Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_rightകൗമാരപ്രണയം ‘ഭ്രമം’...

കൗമാരപ്രണയം ‘ഭ്രമം’ മാത്രമാണോ?

text_fields
bookmark_border
കൗമാരപ്രണയം ‘ഭ്രമം’ മാത്രമാണോ?
cancel

എതിർലിംഗത്തിൽപ്പെട്ടവരോട് തോന്നുന്ന ആകർഷണം ഒട്ടുമിക്ക ജീവജാലങ്ങളിലും കണ്ടുവരുന്ന അടിസ്ഥാന വികാരമാണ്. വംശവർധന അടിസ്ഥാനമാക്കി പ്രകൃതിതന്നെ എല്ലാവരിലും സന്നിവേശിപ്പിച്ച ഒന്നാണത്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ ഒരു വ്യക്തി തന്‍റെ കൗമാരപ്രായത്തിലാണ് എതിർലിംഗക്കാരാൽ ആകർഷിക്കപ്പെടുന്നത്. തികച്ചും സ്വാഭാവികമായ ഈ വികാരത്തെയാണ് പൊതുവിൽ ‘പ്രണയം’ എന്ന് വിശേഷിപ്പിക്കുന്നത്.

കൗമാരപ്രായം തുടങ്ങുന്നതോടെ ശരീരത്തിൽ പ്രവർത്തനസജ്ജമാകുന്ന ഹോർമോണുകളാണ് പ്രണയമെന്ന വികാരത്തിന്‍റെ അടിസ്ഥാന കാരണം. സൗഹൃദങ്ങൾ ദൗർബല്യമാവുകയും സുഹൃത്തുക്കളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന പ്രായംകൂടിയാണിത്. അതേസമയം ഒരു വ്യക്തിക്ക് എതിർലിംഗത്തിൽപ്പെട്ട എല്ലാവരോടും ഇത്തരം വികാരം തോന്നണമെന്നില്ല. എന്നാൽ, ആർക്കും ആരോടു വേണമെങ്കിലും തോന്നുകയും ചെയ്യാം. ‘പ്രണയത്തിന് കണ്ണില്ല’ എന്നു പറയുന്നത് അതുകൊണ്ടാണ്.

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല അത്. കൗമാരക്കാർക്കിടയിലെ പ്രണയങ്ങളെല്ലാം അത്തരത്തിലുള്ളതാണോ? അത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം.


എല്ലാം പ്രണയമാണോ?

കൗമാരക്കാർക്കിടയിലെ ഇത്തരം ബന്ധങ്ങളെ യഥാർഥ പ്രണയം എന്ന് വിശേഷിപ്പിക്കാനാവില്ല. ഒരുതരം താൽക്കാലിക ‘ഭ്രമം’ (fascination) മാത്രമാണിത്. ഇത്തരം ബന്ധങ്ങളിൽ അപൂർവം ചിലത് ഒഴികെ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും. കാഴ്ചയിൽ മാത്രം മോഹിതരായി തുടങ്ങുന്ന കൗമാരപ്രണയങ്ങളിൽ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും ബന്ധങ്ങൾ തകരുകയും ചെയ്യുകയാണ് പതിവ്.

ബന്ധങ്ങളിൽ മടുപ്പ്, തമ്മിൽ കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരം നഷ്ടമാകൽ, പ്രണയത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ മറ്റ് അടുത്ത സൗഹൃദങ്ങൾ, ക്രമേണ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങി ഏതെങ്കിലും ഒരു വിഷയത്തെ തുടർന്നുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരിക്കും പലപ്പോഴും പ്രണയങ്ങൾ തകരുന്നത്. ഇതിനെ പൊതുവിൽ അപക്വമായ പ്രണയബന്ധങ്ങൾ (immature romantic relationship) എന്ന് വിളിക്കുന്നു.

