Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികളുടെ നല്ല സുഹൃത്താവേണ്ട, നല്ല രക്ഷിതാവാകാം...
cancel

കരഞ്ഞുകൊണ്ടാണ് ആ അമ്മ കൺസൾട്ടേഷൻ റൂമിലേക്ക് വന്നത്. ഏഴു വയസ്സുകാരനായ മൂത്ത മകൻ രാഹുലിന് (യഥാർഥ പേരല്ല) തന്നെ തീരെ ഇഷ്ടമല്ല എന്നും ഉപദ്രവിക്കുന്നു എന്നുമാണ് അവരുടെ സങ്കടം. ശാന്തമായ ശേഷം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പോസ്റ്റ് ഗ്രാജ്വേഷന് ശേഷമായിരുന്നു അവരുടെ വിവാഹം, ഒരുവർഷം തികയും മുമ്പ് രാഹുൽ ജനിച്ചു. അവന് ആറുമാസം ആയപ്പോഴേക്കും സ്വകാര്യ കമ്പനിയിൽ ജോലിയും ലഭിച്ചു.

അഞ്ച് വർഷം തികയുന്നതിന് മുമ്പ് രണ്ടു കുട്ടികൾ കൂടി. ജോലിത്തിരക്ക്, വീട്ടിലെ ഉത്തരവാദിത്വം, കുട്ടികളുടെ പഠിത്തം എന്നീ തിരക്കിനിടയിലുള്ള ജീവിതമാണ്. ഓഫിസ് കഴിഞ്ഞ് വന്നാലും ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്യേണ്ടതായി വരുന്നു. അങ്ങനെ ബാലൻസ്ഡ് ആയി ജീവിതം മുന്നോട്ടു പോവുന്നതിനിടെയാണ് രാഹുലിന്റെ സ്വഭാവത്തിലെ മാറ്റം അവരുടെ ശ്രദ്ധയിൽപെട്ടത്. പൊതുവെ ശാന്തനായിരുന്ന കുട്ടി, കഴിഞ്ഞ ആറുമാസമായി ദേഷ്യം, വാശി എന്നിവ കൂടുതലായി പ്രകടിപ്പിക്കാൻ തുടങ്ങി.


എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ അച്ഛനും അമ്മയും അവന് ചെറിയ ശിക്ഷകളും കൊടുത്തതോടെ ദേഷ്യം കൂടി ശാരീരിക ഉപദ്രവവും തുടങ്ങി. വസ്തുക്കൾ വലിച്ചെറിയുക, അമ്മയെ അടിക്കുക, പിച്ചി വേദനിപ്പിക്കുക തുടങ്ങിയവയായിരുന്നു കൂടുതൽ... കുട്ടിയോട് സംസാരിച്ചപ്പോൾ അച്ഛനും അമ്മക്കും തന്നോട് ഒട്ടും സ്നേഹമില്ല എന്നും എപ്പോഴും പഠിക്കാൻ മാത്രം പറയുകയും പഴയപോലെ മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല എന്നുമാണ് പറഞ്ഞത്.

എട്ടുമാസമായി പഠനത്തിൽ കുറച്ച് പിറകിലായ കുട്ടിയുടെ സ്ക്രീൻ ടൈം കുറക്കാൻ മാതാപിതാക്കൾ ശ്രമിച്ചതോടെയാണ് കുട്ടി വാശി കൂടുതലായി പ്രകടിപ്പിക്കാനും തുടങ്ങി. തിരക്കുകൾ മൂലം അവനോടുത്തുള്ള ക്വാളിറ്റി ടൈമും, അവനെ കേൾക്കാനുള്ള സമയവും മാതാപിതാക്കൾക്ക് ലഭിക്കാതെ വന്നു. തന്മൂലം അവന്‍റെ മനസ്സിൽ ഉണ്ടായേക്കാവുന്ന അരക്ഷിതാവസ്ഥ അവർക്ക് മനസ്സിലാക്കാനും പറ്റാതെ പോയി. ഇതിന്‍റെ ഫലമായി കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ ചെറിയ വ്യത്യാസങ്ങളെ സ്ക്രീൻ ടൈം കൊടുത്ത് മാറ്റിയെടുക്കാൻ അവർ ശ്രമിച്ചു.

