Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_right‘വിവാഹ ശേഷം ചില...

‘വിവാഹ ശേഷം ചില പുരുഷൻമാർ പഴയതുപോലെ കൂട്ടുകാരോട് ഇടപെടാതെ വീട്ടിൽതന്നെ ഒതുങ്ങിക്കൂടുന്നതിന് പിന്നിലും കാരണമുണ്ട്’

text_fields
bookmark_border
‘വിവാഹ ശേഷം ചില പുരുഷൻമാർ പഴയതുപോലെ കൂട്ടുകാരോട് ഇടപെടാതെ വീട്ടിൽതന്നെ ഒതുങ്ങിക്കൂടുന്നതിന് പിന്നിലും കാരണമുണ്ട്’
cancel
ഫെബ്രുവരി 14, വാലന്റൈൻസ് ഡേ. പ്രണയ സന്ദേശങ്ങളും റീൽസും ഗാനങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലും തെരുവോരങ്ങളിലും നിറഞ്ഞ ആ ദിവസവും കടന്നുപോയി. പലരും ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഈ ദിവസം ഓർമിക്കുന്നു. എന്നാൽ, ഒരു ദിനംകൊണ്ട് അവസാനിക്കേണ്ടതാണോ മനുഷ്യരുടെ ജീവിതത്തിലെ പ്രണയം. കേവലം പ്രകടനങ്ങൾ മാത്രമായി ഒതുങ്ങേണ്ടതാണോ പ്രണയം എന്ന വികാരം?

പ്രണയം കച്ചവടമാകുമ്പോൾ

ന്യൂജൻ ലോകത്ത്​ വാണിജ്യവത്കരണത്തിന്റെ ഇരയായി പ്രണയവും മാറുന്നതിന്റെ ദൃശ്യങ്ങളാണ് വർഷങ്ങളായി വാലന്റൈൻസ് ഡേ ദിനാഘോഷത്തിൽ നമ്മൾ കാണുന്നത്. ഈയൊരു ദിവസം അല്ലെങ്കിൽ പരമാവധി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾ, യാത്രകൾ, പാർട്ടികൾ, സമൂഹ മാധ്യമ പോസ്റ്റുകൾ എന്നിവയൊക്കെ കുറച്ചുകഴിയുമ്പോൾ ഊർജം ചോർന്ന് വിസ്മരിക്കപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരും.

ജീവിതത്തിൽ അവസാനം വരെ നീളേണ്ട പ്രണയം എന്ന വികാരം ഈ പ്രകടനങ്ങൾക്കിടയിൽ ഒലിച്ചുപോകും. ജീവിതത്തിൽ അനുഭവവേദ്യമല്ലാത്ത പ്രണയത്തെ തേടി മറ്റൊരു പ്രണയദിനം വരെ കാത്തിരിക്കേണ്ട ഗതികേടിലാണോ മനുഷ്യജന്മം എന്നുപോലും ആശങ്ക തോന്നിപ്പിക്കുന്നു.


എന്താണ് യഥാർഥ പ്രണയം?

വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത അനിർവചനീയമായ ഒരു അനുഭൂതിയാണ് പ്രണയമെന്ന് വിശ്വസിക്കുന്നവരാണ്​ ധാരാളം. പ്രണയത്തെ മനശ്ശാസ്ത്രപരമായി സമീപിച്ച നിർവചനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് റോബർട്ട് സ്റ്റേൺബർഗ് (Robert Sternberg) മുന്നോട്ടുവെച്ച ‘പ്രണയത്തിന്റെ ത്രികോണ സിദ്ധാന്തം’ (Triangular Theory of Love) ആണ്.

ഈ സിദ്ധാന്ത പ്രകാരം പ്രണയത്തിന് മൂന്ന് അടിസ്ഥാന ഘടകങ്ങളുണ്ട്​. ആത്മബന്ധം (Intimacy), കാമം (Passion), പ്രതിബദ്ധത (Commitment) എന്നിവ. തനിക്കുവേണ്ടി മാത്രം ചിന്തിക്കുകയും തന്റെ താൽപര്യങ്ങൾ സംരക്ഷിച്ചു മാത്രം തീരുമാനമെടുക്കുകയും ചെയ്തിരുന്ന ഒരു വ്യക്തി തന്റെ പ്രണയിതാവിന് വേണ്ടി കൂടെ ചിന്തിക്കുകയും അയാളുടെ താൽപര്യങ്ങൾകൂടി സംരക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആത്മബന്ധം.