‘തേപ്പു’കൾ കൂടാൻ കാരണം

ഇരുവ്യക്തികളും ഉഭയസമ്മതത്തോടെ ബന്ധങ്ങൾ പിരിയുന്നത് കുറഞ്ഞ എണ്ണത്തിൽ മാത്രമാണ്. ഭൂരിപക്ഷം ബന്ധങ്ങളിലും ഒരു വ്യക്തി മറ്റേയാളെ ഉപേക്ഷിച്ചുപോവുകയോ നിരസിക്കുകയോ ചെയ്തേക്കും. ഇതിനെയാണ് പുതുതലമുറക്കാരുടെ ഭാഷയിൽ ‘തേച്ചിട്ടു പോകുക’ എന്ന് വിശേഷിപ്പിക്കുന്നത്.

ദൈനംദിന ജീവിതത്തിൽ നാം നിരവധി തവണ കേൾക്കുകയും പറയുകയും ചെയ്യുന്ന പ്രയോഗംകൂടിയാണിത്. ഇതിന്‍റെ അർഥം അത്രയും കൂടുതൽ ബന്ധങ്ങൾ പതിവായി തകരുന്നുണ്ടെന്നാണ്. യാഥാർഥ‍്യബോധത്തോടെയോ പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്ന വിശ്വാസത്തിന്‍റെ ഭാഗമായോ രൂപപ്പെടുന്ന ബന്ധങ്ങൾ അല്ലാത്തതുകൊണ്ടാണ് കൗമാരപ്രണയങ്ങളിൽ വലിയൊരളവ് ചെറിയകാലംകൊണ്ടുതന്നെ തകർന്നുപോകുന്നത്.

മായികലോകം

കൗമാരപ്രായക്കാർ ചെന്നുചാടുന്ന അപക്വമായ പ്രണയബന്ധങ്ങൾ ചിലരുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. പഠനകാര്യങ്ങളിൽ താൽപര്യം കുറയുക, ദൈനംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ പോലും മാറ്റിവെച്ച് സദാസമയവും പങ്കാളിക്കുവേണ്ടി നീക്കിവെക്കുക, ഇതിനെ ചോദ്യം ചെയ്യുന്നവരോടും ഉപദേശിക്കാൻ വരുന്നവരോടും ശത്രുതാപരമായി പെരുമാറുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നതോടെ ‘പ്രണയ ജോടി’കൾ വീടുകളിലും കുടുംബങ്ങളിലും ചുറ്റിലുമുള്ളവരിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. എന്നാൽ, പ്രണയിക്കുന്നവർ മാത്രം തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന മട്ടിൽ ഭാവിയെക്കുറിച്ച് ആകുലതകളില്ലാതെ സ്വപ്നലോകത്ത് കഴിയുന്നു.

അപക്വമായ ഇത്തരം ബന്ധങ്ങളിൽനിന്നുണ്ടാകുന്ന വൈകാരിക സമ്മർദങ്ങൾ ഇവരുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും പഠനകാര്യങ്ങളിൽ പിന്നോട്ടുപോവുകയും ചെയ്യുന്നു. അടുത്തകാലത്തായി ഇത്തരം ബന്ധങ്ങൾ ലൈംഗിക-സാമ്പത്തിക ചൂഷണങ്ങളിലേക്ക് വഴുതിപ്പോകുന്നതായി കാണാറുണ്ട്.

പ്രണയത്തിന്‍റെ ഭാഗമായി ഒരു വ്യക്തിക്ക് മറ്റേയാളിൽ ആശ്രിതത്വം രൂപപ്പെടുകയും പങ്കാളിയുടെ ആവശ്യങ്ങളെ നിരസിക്കാനോ ചൂഷണങ്ങളോട് ‘നോ’ പറയാനോ കഴിയാതെ വരുകയും ചെയ്യുന്നു. പ്രണയബന്ധങ്ങളിലുണ്ടാവുന്ന തകർച്ചമൂലം ചിലർ സമൂഹത്തെ അഭിമുഖീകരിക്കാനാവാതെ വീടും നാടും ഉപേക്ഷിച്ച് പോകുന്നു. മറ്റുചിലരെ വിഷാദരോഗംപോലുള്ള മാനസിക പ്രശ്നങ്ങൾ ബാധിക്കുന്നു.