എന്നാൽ അത് പഠനത്തെ ബാധിക്കുന്നു എന്നുകണ്ടപ്പോൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ദേഷ്യം, വാശി കൂടി അത് ശാരീരിക ഉപദ്രവത്തിലേക്കും എത്തി. വീട്ടിലെ മുതിർന്ന കുട്ടിയെങ്കിലും ഏഴു വയസ്സുള്ള മറ്റു കുട്ടികളെപ്പോലെത്തന്നെ ശ്രദ്ധയും ലാളനവും മറ്റും ധാരാളം ലഭിക്കേണ്ട സമയമാണ് എന്ന് മാതാപിതാക്കൾ പലപ്പോഴും മറക്കുന്നു. ഫോൺ/ ഗാഡ്ജെറ്റ് ഉപയോഗം പൂർണമായും ഒഴിവാക്കുക എന്നത് ഇന്നത്തെക്കാലത്ത് പ്രായോഗികമല്ല.

എന്തിനൊക്കെ ഫോൺ ഉപയോഗിക്കാം? എപ്പോഴൊക്കെ ഉപയോഗിക്കാം? എത്ര നേരം ഉപയോഗിക്കാം ? എന്നൊരു ‘ലിമിറ്റ് സെറ്റിങ് ’ ചെയ്യുകയാണ് ഇവിടെ പ്രധാനം. മാതാപിതാക്കൾക്ക് കുട്ടിയുടെ ഫോൺ ഉപയോഗത്തിൽ, കൃത്യമായി ഇടപെടാനും പരിധികൾ നിശ്ചയിക്കാനും സാധിക്കുന്നില്ലെങ്കിൽ അറിയുക , പാരന്റിങ്ങിലെ ചില പ്രശ്നങ്ങൾ, അതായത് കുട്ടിയോടുള്ള മാതാപിതാക്കളുടെ സമീപനത്തിലെ ചില പാളിച്ചകൾ അതിനു പിന്നിലുണ്ടാകാം. കുട്ടികളെ ഉപദേശിക്കും മുമ്പ് ഇക്കാര്യങ്ങളിൽ സ്വയം മാതൃകയാണോ എന്നതും പരിശോധിക്കണം. മാതാപിതാക്കളുടെ സമീപനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമെങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സേവനം കൂടി തേടാവുന്നതാണ്.


സ്ക്രീൻ ടൈം മാനേജ് ചെയ്യാം

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇന്ന് സ്ക്രീൻ ടൈം മാനേജ്മെന്‍റ് വളരെ പ്രാധാന്യം അർഹിക്കുന്നു. അമിതമായ ഉപയോഗം കുട്ടികളിൽ സ്വതസിദ്ധമായ ജിജ്ഞാസ കുറക്കാൻ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബ ബന്ധങ്ങളിലും കമ്യൂണിക്കേഷനിലും വന്നിട്ടുള്ള മാറ്റങ്ങളുടെ പ്രധാന കാരണം മൊബൈൽ/ഗാഡ്ജറ്റിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാതാപിതാക്കൾക്ക് കുട്ടികളോടുള്ള ശ്രദ്ധ, അഥവാ അവരോടുള്ള കരുതലിൽ ഉണ്ടാകുന്ന കുറവ്, കുട്ടികളോടുള്ള അമിതമായ നിയന്ത്രണം, ഓപൺ കമ്യൂണിക്കേഷനിൽ ഉള്ള അഭാവം, അഥവാ കുട്ടി പറയാൻ ഉദ്ദേശിക്കുന്നത് എന്ത് എന്ന് പൂർണമായി കേൾക്കാനുള്ള ​ക്ഷമയില്ലായ്മ എന്നിവയൊക്കെയും സ്ക്രീൻ ടൈമിൽ കുട്ടി മുഴുകാനുള്ള കാരണമായേക്കാം എന്നും അടുത്തകാലത്ത് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. മാനസികവും ശാരീരികവുമായ വളർച്ചക്ക് ഏറ്റവും അനുവാര്യമായ ഒന്നാണ് ബോഡി മാനേജ്മെന്‍റ്. സ്ക്രീൻ ടൈം കൂടുന്നതനുസരിച്ച് ബോഡി മാനേജ്മെന്‍റ് കുറയുകയും ഇതിന്റെ ഫലമായി ശാരീരിക-മാനസിക വളർച്ചയിൽ കാതലായ കുറവുകൾ ഉണ്ടാവുകയും ചെയ്യും.


താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ നിങ്ങളുടെ വീട്ടിലെ സ്ഥിതിവിശേഷം എങ്ങനെയെന്ന് വിലയിരുത്തുക.

  • കുട്ടികൾ എന്തെങ്കിലും പറയുന്നത് മുഴുവൻ കേൾക്കാതെ ആജ്ഞാപിക്കലാണോ കൂടുതൽ സമയവും ഉണ്ടാവുന്നത്?
  • പ്രായമുള്ള മാതാപിതാക്കളെ തങ്ങളുടെ സംസാരത്തിനൊപ്പം ഉൾപ്പെടുത്താൻ വിമുഖത ഉണ്ടോ?
  • പഠിപ്പിക്കുന്ന സമയത്ത് മാത്രമാണോ കുട്ടിയോടൊപ്പം കൂടുതലായി നിങ്ങൾ സമയം ചെലവിടുന്നത്?
  • വീട്ടിൽ കുട്ടിയുടെ സുഹൃത്തുക്കൾ വരുമ്പോൾ അവരുമായി ഇടപഴകാതെ മാറിനിൽക്കാറുണ്ടോ?
  • കുട്ടികളിലെ കുറവുകൾ കൂടുതലായി ഊന്നൽ കൊടുത്ത് എടുത്തുപറയുകയും ശരികൾ കാണുമ്പോൾ പ്രോത്സാഹിാപ്പിക്കാതിരിക്കുകയും (പ്രോത്സാഹനം അവരെ വഷളാക്കും എന്നോർത്ത്) ചെയ്യാറുണ്ടോ?
  • കുട്ടികളുമായി ഗൗരവമേറിയ വിഷയങ്ങൾ പ്രായാനുസൃതമായ രീതിയിൽ സംസാരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ടോ? അഥവാ കുട്ടിയുടെ ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ടോ?
  • ചോദ്യങ്ങൾ ചോദിക്കുന്നതിന് അവരെ ശിക്ഷിക്കാറുണ്ടോ?
  • അവരുടെ അഭിപ്രായങ്ങൾ കളിയാക്കി ചിരിച്ചുതള്ളാറുണ്ടോ?

മേൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് കൂടുതലും ഉത്തരം അതെ എന്നാണെങ്കിൽ, നിങ്ങൾ കുടുംബാംഗങ്ങൾ തമ്മിൽ കമ്യൂണിക്കേഷൻ ക്വാളിറ്റി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.


മാറ്റാം ഈ ശീലങ്ങൾ

  • മൊബൈൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാൽ ഉടൻ അത് എന്താണെന്ന് നോക്കിയേ മതിയാവൂ എന്ന് വെമ്പൽ കൊള്ളുക.
  • മൊബൈൽ ഫോൺ/ഗാഡ്ജറ്റ് കുറച്ചുനേരം കൈയിൽ ഇല്ലാതായാലോ കൺവെട്ടത്ത് കാണാതായാലോ അത് കിട്ടുന്നതുവരെ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • കൂടുതൽ സമയവും മക്കളും മറ്റു കുടുംബാംഗങ്ങളും ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.
  • ചെറിയ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും കരച്ചിൽ അടക്കാനും സ്ഥിരമായി മൊബൈൽ ഫോൺ നൽകുക.
  • കുട്ടികളോട് സ്ക്രീൻ ടൈം കുറക്കാൻ ഉപദേശിച്ച്, മാതാപിതാക്കൾ ജോലി കഴിഞ്ഞുവന്നിട്ട് അധികസമയവും ഫോണിൽതന്നെ ചെലവഴിക്കുക.