ചില പുരുഷന്മാർ കല്യാണം കഴിഞ്ഞ ശേഷം പഴയതുപോലെ കൂട്ടുകാരോട് ഇടപെടാതെ വീട്ടിൽതന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യം കാണാം. പലപ്പോഴും ‘അവന് ഭാര്യയെ പേടിയാണ്’ എന്ന് പറഞ്ഞുകൊണ്ട് കൂട്ടുകാർ ഇവരെ പരിഹസിക്കും. എന്നാൽ, യഥാർഥത്തിൽ പങ്കാളിയുമായുള്ള ആത്മബന്ധമായിരിക്കാം ഒരുപക്ഷേ, വീട്ടിനുള്ളിലേക്കുള്ള ഒതുങ്ങിക്കൂടലിന്റെ അടിസ്ഥാന കാര്യം.

പ്രണയത്തിലാകും മുമ്പ് മറ്റാരുടെയും താൽപര്യം സംരക്ഷിക്കാൻ ഇല്ലാത്തതിനാൽ സ്വതന്ത്രമായി കൂട്ടുകാരോടൊപ്പം സഞ്ചരിച്ചിരുന്നവർ, തന്നെ കാത്തിരിക്കാൻ ഒരാളുണ്ട് എന്നൊരു ചിന്ത വരുന്നതോടെ സുഹൃദ് വലയങ്ങളിൽനിന്ന് ചെറിയ തോതിലെങ്കിലും പിൻവാങ്ങുന്നത് ഇതിന്റെ ഭാഗമാണ്.

ലൗ അറ്റ്​ ഫസ്റ്റ്​ സൈറ്റിന് പിന്നിൽ

പ്രണയത്തിന്റെ രണ്ടാമത്തെ ഘടകമായ കാമം ശാരീരികമായ ആകർഷണത്തെ പ്രതിഫലിപ്പിക്കുന്നു. സൗന്ദര്യത്തോടുള്ള ആരാധന തൊട്ട് ലൈംഗികാസക്തി വരെ ഇതിന്റെ ഭാഗമാണ്. പലപ്പോഴും ‘പ്രഥമദൃഷ്ടിയിലെ പ്രണയം’ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത് ഈയൊരു ഘടകമാണ്. ഏതൊരു പ്രണയബന്ധത്തിന്റെയും ആദ്യഘട്ടത്തിൽ ഈ വികാരം തീക്ഷ്ണമാകും. ക്രമേണ തീവ്രത കുറഞ്ഞുവരുകതന്നെ ചെയ്യും.

ദീർഘനാൾ ഒരാളോടൊപ്പം ജീവിതം പങ്കിടുമ്പോൾ ആ വ്യക്തിയുടെ സൗന്ദര്യത്തോടുള്ള ഭ്രമവും ലൈംഗിക താൽപര്യവുമൊക്കെ സ്വാഭാവികമായും കുറയാൻ സാധ്യതയുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ ശ്രമിക്കേണ്ടത് ദാമ്പത്യത്തിന്റെ ദൃഢതക്ക് അനിവാര്യമാണ്.


പ്രതിബദ്ധത വേണം പ്രണയത്തിന്​

നാം പ്രണയത്തിൽ അഥവാ, ദാമ്പത്യത്തിൽ ആയിരിക്കുമ്പോൾതന്നെ നിരവധി പുതിയ വ്യക്തികളെ ജീവിതത്തിൽ പരിചയപ്പെടും. അവരിൽ ചിലരുടെയെങ്കിലും സൗന്ദര്യത്തോട് നമുക്ക് ആകർഷണം തോന്നിയേക്കാം. ചിലരുടെ ബൗദ്ധികമായ കഴിവുകളോടാകും ഒരു ഭ്രമം. എന്നാൽ, നമ്മുടെ പ്രണയബന്ധത്തെ തകർക്കാത്ത രീതിയിൽ ഇത്തരം വ്യക്തികളുമായുള്ള ബന്ധത്തിന്​ ആരോഗ്യകരമായ അതിർവരമ്പുകൾ നിശ്ചയിക്കാനുള്ള കഴിവാണ് പ്രതിബദ്ധത.

