വീട്ടിൽ പല്ലി ശല്യം അലട്ടുന്നുണ്ടോ? ഇൗ ആറ് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ
text_fieldsരാത്രിയിൽ അൽപ്പം വെള്ളം കുടിക്കണം എന്ന് തോന്നി മുറിക്ക് പുറത്തിറങ്ങി ഇരുട്ടിലൂടെ നടന്ന് അടുക്കളിയിലെത്തിയാൽ ചില മൃദുലമായ കാൽപെരുമാറ്റങ്ങൾ കേൾക്കാറില്ലെ. മിക്ക വീടുകളിലും ഇത് സർവ്വസാധാരണമാണ്. മനുഷ്യരോെടാപ്പം അവരുടെ നിഴലുപറ്റി ജീവിക്കുന്ന ഇഴജന്തുവായ പല്ലികളാണ് ഇവിടത്തെ വില്ലന്മാർ. എത്ര കൂടുതൽ ഇരുണ്ട ഇടങ്ങളും പൊത്തുകളും വീട്ടിലുണ്ടൊ അത്ര കൂടുതൽ പല്ലികളും നമ്മുടെകൂെടയുണ്ടാകും.
പല്ലികൾ മനുഷ്യർക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്നുണ്ട്. നമ്മുക്ക് ശല്യമാകുന്ന ഷട്പദങ്ങളെ ഭക്ഷണമാക്കുന്നതിലൂടെ പല്ലികൾ നമ്മുക്ക് വലിയസഹായമാണ് ചെയ്യുന്നത്. വീട്ടിലെ പല്ലികൾ വിഷമുള്ളവയല്ല. അതിനാൽതന്നെ ഇവയെ കൊല്ലുകയല്ല ഇവയുടെ ശല്യം ഒഴിവാക്കലാണ് ഉചിതമായ മാർഗം. പല്ലികളുടെ ശല്യം ഒഴിവാക്കാനുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം.
1.ഉള്ളിയും വെളുത്തുള്ളിയും
ഉള്ളിയും വെളുത്തുള്ളിയും പല്ലികളുടെ ശത്രുക്കളാണ്. ഇവയുടെ രൂക്ഷഗന്ധം പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും. ഉള്ളിയും വെളുത്തുള്ളിയും മുറിച്ച് പല്ലി ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ വച്ചാൽ ഇവ ഒരിക്കലും അങ്ങോട്ട് തിരിഞ്ഞുനോക്കില്ല.
2. വായൂസഞ്ചാരം നിലനിർത്തുക
പല്ലികളുടെ ഇഷ്ട വാസസ്ഥലം അടുക്കളയും അവിടത്തെ അലമാരകളുമാണ്. വായൂ സഞ്ചാരം ഇല്ലാത്ത ഇരുണ്ട ഇടങ്ങളിലാണ് ഇവ പകൽ വസിക്കുന്നത്. അലമാരകൾ ഇടക്കിടെ തുറന്നിടുകയും വായൂസഞ്ചാരം നിലനിർത്തുകയും ചെയ്താൽ പല്ലിശല്യം ഒരുവിധം ഒഴിവാക്കാനാവും.
3.നാഫ്തലിൻ ഗുളിക അഥവാ പാറ്റ ഗുളിക
പല്ലികളുടെ മെറ്റാരു ശത്രുവാണ് നാഫ്തലിൻ ഗുളികകൾ അഥവാ പാറ്റഗുളികകൾ. പേരുപോലെ ഇവ പാറ്റകളേയും ഒാടിക്കാൻ സഹായിക്കുന്നവയാണ്. പല്ലിശല്യമുള്ള ഇടങ്ങളിൽ ഇവ വിതറുന്നത് ഫലപ്രദമാണ്. പക്ഷെ കുട്ടികളുടെ കയ്യിൽ ഇവ അകപ്പെടാതെ നോക്കണം.
4. ഒഴിഞ്ഞ മുട്ടത്തോട്
പല്ലികൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് മുട്ടത്തോടിൽ നിന്നുള്ള ഗന്ധം. പ്രത്യേക ചിലവൊന്നുമില്ലാതെ വീടുകളിൽ യഥേഷ്ടം ലഭിക്കുന്ന ഒന്നുമാണിത്. സ്ലാബുകളുടെ മുകളിലൊ അലമാരയിലൊ ഒഴിഞ്ഞ മുട്ടത്തോട് നിശ്ചിത അകലത്തിൽ വച്ചാൽ പല്ലിശല്യം ഒഴിവാക്കാനാവും.
5.കുരുമുളക് സ്പ്രെ
വീടുകളിൽതന്നെ നമ്മുക്ക് നിർമിക്കാവുന്ന ഒന്നാണ് കുരുമുളക് സ്പ്രേ. കുരുമുളക് പൊടിച്ച് അതിൽ വെള്ളംചേർത്താൽ പെപ്പർ സ്പ്രെ തയ്യാറായി. ഇവ സ്പ്രെയറിൽ നിറച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കുരുമുളക് കലർന്ന വെള്ളം പല്ലിയുടെ ശരീരത്തിൽ ചെറിയ പൊള്ളലുകൾ സൃഷ്ടിക്കും. ഇത് ഒരിക്കൽ വീണാൽപിന്നെ പല്ലികൾ ആ ഭാഗത്തേക്ക് തിരിച്ച്വരില്ല.
6.ഭക്ഷണബാക്കികൾ തുറന്നുസൂക്ഷിക്കാതിരിക്കുക
രാത്രിയിൽ പുറത്തിറങ്ങുന്ന പല്ലിയുടെ ഏറ്റവും പ്രിയെപ്പട്ട സാധനം തുറന്നിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളാണ്. ഇതിന് കാരണം പല്ലികൾ ഇവ നേരിട്ട് ഭക്ഷിക്കുന്നതല്ല. തുറന്നിരിക്കുന്ന ഭക്ഷണംതേടി വരുന്ന ഉറുമ്പും മറ്റ് പ്രാണികളുമാണ് പല്ലികൾക്ക് ഭക്ഷണമാവുക. പല്ലികൾ നന്നായി പെറ്റുപെരുകാൻ ഭക്ഷണസമൃദ്ധമായ ഇത്തരം പരിസരങ്ങൾ കാരണമാവും.