ചുരുക്കത്തിൽ, ആരോഗ്യകരമായ ഫലങ്ങൾ നൽകുന്ന ഒന്നല്ല കൗമാരപ്രണയങ്ങൾ എന്ന് മനസ്സിലാക്കാനാവും. അതുകൊണ്ടുതന്നെയാണ് പഠിച്ച് മിടുക്കരാവേണ്ട കാലത്ത് പ്രണയിച്ചുനടക്കുന്നവരെ കുടുംബാംഗങ്ങളും സമൂഹവും അംഗീകരിക്കാത്തത്.

വീട്ടിൽനിന്ന് സ്നേഹം ലഭിച്ചില്ലെങ്കിൽ...

നല്ലൊരു ശതമാനം കൗമാരക്കാരും പ്രണയബന്ധങ്ങളിൽ ചെന്നുവീഴുന്നത് വീടുകളിൽനിന്ന് അവർക്ക് ലഭിക്കേണ്ട സ്നേഹത്തിന്‍റെയും പരിഗണനയുടെയും അംഗീകാരത്തിന്‍റെയും കുറവുകൊണ്ടാണെന്ന് കൗൺസലർമാരുടെ മുന്നിലെത്തുന്നവർതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തുടർച്ചയായി ദാമ്പത്യകലഹങ്ങൾ നടക്കുന്ന വീടുകളിലെ കുട്ടികൾ ഇത്തരം ബന്ധങ്ങളിൽ അകപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സ്നേഹവും കരുതലും പിന്തുണയും നിർലോഭം ലഭിക്കേണ്ട മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളിൽനിന്ന് അത് ലഭിക്കാതെ വരുമ്പോൾ നൽകാൻ തയാറാവുന്ന വ്യക്തികളിലേക്ക് ആകർഷിക്കപ്പെടുന്നത് സ്വാഭാവികമാണ്.

വീട്ടിൽനിന്ന് ലഭിക്കട്ടെ, കലവറയില്ലാത്ത സ്നേഹം

മക്കൾ പ്രണയബന്ധങ്ങളിൽപ്പെട്ടുപോയാൽ ഉപദേശിച്ച് അതിൽനിന്ന് പിന്തിരിപ്പിക്കുക മാതാപിതാക്കൾക്ക് എളുപ്പമല്ല. അവനവന് തനതായ അസ്തിത്വവും വ്യക്തിത്വവുമുണ്ട് എന്ന കാര്യം തിരിച്ചറിയുന്ന പ്രായംകൂടിയാണ് കൗമാരം. ഈ ഘട്ടത്തിൽ വ്യക്തിസ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതായി അവർ കരുതുന്നു. സൗഹൃദം, പ്രണയം, ശരിതെറ്റുകൾ തിരിച്ചറിയൽ എന്നിവയിലെല്ലാം പക്വതയോടെ ചിന്തിച്ച് തീരുമാനമെടുക്കാനുള്ള പ്രായമായി എന്ന് തെറ്റിദ്ധരിക്കുന്ന പ്രായം കൂടിയാണിത്.

അതുകൊണ്ട് മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും സ്നേഹവും പരിഗണനയും അവർക്ക് ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം പ്രണയബന്ധങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആദ്യം ചെയ്യേണ്ടത്. കഴിയുന്നത്ര സുഹൃത്തുക്കളോടെന്നപോലെ അവരോട് പെരുമാറണം. സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അവസരം ലഭിക്കുകയാണെങ്കിൽ ചിലരെങ്കിലും സൗഹൃദങ്ങളെക്കുറിച്ചും എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള ബന്ധങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറയാൻ സാധ‍്യതയുണ്ട്.