പ്രണയത്തിലും വേണം ജനാധിപത്യം

ത്രികോണ സിദ്ധാന്തത്തിൽ പറയുന്ന മൂന്നു ഘടകങ്ങളോടൊപ്പം ആധുനികകാലത്ത് പ്രണയത്തിന്റെ നാലാമത്തെ ഒരു ഘടകവും പ്രസക്തമാകുന്നുണ്ട്. പ്രണയത്തിലെ ജനാധിപത്യമാണ് ഇത്​. പ്രണയിക്കുന്ന വ്യക്തിയോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അഭിപ്രായ വ്യത്യാസം തുറന്നുപറയാനും അവ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമുള്ള ഒരു വ്യക്തിയുടെ മൗലികാവകാശമാണ് പ്രണയത്തിലെ ജനാധിപത്യം.


പ്രണയക്കൊലകളുടെ കേരളം

സമീപ വർഷങ്ങളിൽ നമ്മുടെ നാട്ടിൽ പ്രണയ കൊലപാതകങ്ങൾ കൂടുന്നു. പ്രണയബന്ധത്തിൽ വിള്ളലുണ്ടായാൽ പ്രണയിതാവിനെ ഇല്ലായ്മ ചെയ്യുക എന്ന ധാരണയിലേക്ക് യുവത എത്തി. തന്റെ സുഗമമായ ഭാവിജീവിതത്തിന് തടസ്സം നിൽക്കുന്ന പ്രണയിതാവിനെ തുടച്ചുനീക്കാനും മടിയില്ലാത്ത രീതിയിലേക്കായി കാര്യങ്ങൾ.

ചങ്ങമ്പുഴയുടെ ‘രമണനി’ലും മറ്റും പ്രണയബന്ധം തകർന്നതിനെ തുടർന്ന് സ്വയം ഇല്ലായ്മ ചെയ്യാൻ വെമ്പൽ കൊള്ളുന്ന കാമുകന്മാരെ കാണാം. പ്രണയം തകർന്നതിനെ തുടർന്ന് മദ്യപിച്ച് സ്വയം നശിപ്പിച്ച ദേവദാസുമാരുടെ കഥകൾ കേട്ടാണ് കഴിഞ്ഞ തലമുറ വളർന്നത്.

എന്നാൽ, ഇന്നത്തെ കാലത്ത് തനിക്ക് ലഭിക്കാത്ത ഒരു വ്യക്തിയെ മറ്റാർക്കും ലഭിക്കരുത് എന്ന നിർബന്ധബുദ്ധിയിലേക്ക് ചെറുപ്പക്കാർ പോകുന്നു. എന്നോടൊപ്പമല്ലാതെ മറ്റാരോടൊപ്പവും നീ സുഖമായി കഴിയരുത് എന്ന ശാഠ്യത്തിലേക്ക് ചിലരെങ്കിലും എത്തിച്ചേരുന്നു. ശാരീരികമായി ഇല്ലായ്മ ചെയ്യാൻ കഴിയാത്തപക്ഷം രഹസ്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് തേജോവധം ചെയ്ത് പ്രതികാരം ചെയ്യുന്നു.

എന്തുകൊണ്ട് ഇങ്ങനെ

ആഗ്രഹിക്കുന്നതെല്ലാം ഉടൻനടക്കണമെന്നും ‘സാധ്യമല്ല’ എന്ന ഉത്തരം സ്വീകരിക്കില്ല എന്നുമുള്ള മനോഭാവത്തിൽനിന്നാണ് പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങൾ ഉടലെടുക്കുന്നത്. പ്രണയ കൊലപാതകങ്ങളെന്നാണ് ഇവയെ വിളിക്കാറുള്ളതെങ്കിലും ഇതിൽ പ്രണയത്തിന്റെ അംശം തെല്ലുമില്ല എന്നതാണ് സത്യം.