കുടുംബത്തിൽ കമ്യൂണിക്കേഷൻ മെച്ചപ്പെടുത്താൻ സഹായിക്കാവുന്ന ചില ഘടകങ്ങൾ

  • നോ ഗാഡ്ജറ്റ് ടൈം അഥവാ ഗാഡ്ജറ്റ് ഫാസ്റ്റിംഗ് (gadget fasting) പാലിക്കുക. ഒരു നിശ്ചിത സമയത്ത് വീട്ടിൽ ആരുംതന്നെ യാതൊരു ഗാഡ്ജറ്റും ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇത് തമ്മിൽ കുട്ടിൽ ഇടപഴകാൻ അവസരമൊരുക്കുന്നു.
  • വിശേഷങ്ങൾ ചോദിച്ചറിയുക: കുട്ടികളുമായി സ്കൂൾ/ കോളജ് വിശേഷങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുക. അത് ശീലമാക്കാൻ ശ്രമിക്കുക. ഈ സമയത്ത് കുട്ടി എന്തുപറഞ്ഞാലും വിമർശന മനോഭാവം വരുത്താതെ ശ്രമിക്കുക. ഇത്തരം മനസ്സാടെ അവർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക. ഉപദേശങ്ങൾ ഒഴിവാക്കുക. മറിച്ച് സന്ദർഭങ്ങൾ കൊടുത്ത് അവരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക. അവരുമായി തുറന്നു സംസാരിക്കുക.
  • കുട്ടികളെ കേൾക്കുക: കുട്ടികളുടെ അഭിപ്രായം ആരായുക. അത് ശ്രദ്ധാപൂർവം തള്ളിക്കളയാതെ കേൾക്കുക. നമ്മെ ചോദ്യം ചെയ്യാനും അനുവദിക്കുക.
  • തന്നെ കേൾക്കാൻ വീട്ടിൽതന്നെ ആളുകൾ ഉള്ളപ്പോൾ കുട്ടികൾ സധൈര്യം അത് പ്രയോജനപ്പെടുത്തും. പക്ഷേ, അവർ പറയുന്നത് ചോദ്യം ചെയ്യപ്പെടുകയും, വിധിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ അത് പതിയെ ഇല്ലാതാവും.
  • നല്ല സുഹൃത്താവേണ്ട, നല്ല രക്ഷിതാവാകുക: ‘എന്റെ കുട്ടി എന്റെ നല്ല സുഹൃത്ത്’ എന്ന് പറയുന്നവരോട് നിങ്ങൾ കുട്ടിയുടെ നല്ല രക്ഷിതാവാകുകയാണ് വേണ്ടത് എന്ന് തിരുത്തുക.
  • കുട്ടിത്തത്തെ മോഷ്ടിക്കാതിരിക്കുക: വീട്ടിൽ മുതിർന്നവർ/മാതാപിതാക്കൾ അവരുടെ പ്രയാസങ്ങൾ ഷെയർ ചെയ്യാനുള്ള ഒരു വ്യക്തിയായി കുട്ടികളെ കാണാതിരിക്കുക. മുതിർന്നവർക്ക് പരിഹാരം കാണാത്തതും ഉത്തരം കിട്ടാത്തതുമായ പ്രശ്നങ്ങൾ ചെറിയ മനസ്സിൽ പങ്കുവെക്കപ്പെടുമ്പോൾ അവരുടെ കുട്ടിത്തത്തെയാണ് അവരിൽനിന്ന് മോഷ്ടിക്കുന്നത് എന്ന് മനസ്സിലാക്കുക. മുതിർന്നവരുടെ വിഷമങ്ങൾ ഷെയർ ചെയ്യാൻ നിങ്ങളുടെ പ്രായത്തിലുള്ളവരെ കണ്ടെത്തുക.
  • കഴിക്കാം, ഒരുമിച്ച്: കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് കൂടുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നത് പരസ്പര ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കും. ആഹാരസമയം എല്ലാവരും ഒത്തൊരുമിച്ച് ചെലവഴിക്കാൻ ശ്രമിക്കുക.
  • കുട്ടികൾക്കായി സമയം മാറ്റിവെക്കാം: സ്കൂളിൽനിന്ന് വന്ന ശേഷം അവരോടൊപ്പം കളിക്കാനും സ്കൂൾവിശേഷങ്ങൾ ചോദിച്ചറിയാനും പ്രാധാന്യം നൽകുക.
  • പുറത്തുപോയി കളി, നീന്തൽ പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. ചെറിയ കുട്ടികൾ ഉറക്കത്തിന് മുമ്പ് കഥകൾ വായിച്ചുകൊടുക്കുക
  • മുതിർന്നവരെ കേൾക്കാം: വീട്ടിൽ പ്രായമായവർ സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ ശീലിക്കാം. ആ സമയം മൊബൈലിൽ നോക്കി അലസമായി ഇരിക്കാതിരിക്കുക. പ്രായമായവരുടെ ആവശ്യങ്ങൾ ചോദിച്ചറിയാനും മറക്കേണ്ട. സമൂഹമാധ്യമങ്ങളിൽ അവരെക്കൂടി ഉൾപ്പെടുത്താനും പരിചയപ്പെടുത്താനും ശ്രമിക്കുക.
  • കമ്യൂണിക്കേഷൻ എന്നത് നമുക്ക് വികസിപ്പിച്ചെടുക്കാൻ സാധിക്കുന്ന ഒരു സ്കിൽ ആണ് എന്ന് തിരിച്ചറിയുക. പലരും തങ്ങളുടെ മുൻ തലമുറയുടെ രീതികൾ കണ്ണുമടച്ച് പിന്തുടരാറുണ്ട്. കാലഘട്ടം മാറുന്നതിനനുസരിച്ച് നല്ല കെട്ടുറപ്പുള്ള ബന്ധങ്ങൾക്ക് നമ്മുടെ കമ്യൂണിക്കേഷൻ ശീലങ്ങൾ മാറ്റേണ്ടത് അനിവാര്യമാണ്.