ഇത്തരം സൗഹൃദപരമായ അന്തരീക്ഷത്തിൽ കൗമാരപ്രണയങ്ങളുടെ നിരർഥകതയെക്കുറിച്ചും അത് പഠനത്തെയും മറ്റും ബാധിക്കുന്നതുവഴി ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും സ്നേഹത്തോടെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കണം. ഇതിന് കഴിയാത്തപക്ഷം അവരെ സ്വാധീനിക്കാൻ കഴിയുന്ന അധ്യാപകരുടെയോ മറ്റ് കുടുംബസുഹൃത്തുക്കളുടെയോ സഹായം തേടണം.

ഇതിനെല്ലാമപ്പുറത്തേക്ക് പ്രശ്നങ്ങൾ വഷളായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഒട്ടും വൈകാതെ കൗൺസലിങ്ങിന് വിധേയമാക്കുക. പ്രണയത്തിൽപ്പെട്ടവർക്ക് പങ്കാളിയോട് തോന്നുന്ന വൈകാരിക അടിമത്തത്തിൽനിന്ന് അവരെ മോചിപ്പിക്കാൻ ഫലപ്രദമായ നിരവധി മനഃശാസ്ത്ര മാർഗങ്ങൾ നിലവിലുണ്ട്.

പ്രണയത്തകർച്ചകൾ ചിലരെ വിഷാദരോഗത്തിലേക്കും (Depression) ആവശ്യമായ വൈകാരിക പിന്തുണ ലഭിച്ചില്ലെങ്കിൽ ആത്മഹത്യപോലുള്ള ദുരന്തങ്ങളിലേക്കുംവരെ നയിച്ചേക്കും. അതുകൊണ്ട് സൈക്കോതെറപ്പി പോലുള്ള ചികിത്സകൾ നൽകാൻ ഒരിക്കലും മടിക്കരുത്.

ചതിക്കുഴികൾ

മുൻകാലങ്ങളിൽ സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും എതിർപ്പുകളും ബന്ധങ്ങളിലെ തകർച്ചമൂലമുണ്ടാവുന്ന ‘പ്രണയനൈരാശ്യ’വും അപ്രതീക്ഷിത ഗർഭധാരണവുമൊക്കെയായിരുന്നു ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർ നേരിടേണ്ടിവന്നിരുന്ന പ്രതിസന്ധികൾ.

എന്നാൽ, മാറിയ സാഹചര്യത്തിൽ ഇന്‍റർനെറ്റും മൊബൈൽ ഫോണും സമൂഹത്തിൽ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുമെല്ലാം ചേർന്ന് നിരവധി ചതിക്കുഴികളാണ് പ്രണയത്തിന്‍റെ വഴിയിൽ കാത്തിരിക്കുന്നത്. തകർന്നുപോകുന്ന പ്രണയബന്ധങ്ങളിൽ രണ്ടിൽ ഒരാൾക്ക് താൻ വഞ്ചിക്കപ്പെട്ടെന്ന തോന്നൽ ശക്തമായാൽ ആ വ്യക്തിയിൽ തുടർന്ന് പ്രവർത്തിക്കുന്നത് പ്രതികാരത്തിന്‍റെ മാർഗങ്ങളായിരിക്കും.

ഇത്തരം പ്രവണതകൾ വ്യക്തികളെ നിയമത്തിന്‍റെ പിടിയിലെത്തിക്കാനും വ്യക്തിജീവിതം തകർന്നുപോകാനും ഭാവി ഇരുളടഞ്ഞതാവാനും ഇടയാക്കുന്നു. ഇവരിലാരെങ്കിലും ആത്മഹത്യയുടെ വഴിതേടിപ്പോയാൽ അത് കുടുംബങ്ങളെ നിത്യദുഃഖത്തിലാഴ്ത്തും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentingLifestyleteenage love
News Summary - Is teenage love just a fascination?
Next Story