പ്രണയം യാഥാർഥ്യമായിരുന്നു എങ്കിൽ ഒരിക്കൽ പ്രണയിച്ച വ്യക്തിയെ ഇല്ലായ്മ ചെയ്യാൻ ഒരു മനുഷ്യന് കഴിയില്ല. പ്രണയിക്കുന്ന വ്യക്തിയെ ഒരു ഭോഗവസ്തുവായി മാത്രം കാണുകയും തന്റെ ഇഷ്ടങ്ങൾക്ക് വിധേയയാകാതെ അവർ മുന്നോട്ടുപോകുമ്പോൾ തച്ചുതകർക്കാൻ ഉദ്യമിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.


എടുത്തുചാട്ടം കൂടുന്ന ഡിജിറ്റൽ യുഗം

ഡിജിറ്റൽ വിപ്ലവത്തിന്റെ കടന്നുവരവോടെ മനുഷ്യസ്വഭാവത്തിൽ അക്ഷമയും എടുത്തുചാട്ടവും കൂടുതൽ പ്രകടമാകുന്നുണ്ട്. ഉദാഹരണത്തിന് 30 കൊല്ലം മുമ്പ് ഹോട്ടൽ ഭക്ഷണം കഴിക്കണമെങ്കിൽ നാം നേരിട്ട് അവിടെ ചെല്ലണം. സിനിമ കാണാൻ തിയറ്ററിൽ പോയി വരി നിന്ന് ടിക്കറ്റെടുത്ത് കാണണം. ഒരു വ്യക്തിയോട് പ്രണയം വെളിപ്പെടുത്തണമെങ്കിൽതന്നെ കത്തു മുഖാന്തരം ഇടനിലക്കാർ വഴിയോ നേരിട്ടോ പ്രണയം പ്രകടിപ്പിച്ച ശേഷം മറുപടിക്ക് വേണ്ടി കാത്തുനിൽക്കണം.

പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാകും ഒരു മറുപടി ലഭിക്കുക. ഇത്തരത്തിൽ മനസ്സിൽ ആഗ്രഹങ്ങൾ തോന്നുകയും അവ നടപ്പാക്കുകയും ചെയ്യുന്നതിനിടയിൽ ഒരു ഇടവേള അനിവാര്യമായിരുന്നു. എന്നാൽ ഈ ഇടവേള, ആഗ്രഹം നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യതകളുമായി മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള സമയമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്​. ഇക്കാരണംകൊണ്ടുതന്നെ പ്രണയബന്ധം പരാജയപ്പെട്ടാൽ പോലും ഇല്ലായ്മ ചെയ്യാനുള്ള പ്രവണത അന്ന് പ്രകടമായിരുന്നില്ല.

എന്നാൽ, ഇന്ന്​ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിമിഷാർഥംകൊണ്ട് മൊബൈൽ വഴി സാധിക്കാം. ഇതുകൊണ്ടുതന്നെ ആഗ്രഹിക്കുന്നത്​ നടക്കാത്ത അവസ്ഥയുമായി മാനസികമായി പൊരുത്തപ്പെടാൻ യുവതലമുറക്ക് പ്രയാസമുണ്ട്. മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടം പ്രകടമാകാൻ ഈയൊരു സാഹചര്യംകൂടി കാരണമാണ്​. കുട്ടികളെ വളർത്തുമ്പോൾ ക്ഷമയും സഹനശക്തിയും അനുതാപവുംകൂടി അവരെ പരിശീലിപ്പിക്കേണ്ട ദൗത്യം മാതാപിതാക്കൾക്ക് വന്നുചേരുന്നു.


സ്നേഹബന്ധം ദൃഢമാക്കാം

ഭാര്യാഭർത്താക്കന്മാർ തമ്മിൽ അല്ലെങ്കിൽ പ്രണയിതാക്കൾ തമ്മിലുള്ള സ്നേഹബന്ധം ദൃഢമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കിയാലാണ് പ്രണയബന്ധം ആയുഷ്കാലം നീണ്ടുനിൽക്കുക?.