ജോലി കഴിഞ്ഞ് അമ്മമാർ വീട്ടിൽ വന്നാലും ഓഫിസ് കാര്യങ്ങൾ നോക്കി കുട്ടികളുമായി ക്വാളിറ്റി ടൈം കിട്ടാതെ ഇരിക്കുക, ഇതിലുപരി പരമ്പരാഗത രീതിയിൽ ഇതെല്ലാം ഒരു അമ്മയുടെ മാത്രം ചുമതലയാണ് എന്നുപറഞ്ഞ് അച്ഛൻ തന്റെ മൊബൈലിൽ മുഴുകുക ഇതെല്ലാം മക്കളുടെ സ്വഭാവത്തെ ബാധിക്കുന്നു. ഇത് മൂലം മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിക്കും കൗൺസലിങ്ങും പാരന്റിങ് ട്രെയ്നിങ്ങും ആവശ‍്യമായിവരുന്നു. കുട്ടികളുമായി റിയൽ ടൈം ആശയവിനിമയം നടക്കുകയും സ്ക്രീൻ ടൈം കുറച്ച് ഔട്ട് ഡോർ ആക്ടിവിറ്റീസിൽ കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്താൽ കുട്ടികളുടെ അനാവശ‍്യ വാശിയും ദേഷ‍്യവും മാറ്റിയെടുക്കാൻ സാധിക്കും.

തുടക്കത്തിൽ പറഞ്ഞ രാഹുലിന്‍റെ പെരുമാറ്റപരമായ പ്രശ്നങ്ങൾ പരിശോധിക്കുമ്പോൾ ലക്ഷണങ്ങൾ കാണിച്ചത് കുട്ടിയെങ്കിലും ചികിത്സ അവിടെ കുടുംബത്തിലെ എല്ലാ വശങ്ങളിലും ആവശ്യമായിവരുന്നു. ഫാമിലി കൗൺസിലിങും പാരന്‍റ്സ് ട്രെയിനിങും മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും ആവശ്യമായിവരുന്നു. കുട്ടികളുമായി റിയൽ ടൈം കമ്യൂണിക്കേഷൻ നടത്തുകയും ഔട്ട്ഡോർ ആക്റ്റിവിറ്റികളിൽ കൂടുതൽ സമയം അവരോടൊപ്പം പങ്കാളികളാവുകയും ചെയ്യുന്നതിന്റെ ഭാഗമായി ദേഷ്യം/ഉപദ്രവം കുറക്കുവാൻ സാധിക്കും. മാത്രമല്ല, പരസ്പരം കേട്ട് കമ്യൂണിക്കേറ്റ് ചെയ്യുന്ന കുടുംബത്തിലെ കുട്ടിയും റെസ്പെക്റ്റ്ഫുൾ കമ്യൂണിക്കേഷന്റെ ബാലപാഠങ്ങൾ പഠിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle Newsparenting
News Summary - Mingling kids with family members
Next Story