതും തക്കാളി അരിഞ്ഞതും ഉലുവയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും പുളിയും ഉപ്പും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ വെക്കാം.
3. നന്നായി തിളച്ചുവരുമ്പോൾ തീ ചെറുതാക്കി അഞ്ചു മിനിറ്റ് വേവിക്കുക.
4. ഇതിലേക്ക് വൃത്തിയാക്കിവെച്ച മീൻ ഇട്ട് ഉടയാതെ ഇളക്കി മീൻ പാകമാകുന്നതുവരെ തിളപ്പിക്കാം.
5. ഇതിലേക്ക് അരച്ച തേങ്ങ ചേർത്ത് മീൻ ഉടയാതെ ഇളക്കുക. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പില കൂടി ഇട്ട് അടുപ്പിൽനിന്ന് മാറ്റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