തന്റെ പങ്കാളിയെ പൂർണമായി മനസ്സിലാക്കുകയാണ് പ്രണയം ശാശ്വതമാക്കാനുള്ള ആദ്യ വഴി. പങ്കാളിയുടെ ഗുണങ്ങളും ദോഷങ്ങളും അവരുടെ സ്വഭാവത്തിന്റെ സാധ്യതകളും പരിമിതികളു​മെല്ലാം പൂർണമായി മനസ്സിലാക്കി സഹകരിക്കാനുള്ള മനോഭാവം വികസിപ്പിക്കണം. ഒപ്പം അവനവന്റെ സ്വഭാവത്തിന്റെയും രണ്ടുവശങ്ങളും പൂർണമായും മനസ്സിലാക്കാനുള്ള വൈകാരിക ബുദ്ധിയും നമുക്കുണ്ടാകണം.

പരസ്പര ബഹുമാനം പ്രധാനം

രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ ജനിച്ചുവളർന്നവർ തമ്മിൽ ചിന്താഗതിയിലും വൈകാരികതയിലും ബുദ്ധിയിലുമൊക്കെ വ്യത്യാസങ്ങളുണ്ടാകാം. ധാർമിക മൂല്യങ്ങളിലും ജീവിത കാഴ്ചപ്പാടിലുമൊക്കെ ഈ വ്യതിയാനങ്ങൾ പ്രതിഫലിക്കാം. എന്നാലും, പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ ചർച്ച ചെയ്ത് ജീവിതത്തിന്റെ ഗതിയെക്കുറിച്ച് ഒരു ധാരണയിൽ എത്തുക എന്നത് ഓരോ ദാമ്പത്യത്തിലും പ്രധാന കാര്യമാണ്. പരസ്പര സമ്മതത്തോടെ എടുക്കുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം ഇരുവർക്കുമുണ്ട്​.


സുതാര്യത വേണം

എല്ലാ കാര്യങ്ങളിലും പുലർത്തുന്ന സുതാര്യതയാണ് ദാമ്പത്യം ദൃഢമാക്കാനുള്ള രണ്ടാമത്തെ പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങളും സൗഹൃദങ്ങളും ജോലിയുമടക്കമുള്ള കാര്യങ്ങൾ ജീവിതപങ്കാളിയോട് തുറന്നുസംസാരിക്കേണ്ടതുണ്ട്. നിങ്ങളുടെ നിക്ഷേപങ്ങളും സാമ്പത്തിക സ്രോതസ്സുകളും കടബാധ്യതകളുമടക്കം പങ്കാളി അറിയുന്നതാണ് ഉചിതം.

ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നമോ അപകടമോ ഉണ്ടായാൽ ജീവിതത്തിന്റെ സകല കാര്യങ്ങളും താളം​തെറ്റിപ്പോകുന്ന അവസ്ഥ ഒഴിവാക്കാൻ ഈ സുതാര്യത സഹായകമാകും. സമ്പാദ്യവും കടബാധ്യതയുമൊക്കെ ഗോപ്യമാക്കിവെക്കുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനേ കാരണമാകൂ. ഇത്തരം കാര്യങ്ങൾ നിങ്ങൾ പറയാതെ പങ്കാളി അറിയുന്ന സാഹചര്യം വന്നാൽ നിങ്ങളോടുള്ള അവരുടെ വിശ്വാസം പൂർണമായി നശിക്കും എന്ന കാര്യം ഓർക്കുക.

റെഡിയാണോ പങ്കാളിയെ കേൾക്കാൻ

ജീവിത പങ്കാളിയോടൊപ്പം ദിനേന ഒരു മണിക്കൂർ നേരമെങ്കിലും മനസ്സുതുറന്ന് സംസാരിക്കാനുള്ള സമയം എത്ര തിരക്കിലും കണ്ടെത്തണം. നേരിട്ട് ദിവസവും കാണാൻ കഴിയാത്തപക്ഷം ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുറച്ചു നേരമെങ്കിലും മനസ്സുതുറന്ന് സംസാരിക്കണം. അന്നന്ന് ജീവിതത്തിൽ നടന്ന കാര്യങ്ങൾ ചർച്ച ചെയ്യണം. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽപോലും പങ്കാളിയുടെ ഉപദേശം തേടാൻ മടിക്കേണ്ട.

എന്നാൽ, എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ പങ്കാളിയെ അനുവദിക്കുന്നത് ആശാസ്യമല്ല. കുട്ടികളോടും ദിനേന അരമണിക്കൂറെങ്കിലും തുറന്നു സംസാരിക്കാനുള്ള സമയം കണ്ടെത്തേണ്ടതുണ്ട്. ഈ സമയത്ത് കുട്ടികൾക്ക് പറയാനുള്ളത് ശ്രദ്ധാപൂർവം കേൾക്കാൻ ശ്രമിക്കേണ്ടതും അനിവാര്യമാണ്.

ഇഷ്ടങ്ങൾ കണ്ടറിയണം

പങ്കാളിയുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് അവരെ സന്തോഷിപ്പിക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയാണ് മറ്റൊരു പ്രധാന കാര്യം. നിങ്ങളുടെ കൊക്കിലൊതുങ്ങാത്ത വിലപിടിപ്പുള്ള കാര്യങ്ങൾ വാങ്ങിനൽകുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ സാമ്പത്തിക പരിമിതിയിൽ നിന്നുകൊണ്ടുതന്നെ പങ്കാളി ഇഷ്ടപ്പെടുന്ന ചെറിയ കാര്യങ്ങൾ അപ്രതീക്ഷിത സമ്മാനങ്ങളായി നൽകി അവരെ അത്ഭുതപ്പെടുത്തുക.

ജന്മദിനം, വിവാഹ വാർഷിക ദിനം, ആദ്യമായി നിങ്ങളുടെ പ്രണയം പറഞ്ഞ ദിനത്തിന്റെ വാർഷികം എന്നിവയൊക്കെ തീർച്ചയായും ഓർക്കാൻ ശ്രമിക്കുക. പലപ്പോഴും പുരുഷന്മാർ ഇത്തരം കാര്യങ്ങൾ വിസ്മരിക്കാറുണ്ടെങ്കിലും സ്ത്രീകൾക്ക് പൊതുവേ ഇത്​ വളരെ പ്രധാനപ്പെട്ട ഓർമകളായിരിക്കും. അതുകൊണ്ടുതന്നെ എത്ര തിരക്കുള്ള ദിവസങ്ങളിലും ഇത്തരം കാര്യങ്ങൾ വിസ്മരിക്കാതിരിക്കുക. ആ ദിവസം ജോലിത്തിരക്കുക​ളൊക്കെ അൽപം മാറ്റിവെച്ച് പങ്കാളിയോടൊപ്പം ഒറ്റക്ക് സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ ഒരുക്കുക.

പ്രോത്സാഹിപ്പിക്കാൻ മറക്കരുത്​

പങ്കാളിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കേണ്ടതും പ്രണയം ദൃഢമാക്കി നിലനിർത്താൻ ആവശ്യമാണ്. പലപ്പോഴും പങ്കാളിയെക്കുറിച്ച് നല്ലത് പറഞ്ഞാൽ അവർ താൻ പറയുന്നത് കേൾക്കാതെയാകുമോ എന്ന ആശങ്ക പല മലയാളികളെയും പിടികൂടാറുണ്ട്.

എന്നാൽ, യഥാർഥത്തിൽ തന്നെക്കുറിച്ച് നല്ലത് പറയുകയും അംഗീകരിക്കുകയും ചെയ്യുന്ന പങ്കാളിയെക്കുറിച്ച് വലിയ സ്നേഹവും ബഹുമാനവുമായിരിക്കും ഉണ്ടാവുക. പങ്കാളി തനിക്ക് ചെയ്തുതന്ന ചെറിയ കാര്യങ്ങൾക്ക് നന്ദി പറയുക, തന്റെ ജീവിതത്തിൽ ഒരു സജീവസാന്നിധ്യമായി നിന്ന് തനിക്ക് താങ്ങും തണലുമാകുന്നതിന് അവരോട് നല്ല വാക്ക് പറയുക എന്നിവയൊക്കെ ചെയ്യേണ്ട കാര്യങ്ങളാണ്.


കുട്ടികൾക്ക്​ മാതൃകയാകണം

കുട്ടികളുടെ മുന്നിൽ ആരോഗ്യകരമായ മാതൃകകളായി വർത്തിക്കേണ്ടതും ദാമ്പത്യത്തിൽ അത്യാവശ്യമാണ്. കുട്ടികളുടെ മുന്നിൽവെച്ച് വഴക്കിടുക, ചീത്ത വാക്കുകൾ ഉപയോഗിക്കുക, മർദിക്കുക എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. പലപ്പോഴും കുട്ടികളെക്കുറിച്ചുള്ള വഴക്കുകളാണ് ഒരു ഘട്ടം കഴിയുമ്പോൾ ദാമ്പത്യബന്ധം ശിഥിലമാകാൻ കാരണമാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ഭാവി, സ്വഭാവരൂപവത്കരണം എന്നിവ പരസ്പര ബഹുമാനത്തോടെ ചർച്ച ചെയ്തു തീരുമാനിക്കുക. എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ഇരുവരും ശ്രദ്ധിക്കേണ്ടതുണ്ട്.

വീട്ടുജോലികൾ ഭാര്യാഭർത്താക്കന്മാർ പരസ്പര ധാരണയോടെ ചെയ്യണം. പാചകവും വീട് വൃത്തിയാക്കലും തുണി നനക്കലുമടക്കമുള്ള എല്ലാ ജോലികളും പരസ്പരം സഹകരിച്ചുകൊണ്ട് ഇരുവരും ചെയ്യുന്നപക്ഷം ജോലികൾ എളുപ്പമാകുകയും ചെയ്യും.

വിലയില്ലാത്ത ടോക്സിക്​ ലൗ

വ്യക്തിബന്ധത്തിൽ എന്നതുപോലെ പ്രണയത്തിലും ജനാധിപത്യം പ്രധാനമാണ്. എന്നാൽ, ചില അവസരങ്ങളിൽ പ്രണയത്തിൽനിന്ന് ഈ ജനാധിപത്യം അകന്നുപോകാം. അങ്ങനെ സംഭവിക്കുന്ന പ്രണയബന്ധങ്ങളാണ് ‘വിഷലിപ്ത പ്രണയങ്ങൾ’ (toxic love). സ്വന്തം അഭിപ്രായം മറുവശത്തുള്ളയാൾ തെല്ലും വില കൽപിക്കാതിരുന്നിട്ടും ആ ബന്ധത്തിൽനിന്ന് പിന്മാറാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളൊരു വൈകാരിക അടിമത്തത്തിലാണെന്ന് അനുമാനിക്കാം. ശാരീരികവും വൈകാരികവുമായ ആരോഗ്യം തകർക്കുന്ന ഇത്തരം വിഷയങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് അകന്നുപോകേണ്ടത് അനിവാര്യമാണ്.

പരിഹാസം പ്രണയം തകർക്കും

പരസ്പരമുള്ള ആശയവിനിമയത്തിൽ നല്ലൊരു ശ്രോതാവാകുക എന്നതിന് വലിയ പ്രസക്തിയുണ്ട്. പങ്കാളിക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമാപൂർവം കേട്ടിരിക്കാനുള്ള സിദ്ധി പ്രണയബന്ധത്തെ ദൃഢമാക്കും. മറിച്ച്, പങ്കാളിക്ക് പറയാനുള്ള കാര്യങ്ങളെ നിസ്സാരവത്കരിച്ച് അവയെ പരിഹാസപൂർവം സമീപിച്ചാൽ ആ പ്രണയബന്ധത്തിന് അധികം ആയുസ്സുണ്ടാകാൻ സാധ്യതയില്ല.


സുഹൃത്തുക്കൾ ആരെന്ന്​ അറിയിക്കാം

നിങ്ങളുടെ സുഹൃത്തുക്കളെ പറ്റിയും പങ്കാളിക്ക് വ്യക്തമായ ധാരണ നൽകേണ്ടതുണ്ട്. ജോലിസ്ഥലത്തും അല്ലാതെയുമുള്ള സുഹൃത്തുക്കളെക്കുറിച്ചും അവരോടുള്ള നിങ്ങളുടെ ബന്ധവും പങ്കാളിയോട് തുറന്നുസംസാരിക്കുക. ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളിൽ നിങ്ങളെ സഹായിച്ചവർ, ജീവിതത്തിൽ കടപ്പാടുള്ളവർ എന്നിവരെയും വ്യക്തമായിതന്നെ പങ്കാളിയെ അറിയിക്കണം. ഒപ്പം ജീവിതത്തിൽ വിശ്വാസവഞ്ചന കാണിച്ച വ്യക്തികളെക്കുറിച്ചും.

1. പങ്കാളിയെ പൂർണമായും തന്റെ നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കരുത്​

2. പങ്കാളിയെ സംശയദൃഷ്ടിയോടെ സമീപിക്കരുത്​

3. പുറത്തുള്ള സൗഹൃദങ്ങൾ വിവാഹബന്ധത്തേക്കാൾ പ്രാധാന്യം കൈവരിച്ചാൽ അത് പ്രശ്നങ്ങളിലേക്ക് നീങ്ങിയേക്കാം

4. ഏതുതരത്തിലുള്ള ബന്ധങ്ങളും ഒരുനാൾ സമൂഹമധ്യത്തിൽ അനാവൃതമാകും എന്ന യാഥാർഥ്യം മറക്കരുത്

5. പങ്കാളിയെ അവഹേളിക്കാൻ നടത്തുന്ന പരിശ്രമങ്ങളാണ് ദാമ്പത്യം തകർക്കുന്ന പ്രധാന കാര്യം

6. അഭിപ്രായ വ്യത്യാസങ്ങൾ പറയേണ്ട സന്ദർഭങ്ങളിൽപോലും അതു നിങ്ങൾ ഒറ്റക്കുള്ളപ്പോൾ മാത്രം പറയാനും പരസ്പരം മുറിവേൽപിക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം

7. പങ്കാളി ചെയ്യുന്ന ശ്രദ്ധേയമായ കാര്യങ്ങളെ നിസ്സാരവത്കരിച്ച് തള്ളുന്ന ശീലം ഉപേക്ഷിക്കണം

8. സംഗീതമോ നൃത്തമോ ചിത്രകലയോ ഒക്കെ പഠിക്കാൻ പ്രായം ഒരു തടസ്സമല്ല എന്നറിയുക. പങ്കാളി ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ എന്തെങ്കിലും പ്രകടിപ്പിച്ചാൽ അതിനെ പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാതിരിക്കുക

9. പങ്കാളിയുടെ അസാന്നിധ്യത്തിൽ അവരുടെ കുറ്റങ്ങളും കുറവുകളും കുട്ടികളോട് പറഞ്ഞുകൊടുക്കുന്നത് നൂറുശതമാനം ഒഴിവാക്കണം

10. സമ്പാദ്യങ്ങൾ ഇരുവരുടെയും പേരിൽ ആക്കുന്നതാണ് പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ ഏറ്റവും നല്ലത്. ആവശ്യമുള്ളപക്ഷം രണ്ടുപേരുടെയും വ്യക്തിപരമായ പേരുകളിൽ നിക്ഷേപങ്ങളാകാം. പക്ഷേ, അവ പൂർണമായും ഒരാളുടെ പേരിൽ മാത്രമാകുന്നത് ആരോഗ്യകരമല്ല.

Show Full Article
TAGS:Toxic Relationshipsigns of a toxic relationshipmadhyamam kudumbamrelation
News Summary - What Is a Toxic Relationship? What are the signs of a toxic relationship
Next Story